Tuesday, June 28, 2011

ഏകലവ്യന്‍

ഏകലവ്യന്‍

ഒരു നിഷാദനലറുന്നു,
മനസ്സിന്റെ കോലായില്‍ നി-
ന്നൊരു നിഷാദനലറുന്നു.
മണിച്ചെപ്പ്‌ തുറന്നൂ,സ്മരണകള്‍,
മുത്തശ്ശിക്കഥകളുടെ ചെല്ലം തുറന്നൂ
നീട്ടിയ കാലുമായുമ്മറത്തിണ്ണയിലിരുന്നൂ.

രാമന്റെ യുദ്ധവും
അര്‍ജ്ജുനപുത്രനും
കര്‍ണ്ണനും ദ്രോണനുമെന്‍
 നിദ്രയെ മാടിവിളിയ്ക്കെ;
ഹൃദയാരണ്യമദ്ധ്യത്തില്‍ നിന്നൊരു
കാട്ടാളപുത്രന്റെ ശബ്ദമുയരുന്നു.

ആയിരംകൂരമ്പുകൊണ്ട്
കിരാതീയ വെട്ടനായ് ഞെട്ടിവിറയ്ക്കെ;
വിരലുമുറിയ്ക്കുവാനായിരം
ദ്രോണന്മാര്‍ ചതിയില്‍ 
ഗുരു ഭക്തി ചേര്‍ക്കേ;
ഞാനുമെന്നേകലവ്യനും
സ്വപ്നാടകരായി,
സഹയാത്രികരായി
രാവുകള്‍, നിദ്രകള്‍,
നാഴികയേറെനടന്നു.

വിരലറ്റമോഹവും
ഹൃത്തിന്റെയേട്ടില്‍ കുറിച്ചിട്ട
ചതിയുടെ മായാത്ത ചിത്രവും
സ്വായത്തമാക്കിയ
വിദ്യയുടെ വ്യഗ്രത,
തീരാത്തപസ്യയായ്
പിന്നിട്ട പാതകള്‍,
കല്ലുകള്‍, മുള്ളുകള്‍,
പേറിയ ദുഃഖചുവടുകളൊക്കെയും
ചേങ്ങലമുട്ടവേ;
ഒരു നിഷാദനലറുന്നു,
പകയുടെ ചുടുനാമ്പുകളുയരുന്നു

അറിവാമാഗ്നി പകരുവാ-
നക്ഷരക്കൂട്ടങ്ങള്‍ 
തേടിഞാന്‍
പല വാതിലുകളില്‍ മുട്ടി.
ഒന്നും തുറന്നില്ല
ഒരുവരും കേട്ടില്ല,
അന്ധകാരത്തിന്റെ
കോട്ടകള്‍ മാത്രമെനിയ്ക്കായ്‌
തുറന്നിട്ടു കാലം.
ഉള്‍ക്കടമായോരഭിലാഷവും
പേറി എത്രനാളെത്രനാള്‍,
ജീവിതക്ഷേത്രപ്പടിപ്പുരവാതിലില്‍
കാത്തു ഞാന്‍ നിന്നു.
ദ്രോണനെന്‍ ഗുരുവല്ല;
എന്‍ ഗുരു, കാട്ടിലെ പ്രതിമയ്ക്ക്
ജീവന്‍ പകര്‍ന്ന ശില്‍പ്പി,
അല്ല കലയുടെ ചൈതന്യമത്രേ!
ഹേദ്രോണാ; വരുന്നു
പ്രതികാരവിജ്രുഭിതന്‍ ഞാന്‍ .
എവിടെ നീ ,ഏതു സിംഹാസന
തണലിലൊളിച്ചു.
ഒരു നിഷാദനലറുന്നു,
ഒരു സത്യത്തിന്‍
മാറ്റൊലി മുഴങ്ങുന്നു.
========================04 -04 -1987 

