Saturday, October 19, 2013

സമക്ഷംസമക്ഷം

അതെ,
എപ്പോഴും അങ്ങനെയാണ്
നിരത്ത് വക്കില്‍നിന്നും കണ്ടെടുക്കുന്ന
നിറംകെട്ട കാഴ്ചകള്‍ പൊലിപ്പിച്ചുതന്നെയാണ്
കഥകള്‍ മെനയുന്നത്.
പക്ഷെ നീ മാത്രമെന്താണ്
എന്നെയിങ്ങനെ പിന്തുടരുന്നത്
നോക്കൂ, നീയെന്റെ
കഥാപാത്രത്തിന്റെ മാതൃകയാണ്  
ഒച്ചവെയ്ക്കാതെ കടന്നുപോകുന്ന,
പോകേണ്ട മാതൃക.

നിന്റെ പട്ടിണിയും പ്രാരബ്ദങ്ങളും
എന്റെ അക്ഷരങ്ങളില്‍ നിറച്ചു
ഞാന്‍ ധനവാനാകുമ്പോള്‍
പാലം കടന്ന മനുഷ്യകീടത്തിന്റെ
പ്രായോഗികബുദ്ധിയില്‍
വേദവചനങ്ങള്‍ക്ക് ഇടമില്ല.
കാരണം, ഞാനൊരു കഥാകാരന്‍ മാത്രമാണ്
എന്നില്‍ കാരുണ്യവാനെ കാണാന്‍
ശ്രമിയ്ക്കുന്നത് നിന്റെ കുറ്റമാണ്.

മണല്‍ക്കാട്ടില്‍,
സൂര്യന്റെ നിഴലെഴാവഴികളില്‍,
ഒരുതുള്ളി വെള്ളത്തിനും
ഒരുതുണ്ടു കോതമ്പടയ്ക്കും
നീ ഞരങ്ങി നീങ്ങുമ്പോള്‍,
നിന്റെ ഓര്‍മകളില്‍ പോലും
സ്വപ്നത്തിന്റെ നിലാചിന്തുകള്‍
തിരനോട്ടം നടത്താതെ
തീണ്ടാദൂരത്തിനുമപ്പുറ൦
മുഖമൊളിപ്പിച്ചു വാഴുമ്പോള്‍,
പറയാനൊരു വാക്കുപോലും
ബാക്കിവയ്ക്കാതെ വരണ്ട തൊണ്ടയും
അസ്തമയക്കണ്ണുകളുമായി
നീയിരിയ്ക്കുമ്പോള്‍,
ജീവന്റെയന്ത്യകണം വിട്ടൊഴിയുന്നതും
കാത്തു കണ്ണുനട്ടിരിയ്ക്കുന്ന കഴുകനെപ്പോലെ
ഞാനുണ്ടായിരുന്നു നിന്റെ പിന്നില്‍.

എന്നാല്‍ ഞാനെഴുതിയ വരികളില്‍
ഇതിനേക്കാള്‍ ഭാവവീര്യം നിറച്ചു
വായനക്കാരന്റെ കണ്ണും മനസും  
കുത്തിനോവിച്ചു നിറച്ചു
ചൂടപ്പം പോലെ വിറ്റഴിച്ചത്
നിന്റെ കഥയെന്നു കരുതിയതാണ് തെറ്റ്.

ഞാനൊരു കഥാകാരന്‍ ആണ്
കഥാപാത്രങ്ങളും വായനക്കാരും ഇരകളാണ്
ഒന്ന് ചൂണ്ടയില്‍ കൊരുക്കാനുള്ളതും
മറ്റൊന്ന് കുരുക്കാനുള്ളതും.
ഇരകളും വേട്ടക്കാരനും ഏതുകാലത്താണ്
ചങ്ങാത്തം കൂടിയിട്ടുള്ളത്?


ആയതിനാല്‍
എന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിരിയ്ക്കുന്ന കുറ്റം
അന്യായമാണെന്നും സമക്ഷത്തില്‍ ദയവുണ്ടായി
വാദിഭാഗത്തു നിന്നുമുണ്ടായ മാനഹാനിയ്ക്ക്
തക്കതായ നഷ്ടം കല്‍പ്പിച്ചു തീര്‍പ്പാക്കി
നടത്തിച്ചെടുക്കാന്‍ അനുവദിച്ചു
തരുമാറാകണമെന്നപേക്ഷ.  

========================== CNKumar.

മുളവന എന്‍ എസ് മണിയുടെ രചന 

Friday, October 11, 2013

കാഴ്ചത്തോറ്റങ്ങള്‍


കാഴ്ചത്തോറ്റങ്ങള്‍

നാവാണ് വേണ്ടത് 

നിനക്കെന്‍ നാവാണ് വേണ്ടത് 
നെറികേടിനെതിരെ 
വാഗ്ശരമെയ്യുന്ന നാവു.

