Thursday, May 24, 2012

പനി വരുന്ന വഴികള്‍


പനി വരുന്ന വഴികള്‍ 

പനിക്കിടക്കയില്‍ 
കട്ടന്‍കാപ്പി കുടിയ്ക്കുമ്പോള്‍ 
അവള്‍ പറഞ്ഞു 
നല്ല ചൂടുണ്ട് നെറ്റിയില്‍,
ഒരു പാരസിറ്റമോള്‍ കൂടി തരട്ടെ?
അവിടെയും പാര
ഒരു പാരയില്‍ ഒതുങ്ങുന്ന 
പനിയാണോ തനിയ്ക്ക്.
ഇപ്പോള്‍ പനിചൂട് കൊണ്ട് 
വര്‍ത്തമാനമാകെ
നനഞ്ഞിരിയ്ക്കുന്നു.

നിങ്ങള്‍ക്കറിയുമോ 
പനിവരുന്നതെങ്ങിനെയെന്നു?

കമ്പിളിപ്പുതപ്പിനടിയില്‍ 
ചുരുണ്ടു കൂടുമ്പോള്‍ 
കട്ടില്‍ത്തലയ്ക്കല്‍ 
കാല്‍പ്പെരുമാറ്റം.
വിലകയറിയ പച്ചക്കറിയ്ക്കു 
പ്രാക്കുദോഷം കിട്ടാതിരിയ്ക്കാന്‍ 
ഭാര്യയുടെ ജാമ്യാപേക്ഷ.

സ്ക്കൂള്‍ബാഗിലെ പുസ്തകങ്ങളുടെ 
വിടുതല്‍ സര്‍ട്ടിഫിക്കറ്റു 
ഇനിയും പരിഗണിച്ചിട്ടില്ല.

കവിളമ്മടലിന്റെ ബാറ്റും 
പഴന്തുണി ചുരുട്ടിയ ബാളും
കുട്ടികളുടെ ട്വന്റി ട്വന്റി തകര്‍ക്കുന്നു .

ബാങ്കുലോണ്‍ പലിശയും പിഴപ്പലിശയും 
വച്ചുകെട്ടി ഉമ്മാക്കി കാണിയ്ക്കുന്നു.

രൂപയുടെ വിലനിലവാരത്തകര്‍ച്ചയില്‍ 
ചാനല്‍ക്കിളികള്‍ കലപില കൂട്ടുമ്പോള്‍ 
ഒരു ശരാശരി കൂലിപ്പണിക്കാരന് 
പണി വരാതിരുന്നാല്‍ അത്ഭുതമല്ലേ?

കുട്ടന്‍ വൈദ്യന്റെ ചക്കരക്കഷായത്തിനെ
പനിയ്ക്കിപ്പോള്‍ പേടിയില്ല.
കുരുമുളക് പുല്ലാനിക്കായയ്ക്ക് തീറു
കൊടുത്തപ്പോഴും ആടലോടകം 
ആരോടുപരയാതെ കാശിയ്ക്കു 
പോയപ്പോഴും കിരിയാത്ത് 
കരം കെട്ടാതെ ജപ്തി ചെയ്തു 
പണ്ടാരമടങ്ങിയപ്പോഴും 
പനി പൊട്ടിച്ചിരിച്ചു.

അങ്ങനെയാണ് പാര, 
നമ്മുടെ ജീവിതത്തിലേയ്ക്ക് 
നുഴഞ്ഞു കേറിയത്‌. 
ഇപ്പോള്‍ പനിയും പാരയും
ചങ്ങാതികളേപ്പോല്‍
കണ്ണോത്തിക്കളിയാണ്.   

ഇനിയിപ്പോള്‍  മണ്ണെണ്ണയില്‍  
ഒരു തീക്കുളിയ്ക്ക് സാദ്ധ്യതയില്ല.
കോതമ്പിന്റെ ഓട്ടട 
യാക്കക്കാരി ചോദിയ്ക്കില്ല.

പനിവരുന്ന വഴിയിലിപ്പോള്‍
ഹര്‍ത്താലും ജാഥകളും നിരോധിച്ച 
കോടതിയുത്തരവ് പതിച്ചു.
ശരവേഗവഴിയില്‍  പനിയ്ക്കുമാത്രം 
കപ്പം കൊടുക്കാതെ യാത്രയാകാം.
====================================CNKumar.

