Monday, January 30, 2012

തിരിച്ചറിവുകള്‍

തിരിച്ചറിവുകള്‍

മകനെ ഉളിയെറിഞ്ഞു
കൊന്നതാണെന്ന്
നിങ്ങള്‍ ഉണ്ടാക്കിയ കെട്ടുകഥ
എല്ലാരും വിശ്വസിച്ചു ....
ആടിനെ പട്ടിയാക്കുന്ന കാലമല്ലേ...
നുണക്കഥകള്‍
എത്ര വേഗത്തിലാണ്
പരക്കുന്നത്.

ഞാന്‍ അത്രയ്ക്ക് ക്രൂരനാണോ?
നിങ്ങളുടെ ലക്‌ഷ്യം
എന്റെ തകര്ച്ചയല്ലേ?
അതില്‍ നിങ്ങള്‍
വിജയിച്ചു.
തകര്‍ക്കുക മാത്രമല്ല
വരും തലമുറ
എന്നെ കൊടുമയുടെ
ദൃഷ്ടാന്തമായി
ആചരിച്ചു.

അടിയാളനായ
എന്റെ ചിന്തകള്‍ക്കുമേല്‍
നിങ്ങള്‍ വിതറിയ
അഗ്നിബീജങ്ങള്‍ 
എന്റെ കുലമെരിച്ചത് കണ്ടു
നിങ്ങള്‍ ചിരിച്ചു.
എന്റെ കഴിവിനെ,
ആത്മവിശ്വാസത്തെ,
നേരിടാന്‍ നിങ്ങള്‍
സ്വീകരിച്ചത്
മനുഷ്യത്വം മരവിയ്ക്കുന്ന
കൌടില്യ തന്ത്രം.

നിങ്ങളില്‍ ഫണം വിടര്‍ത്തിയ
സവര്‍ണാധിപത്യത്തിന്‍
കരിമൂര്‍ഖന്‍
എഴുത്തോലയിലെ
വരികള്‍ക്കിടയില്‍
പതിയിരിയ്ക്കുന്നത്
ആറാം നേത്രത്തിന്റെ
തിരശീലയില്‍ തെളിയുന്നു.

ശില്പശാസ്ത്രത്തിലെ
എന്റെ കണ്ടെത്തലുകള്‍
നിങ്ങള്‍ കവര്‍ന്നു
പകരം
എന്റെ ചിതയിലെയ്ക്ക്
കാര്‍ക്കിച്ചു തുപ്പി. 

ഒന്നറിയുക;
നിങ്ങളൊന്നു തുപ്പിയാല്‍
ഒലിച്ചുപോകുന്നതല്ല
ഞാന്‍ തീര്‍ത്ത മഹാക്ഷേത്രങ്ങള്‍,
സ്നേഹസൌധങ്ങള്‍.

ഐതീഹ്യങ്ങള്‍ ചതിയുടെ
പണിപ്പുരകളാണെന്നും
അവയൊരിയ്ക്കല്‍
അഗ്നിനാളങ്ങളാല്‍
സ്ഫുടം ചെയ്യപ്പെടുമെന്നും
ഏടുകളില്‍ നിന്നും
കുടിയിറക്കപ്പെടുമെന്നും
മേഘങ്ങളില്‍ തെളിയുന്ന
ചുവരെഴുത്തുകള്‍ പറയുന്നു.

ഞാനിപ്പോഴും മനസ്സില്‍
കൂട്ടിവച്ച പുത്രസ്നേഹം
തേച്ചു മിനുക്കി
ഈ പുഴക്കരയില്‍
കാത്തിരിയ്ക്കുന്നു.

a creation of sri. N S Mony Mulavana.

