Monday, May 30, 2011

കല്യാണസൌഗന്ധികം


കല്യാണസൌഗന്ധികം

ദ്രൗപതി,
കാത്തിരിക്കുകയാണ്
ഭീമനെ,
നിങ്ങള്‍ കരുതും
കല്യാണസൌഗന്ധികം തേടി 
പോയതാണെന്ന്,
നൂറ്റാണ്ടിലെ
വലിയ വങ്കത്തം.
രതിമൂര്‍ച്ചയില്‍
കാതില്‍പ്പറഞ്ഞത്‌
വൈരക്കഴുത്താരം.
പാവം ഭീമന്‍,
അരിവെപ്പിന്റെ
സാക്ഷ്യപത്രവുമായി
മണപ്പുറത്തേയ്ക്ക്  പോയതാണ്,
മുടിഞ്ഞ പലിശക്കാരന്‍ ഹനുമാന്‍
എപ്പോഴും വഴിമുടക്കിയാണല്ലോ.
ദ്രൗപതിയേറെക്കൊതിച്ചതല്ലേ,
ഒപ്പിച്ചു കൊടുത്തില്ലെങ്കില്‍
താന്‍ പിന്നെ ആണായിട്ട്.......?
കുബേരന്റെ സ്വര്‍ണക്കട
കുറെ വലുതാണെന്ന്
വിരാടരാജ്ഞി  കൊഞ്ചിപ്പറഞ്ഞു പോലും.
പിന്നെ പായാരത്തോട്‌ പായാരം.
താന്‍ ആണല്ല പോലും.
മാലിനിയ്ക്ക് 
താനെന്നും രണ്ടാമനല്ലേ.
ഹനുമാന്‍ കൊടുത്ത കടക്കാശുമായി
കുബേരന്റെ സ്വര്‍ണക്കടയിലേയ്ക്കു  
നടക്കുമ്പോള്‍ ഭീമന്റെ വലതുകാല്‍
ഒരു മരക്കുറ്റിയില്‍ തട്ടി.
കഷ്ടകാലം...
വൈരക്കല്ലിന്റെ മാസ്മര പ്രഭയില്‍
ഭീമന്‍ വെന്തുരുകി,
പലിശക്കെണിയില്‍ നിന്നും
പുറത്തു വരാനാകാതെ...........
=================================CNKumar