നൊന്തമനസിനെ 
കണ്ടറിഞ്ഞീടും 
കണ്ണാണ് വേണ്ടത്.
കനല്ചിന്തുനീറുന്ന 
കല്ലുകളപവാദമേലങ്കി
ചാര്ത്തി വരുമ്പോഴു൦ 
ജീവിതക്കല്ലുമുരുട്ടി 
മലയേറി നീങ്ങിടും 
കാല്പ്പാടുകളാണു പിന്തുടരേണ്ടത്.

പിറവിയില്‍ നിന്നും
പലവഴിയൊഴുകുന്ന
പാഴ്നദി പോലെ
തമ്മിലറിയാതിണങ്ങാതെ
മലിനമാം താഴ്വരയിലെങ്ങോ
പുഴുതിന്നു തീര്ക്കു ന്ന
കപടസ്നേഹങ്ങളില്‍,
എന്റെയെന്റെ‍തെന്ന
സ്വാര്ത്ഥപ്പെരുമ്പറ
മുഴക്കങ്ങളുയരുന്ന
സായന്തനങ്ങളില്‍,
വാര്ത്തയുടെ വാചാലതയില്‍
വരണ്ടു മരിയ്ക്കുന്ന
തീര്ത്ഥക്കരുണയും
വളചില്ലുടഞ്ഞമരുമിരുള്‍
പൂത്തവഴികളില്‍
പുതിയ നായാട്ടിന്നാലസ്യലഹരിയില്‍
കരിമ്പുകക്കണ്ണടയിട്ടൊരീ-
ത്തെരുവുവിളക്കുകള്‍
മരണമഞ്ചത്തില്ക്കിടക്കുമിബ്ഭൂമിയെ
കണ്ണീര്ക്കുഴമണ്ണ്
പൂശിപ്പുതയ്ക്കവേ,

യാത്രയുടെയേതിടവേളയിലാണു നീ
വായില്ലാക്കുന്നിലെ
മൂര്ത്തിയെപ്പോലെ
നാവുലോപിച്ചൊരീ-
യസുരപ്പിറവി വരിച്ചത്‌?

നാവാണ് വേണ്ടത്
നിനക്കെന്‍ നാവാണ് വേണ്ടത്
നെറികേടിനെതിരെ
വാഗ്ശരമെയ്യുന്ന നാവു.

ഒരുപകല്‍ കൊണ്ടീ
വെയില്പക്ഷി പോകും
മറുപകല്‍ ശൂന്യബോധത്തില്‍
കുടിയിരിയ്ക്കും
എഴുതാപ്പുറത്തില്‍
നുണചേര്ത്തൊരുക്കിയ കവനവസന്തം
മിഴിക്കോണിലീറന്‍
പുതച്ചു തിണിര്ത്തു നില്ക്കും
രാവറുതിയോളമുറങ്ങാതൊരു തേങ്ങല്‍
പുലര്കാലറെയില്‍ വണ്ടിയേറി -
പ്പുറപ്പെട്ടുപോയതും
മരണവാറെണ്ടിനാല്‍
ജപ്തി ചെയ്തച്ഛന്‍
നെല്പ്പുരവരാന്തയില്‍
തൂങ്ങിയാടുന്നതും
കണ്ണീരുതോരാപ്പുഴയുമായമ്മ
ഭ്രാന്തുനുരയ്ക്കും
ജല്പനച്ചിന്തുമായ്
ഇടവഴി ചുവടാലളന്നു വീഴുന്നതും
കണ്ണുകടയുന്ന കാഴ്ചയായ്ത്തീരവേ;

നാവാണ് വേണ്ടത്
നിനക്കെന്‍ നാവാണ് വേണ്ടത്
നെറികേടിനെതിരെ
വാഗ്ശരമെയ്യുന്ന നാവു.
=====================CNKumar.