Monday, June 27, 2011

പെരുക്കപ്പട്ടിക

പെരുക്കപ്പട്ടിക 
റേഷന്‍ കടയില്‍ നിന്നും
നീണ്ടു വരുന്ന 
പെരുക്കപ്പട്ടിക പോല്‍ 
എന്നിലൂടെ വളര്‍ന്നു,
നിന്നിലേയ്ക്കും 
കുഞ്ഞുങ്ങളിലേയ്ക്കും
ഊളിയിട്ടിറങ്ങുന്ന
അരിപ്പുഴുക്കള്‍,
എന്നുമുതല്‍ക്കാണ്
ജീവിതത്തെ
രേഖയ്ക്കടിയിലേയ്ക്ക്
തള്ളിയിട്ടത്‌?
ഇലത്തുമ്പില്‍
ബലിക്കറുക വച്ച്
പടിയിറങ്ങിപ്പോയത്
സ്വപ്നങ്ങളല്ലേ?
അവരെന്താണിപ്പോഴും
നനഞ്ഞനെറ്റിയിലെ
ഭസ്മക്കുറി പോല്‍
വെളുക്കെചിരിച്ചു
തീണ്ടാപ്പാടകലെ നിന്ന്
മോഹിപ്പിയ്ക്കുന്നത്?
ഈ തീരത്ത്‌ 
തോണിയടുപ്പിക്കാതെ
മറുകരയ്ക്ക്‌
പോവതെങ്ങനെ?
ഇപ്പോള്‍
എല്ലാം
കുറിച്ചുവെയ്ക്കുന്ന
റേഷന്‍ കാര്‍ഡു 
മണ്ണെണ്ണ നനഞ്ഞിട്ടില്ല,
നാമിപ്പോഴും
ഒരേ വരിയില്‍
കാത്തിരിയ്ക്കുന്ന
അക്ഷരം പോലെ
മുന്നോട്ടു നീങ്ങാനാവാതെ
എത്രനാള്‍?
അവര്‍ പറഞ്ഞതല്ലേ
ഉച്ചയൂണിനു മുമ്പേ
വരുമെന്ന്.......
ഇപ്പോള്‍
ഏകാദശി നോറ്റപോലെ
നീയും ഞാനും കുട്ടികളും.
=====================CNKumar 
  
  

Sunday, June 26, 2011

രോഷകാണ്ഡം

രോഷകാണ്ഡം 

കാറ്റുകാണാച്ചുരമൊന്നില്‍
കാറ് കൂടാനിലമൊന്നില്‍
കരളുരുക്കിയ കവിതയുമായ്
കിളിയിരിയ്ക്കുന്നു.
കിളിപ്പെണ്ണിന്‍ കുരലിലേതോ
ഗദ്ഗദങ്ങള്‍ പിടയുന്നു,
ശ്ലോകമായി,നാദരൂപ
ധാരയായി മുന്നിലെത്തുന്നു.
മഞ്ഞണിഞ്ഞ മാമലകള്‍
പൊന്നുപൂക്കും താഴ്വരകള്‍
കുന്നുകേറി മറഞ്ഞുപോകും
കുംഭമാസ നിലാവലകള്‍.
കാത്തിരുന്നു മടുത്തുവോ നീ,
കാഴ്ച കണ്ടു വെറുത്തുവോ?

സ്നേഹസാരം മൊഴിയുന്ന
രാഗലോല വിപഞ്ചികയില്‍
രാക്കിളിയുടെ തേങ്ങലായി
രാത്രി നില്‍ക്കുന്നു.
തിറയാട്ടത്തറയിലെതോ 
കുടമണികള്‍ കലമ്പുന്നു,
കോമരങ്ങളുറഞ്ഞു തുള്ളി
കുരുതിതര്‍പ്പണമാടുന്നു.
വരിക, നീയെന്‍ കിളിമകളേ,
മൊഴിപകര്‍ത്തുക; പാട്ടിന്റെ
വരിശയാലീ നിദ്രമാറ്റുക
സ്വസ്ഥതയ്ക്കൊരു ശീലുതീര്‍ക്കുക.