Sunday, May 29, 2011

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള വഴി 
പള്ളിക്കൂടം വിട്ടാലുണ്ണീ,യൊട്ടും 
വൈകാതെത്തുക വീട്ടില്‍
കല്ലും കവണയുമായി പിള്ളേര്‍ മാഞ്ചോടുകളില്‍
തുള്ളിയലച്ചു തിമിര്‍ക്കുന്നുണ്ടാം,
കുരലുദ്രവിച്ചൊരു തെങ്ങിന്‍ പൊത്തില്‍
തത്തകള്‍ തലയും നീട്ടിയിരിക്കാം,
വഴിയോരത്തെ കുറ്റിക്കാട്ടില്‍
പാഞ്ചിചെടിയില്‍ ചോന്നു തുടുത്ത
പഴങ്ങള്‍ മാടിവിളിയ്ക്കുന്നുണ്ടാം
പിന്നില്‍ നിന്നൊരു മുന്നറിയിപ്പാ-
യമ്മക്കിളിയുടെ മൊഴികള്‍,
ഓര്‍മയില്‍ നിന്ന് തുറക്കും
ബാല്യത്തിന്റെ ജനാല.
നാളുകളേറെ നഗരപ്പെരുവഴി താണ്ടി
ഞാനീ പിതൃരൂപത്തിന്നുള്ളിലൊതുങ്ങി,
വരാന്തയില്‍ നീര്‍ത്തിയ
വേര്‍പ്പിന്‍ ഗന്ധം പൂശിയ
ചാരുകസാലയിലഭയം തേടി
മടങ്ങുകയാണെന്നമ്മേ,
തിരകയെനിയ്ക്കായിത്തിരി, നന്മ
നിറഞ്ഞൊരു കുടിനീര്‍ സ്നേഹത്തി-
ന്നുപ്പു കലര്‍ത്തിയ തെളിനീര്‍.
കുപ്പകള്‍ ചീഞ്ഞു പിറക്കും നഗരപ്പെരുമകള്‍,
നാവില്‍ നുണയാന്‍ ചേരിപ്പോരുകള്‍, 
തമ്മിലിണങ്ങാനറിയാത്തവരുടെ 
തൊങ്ങലണിഞ്ഞൊരു  തന്‍പോരിമകള്‍,
അഹിതമതങ്ങള്‍ക്കറുകൊലയറുതികള്‍, 
കുരുതികളിടവഴിയിടകള്‍ തോറും
ഭരിതം രാവറുതിവരേയ്ക്കും,
മുഖരിതമെന്‍ നിദ്രകളാകെ,ചേതന
യാചിയ്ക്കും താരുണ്യത്തിന്നന്ത്യവിലാപം 
ആശ്രയമറ്റ കിടാങ്ങള്‍, വിധവകള്‍,മാതൃത്വങ്ങള്‍,
നിലവിളികളിലുദകപ്പൂക്കളുതിര്‍ക്കെ,
അമ്മേ നിന്‍ സ്നേഹ സാന്ത്വനമേറ്റു മയങ്ങാന്‍,
നന്മേ നിന്‍ കാരുണ്യസ്പര്‍ശനമേല്‍ക്കാന്‍,
പിന്നിട്ടൊരു വഴികള്‍ വീണ്ടും
കൊന്നപ്പൂത്താലമെടുക്കെ,
എന്നോപാടിയൊരോണപ്പാട്ടിന്നീരടി-
യെന്നോര്‍മ്മച്ചിമിഴിലില്‍ നിന്നുയിരാര്‍ന്നു പിറക്കേ,
ജീവന്‍ കത്തിയമര്‍ന്നൊരു
വേനല്‍ചില്ലയിലെന്തേ 
പാവനമോഹത്തളിരുകള്‍ ചേക്കേറുന്നു. 
ഏതാണിനി വഴിയെന്നോര്‍മ്മത്താളുകള്‍ പരതി
ചേതനയറ്റുകിടക്കും സംസാരപ്പെരുവഴിനടുവില്‍,
പെട്ടുഴലുന്നൊരു കുട്ടി കണക്കെ;സ്വസ്ഥത
നട്ടു നനച്ചു പെരുക്കിയ ഗ്രാമച്ചൂരില്‍ മുങ്ങി
മുരിങ്ങച്ചോട്ടിലെയാകാശത്തെ കണ്ടു പുളയ്ക്കാന്‍,
മോഹം പൂണ്ടു മടങ്ങുകയാണെന്നമ്മേ
ഭ്രാന്തു നുരയ്ക്കും മസ്തിഷ്കത്തില്‍
ചിന്തകള്‍ ചത്തുമലയ്ക്കും ദിനരാത്രങ്ങള്‍,
ഏന്തി വലിഞ്ഞെത്തിയ നഗര സരിത്തില്‍
ഏതോ കുരുതി മുഹൂര്‍ത്തഭ്ഭീതിയില്‍
ഉറ്റവരുടയവരൊക്കെ കുറ്റം ചാര്‍ത്തി
ചാറ്റിയൊഴിഞ്ഞൊരു പഥികനനാഥന്‍.
ഇനിവയ്യമ്മേ, നഗരച്ചതിയിലകപ്പെട്ടുഴലാന്‍
കനിവിന്‍ കാണാക്കനി തേടിത്തേടി നടക്കാന്‍
തൃക്കാര്‍ത്തിക തിരിവെച്ചു പൊലിയ്ക്കും
തിരുമുറ്റത്തില്‍ വിണ്ടു വരണ്ടൊരു 
ഹൃത്തടമാകെ സ്വപ്നം നട്ടു നനയ്ക്കാന്‍ 
ഇരുളു പൊരുന്നയിരിയ്ക്കുമീ വഴിയാകെ   
ചെരാതുകള്‍ പൊന്‍നിറമാര്‍ന്നു  മിഴിയ്ക്കാന്‍,
വീടിന്‍ വഴിയേതെന്നാത്മാവില്‍ തൊട്ടെന്‍ ചേതന
തേടുകയാണെന്നമ്മേ, നിന്നുടെ കയ്യാല്‍
നെറുകയിലിത്തിരി തീര്‍ത്ഥം തൂവുക,
മൃത്യുഞ്ജയ മന്ത്രംപോലാ സവിധത്തില്‍
നിത്യ നിരാമയ നിര്‍മലനാകാന്‍
നിന്‍ പുകള്‍ പാടാന്‍.
പടിവാതിലുകള്‍ തുറന്നിരുമിഴികള്‍ നാട്ടുക,
പടിയില്‍ നിന്‍ നിറ പുഞ്ചിരി ദീപം കാട്ടുക,
തൊട്ടു വണങ്ങാന്‍ വിമലേ നിന്നുടെ പാദം തരിക,
തോറ്റു മടങ്ങുമെനിയ്ക്കായമ്മേ, യഭയം തരിക. 
 ====================================14-03-2010