Wednesday, January 18, 2012

മാലിന്യങ്ങള്‍( പൊതുവഴിയില്‍) വലിച്ചെറിയുക

മാലിന്യങ്ങള്‍( പൊതുവഴിയില്‍) വലിച്ചെറിയുക 
മാലിന്യങ്ങള്‍ 
പൊതുവഴിയില്‍ 
വലിച്ചെറിയുക 
അവിടം ആര്‍ക്കും 
തീറെഴുതിയിട്ടില്ലല്ലോ.
കൊടിച്ചിപ്പട്ടികള്‍ 
അത് വലിച്ചിഴച്ചു 
എല്ലായിടത്തും
വിതരണം ചെയ്യും.
ഇപ്പോള്‍,
മാലിന്യങ്ങള്‍
നിറച്ച മനസ്സുകള്‍ 
പുഴയില്‍  അലക്കി 
വെളുപ്പിയ്ക്കരുത്.
കഴ്ചപ്പരിധിയില്‍
വെണ്ണീര്‍ പൂശിനടക്കുന്ന
ഭ്രാന്തനെ കല്ലെറിയാന്‍
മറക്കരുത്.
കൌമാരത്തിലെത്തിയ
മകളെ, വേശ്യാത്തെരുവില്‍
സായാഹ്ന സവാരിയ്ക്ക്‌ 
പറഞ്ഞയയ്ക്കുക.
കഴിയുമെങ്കില്‍ 
ക്വാണ്ടത്തിന്റെ സുരക്ഷ 
ഓര്‍മിപ്പിയ്ക്കരുത്
ചാപിള്ളകള്‍ കൊണ്ട്
വീടിന്റെ ഷോക്കേയ്സ്
അലങ്കരിയ്ക്കാം.
എപ്പോഴാണ് 
മാലിന്യങ്ങളുടെ സുഗന്ധം 
ലഹരിയായി വന്നത്.
ഒരു പക്ഷെ
എഴുതപ്പെടാതെ പോയ
കത്തുകളില്‍ കുരുങ്ങിപ്പോയ
ഹൃദയങ്ങള്‍ ചീഞ്ഞതാകുമോ?
കണ്ണുകളില്‍ പതിയിരിയ്ക്കുന്ന
കഴുകന്മാര്‍ ലക്‌ഷ്യം വയ്ക്കുന്നത്
തരള ബാല്യങ്ങളാണ്.
അതുകൊണ്ടാണല്ലോ
പൊതുവഴിയില്‍
മാലിന്യങ്ങള്‍ കുമിയുന്നത്.
കുപ്പകള്‍ക്കിടയില്‍
നുരയ്ക്കുന്ന പുഴുക്കള്‍ക്ക് 
ഒരേ മുഖച്ഛായ 
കണ്ടുമറന്ന പരിചയങ്ങള്‍ 
അവര്‍ക്ക് നടുവില്‍,
മുഖമില്ലാതെ ഒരു രൂപം 
അത് ഞാനല്ലേ?
================================CNKumar .
A Creation of sri. N S Mony,Mulavana.

Monday, January 9, 2012

മാവ് പൂക്കുമ്പോള്‍

 
മാവ് പൂക്കുമ്പോള്‍ 

മാവ് പൂക്കുമ്പോള്‍ 
മണ്ണും മനസും 
വേനല്‍ പറിച്ചെടുക്കുന്നു. 
വിണ്ടുകീറിയ പാടങ്ങളില്‍
വിരഹിണിയായ ഭൂമിയും
മഞ്ഞണിഞ്ഞ വാനവും
തമ്മില്‍ പറഞ്ഞത്
മാമ്പൂക്കളുടെ നിലയ്ക്കാത്ത
ചിരിയിലെ ചതിക്കുടുക്കുകളെ 
കുറിച്ചായിരുന്നുവോ

പഴങ്കഥകളിലെ
മുത്തച്ഛനെപ്പോലെ 
നാട്ടുമാവിപ്പോള്‍
ഓര്‍മ്മകളില്‍ മാത്രമേ
പൂവിടാറുള്ളൂ.
കാറ്റലച്ചെത്തുമ്പോള്‍
കൊഴിഞ്ഞുപോകുന്ന ജീവിതങ്ങള്‍
വര്‍ത്തമാനവൃത്താന്തങ്ങളിലും
നിണച്ചാലുകള്‍  തീര്‍ക്കുന്നു.