മുളവന എന്‍ എസ് മണിയുടെ രചന

Saturday, October 5, 2013

കിടങ്ങുകള്‍കിടങ്ങുകള്‍


കിടങ്ങുകള്‍ കുഴിച്ചു
കാത്തിരുന്നതു വന്യമൃഗങ്ങള്‍
കടക്കാതിരിയ്ക്കാന്‍ ആയിരുന്നു.
ആഴംകുറഞ്ഞ കിടങ്ങുകള്‍
ചാടിക്കടക്കാന്‍ പരിശീലിച്ച
കാട്ടുമൃഗങ്ങള്‍ നാട്ടില്‍ വിഹരിയ്ക്കുന്നു.
മൂപ്പെത്താത്ത വിളകള്‍ കയ്യേറി
വിളവെടുക്കാന്‍ അവയ്ക്കേറെ മിടുക്കാണ്.
കര്‍ഷക മുത്തന്മാരുടെ തോട്ടകളെ പേടിച്ചു
പണ്ടുകാലങ്ങളില്‍ അവ നാടിറങ്ങുമായിരുന്നില്ല.
ഇപ്പോള്‍ തോട്ടകള്‍ക്ക് പഴയവീര്യമില്ല,
നിര്‍മാണത്തിലെ അപക്വത തന്നെ കാരണം.

കിടങ്ങുകള്‍ അഭയമാണ്.
കീഴടങ്ങാന്‍ മടിയ്ക്കുന്ന ജീവിതത്തിന്റെ വേരുകള്‍
നീരാഴങ്ങള്‍ തേടുന്ന നിശാനിശബ്ദതയില്‍
മരുനീരുറവ പോലെ കയ്യെത്താദൂരം
മായക്കാഴ്ചയായി നീങ്ങുമ്പോള്‍
കിടങ്ങുകള്‍ മാത്രം നെഞ്ചോട്‌ ചേര്‍ത്തണച്ചു
കാവല്‍ മാലാഖയെപ്പോലെ എപ്പോഴും.

കിടങ്ങുകള്‍ക്ക് ഒരു മനസുണ്ട്
പതിവായി തേങ്ങുന്ന മനസ്‌
കിടങ്ങ് ചാടിക്കടന്നു നാട്ടിലെത്തുന്ന
കാട്ടുമൃഗങ്ങളുടെ ചെയ്തികളില്‍ വെന്തുനീറുന്ന മനസ്‌.
കിളുന്നു മാംസത്തിനു കൊതിപിടിച്ചു നടക്കുന്ന
കാട്ടുമൃഗങ്ങളുടെ ഘോഷയാത്രയില്‍
നാടാകെ ശബ്ദായമാനമാണ്.
ഈ കലപിലകള്‍ എന്നാണു നിലയ്ക്കുന്നതു?
ഭീതിപരത്തുന്ന വാര്‍ത്തകള്‍ വിളമ്പി
തൃപ്തി വരാതെ ചാനലമ്മായിമാര്‍
അപ്പങ്ങളെമ്പാടും മത്സരിച്ചു
ചുട്ടുകൂട്ടുന്ന തിരക്കിലാണ് നാമിപ്പോളകപ്പെട്ടത്.

കിടങ്ങുകള്‍ക്ക് മുമ്പൊക്കെ നല്ല ആഴമുണ്ടായിരുന്നു.
മുത്തച്ഛന്മാര്‍ ഓരോ വേനലിലും പതിവായി
അവയുടെ ആഴം കൂട്ടുകയോ പുതുക്കുകയോ ചെയ്തിരുന്നു.


അച്ഛന്റെ കാലശേഷം അലസന്മാരായ ഞങ്ങള്‍
ആവഴിയ്ക്ക് തിരിഞ്ഞുപോലും നോക്കിയില്ല.
വിയര്‍പ്പു കൊണ്ടു അപ്പം ഭക്ഷിയ്ക്കുന്ന ശീലം
ഞങ്ങള്‍ ഉപേക്ഷിച്ചു, അന്യന്റെ അപ്പം പിടിച്ചെടുത്തു
തീന്മേശമേല്‍ വിളമ്പി, മാന്യത നടിച്ചു, അങ്ങനെ ഓരോ
പുത്തന്‍ തലമുറ ജീവിതങ്ങള്‍......

ഇപ്പോള്‍ കുട്ടികള്‍ അവരുടെ വേരുകള്‍ തെരയുന്നു
കിടങ്ങുകളില്‍ നിധിയുണ്ടെന്നും
ആ നിധികള്‍ കുഴിച്ചെടുക്കാന്‍ 
അവര്‍ തൂമ്പയുമെടുത്തു
കിടങ്ങുകള്‍ കുഴിച്ചു തുടങ്ങി
കിടങ്ങുകളുടെ ആഴം അങ്ങനെയെങ്കിലും കൂടട്ടെ.
ആഴം കൂടിയ കിടങ്ങുകള്‍ 
വീടിന്‍റെ സംരക്ഷകരാണെന്നും
കുട്ടികളെങ്കിലും ആ വീടിനുള്ളില്‍ സുഖമായി
ഉറങ്ങിയുണരുമെന്നും ആശിയ്ക്കാം.

==================================CNKumar.

A creation of atist Mulavana NS Mony