ആറാം തെരുവിലെ കണ്ണട

ആറാം തെരുവിലെ കണ്ണട 


ജനിച്ചനാള്‍ തൊട്ടെനിയ്ക്കു കാഴ്ചയ്ക്കു
കോട്ടമുണ്ടെന്ന സാക്ഷിമൊഴിച്ഛന്‍.
ആ മുത്തലി ക്ഷാ വരെയ്ക്കുള്ളയക്ഷരം
ചൊല്ലി ചൊല്ലിയെന്‍ കണ്ണു തെളിയ്ക്കുവാനമ്മ.
പാഠങ്ങളെല്ലാമുരുവിട്ടുരുവിട്ടു പാഠശാല വിട്ടു 
പോന്നിട്ടുമെന്തേ കാഴ്ച തെളിഞ്ഞീല?

കൂട്ടുകാര്‍ നാട്ടുകാരൊക്കെയും
കാഴ്ചയ്ക്കു  കാഴ്ചയായ് പുസ്തകരസ്സായനം,
പച്ചിലമരുന്നുകള്‍, പനയോല ഗ്രന്ഥങ്ങള്‍ പേറുന്ന 
യോഗങ്ങള്‍, ലാടവൈദ്യങ്ങള്‍, ഒറ്റമൂലികകളൊക്കെ
പരീക്ഷിച്ചൊടുവിലാ വിധി വന്നു
കണ്ണട വയ്ക്കുക കാഴ്ച കിട്ടും.

ഒന്നാം തെരുവിലെയ്ക്കോടി ഞാന്‍,
കടയാകെ കാവി പുതച്ചു നില്പൂ.
കണ്ണാടിക്കൂട്ടിലെ പാവകള്‍ക്കൊക്കെ
സിന്ദൂരക്കുറി നെറ്റിയില്‍,
കണ്ണുകള്‍ മറയ്ക്കുന്ന കണ്ണട കാവി. 
പരസ്യപ്പലകയില്‍ വാചകം; കണ്ണട വാങ്ങിയാല്‍
സൗജന്യമായി  തുരുമ്പിച്ച ശൂലം.  

രണ്ടാം തെരുവിലെന്‍ കണ്ണു ചെല്ലുന്നു,
കടയും വിരികളും പച്ച,
പാവകള്‍ക്കൊക്കെ താടിയും തൊപ്പിയും 
ഹരിതവര്‍ണ്ണ കണ്ണട കണ്ണിലും.
പരസ്യപ്പലകയില്‍ വാചകം; കണ്ണട വാങ്ങിയാല്‍
സൗജന്യമായി, വാളുമൊരുകുപ്പിയത്തറും.

മൂന്നാം തെരുവിലെന്‍ മുഖമുടക്കുന്നു,
മുറിയാകെ മഞ്ഞ,മുന്നിലെപ്പാവ,കണ്ണട,
ഒക്കെയും മഞ്ഞ,പരസ്യപ്പലകയിലെഴുത്തു മഞ്ഞ,                                       
കണ്ണട വാങ്ങിയാല്‍ ‍സൗജന്യമായി
മത്തടിപ്പിക്കുന്ന മദ്യം.

നാലാം തെരുവിലേയ്ക്കെന്‍ കാലു നീങ്ങുന്നു,
നിലമാകെ കടലിന്റെ നീല,
കടയിലെപ്പാവ, കണ്ണടയൊക്കെ നീല.
പരസ്യപ്പലകയില്‍ സുവിശേഷം;
സ്വര്‍ഗ്ഗത്തിലിരിപ്പിടം സൗജന്യം
കണ്ണട വാങ്ങുക.....

അഞ്ചാം തെരുവിലെന്തൊരു തിരക്ക്,
കവാടം മുതല്‍ തെരുവും കടയും വരെ ചുവപ്പ്,
പാവകള്‍ക്കു രക്തസാക്ഷിച്ഛായ,കണ്ണട ചുവപ്പ്,
പരസ്യപ്പലകയുടെയുദ്ബോധനം;
ചെത്തിമുനച്ചലകു സൗജന്യം,
വാങ്ങുന്ന കണ്ണടയ്ക്കെല്ലാം.
തെരുവിലെക്കുട്ടികള്‍ തെറിവിളിച്ചും
തമ്മില്‍ കുത്തുവാക്കിന്‍ പന്തെറിഞ്ഞും
തിമിതിമിര്‍ക്കുന്നു.
പിന്നാമ്പുറത്തൊരു  കൂട്ടനിലവിളി,
രണ്ടാം തെരുവാണപ്പുറമെന്നൊരു ചെക്കന്‍ വിക്കി വിക്കി. 