ആറ്റുവഞ്ചികള്‍ പൂത്തിടുന്ന
നാളിലല്ലേ നമുക്കാതിര,
തിമിലമദ്ദളമിടിയ്ക്കയും
ചേര്‍ന്ന് പാടും വേളയല്ലേ -
യുത്സവത്തിന്‍ തിമിതിമര്‍പ്പ്.

കാറ്റുകാണാച്ചുരമൊന്നില്‍
കാറ് കൂടാനിലമൊന്നില്‍
കൂടു കൂട്ടിയിരുന്നീടാന്‍
നീപോരും ദിനമേതു?
വേദനകള്‍ വിതച്ചുനീ
കൊയ്തെടുത്തൂ നൂറുമേനി
രാവുറങ്ങാതീരമൊന്നില്‍
കാത്തിരിക്കുവതാരെ നീ?
കാഴ്ച മങ്ങിയ പുലരിയില്‍
ഓര്‍ത്തിരിക്കുവതെന്തു നീ?
കാവിലേതോ പുള്ളുവന്റെ പട്ടിണിപ്പാട്ടു,
പാട്ടിലെതോ പൈതലിന്റെ മുറവിളിക്കൂട്ടു.
കരള്‍ തുളഞ്ഞു തുളഞ്ഞു കേറും
കണ്ണുനീരിന്‍ കുത്തൊഴുക്ക്
ഭീതിതമാം കണ്ണുകള്‍ക്ക്‌
ബോംബുതിര്‍ക്കും ലാത്തിരിപ്പൂ.
കാത്തിരുന്നു മടുത്തുവോ നീ?
കാഴ്ചകണ്ടു വെറുത്തുവോ?

ബോധിവൃക്ഷത്തറയില്‍ ഗൌതമ-
ബുദ്ധമൂര്‍ത്തിയുടഞ്ഞ ചീളുകള്‍,
ചിന്തകള്‍ക്കവിരാമമിട്ടു
പറന്നു പോയൊരു പക്ഷിതന്‍
ചങ്കുപൊട്ടിയ  ചുടുനിണത്തില്‍
ചടുലനൃത്തം തിമിര്‍ക്കുന്നു
പുതിയ തെയ്യങ്ങള്‍....
തെരുവില്‍ വീണു ചത്ത പെണ്ണിന്‍
മുലകുടിക്കും പൈതലിന്‍,
വയറുന്തി വരണ്ട ചിത്രം
തീന്മുറിയിലെ ചില്ലുകൂട്ടി-
ലലംകൃതമായ്,ചോദ്യമായി,
ചിരിയായി,ചിതലരിച്ചൊരു
രാജശാസ്സന വൈകൃതമായ്,
പല്ലിളിച്ചും,പറയടിച്ചും,രഥമുരുട്ടി-
ക്കൊലവിളിച്ചും മഥിക്കുമ്പോള്‍,
പൊല്‍ചിലമ്പു  വലിച്ചെറിഞ്ഞൊരു 
കണ്ണകിയുടെ കണ്ണിലെരിയും
രോഷമായി,കുരുക്ഷേത്രക്കബന്ധങ്ങള്‍
കണ്ടുനിലക്കുമൊരമ്മ തന്‍
നെഞ്ചുറന്നൊരു ശാപമായി,
ശക്തിയായി, സംഹാരക്കൊടുംകാറ്റായ്
ആഞ്ഞു വീശും ദിനമേതു?
ആടിമാസക്കരിമേഘം
പോയൊഴിയും വേളയേത്?
 =============================12 -10 -1993


ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാം https://soundcloud.com/cnkumar/roshakaantamമുളവന എന്‍ എസ് മണിയുടെ രചന 

28-3-2013ഇല്‍ എഫ് ബിയില്‍ നിന്നും കിട്ടിയ ചിത്രം 

Monday, June 20, 2011

നിര്‍വ്വചനങ്ങള്‍

നിര്‍വ്വചനങ്ങള്‍

പ്രണയമഴ
നനയുന്ന കൂട്ടുകാരാ
നിന്‍ ഹൃദയകവാടം
മലര്‍ക്കെത്തുറക്കുക.........
പ്രണയമൊരു മോര്‍ഫിന്‍
കിടക്കയല്ലെന്ന പൊരുള്‍
പകല്‍വെളിച്ചത്തില്‍  നീ
വായിച്ചറിയുക........