A Creation of Sri. NSMony,Mulavana.

Sunday, May 20, 2012

എ.ഡി 2050-ലെ ദിനസരിയില്‍ നിന്ന്.........

എ.ഡി 2050-ലെ ദിനസരിയില്‍ നിന്ന്.........

ഈ കര്‍ണങ്ങളില്‍ വന്നലയ്ക്കുന്ന രോദനമാരുടെതു ?
കാല്ച്ചവിട്ടേല്ക്കുമീ മണ്ണു നനയ്ക്കുന്ന കണ്ണുനീരാരുടെത് ?
ഒരു മാത്രയെന്‍ ഹൃദയ ചിമിഴതിലിറ്റു വീണോ,
പല രാത്രികളതില്‍ നൊന്തുപെറ്റ കവിതയില്‍ 
പെരുമാക്കള്‍ വാളേറ്റിക്കൊലവിളിച്ചോ?

പാതിരാപ്പൂ ചൂടാനാതിരയില്ല 
ഊഞ്ഞാല്‍ക്കയറിന്റെ തുമ്പില്‍ 
ഉയിരറ്റ ചൂടുള്ള ധനുമാസരാവും,
കൊടിയ രോഗത്തിനു കിട്ടാമരുന്നിനാ-
യോടിനടക്കുന്ന മീനമാസനിശ്വാസവും 
കാണുവാന്‍ മാത്രമായെന്തിന്നു വന്നു നീ 
കാക്കക്കറുമ്പിയാം  പെണ്ണെ.

ആയിരത്തിരിയിട്ട നെയ്‌വിളക്കില്ല,
ആവണിപ്പലകയില്‍ കുടിവച്ചിരുത്തുവാന്‍  
ആരോ വഴിയ്ക്കിട്ടു പോയൊരീ 
വാളും ചിലമ്പുമുറയുന്ന,താളങ്ങളുതിരുന്ന,
തുടിയതില്‍ താരികള്‍ പാടുന്ന, വിരലുകള്‍ 
ഊര്‍ദ്ധശ്വാസം വലിച്ചുഴലുന്ന വിരലുകള്‍ മാത്രം.

ഹൃദയപഞ്ജരം പൊട്ടിച്ചു പൈങ്കിളീ 
മൂവേഴുശതകത്തിന്നുത്തരാര്‍ദ്ധത്തി-
ലെന്തിന്നു ചേക്കേറി നീയിരിയ്ക്കുന്നു.
ഇവിടെ മനുഷ്യര്‍ നട്ടെല്ലു നഷ്ടപ്പെടുത്തിയ 
കാഴ്ചബംഗ്ലാവിലെ കൌതുകം.
ആശുപത്രിപ്പരീക്ഷണാലയത്തില്‍   
തൊണ്ടകീറുന്നു* ടെസ്ട്യൂബ് ബേബികള്‍.
ഊതിപ്പെരുപ്പിച്ച പൊങ്ങച്ചവും ,
ബ്യൂട്ടീഷ്യന്‍ നല്‍കിയ സൌന്ദര്യവും,
വങ്കത്ത ക്ലബ്ബിലെ യംഗത്വവും
'മമ്മിമാര്‍' സൊസൈറ്റിലേഡികള്‍
സ്നേഹം ഗവേഷണം ചെയ്യുന്ന 
കംപ്യൂട്ടറിന്‍ ഫ്ലോപ്പീഡിസ്ക്കുകള്‍ 
കീബോഡിന്‍ മുന്നിലൊരു കുട്ടി 
പെട്ടടയ്ക്കാത്തല ചൊറിഞ്ഞു
കണ്ണുകള്‍ സ്ക്രീനില്‍ പതിച്ചിരിയ്ക്കുന്നു.
കറുത്ത കണ്ണടവച്ച ചിത്രകാരന്‍ 
ചോരയാല്‍ മിസൈലിന്‍ ചിത്രം വരയ്ക്കുന്നു.

ഹരിതാഭയറ്റൊരു ഭൂമി,
തിളയ്ക്കും മണല്‍ക്കാടുകള്‍ ,
ഇവിടെ തെങ്ങിക്കരയുന്നതാര്,
കരയുന്നതാര്?