തെരുവുകളഞ്ചും പിന്നിട്ടെനിയ്ക്കിനി കാഴ്ചയ്ക്കു
കണ്ണടയേത് ? കണ്ണടയ്ക്കു നിറമേത് ?

ആറാം തെരുവിലേയ്ക്കാശങ്കയോടെന്‍ 
കാലുനീങ്ങുന്നു, പടിതൊട്ടവിടമാകെ സ്ഫടികം,
നിലം നിര്‍മലം,നിരത്തിലൊട്ടും തിരക്കില്ല,  
കടയില്‍ പാവയില്ല, പരസ്യപ്പലകയില്ല.
സ്ഫടികക്കണ്ണട കണ്ണില്‍ വയ്ക്കുമ്പോള്‍,
കഴിയുമോയെനിയ്ക്കെന്നെക്കാണുവാന്‍, 
സഹജനെക്കാണുവാന്‍,വിശപ്പിന്‍ നിറം,
സ്നേഹത്തിനാഴം,കണ്ണിലെ പ്രതീക്ഷതന്‍ വലിപ്പം.

ആറാം തെരുവിലെ കണ്ണടയ്ക്കായി ഞാന്‍;
ആദി ഹൃദയനായ് ധ്യാനിച്ച്‌ നില്പൂ.
====================================15 - 12 -1998




Wednesday, May 25, 2011

വികൃതാക്ഷരങ്ങള്‍

വികൃതാക്ഷരങ്ങള്‍

ഒരു കിനാവിന്‍
സുഷുപ്തിയില്‍
ഞാനെന്റെ
പൊയമുഖമൂരിവച്ചോടുവിലെ
തീവണ്ടി കാത്തും,
കദനങ്ങള്‍ തന്‍
നെരിപ്പോട് നെഞ്ചില്‍ പുകച്ചും,
പ്രണയതീരത്തെ
പകലെരിഞ്ഞണയുന്നതും,
ഇനിയും മിഴി  തെളിക്കാത്തൊരാ
കല്‍വിളക്കിന്‍  കരിമുഖം
അമാവാസിയായി
പരിണമിക്കുന്നതും,
കടലാഴങ്ങളില്‍
ജീവിതത്തിരമാല
കെട്ടിപ്പുണര്‍ന്നമരുന്നതും,
സ്മാരകശിലയിലെ
ലിപിരൂപങ്ങളായ്‌,
ചിതല്‍ തിന്ന ചിത്രശേഷിപ്പിന്റെ
വികൃതാക്ഷരങ്ങളായ്  
ഏതു ശില്പിക്കെഴുതുവാന്‍ വേണ്ടി 
ജന്മാന്തരങ്ങളിനിയും ...
മോക്ഷ ശിലയായ്......