പ്രണയം,
ജാമിതീയത്തിന്നതിരുകള്‍
ഭേദിച്ചൊഴുകും മഹാനദി.
ശബ്ദ വീചികള്‍ക്കപ്പുറം
നീണ്ടുപോകുന്നൊരു നേര്‍രേഖ,
കേവലബിന്ദുവിനു ചുറ്റും
പ്രദക്ഷിണം വയ്ക്കുന്ന
തീര്‍ത്ഥാടകയല്ല,
ജനിമൃതിയ്ക്കുള്ളിലൊതുങ്ങി-
യടിയുന്ന രേഖാംശം.

പ്രണയം,
വേനലും വര്‍ഷവും
വേഷപ്പകര്‍ച്ചകളാടി-
പ്പൊലിക്കുന്ന വേദിയില്‍
സഹാചാരികളായി
നിത്യം പരസ്പരം
താങ്ങായ് തണലായൊ-
ന്നിച്ചുപോകുമൊരു
പാതയുടെയനന്തത.

പ്രണയം,
ഒരു തീര്‍ത്ഥാടനത്തി-
ന്നൊടുവിലെ ശാന്തത.
കലിതുള്ളിയെത്തുന്ന
കാലവര്‍ഷത്തിന്നിടവേള.
താളമായിഴചേര്‍ന്നിണക്കിയ
ദാരുശില്പത്തിന്‍ സ്നിഗ്ദ്ധത.

പ്രണയം,
പുലര്‍കാലരശ്മിയില്‍
നീന്തിത്തുടിക്കുന്ന തുമ്പിപോള്‍,
താമരനൂലുപോല്‍ ജന്മാന്തരങ്ങളില്‍,
പ്രാലേയലേപനംപോല്‍
ജീവന്റെയുഷ്ണശൈലങ്ങളില്‍
ദേശാടനപക്ഷിയായെത്തിടും
പ്രഭാഭരിത സൗഹൃദം.

പ്രണയം,
നിര്‍വ്വചനത്തിന്നാലവിട്ടകലേയ്ക്ക്
പായുമൊരു ചെമ്പന്‍കുതിരപോല്‍,
നിത്യവും  മുറ്റത്തെമുല്ലയില്‍ വന്നിരു- 
ന്നോരോപരിഭവച്ചില്ലിയെറിഞ്ഞുപോം
കരിയിലക്കുരുവിപോല്‍,‍  
വെളിച്ചം കടംകൊണ്ടനുയാത്രചെയ്യും
നീളന്‍നിഴലുപോല്‍,
മനസ്സിന്നഷ്ടദിക്കിലും
കാണാതെ കണ്ടും പരസ്പരം
കൈകോര്‍ത്തിണങ്ങിയും
തെല്ലിട തമ്മില്‍ പിണങ്ങിയും
കുറുകുന്ന വെള്ളരി പ്രാവുക-
ലന്തിചേക്കേറുന്നൊരഭയനീഡം.
 