നിശീഥിനി  തന്‍ മദ്ധ്യയാമശനിപ്പകര്ച്ചയില്‍
പേക്കിനാത്തുരുത്തിന്‍ നെറുകയില്‍ നിന്നും 
കണ്ണുകള്‍ പൊട്ടിച്ചിനച്ചുയര്‍ന്നീടവേ;
കര്‍ണ്ണരന്ധ്രങ്ങളില്‍ വന്നലയ്ക്കുന്നയലത്തെ 
സ്ത്രീധനസ്റ്റവ്വു പൊട്ടിത്ത്രിച്ചതിന്‍ രോദനം,
പിന്നെയൊരലര്ച്ചയും.
വഴിയ്ക്കാരി തേടിപ്പോയവന്‍
വായ്ക്കരി കിട്ടാതറുകൊലയനാഥ-
പ്രേതമായ്ത്തീര്ന്നതിന്‍ രോദനം.
വയറുകാഞ്ഞൊരു പിള്ള 
പായോടൊട്ടിയ രോദനം.
വാളും വടികളും പാതാളഭീതികള്‍ തീര്‍ത്തുകൊ-
ണ്ടോലപ്പുരകളെപ്പാവകാശനം ചെയ്യുന്ന രോദനം.

സ്വാസ്ഥ്യം കെടുത്തും ശവംതീനികള്‍ 
വരിയിട്ടു വരിയിട്ടു വന്നെന്‍ 
നിദ്രയ്ക്കു ഭംഗം വരുത്തുന്ന 
ഗ്രഹപ്പിഴയേറ്റൊരു യാമങ്ങളില്‍ 
തേങ്ങിക്കരയുന്നതാര് ?
കരയുന്നതാര്?
============================CNKumar .
*തൊണ്ട കീറുക = കരയുക 
(1995 -ല്‍ എഴുതിയത്, സമാഹാരം -കാഴ്ചശീവേലി )

Friday, May 18, 2012

രക്തസാക്ഷി ഭാര്യയോടു പറഞ്ഞതില്‍ നിന്നും..(റ്റാപ്പ്‌ ചെയ്തത്)


രക്തസാക്ഷി ഭാര്യയോടു പറഞ്ഞതില്‍ നിന്നും..(റ്റാപ്പ്‌ ചെയ്തത്)

ഗീതേ,
ചത്തുമലയ്ക്കുന്നതിന്‍ മുമ്പ്,
ഒരു ഗാഥ കൂടി ഞാന്‍ 
ഓര്‍മപ്പെടുത്തുന്നു. 
ഇരുള്വഴിയിലെവിടെയോ 
ഒരു കണ്ണ്  പിന്തുടരുന്നുണ്ട്. 
പതിയിരിയ്ക്കുന്നോരാ 
പകല്‍മാന്യ ജീവിയെ  
നഖങ്ങളില്‍ കോര്‍ത്തു 
കൊളുത്തി വലിയ്ക്കുവാന്‍ 
ദുരമൂത്തു കാക്കും കാമാപ്പിശ്ശാചുകള്‍,
പുലര്‍ വേളയെന്നു നിനയ്ക്കാക 
നീയീ പാതിരാത്തെളിവിനെ,  

തീവണ്ടി മുറിയില്‍ നീ 
തനിച്ചാകാതിരിയ്ക്കുവാന്‍,
തിരക്കിട്ട യാത്രയില്‍ 
കൂടെക്കരുതുകീ  വാക്കുകള്‍ 
ഒരു നേത്രമെപ്പൊഴും
ജാഗ്രത്താക്കുക.

ഞാന്‍ വെട്ടേറ്റുവീണൊരീക്കവലയില്‍  
സ്മാരക സ്തൂപമുയര്‍ത്തുവോര്‍  
മിത്രങ്ങളല്ലവര്‍, കൂട്ടിക്കൊടുപ്പുകാര്‍
നിന്‍ കണ്ണീരു വില്‍ക്കാനിറങ്ങിയോര്‍.

