Sunday, July 17, 2011

അന്തിമം

അന്തിമം

ഈ തെരുവില്‍നിന്നും
ഇനിയെപ്പോഴാണ്‌
പാതി വെന്തശവങ്ങള്‍
പടനയിച്ചെത്തുന്നത്?
കാറ്റിനും മരംകോച്ചുന്ന
തണുപ്പിനും മീതെ
ആരുടെയൊക്കെ  തേങ്ങലുകള്‍.

ഞാനിപ്പോഴും
വീണക്കമ്പികളില്‍
വിരലോടിച്ചു
രസിക്കുന്ന നീറോയെപ്പോലെ
ശീതീകരിച്ച മുറിയുടെ
സുഖംനുകര്‍ന്നു,
കണ്ണും കാതും താഴിട്ടു
ലഹരി നുണയുകയല്ലോ.
വാതായനങ്ങള്‍ കൊട്ടിയടച്ചത്
ദീനരോദനങ്ങള്‍
ആലോസ്സരപ്പെടുത്താതിരിയ്ക്കാന്‍,
ചെവിയ്ക്കുള്ളില്‍ ഒരു മൂളല്‍
മുമ്പൊരിയ്ക്കലും കേള്‍ക്കാത്തത്.
എപ്പോഴും  ചിരിയ്ക്കാറുള്ള
ആ പെണ്‍കൊടി
പടിയ്ക്കലിന്നെന്തേ വന്നില്ല ?
ഇന്നലെ ചിതറിത്തെറിച്ച
മനുഷ്യരില്‍ അവളും...?

ആരൊക്കെയാണ്
വിഷുക്കാലം പോലെ
പടക്കം പൊട്ടിച്ചു കളിക്കുന്നത്?
എന്റെ ആലസ്യം
ഒരു പഴുതായിരുന്നോ?
വൈകിയുണരുന്ന ശീലം
പണ്ടേ എനിയ്ക്ക് സ്വന്തം.

ഈ പുലര്‍കാലം
നല്‍കുന്ന സന്ദേശം
വായിച്ചെടുക്കാന്‍
ഒരു കണ്ണട
ഇനിയെങ്കിലും
അണിയാതിരുന്നാല്‍
ഒരു ഭീഷണി
എനിയ്ക്കുനേരെ വരും.
അതിനു മുമ്പ്,
ഇരുണ്ടമുറിയുടെ
നെടുവീര്‍പ്പില്‍നിന്നു
പകല്‍ വെളിച്ചത്തിലേയ്ക്കു
ഒരു തീര്‍ഥാടനം
അത് മാത്രമാണ്
അന്തിമമായാത് ........
=========================== CNKumar

Thursday, July 7, 2011

ചെരുപ്പ്

ചെരുപ്പ്

നീ,
അലങ്കാരമായിട്ടാണെന്നെ
കൂട്ടിയതെങ്കിലും
പലപ്പോഴും ഞാനതില്‍ 
ലജ്ജിച്ചിരുന്നു.
കാരണം,
നിന്റെ പൊങ്ങച്ചങ്ങള്‍
എന്നെക്കുറിച്ചായിരുന്നല്ലോ.
നിന്നെച്ചുമക്കുമ്പോഴും
എന്റെ സ്നേഹത്തെ
നീയറിഞ്ഞില്ല.

നിന്റെ നിഴല്‍യുദ്ധങ്ങളില്‍
എന്നെ ആയുധമാക്കി.
എന്റെ സാമീപ്യം
നീയൊരു കരുതലാക്കി,
കാലപ്രവാഹങ്ങളില്‍
ഞാനും  നീയും
ഇരുവഴികളായിപ്പിരിഞ്ഞു
നീയകത്തും
ഞാന്‍ പുറത്തും
അങ്ങനെ നമ്മള്‍
കാളിയും ദാസ്സനുമായി.