പ്രണയമഴ
നനയുന്ന കൂട്ടുകാരാ
നിന്‍ ഹൃദയകവാടം
മലര്‍ക്കെത്തുറക്കുക.........
======================= CNKumar

Friday, June 3, 2011

കാഴ്ചശീവേലി

കാഴ്ചശീവേലി 
 
കാഴ്ചശീവേലിയ്ക്കു നേരമായി
നേരറിഞ്ഞോരെന്റെ കാണിക്ക കൂടി
സ്വീകരിച്ചീടുക....
ദുഃഖം കടഞ്ഞു കരിഞ്ഞ മനസുമാ-
യമ്മയേതോ ദിങ്‌മുഖത്തിങ്കല്‍ മൂര്‍ച്ചിയ്ക്കവേ;
ആരാണിന്നലെ മുള്‍മുന കൊണ്ടെന്‍
നെഞ്ചകം കീറിമുറിച്ചത്?
ആരാണിന്നലെയെന്നയല്‍ വീടിനു
തീ കൊളുത്തിപ്പിന്നെ പൊട്ടിച്ചിരിച്ചത്?
ഇതൊരു തേര്‍ചക്രമാണെന്റെ യുണ്ണിയുടെ
തല തകര്‍ത്തീവഴി പോയത്?
 
വിധവയാം ജാനകി മിഥിലയിലേയ്ക്കു  മടങ്ങി
സരയുവില്‍,രാമന്റെ തലയറ്റതാരുടല്‍ വീര്‍ത്തു പൊങ്ങി.
ഒന്നല്ലൊരായിരം കഴുകുകള്‍ വട്ടമി-
ട്ടാര്‍ത്തു പറക്കുന്ന വിണ്ണില്‍ നിറയുന്നു
കാറുകള്‍; സീതാ ഹൃദയവും.
താമസാതീരത്തു വാല്മീകി നില്‍ക്കുന്നു
തിരികെ വാങ്ങീടുവാന്‍,
രാമായണവും രാമനെയും.
 
കാലം കണികളുമേറെയൊരുക്കി-
യിതിഹാസതാളുകളെഴുതി മറിയ്ക്കവേ;
തമ്മില്‍ കൊലവിളിച്ചെന്തിനെന്നറിയാതെ
ഹൃദയവും വെട്ടിപ്പകുത്തു പിരിഞ്ഞുപോം
ലവകുശന്മാരെ കണ്ടും മനം നൊന്തുകേഴും 
ധരയിതിലിത്തിരി നേരം  
മൃതി വന്നെത്തും വരേയ്ക്കുള്ള ദൂരം
സ്വസ്ഥതയിലാണി തറയ്ക്കുന്ന 
സംഭവക്കുരിശും ചുമന്നീ
മലമുകളെത്തി നാം നില്‍ക്കവേ;
സത്യമെന്നാണ് ക്രൂശിതമായാത്?
സ്നേഹമെന്നാണ് കള്ളമായ്ത്തീര്‍ന്നത്‌?
 
കത്തും മണല്‍ക്കാട്ടിലൊരു  ശവം
കാക്കകള്‍ കൊത്തുന്നു, പിറ്റേപ്പുലരിയി
ലറിയുന്നത,ന്ത്യപ്രവാചകന്‍,
അരുകിലൊരു കീറപ്പറു‍ദയു-
മുടഞ്ഞ വളകളുമുറുമാലുമുണ്ടായിരുന്നു പോല്‍.
അകലെയായിപ്പോഴും കേള്‍ക്കുന്നു
കാട്ടുചെന്നായ്ക്കളുടെയാര്‍പ്പുവിളികളു-
മാനന്ദഘോഷവു,മെല്ലാം തകര്‍ന്നൊരു
പെണ്ണിന്റെ തേങ്ങലും.
സപ്നങ്ങളൂഷരമാക്കുന്ന സന്തൂക്കുമേറ്റിയീ
നാട്ടുപാതയിലൂടെ വരുന്നവര്‍,
എരിയുന്ന കയ്യുകള്‍ കൊണ്ടീപ്പുരങ്ങള്‍ക്ക്
ചിതയുമൊരുക്കി മുന്നേറവേ;
ഏതഗ്നിശൈലമതാന്ധവിഷലാവ-
യൊഴുകിപ്പരന്നുവോ?
ഏതേതു കണ്‍കളില്‍ കാടത്ത-
മുരുകിയുയര്‍ന്നുവോ?
 