ഇതുകൂടിയോര്‍ക്ക നീ 
കരയരുത് കണ്ണീരൊഴുക്കരുത്,
വാര്‍ത്ത പടയ്ക്കാന്‍ നില്‍ക്കരുത്. 
കൊടിനിറം കണ്ടു ഭ്രമിയ്ക്കരുത്.
ചോര പടര്‍ന്നതാണതിലെന്റെയും.
ഞാനിനി നിന്നിലെയ്ക്കൊരു 
തരംഗപാരസ്പര്യം ചമയ്ക്കുന്നു.  
പരിധിയില്‍ തന്നെയിരിയ്ക്കുക 
പരാതികള്‍ എന്നോട് മാത്രം പറയുക.
============================CNKumar.Wednesday, May 16, 2012

സൂത്രധാരന്റെ സഭാപ്രവേശം


സൂത്രധാരന്റെ സഭാപ്രവേശം 

ഓടയില്‍നിന്ന് 
ജീവിതത്തിലേയ്ക്ക് പപ്പു 
കൈപിടിച്ചു കേറ്റിയ പെണ്‍കുട്ടി 
ചിത്രശലഭമായി 
പറന്നുപോയത് പഴങ്കഥ.

ഇപ്പോള്‍, 
ജീവിതത്തില്‍ നിന്നും 
ഓടയിലേയ്ക്ക് 
എത്ര പെണ്‍കുട്ടികളെ തള്ളിയിടുന്നു! 

കാനേഷുമാരിയില്‍പ്പെടാത്ത കുഞ്ഞുങ്ങള്‍ 
തെരുവിലെ പട്ടികള്‍ക്കൊപ്പം 
കളിച്ചും പെടുത്തും നടക്കുന്നത് 
മുഖം ചുളിച്ചു ക്യാമറയില്‍ പകര്‍ത്തി 
നാം അവാര്‍ഡു നേടുന്നു.

ചേരികളിലാണോ
 നിങ്ങള്‍ പറയുന്ന 
കുടിപ്പകകളും തീവ്രവാദവും 
മുളച്ചുയരുന്നത്?
എന്റെ കണ്ണില്‍ 
അതൊന്നും കാണാത്തത് 
പുഴുനുരയ്ക്കുന്ന 
ജീവന്റെ വടുക്കളില്‍ 
തൊട്ടുനില്‍ക്കുന്നതിനാലാവാം.

വരമ്പരികിലേയ്ക്ക്   
വലിച്ചെറിഞ്ഞ നന്മണികള്‍ 
കളകളുടെകൂട്ടാളികള്‍ 
അവിടെയല്ലോ എന്കവിതയില്‍ 
മുളകരച്ച വാക്കുകള്‍ 
തഴച്ചുയര്‍ന്നതും.

ചിരിയ്ക്കരുത്......

സിംഹാസനച്ചുവട്ടില്‍
അടയിരിയ്ക്കുന്ന ദ്രോണജന്മങ്ങള്‍ 
അരിഞ്ഞെടുത്ത വാക്കുകള്‍ 
പുനര്‍ജ്ജനിയ്ക്കുന്നത്‌ 
അനാഥബാല്യങ്ങളുടെ നാവിലാണ്. 

ഓലപ്പഴുതിലൂടെ ഒളികണ്ണിടുന്ന സൂര്യന്‍ 
കാണുന്നുണ്ട്,കനല്‍പ്പരുവമാര്‍ന്ന 
ഉരുക്കുകഷണങ്ങള്‍ 
വാളുകള്‍ക്ക് ജന്മം കൊടുക്കുന്നതും
നേര്‍ച്ചക്കോഴികളെ 
തര്‍പ്പണം ചെയ്യാന്‍ ആജ്ഞാപിയ്ക്കുന്നതും.

പിന്നെയും  നീ  ചിരിയ്ക്കുന്നു ..... 

നിന്നിലെ  ദ്രൌണിസത്വം  ഉറഞ്ഞുണരുന്നത് 
നിഴല്‍പ്പാടുപോലെ തെളിയുന്നു.

എനിയ്ക്കിനിയും പറയാനുണ്ട് 

നന്തുണി തല്ലിയുടച്ചാല്‍ 
നാവരിഞ്ഞാല്‍ 
അത് നിലയ്ക്കില്ല 
കാരണം ഞാന്‍ പറഞ്ഞത് 
ശിലാരേഖകള്‍ പോലെ  
കാറ്റിന്നലകളില്‍ 
കല്പ്പാന്തത്തോളം .........
(നാവു നിലത്തുവീണ് പിടയ്ക്കുന്നു)
ഭാരതവാക്യം ആരിനി ചൊല്ലും?
അശുഭമസ്തു......
===========================CNKumar .


A Creation of sri. NSMony,Mulavan