Tuesday, October 25, 2011

ചുറ്റളവിന്റെ സൂത്രവാക്യങ്ങള്‍

ചുറ്റളവിന്റെ സൂത്രവാക്യങ്ങള്‍  


വൃത്തത്തിന്റെയും
ചതുരത്തിന്റെയും 
ചുറ്റളവുകള്‍ തമ്മിലുള്ള 
വ്യത്യാസമാണ് 
നമുക്കിടയിലുള്ളതെന്നു 
വിജയന്‍ മാഷല്ലേ
കണ്ടെത്തിയത്?

ഞാന്‍ കേന്ദ്രബിന്ദുവിനു ചുറ്റും
നിയതദൂരത്തില്‍ സഞ്ചരിയ്ക്കുമ്പോള്‍
നീ മാത്രം ചലന നിയമങ്ങള്‍ ഭേദിച്ച് 
ആരാലും നിയന്ത്രിയ്ക്കപ്പെടാതെ...

കാലൊടിഞ്ഞ കസേരയില്‍
ഇസങ്ങള്‍ മുറതെറ്റാതെ
ഇരിപ്പുറപ്പിയ്ക്കുമ്പോള്‍
മറന്നുപോകുന്നത്
ചുറ്റളവിന് പുറത്തുള്ള
ജീവിതക്കാഴ്ച്ചകളല്ലേ?

ചില്ലുജാലകങ്ങള്‍ തുറക്കാതെ
ആരുടെ നിലവിളിയ്ക്കാണ് നീ
കാതോര്‍ക്കുന്നത്?
പാഞ്ഞു പോകുന്ന ചക്രങ്ങളില്‍
അരഞ്ഞു ചേരുന്ന ജീവിതങ്ങള്‍
നമുക്കുനേരെ ചൂണ്ടുന്ന
വിരലുകളില്‍ കിനിയുന്നത്
പറയാതെ പോയ കുറ്റങ്ങളുടെ
സാക്ഷി മൊഴികളല്ലേ

ഇപ്പോള്‍ ചുറ്റളവുകള്‍ ഭേദിച്ച്
പോകുന്ന ദേശാടനക്കിളികള്‍
ഭൂതത്തിനും ഭാവിയ്ക്കുമിടയിലെ
സ്പര്‍ശരേഖ പോലെ 
ഉറയുരിഞ്ഞ സ്വത്വങ്ങള്‍ക്ക്‌ 
തിമിര്‍ത്താടാന്‍ കളമൊരുക്കുന്നത്
എന്റെ ചിന്തകള്‍ക്കുമപ്പുറത്തെ
ശൂന്യതയിലാണ് .

ഇവിടെയെനിയ്ക്കും നിനക്കും
നഷ്ടമാകുന്ന പരിധികള്‍
മാഞ്ഞുപോകുന്ന ദുരന്തങ്ങളുടെ
ജ്യാമിതികള്‍ക്കും  
ചിതറിത്തെറിയ്ക്കുന്ന
 പാകത്തില്‍ 
തലയോടുകള്‍ക്കും 
പങ്കിട്ടെടുക്കാന്‍
ആരവും ഭുജങ്ങളുമില്ലാതെ
വളഞ്ഞു പുളഞ്ഞു നീങ്ങുമ്പോള്‍,
ഓര്‍മ്മത്തളികയില്‍
കണിവച്ചു പൊലിയ്ക്കുന്നത്‌
തീണ്ടാപ്പാടകലത്തെ
നിറംകെട്ട സ്വപ്നങ്ങളും
അരിയൊടുങ്ങിയ വാക്കുകളും.

വര്‍ത്തമാനക്കസ്സാലയില്‍
ചടഞ്ഞിരുന്നു നാമിപ്പോഴും 
ചുറ്റളവിന്റെ സൂത്രവാക്യങ്ങളില്‍ 
ചൂണ്ടുവിരല്‍ തൊട്ടു 
മനക്കോട്ട ചമയ്ക്കുന്നു. 

A Creation of sri.NSMony,Mulavana.

Tuesday, October 18, 2011

പൊരുന്ന

പൊരുന്ന


മൌനം
ബുദ്ധനു ഭൂഷണമായിരിയ്ക്കാം.
എനിയ്ക്കത് കഴിയില്ല
മരപ്പൊത്തില്‍ നിന്നും
ചിലച്ചു പറക്കാതിരിയ്ക്കാന്‍.

രാപ്പുള്ളുകള്‍
കൂട്ടുള്ളപ്പോള്‍
ഞാന്‍ ഭയക്കുന്നതാരേ?