ഇപ്പോള്‍,
ഞാനീ ചവിട്ടുപടിയിലെ
തേഞ്ഞു പഴകിയ
ഓര്‍മ്മകളില്‍
ജീവിതം തള്ളി നീക്കുന്നു,
നീയോ; സ്വപ്നങ്ങളുടെ
സ്വര്‍ണ്ണമറയില്‍
പൊരുന്നയിരിക്കുന്നു
ഒരിയ്ക്കലും വിരിയാത്ത
നിന്റെ കിനാവുകള്‍
എന്റെ ചിന്തകള്‍ക്കും
യാത്രാമൊഴികള്‍ക്കും
കാതയയ്ക്കാതെ.

നാട്ടിടവഴികളിലെ
നേര്‍ത്തമൌനങ്ങളില്‍
ആരാധനയ്ക്ക് പോകുന്ന
കുഞ്ഞുറുമ്പുകള്‍
വരിയിട്ടുവന്നെന്റെ
നനഞ്ഞ നെഞ്ചില്‍
ചേക്കേറുന്നത്
നിശ്ശബ്ദമായെങ്കിലും
ഞാനിഷ്ടപ്പെടുന്നു,
കാരണം
അവയെന്റെ സൗഹൃദം
കൊതിക്കുന്നു.

ഞാനാര്‍ക്കാണ് 
രക്ഷകനാകേണ്ടത് ?
ഈ ചോദ്യത്തിന്റെ
ഉത്തരമാണിപ്പോഴും
എന്റെ ഗവേഷണവിഷയം
അന്തിമങ്ങൂഴത്തില്‍
ഊരിയെറിഞ്ഞ
എന്റെ സൗഹൃദം
നീയെപ്പോഴാനു തിരിച്ചണിയുക. 
അതുവരേക്കും
തണുത്തുറഞ്ഞ മഞ്ഞില്‍
ശാപശിലപോലെ
ഞാന്‍ തനിയെ
വിറച്ചു,
വിറങ്ങലിച്ചു.......
=======================CNKumar.

 




   

Sunday, July 3, 2011

ഒറ്റ

ഒറ്റ

കൂട്ടുകാരാ,
നിന്റെ ചിത്രങ്ങളില്‍
ചോരയുടെ ചൂര്
എങ്ങനെയാണ് നിറച്ചത്?

ചിതറിപ്പോകുന്ന
കാഴ്ചവട്ടങ്ങള്‍ക്ക്
സൂര്യ താപം,
നീയിനിയും
നടക്കാന്‍ തുടങ്ങിയില്ലേ?
കോടമഞ്ഞെന്നു നിനച്ചത്
പുകമഞ്ഞായിരുന്നു.

ഈ നിരത്തുകളില്‍
ചതഞ്ഞരഞ്ഞത്
നെയ്തൊരുക്കിയ സ്വപ്നങ്ങള്‍ തന്‍
ശവമഞ്ചമല്ലേ?
കാഴ്ച്ചത്തീവണ്ടിയില്‍
കടംകൊണ്ട ജീവിതത്തിന്‍
തിക്കും തിരക്കും
ഒരു പക്ഷെ,
നിന്റെ നെഞ്ചിലേയ്ക്കടുക്കുന്ന
ചൂളം വിളിയാകാം മുഴങ്ങിയത്.

ഈ തീരത്തെ വിജനതയില്‍
സംവദിച്ചത്
കാറ്റ്  പരതുന്നതും
കടല്‍ ചോദിച്ചതുമായ
നിണച്ചാലുകളോടല്ലേ ?

നിന്റെ നരച്ച താടിയില്‍
മുങ്ങാംകുഴിയിടുന്ന
പരിഭവച്ചിന്തുകള്‍ക്ക്
ഭാര്യയുടെ മുഖച്ഛായ.

ഇപ്പോഴും ഒരു കണ്ണട
നീയണിഞ്ഞിരിക്കുന്നു.
അതിലൂടെ നിന്നെയും
എന്നെയും  വായിച്ചെടുക്കാന്‍
ഒരു ശ്രമം
അതല്ലേയീ ചിത്രപ്പൊരുള്‍.
ഞാനിപ്പോള്‍ നിന്നില്‍നിന്നും
വളരെയകലെയാണ്.
നീയൊറ്റ മാത്രം.
തികച്ചും......
==============================CNKumar


  

Friday, July 1, 2011

ചാരുകസ്സാല

ചാരുകസ്സാല

ചാരുകസ്സാലയില്‍
ഒരു പൂച്ച
ചുരുണ്ടുകൂടിയുറങ്ങുന്നു,
എപ്പോഴും
ചെളിയുറഞ്ഞ കസ്സാല
ആത്മവിശ്വാസത്തിന്റെ
അവസാനവാക്കായിരുന്നു.
മഴയുള്ള ദിനങ്ങളില്‍
പൂച്ചയെപ്പോലെ ഞാനും.
എന്റെ ചിന്തകളില്‍
ആരാണ് വിഷം വിതച്ചത്?