Monday, May 23, 2011

പ്രവാസിയുടെ ഒസ്സ്യത്

പ്രവാസിയുടെ ഒസ്സ്യത്

ചുട്ടുപഴുത്ത മണല്‍കാട്ടിലെ
ചുടുനീരുറവയായി
നിന്റെ പരിഭവങ്ങള്‍
എന്നില്‍ പെയ്തൊഴിയുമ്പോള്‍
റീചാര്‍ജ്ജുകൂപ്പനിലേ
അവസാന ചില്ലിയും
ഉപഗ്രഹത്തിലേക്കൊഴുകിയിരുന്നു .
നിന്നെക്കുറിച്ചോ
നമ്മുടെ മക്കളെക്കുറിച്ചോ
ഒരക്ഷരം പറയാന്‍
കഴിഞ്ഞില്ലല്ലോ.
സ്വപ്നത്തിന്റെ പച്ചത്തുരുകള്‍ക്കായ്  
ജീവിത യൌവ്വനം ഹോമിക്കുമ്പോള്‍
എന്നെ നീയറിയാതെ പോയത്
ഏതുകിനാവിലായിരുന്നു.
പണ്ടും പരിദേവനങ്ങള്‍
ഘോഷയാത്രയായി
എന്റെ പിന്നാലെ
സഹോദരമേലങ്കിയും ചൂടി
സ്നേഹത്തിന്റെ ചായാക്കൂട്ടുമണിഞ്ഞു
നാളേക്ക് കരുതിവയ്ക്കാനൊരു
നെന്മണിപോലും ബാക്കിവയ്ക്കാതെ
കൊണ്ടുപോയവര്‍.
ഒടുവില്‍ 
കുലദ്രോഹിയായും
സ്നേഹശൂന്യനായും
ബിരുദങ്ങളെറെ.
ഇപ്പോള്‍ നീയും ....
കുറ്റചാര്‍തിന്റെ അന്ത്യവേളയില്‍
ജീവിക്കാന്‍ ഒരു തുണ്ടുനേരം
കുറിച്ചു വെയ്ക്കാന്‍
തലചായ്ക്കാന്‍ ഒരു കീറപ്പായ   
കഞ്ഞിക്കൊരു തകരപ്പാത്രം 
അതെങ്കിലും എനിയ്ക്കായി .
ജരാനരകള്‍ കൂട്ടായെത്തുമ്പോള്‍
സഹതാപത്തിന്റെ ഒരു നോട്ടം, 
സന്ധിവേദനക്ക്
പിണ്‍തൈലമിട്ട തലോടല്‍,
ഇത്രയുമായാല്‍...
സുഖം ...സ്വസ്ഥം ....  
==============================  CNkumar  




Saturday, May 21, 2011

കൂട്

  കൂട്
 
ഏതു സായാഹ്ന കാഴ്ചയിലാണ്
നിന്റെ മിഴികള്‍ നിറഞ്ഞത്‌?
തിരകള്‍ തലതല്ലുന്ന
തീരം വിജനമായതും
ഇരുട്ടിന്‍ കൈപിടിച്ച് 
തിരിഞ്ഞു നടക്കുമ്പോള്‍ 
ദൂരെ ഒരു മണ്‍ചെരാത്‌
കണ്‍ചിമ്മാതെ
നമ്മെ നോക്കുന്നതും 
ഏതു ഘടികാരദൃശ്യത്തിലാണ്
അവര്‍ തെരഞ്ഞത്‌.
വേനല്‍ മഴയ്ക്ക്‌
കാത്തിരിക്കാതെ
ഉറവ തേടിപ്പോയ കിളികള്‍
ജന്മഗേഹം ഉപേക്ഷിച്ചതാവുമോ?
ഉണങ്ങിയ ഒലിവുചില്ലകള്‍ക്കൊപ്പം 
വലയിപ്പെട്ടതാകുമോ? 
പക്ഷെ നീ മാത്രം;
നനഞ്ഞ കണ്ണുകളില്‍
കരിവിളക്കു തെളിച്ചു കാത്തിരിക്കുന്നു
വര്‍ത്തമാനത്തിലും.
ഇനിയൊരിക്കലും
മടങ്ങുമെന്നുറപ്പില്ലാത്ത
ഇണക്കിളി കൂടണഞ്ഞെങ്കില്‍,
നിദ്രക്കു മുമ്പേയുള്ള
പിന്‍കിനാവില്‍ കൂട്ടിവായിക്കാന്‍
ഓര്‍മ്മപ്പുസ്തകം തുറന്നു
അക്ഷര വടിവുകള്‍
തൊട്ടറിഞ്ഞു
തലോടി
അങ്ങനെ...
അങ്ങനെ.....
മെല്ലെ മെല്ലെ..
==========================സി എന്‍ കുമാര്‍
 
 
 