മിണ്ടാതിരുന്നാല്‍
അവരെന്നെ വിഗ്രഹമാക്കി
ചന്തയില്‍ വയ്ക്കും.
വിഗ്രഹങ്ങള്‍
ഉടയ്ക്കപ്പെടേണ്ടതാണെന്ന്
തിരിച്ചറിയുമ്പോള്‍
കല്ലുകള്‍ എനിയ്ക്ക് നേരെ
ചീറിയെത്തും.

മനസ്സുകള്‍
കല്ഭിത്തിയാല്‍
മറയ്ക്കപ്പെട്ടിരിയ്ക്കുന്നു,
മതിലുകള്‍ പൊളിയുന്നത്
ചരിത്രത്തിലേയ്ക്കും
ചിത്രങ്ങളിലെയ്ക്കും
പടര്‍ന്നു കയറുന്നത്
കിനാവുകളിളല്ല.

ഇപ്പോള്‍ നായകള്‍ കുരയ്ക്കുന്നത്
ഇണയെ വശത്താക്കാന്‍,
യജമാനന്മാര്‍ മട്ടുപ്പാവില്‍ നിന്ന്
വീശിയെറിയുന്ന ഉണക്കയെല്ലുകള്‍
എന്റെതാണെന്നു ന്യായാധിപന്‍.

കറുത്തകോട്ട് രാത്രിയാണെന്നു
കരീലക്കിളികള്‍
‍വിളംബരം ചെയ്യുമ്പോള്‍
ബോധിവൃക്ഷം
വിറങ്ങലിയ്ക്കുന്നത്
ഏതു ജാലകത്തിലൂടെയാണ്
നീയറിഞ്ഞത്?

ശബ്ദമാപിനിയില്‍
അളന്നെടുക്കാന്‍
നാഴി വാക്കുകള്‍
എനിയ്ക്കുള്ളത്
കടം ചോദിയ്ക്കരുത്.

തന്നാല്‍ നിങ്ങളത്
നുണകള്‍ക്ക് നിറം കൊടുക്കാനായി
അരച്ചൊരുക്കും.
അതിനാല്‍
ചിരട്ടക്കുടുക്കയില്‍
എനിയ്ക്കെടുക്കാന്‍ പാകത്തില്‍
വാക്കുകള്‍ അടയിരിക്കട്ടെ.
============================CNKumar






Thursday, October 13, 2011

ഇല കൊഴിഞ്ഞ മരവും പറന്നകലുന്ന മരംകൊത്തിയും

ഇല കൊഴിഞ്ഞ മരവും പറന്നകലുന്ന മരംകൊത്തിയും  


ഇലപൊഴിഞ്ഞത് കൊണ്ടാണല്ലോ 
കിഴവന്‍ മരമെന്ന ബഹുമതി 
എനിയ്ക്ക് ചാര്‍ത്തിത്തന്നത്.
എനിയ്ക്ക് പരാതിയില്ലതെല്ലും
നിങ്ങളെന്റെ തണലില്‍ കുറെയേറെ 
കിടന്നു മയങ്ങയതല്ലേ.

ഇപ്പോള്‍ വല്ലപ്പോഴും 
ഒരു മരംകൊത്തി മാത്രം 
വല്ലപ്പോഴും എന്റെ ചില്ലകളില്‍ 
വെയിലേറ്റിരുന്നു കൊത്തിയും ചേണ്ടിയും 
ഞാന്‍ ഇപ്പോഴും മരിച്ചിട്ടില്ലെന്ന് 
സാക്ഷ്യപത്രം കുറിയ്ക്കുന്നു.

നിങ്ങളാകട്ടെ ഇപ്പോഴും
വര്‍ത്തമാനത്തില്‍ ചവിട്ടിനിന്നു 
ഭൂതകാലപ്പെരുമയില്‍
ഊറ്റം കൊള്ളുകയും ഇല പോയ 
ഇന്നിലേക്ക്‌ കണ്ണയയ്ക്കാതെ 
ആസന്നമരണനായ തായ്ത്തടിയെ
വാരിപ്പുണര്‍ന്നു കോള്‍മയിര്‍ കൊള്ളുന്നു.

അപ്പോഴും ആ ചെങ്കുപ്പായമിട്ട
മരംകൊത്തി ഒരു വിണ്ണകലത്തില്‍
പറന്നലയുന്നത് തിമിരക്കഴ്ചകളില്‍
തെളിഞ്ഞതേയില്ല ...

തുറക്കാത്ത കണ്ണുകളില്‍ നുരഞ്ഞുയരുന്ന 
അധികാരലഹരിയില്‍ 
തന്നിലേയ്ക്കു ചുരുങ്ങുന്ന 
കാഴ്ച്ചവെട്ടം മാത്രം 
മുറുകെപ്പിടിച്ചു  നിങ്ങള്‍......
========================13-10-2011