കവിയൊരാള്‍ കവലയില്‍ ഭ്രാന്തമായ്
സ്നേഹഗീതങ്ങള്‍ പാടിനില്‍ക്കുന്നു.
കലുഷ ഭൂമിയില്‍ മമത പൂത്തീടുവാന്‍,
കണിയൊരുക്കുവാന്‍, കാടകറ്റീടുവാന്‍.
ഏതു ദിക്കിലാണമ്മ നില്‍ക്കുന്നത്?
ഏതു ഹൃത്തിലാണമ്മയിരിപ്പത്?
കേട്ടുനിന്നു ചിരിപ്പൂ  പരിഷകള്‍,
കല്ലെറിയുന്ന പാപഹിമാലയര്‍. 
കൂട്ടിലാക്കീടുവാന്‍,കുരുതിയ്ക്കുഴിയുവാന്‍;
ചാരത്തു തോക്കുമായ് ഗാട്ടുകാര്‍ നില്‍ക്കവേ;
അമ്മേ...സ്വീകരിച്ചീടുക,ഈ സ്നേഹതനയന്റെ
ശീവേലി കൂടി.........
===================================== 04-05-1992

Wednesday, June 1, 2011

തറവാട്

തറവാട്

അമ്മേ, വിടതരിക,
വിടതരിക, പോകുന്നു ഞാനെന്‍
ദുഃഖം നിമജ്ജനം ചെയ്യുവാന്‍.
ഓര്‍മ്മകള്‍ ചേക്കേറി കൂടുകള്‍ കൂട്ടും
മനസ്സിന്റെ നീലച്ച മേട്ടില്‍
കത്തിപ്പടരുന്നയന്ധകാരത്തിന്റെ
ദര്‍ഭത്തലപ്പുകള്‍ കൊയ്തെടുത്തീടുവാന്‍
പോകുന്നു; അമ്മേ വിട തരിക.

പടുതിരി കത്തുന്ന ചങ്ങലവട്ടതന്‍
ചോട്ടിലിരുന്നെന്‍ മുത്തശ്ശി ചൊല്ലുന്നു,
ഉണ്ണീ, പിതൃക്കള്‍ക്കുദകങ്ങളൂട്ടുക,
കാവില്‍ നീ നൂറും പാലും നിവേദിക്ക,
നാഗവും ഭൂതവുമെന്നെയും നിന്നെയു-
(മിത്തറവാട്ടിലെ ജീര്‍ണിച്ച തൂണും തുരുമ്പും )
കാക്കുന്ന ദൈവങ്ങളല്ലേ......
ഉണ്ണീ, പോകരുതിന്നു നീ ,
മുത്തശ്ശി ചൊല്ലുന്നതൊന്നു കേള്‍ക്കു.

ജീര്‍ണസംസ്ക്കാരത്തിന്‍ മാറാപ്പു കെട്ടുകള്‍,
അന്ധവിശ്വാസത്തിന്‍ കാവിയുടുപ്പുകള്‍
ഭസ്മച്ചിരട്ടയും രുദ്രാക്ഷമാലയും
ദൂരത്തെറിഞ്ഞു ഞാന്‍ പോകുന്നു.