വീട്ടു പാഠം ചെയ്യാത്ത
അലസ്സനായ കുട്ടിയെപ്പോലെ
എന്റെയുള്ളിലും പൂച്ച
കണ്ണടച്ചു കിടപ്പാണ്.

എലികള്‍ സുഹൃത്തുക്കളായി
സ്വപ്നങ്ങള്‍ കരണ്ട് കരണ്ട്
കണ്ടും കാണാതെയും
മസ്തിഷ്കത്തില്‍
മാളമുണ്ടാക്കുയും
രാപ്പര്‍ക്കുകയും,
ചിലപ്പോള്‍ 
ദേശാടനത്തിനുപോവുകയും
ചെയ്തിരുന്നു.

അപ്പോള്‍ പൂച്ച,
അകത്തളങ്ങളില്‍
ഏകാധിപത്യം
നടത്തുകയും
കസ്സാല വിട്ടു
കണ്ണിലൂടെയെന്‍
കാമ കാമാനകളെ
കുടിയിരുത്ത്കയും
പിന്നെയെപ്പോഴോ
എന്നിലുല്‍പ്രേഷയാവുകയും
എലികളിലേക്ക്
കൂടുമാറുകയുംചെയ്തു.

ഒടുവില്‍,
ആ ചാരുകസ്സാലയെന്റെ
ആജന്മശത്രുവാവുകയും
പേറ്റുനോവറിയാത്ത
കവിയിലേക്ക്‌
കൂടണയുകയും
ഞാന്‍,
അക്ഷരപ്പുരയിലേക്ക്
മുങ്ങുകയുമായിരുന്നു.
=====================CNKumar






പകല്‍വീട്

പകല്‍വീട്

ഈ തടവറ
ആരുടെ മനസ്സിലാണ്
പകല്‍വീടായത്?
ഞാനിപ്പോള്‍
കുറ്റവാളിയെപ്പോല്‍  ‍
വിചാരണയും കാത്തു
നീണ്ടു പോകുന്ന
റെയില്‍പ്പാളത്തിലേക്ക്
ഓടുകയാണല്ലോ.

നിധികളായിക്കരുതിയ
കുട്ടികള്‍ക്കും,
പട്ടിണിയിലും
കൂട്ടായുണ്ടായിരുന്ന,
സ്നേഹത്തിന്റെ
ഓഹരി  വാങ്ങിപ്പിരിഞ്ഞ,
കെട്ടുതാലിക്കും
ഈ ചുവരെഴുത്തുകള്‍
കാണുവാനാകേണ്ടതല്ലേ?

ഈദുരിതസായാഹ്നം
കരുതിവച്ച,
എന്റേതെന്നു ഞാനും
നിന്റെതെന്നു നീയും
പറയുന്ന കുട്ടികള്‍,
വര്‍ത്തമാനത്തിന്റെ
പടവുകള്‍ കയറുന്നത്
ഞാന്‍ പടുത്ത
നിലപാട് തറയിലൂടെ.
എന്റെ സിരകളില്‍
നീറിയൊഴുകുന്നത്,
നിങ്ങളുടെ പരിഹാസം
കലര്‍ന്ന വെറുപ്പ്‌.

ഈ മരം ചാഞ്ഞു തന്നെ;
ഓടിക്കയറിവര്‍,
ചുവടുറപ്പിച്ചതും
തണലേറ്റതും
ഇതിനു താഴെ.
എല്ലാരുമിപ്പോള്‍
യാത്രയിലാണ്
ഞാന്‍ മാത്രം
ഇവിടെ
തീര്‍ത്തും
തനിച്ചു...........
=======================CNKumar