Thursday, May 19, 2011

അടനം


അടനം

ഇനിയെപ്പോഴാണ്‌
ഈ കാലൊടിഞ്ഞ കണ്ണടയിലെ
കാഴ്ചകള്‍ മടങ്ങുന്നത് ?
വീടിന്റെ രേഖകള്‍
കടക്കെണിയിലേയ്ക്കെറിഞ്ഞു
സുഖവാസത്തിനു പോയ പക്ഷികള്‍
പച്ചതുരുത്തുകള്‍ക്കായി
ദാഹിക്കുമ്പോള്‍
ആഴ്ച്ചപ്പിരിവുകാരന്‍ അണ്ണാച്ചിയെപ്പോലെ
നിന്റെ കണ്ണുകള്‍
എന്നിലെയ്തു കൊള്ളിക്കുകയാണോ?
ഇപ്പോള്‍
നീ കഴുത്തില്‍ തൂങ്ങിയ
വേതാളമായി
ചോദ്യങ്ങളെയ്തു
എന്റെ മൌനനോമ്പു
ഭേദിക്കുകയല്ലേ
മഞ്ഞുവീഴുന്ന
പ്രണയതാഴ്വരകളില്‍
വിരഹവേനല്‍ ചൂട്
താപമാപിനിയുടെ
കോലളവിനുമുയരേക്കു
നീളുമ്പോള്‍
യാത്രയുടെ
വിരസ ലിഖിതങ്ങള്‍
കുറിച്ചയക്കാന്‍
മേഘശകലങ്ങള്‍ക്കായി
ഒരു ഗന്ധര്‍വജന്മം കൂടി
എനിക്ക് കാത്തിരിക്ക വയ്യ.
വര്‍ത്തമാനത്തിന്റെ കണ്ണടചില്ല്
പൊട്ടിയിട്ടു നാളേറെയായി.
ചിതറിയ കാഴ്ചകള്‍
മസ്തിഷ്കത്തില്‍
പിടഞ്ഞു മരിക്കുന്നതിന്‍ മുന്‍പ്
ഇളവേല്‍ക്കാനൊരു ചില്ല
അതാണ്‌ ലക്‌ഷ്യം ....
----------------------------------

Sunday, May 15, 2011

രക്തസാക്ഷി

   രക്തസാക്ഷി

ഞാന്‍
,
എപ്പോഴാണ്
ഇരുണ്ട ഇടവഴിയിലൂടെ വന്നത്
എന്റെ വാക്കുകള്‍ക്ക് മേല്‍
നീ എന്നാണു ആധിപത്യം നേടിയത്.


കയ്യില്‍ മണ്ണെണ്ണവിളക്കുമായി 
അവള്‍ പടിപ്പുരയില്‍
നില്‍ക്കുന്നുണ്ടായിരിക്കാം
എന്റെ കയ്യിലെ പലഹാരപ്പോതിയും
സ്വപ്നം കണ്ടു കുഞ്ഞുങ്ങള്‍
പാതിമയക്കത്തിലായിരിക്കാം.


ഇടവഴിയില്‍ നീയുണ്ടാകുമെന്നു
ഞാനറിഞ്ഞില്ലല്ലോ സുഹൃത്തേ.


ആശയങ്ങളുടെ ഒഴുക്ക്
നിന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്
ഞാന്‍ അറിഞ്ഞില്ല 


അപ്രിയ സത്യതിനുമേല്‍
നിന്റെ കഠാരയാഴ്ന്നിറങ്ങുന്നത്
എന്റെ നെഞ്ചിലായിരുന്നു 


പിന്നെയെപ്പോഴാനു ഞാന്‍
രക്തസാക്ഷിയായതും
എന്റെ സ്വപ്നങ്ങളെ നീ
വിറ്റുപജീവനം തേടിയതും.
====================== C N Kumar.
മുളവന എന്‍ എസ് മണിയുടെ രചന 


സഹചാരി

സഹചാരി

ഒരേ തീവണ്ടിയിലെ
യാത്രക്കാരായിട്ടും 
നമ്മളന്യോന്യം 
പരിചയം നടിച്ചില്ല.
നീ എപ്പോഴാണ്
സ്വാര്‍ത്ഥമതിയായത്
സ്കൂളിന്‍ മുന്നിലെ
കടയില്‍നിന്നും വാങ്ങിയ
മഞ്ഞ നാരങ്ങാ മിട്ടായി 
പാതി കടിച്ചു തന്നതും,
നാട്ടു മാമ്പഴം
പങ്കിട്ടൂറിയതും,
എപ്പോഴാണ് മറന്നത്‌  ?
ഇന്ന്,
ഏറെ നാളുകള്‍ക്കു ശേഷം
നിന്റെ തിളക്കമറ്റ  കണ്ണുകള്‍
എന്നെയറിഞ്ഞില്ല,
എങ്കിലും ഞാനിപ്പോഴും
ചന്ദ്രന്‍ സാറിന്റെ ക്ലാസ്സിലെ
പിന്‍ ബഞ്ചിലെ
പിത്തക്കാടി തന്നെ.
(നീ അങ്ങനെയാണല്ലോ എന്നെ വിളിക്കാറ്)
ഈ യാത്ര തീരുമ്പോള്‍
ഞാന്‍ നിന്നെ മറക്കാതിരിക്കാന്‍
എന്റെ മുഖത്തേക്ക്
നീ ഒരടയാളവാക്യം
അയയ്ക്കുമെങ്കില്‍
വെറുതെ....