അസ്ഥിമാടങ്ങളില്‍ തിങ്ങിയുയരുന്ന
കുന്തിരിയ്ക്കത്തിന്റെ ധൂമവ്യൂഹങ്ങളില്‍
കനല്‍ കത്തിപ്പടരും നേരിപ്പോടിനുള്ളില്‍
കത്തിയമരുന്നു:വിന്നെന്‍ സ്മരണയില്‍
കൊത്തിവച്ചോരാ ഓര്‍മ്മക്കുറിപ്പുകള്‍
കത്തിയും താടിയും വച്ച രൂപങ്ങളെന്‍
ചിന്തയില്‍  കയ്യും കലാശവും കാട്ടുന്നു.
കുരുടന്റെ പുത്രരില്‍ മുമ്പനും ശകുനിയും
പല്ലും നഖങ്ങളും കാട്ടിയലറുന്ന രാവുകള്‍
വിളറി വെളുക്കും പുലരിയില്‍
കര്‍ണന്റെയാത്മാവിലുയരുന്ന
സാന്ദ്രമാം ദുഖവും തപ്തനിശ്വാസവും
കണ്ടു ഞാന്‍ പടികളിറങ്ങുന്നു; അമ്മേ വിടതരിക.

ഒന്നാം പുരയില്‍ നിലവറയ്ക്കുള്ളിലെന്‍
ജ്യേഷ്ടന്റെ മെല്ലിച്ച  രൂപവുമാര്‍ത്തനാദങ്ങളും
പൊട്ടിച്ചിരിക്കുന്ന ചങ്ങലക്കെട്ടുകള്‍,
പോയകാലത്തിന്റെ പൂണൂല്‍ക്കുരുക്കുകള്‍.
നീറിപ്പുകയും ചെരാതുകള്‍ ജ്യേഷ്ടന്റെ
രോഷം പുകയും മനസ്സിന്‍ശ്ചായകള്‍.

ഭൂതങ്ങളും സര്‍വ്വ നാഗങ്ങളും
കാവലിരിക്കുന്ന കാവില്‍,
വിലക്ക് കൊളുത്തി മടങ്ങവേ;
മൂര്‍ഖന്‍ കടിച്ചു മരിച്ചയോപ്പോളുടെ
നീലിച്ച രൂപമെന്‍ കണ്ണില്‍ തെളിയവെ,
ഞാനൊന്ന് ചോദിച്ചുകൊള്ളട്ടെ മത്തശ്ശീ;
നമ്മളെക്കാക്കുന്ന തറവാട്ടു ദൈവങ്ങളെ-
വിടെയൊളിച്ചു;അന്നെവിടെയൊളിച്ചു ?

ഇന്നില്ലയെന്‍  കൊച്ചു കവിളത്തൊരു
ചക്കരയുമ്മ നല്കുമെന്നോപ്പോള്‍
വരില്ലയൊരിയ്ക്കലും  കൊച്ചുമണ്‍-
വീടുവച്ചച്ഛനുമമ്മയും കളിക്കാന്‍.

കണ്ണീരുമൊത്തിക്കുടിക്കുന്ന രാവും
മാറാലകേറിയ ബാല്യസ്മരണയും
ഞാനെടുക്കുന്നുവെന്നമ്മേ;
പടിപ്പുര വാതിലില്‍ പുലരി വ-
ന്നെത്തിനോക്കുന്നോരീ വേളയില്‍,
അന്ധവിശ്വാസങ്ങള്‍ താണ്ഡവമാടും
തറവാട് വിട്ടു ഞാന്‍ പോകുന്നുവമ്മേ;
വിടതരിക, അമ്മേ വിടതരിക.
 ===========================13 -09 -1985


മേല്‍വിലാസം

  മേല്‍വിലാസം

കത്തുകള്‍ മരവിച്ച വര്‍ത്തമാനച്ചില്ലയില്‍
കത്തും മൊഴിയുമായ് കുഞ്ഞുകിളി ചോദിപ്പൂ,
പറയുകെനിയ്ക്കിനി, ഏതാണ് മേല്‍വിലാസം?
പകലുറക്കത്തിന്റെ വാത്മീകം വെടിഞ്ഞൊരു
ചോദ്യങ്ങള്‍ ചക്രവ്യൂഹം തീര്‍ത്തെന്റെ ചുറ്റിലും
വാദ്യഘോഷങ്ങളാല്‍ രൗദ്രങ്ങളാടിത്തിമിര്‍ക്കെ,
ഉത്തരം തേടി കത്തിന്‍ ജാതകം തിരയവേ;
ചിത്തമാസ്വസ്തമാ, യിനിയെതെന്‍ മേല്‍വിലാസം?