മദിച്ചൊഴുകുന്ന പുഴയിപ്പോള്‍
കണ്ണുകളില്‍ നിന്നാണ്
യാത്ര തുടങ്ങുവതെന്നു
നീയാണ് പഠിപ്പിച്ചത്.
അതുകൊണ്ടാണല്ലോ
നാമിപ്പോള്‍ വഴിയോരത്തെ
കാലൊടിഞ്ഞ സിമെന്റു ബഞ്ചിലെ
മഞ്ഞുപ്രതിമകള്‍ പോലെ
നിരലംബരായ്....

മാവുപൂക്കുംപോള്‍ 
ഇപ്പോള്‍ ഒരു വിരസതയാണ്. 
കൊഴിഞ്ഞു പോകുന്ന 
ബാല്യത്തിന്റെയും 
തിരസ്ക്കരിയ്ക്കപ്പെടുന്ന 
വാര്‍ദ്ധക്യതിന്റെയും
വെള്ളിവെളിച്ചങ്ങള്‍
തിമിരക്കാഴ്ച്ചകള്‍ പോലെ 
മിന്നിമറയുമ്പോള്‍
കാലദേശങ്ങളും  
കാര്യകാരണങ്ങളും
നിര്‍വചനനിയമങ്ങള്‍ ഭേദിച്ച്
നിയതമായ ഭ്രമണപഥങ്ങളില്‍ 
ലക്ഷ്യവും നിയന്ത്രണവും
നഷ്ടമായ കടലാസുപട്ടം പോലെ
നമ്മള്‍ ഇപ്പോഴും
മാഞ്ചോടുകളില്‍ തന്നെ .....
==============================CNKumar

Tuesday, January 3, 2012

മഴപറഞ്ഞത്‌

മഴപറഞ്ഞത്‌

തിമര്‍ത്തു പെയ്യുന്ന 
മഴകണ്ടിരിയ്ക്കുമ്പോള്‍
അമ്മ നനഞ്ഞ വിറകു പോലെ 
അടുക്കളയില്‍ പ്രാരാബ്ദങ്ങള്‍ 
പാചകം ചെയ്യുകയായിരുന്നു.

കര്‍ക്കിടകത്തിലെ മഴ
ണ്ണിന്റെ കണ്ണീരാണെന്ന 
പഴംപുരാണം ചാരുകസാലായിലെ   
മുഷിഞ്ഞതുണിയില്‍  
ചുരുണ്ടുകിടക്കുന്ന
പൂച്ചയെപ്പോലെ  
മുത്തശ്ശന്‍ മുരളുന്നു. 

ചിലപ്പോള്‍  നീര്‍ക്കുമിളകള്‍  
വിരിയുന്നത്  ഭൂമിയുടെ   
നിശ്വാസാമായിരിയ്ക്കും.

കടലാസ് പായ് വഞ്ചികള്‍
ബാല്യത്തിലേയ്ക്കുള്ള
മടക്കയാത്രയിലാണ്.

കൂട്ടത്തില്‍ മാലതിയോപ്പോളുടെ 
ചിരിപോലെ വാരിവെള്ളത്തിന്റെ
മഴക്കിലുക്കങ്ങള്‍. 

ഇപ്പോള്‍ ഏതുകണ്ണുകളില്‍നിന്നാണ്  
മഴതിമിര്‍ക്കുന്നത്?

അമ്മയിപ്പോള്‍
കല്‍വിളക്കിലെ തിരിപോലെ
എണ്ണവറ്റി കൂടെരിയുന്നത് 
എന്റെ പാഠപുസ്തകത്തിലെ 
ചതുരക്കള്ളികളില്‍
തെളിയാതെ പോയതെന്തേ?

പ്രവാസിയുടെ ഗതികേടില്‍
വെളിപ്പെടാതെ പോയ സ്നേഹം
വൃദ്ധസദനത്തിലെയ്ക്ക്
വലിച്ചെറിഞ്ഞത്
കാലംതെറ്റിയെത്തിയ
പേമാരിപോലെ

മണ്ണിനും മനസിനും 
വേദനയായി 
നീറി നീറി...
തീമഴപോലെ...... 
==============================CNKumar.