Tuesday, September 27, 2011

സായാഹ്ന മൊഴികള്‍

സായാഹ്നമൊഴികള്‍
 
ഓര്‍മ്മകളിലെവിടെയോ 
ചിതല്‍ തിന്നാതെ 
ബാക്കിവച്ച മയില്‍പ്പീലിതുണ്ടില്‍
നീ വായിച്ചെടുത്ത പ്രണയത്തുള്ളികള്‍
എന്റെ ഹൃദയത്തിലേതാണെന്ന് 
തിരിച്ചറിഞ്ഞത് സ്വപ്നങ്ങള്‍ക്ക്
ഹര്‍ത്താല്‍ പ്രഖ്യാപിച്ച
സായാഹ്നവേളയിലാണ്.
 
ഒരു പക്ഷെ ജീവിതായനത്തില്‍
മുന്നിലേയ്ക്കുനോക്കിപ്പോയ
പക്ഷികള്‍ കൂടണയാന്‍ വൈകിയതും,
നീണ്ടുപോകുന്നോരീ രാജവീഥിയില്‍
തണ്ണീര്‍പ്പന്തല്‍  തേടിയൊഴുകുന്ന
ഉച്ചവെയിലിനെപ്പോലെ ഓടിക്കിതച്ചു
മയങ്ങി വീണുപോയതും,
നിറംകെട്ട കണക്കിന്‍കുരുക്കില്പ്പെ-
ട്ടിരയെപ്പോലെ തൊണ്ടയില്‍പ്പിട-
ഞ്ഞകാലമൃത്യു പൂകിയ വാക്കുകള്‍ 
പുനര്‍ജ്ജനി നൂഴാത്തതും,
കാരണക്കെണികളായ്.
 
കാഴ്ചയുടെ പിന്‍നിലാവില്‍ കുറിച്ചുവച്ചത്
ഈ മൂവന്തിയില്‍ ഓര്‍ത്തെടുക്കുവാന്‍
ചില്ലുപൊട്ടിയ കണ്ണടയ്ക്കു കഴിഞ്ഞുവോ? 
 
പകല്‍വീടിന്റെ കോലായില്‍
നീണ്ടുപോകുന്ന റെയില്‍പ്പാത,
നാലുനേത്രങ്ങളുടെ പകല്‍പ്പൂരം,
ഊന്നുവടികള്‍ വലിച്ചെറിഞ്ഞു 
മാലതിറ്റീച്ചറിന്റെ ക്ലാസ്സിലേയ്ക്ക്
പുസ്തകവും പൊതിച്ചോറുമായി
രണ്ടുകൂട്ടുകാര്‍ നമ്മുടെ രൂപത്തില്‍ 
ചാറ്റല്‍ മഴ നനഞ്ഞു പോകുന്നു.
 
പ്രണയമഞ്ചാടികള്‍ കൂട്ടിവച്ചത്
നീയെന്താണ് പറയാതിരുന്നത് ?
അസ്തമയവേള മന്ത്രിയ്ക്കുന്ന
പിറാക്കുറുകലുകള്‍ പകരുന്നത്
ഏതുഹൃദയത്തിന്റെ വിങ്ങലുകളാണ്  ?
നിന്റെയോ എന്റെയോ 
നമ്മുടെയോ ..... 
==========================CNKumar.
 
 
  
 
  
  
 
 
 

Monday, September 19, 2011

പറയാന്‍ മറന്നത്

പറയാന്‍ മറന്നത്

പറയാന്‍ മറന്നത് എന്തായിരുന്നൂ?
കടല്‍ത്തിര കാലില്‍ തഴുകി,
കണ്ണീര്‍ കൊണ്ട് നനച്ചത്
വ്യാകരണവേദങ്ങളില്‍
ഇടമില്ലാത്ത വാക്കുകള്‍.

കുറ്റച്ചാര്‍ത്തുകള്‍ വായിച്ചു കൈകഴുകിയ 
പിലാത്തോസ്സുകള്‍ തീന്‍മേശയ്ക്കരുകില്‍
ക്രൂശിതന്റെ ചോരയ്ക്ക് വിലപേശുന്നതു
ദൃശ്യബോധത്തിന്റെ ഘനമാപിനിയില്‍
അളക്കാന്‍ കഴിയാത്തത്
എന്റെ പിഴവായി കരുതരുത്.
ഒരിയ്ക്കല്‍ ചരിത്രപാഠങ്ങളില്‍
ഇവയുടെ മുറിപ്പാടുകള്‍ കണ്ണുനനയ്ക്കും.

ഇരുപാടും നില്‍ക്കുന്ന തസ്ക്കരര്‍ 
ചിരിച്ചാര്‍ക്കുന്നത്‌ തിരമുറിയാത്ത
തീട്ടൂരങ്ങള്‍ തന്‍ പിണിപ്പാട്ടുപോല്‍
പ്രജ്ഞയില്‍ വിഷവര്‍ഷഭരിതം.
ആരാണ് നിന്റെ വചനങ്ങളില്‍
അസ്വസ്ഥതയുടെ നിഴല്‍
ചികഞ്ഞെടുത്തത്?

ഇഷ്ടമല്ലാത്തച്ചിയാകാന്‍
ഇഷ്ടമായതിനാല്‍
ഇരവില്‍ നീണ്ടുവരുന്ന വാള്‍മുനകള്‍
ഇരയ്ക്ക് കാതോര്‍ക്കുന്നത്
കാഴ്ചപ്പുറങ്ങളില്‍ തെളിയുന്നു.
അതുകൊണ്ടാണല്ലോ നിന്റെ
അനുധാവകര്‍ കുറഞ്ഞതും
ജൂതജന്മങ്ങള്‍ സൂകരപ്രസ്സവം നടത്തി
കാനേഷുമാരി പെരുക്കുന്നതും.

തേഞ്ഞുപോയ വാക്കുകളുടെ
പുനര്ജ്ജന്മത്തില്‍ തെളിഞ്ഞത്
അനുമോദനച്ചാപിള്ളകളുടെ
രസ്സായനക്കൂട്ടുകള്‍ മാത്രം.
അതിനുള്ളിലെവിടെയോ
ഒരു നേര്‍ത്ത തേങ്ങല്‍
കുടുങ്ങി ..പിടഞ്ഞു..
ശ്വാസം കിട്ടാതെ.....
==========================19-09-2011