പുളിനില്‍ക്കുന്നതില്‍,പ്ലാവിളത്തെക്കതില്‍,പിന്നെ
വിളപ്പുറം,വാരിയം,തറവാട്ടുപേരുകള്‍,
ചിരപുരാതനപ്രൌഡിയാര്‍ന്നൂര്‍ദ്ധശീര്‍ഷമായ്
ചരിത്രത്തിലേക്കു കൊഴിയുകയാണൊക്കെയും.
മുന്നില്‍ നടന്നവര്‍ വഴി വെട്ടിത്തെളിച്ചു
പിന്നാലെയെത്തിയോരോക്കെയും കൊട്ടിയടച്ചു. 
നൂറ്റാണ്ടുകള്‍ നോറ്റുപിറന്നൊരീ മേല്‍വിലാസം
പോറ്റിയൊരുക്കിയ സംസ്കൃതി ചത്തുമലയ്ക്കെ,
അകവല*യിലെങ്ങോ കുരുങ്ങിയെന്‍ വിലാസം   
അന്യനു കയ്യേറുവാനുള്ള ജാലകം.

വന്യതയാര്‍ന്നോരഹങ്കാര പ്രമത്തതയി -
ലന്യമായ്  ജീവന്റെ  സഞ്ചിതമൂല്യവും,സത്തയും .
അതിജീവനത്തിന്റെ ഗാഥകളുതിര്‍ക്കുവാ -
നെത്തുമീ വഴിയിലൂടിനിയേതു തീവണ്ടി? ;

ഓരോ നിറങ്ങളും നിഴലായിപ്പടരവേ,
ഓരോ രാവങ്ങളും മൌനവൃത്തം നോറ്റിരിയ്ക്കെ,
വംശവൃക്ഷത്തിന്റെ ചില്ലവട്ടെത്തി വേതാളം
നിശാവൃത്താന്തമാടിപ്പൊലിയ്ക്കാന്‍ താവളം
തേടി തോളിലധിനിവേശത്തിന്റെ ഭരണം
തുടരുന്ന നിദ്രയിലുത്തരം കിട്ടാച്ചോദ്യം
ചിന്തയില്‍ ജ്വാലയുയര്‍ത്തവേ;യിനിയേതു തീരം
ചിരന്തന നീഡമായഭയം തരുന്നുവോ?
സ്വത്വം വര്‍ത്തമാനത്തിന്റെയാഴങ്ങള്‍ തേടവേ;
സ്വസ്ഥതയ്ക്കായെന്‍ ചേതന ദേശാടനത്തിനോ?

നഷ്ടമായെനിയ്ക്കെന്റെ പൈതൃകസമ്പത്തുകള്‍
ശിഷ്ടമായ് മാത്രയ്ക്കു പിന്നിലെ പൊട്ടെഴുത്തുകള്‍.
ഇനി മരിച്ച മേല്‍വിലാസത്തിനു വായ്ക്കരി,
നഗരികാണിയ്ക്കല്‍, ഭൂദാനം, ബലിതര്‍പ്പണം.
ഉഷ്ണപ്രവാഹങ്ങള്‍ പ്രാണന്റെ ജീവാണു തിന്നെ;
ഉയിര്‍പ്പിന്‍ മുഹൂര്‍ത്തമിനിയേതു ശുഭദിനം?

മകനേ, നിനക്കെകുവാനില്ല മേല്‍വിലാസ,-
മകവലായിലര്‍ത്ഥമറ്റക്ഷരമാല്ലാതെ,
നിറമറ്റൊരീ നഷ്ടക്കണക്കുകളല്ലാതെ
നിണമിറ്റുമീ നഷ്ടവസന്തങ്ങളല്ലാതെ.
==========================
 * അകവല - Intenet                                          07-04-2010