Tuesday, November 19, 2013

ശലോമോന്‍റെ ഗീതങ്ങള്‍ അഥവാ പീറകളുടെ പാട്ട്ശലോമോന്‍റെ ഗീതങ്ങള്‍ അഥവാ പീറകളുടെ പാട്ട്


കരള്‍ നൊന്തു കേഴും ഭൂമീ  
തെരുവുബാല്യങ്ങളിലെന്നുകാണും    
ചിരിപൂത്തു നേര്‍ക്കും ഭേരി?

ചെളിവിരല്‍ വായില്‍ത്തിരുകിത്തെരുവിന്‍
മാറിലൂടോടിമറയുന്ന കുഞ്ഞേ,
ഇത് നിന്റെപേരില്‍ കുറിച്ചിട്ടൊരോര്‍മ്മനാള്‍
മനപ്പയസമുണ്ണാന്‍ വിധിച്ചിട്ടനാള്‍.

കിതച്ചു പായുന്നോരീ കാലക്കരുത്തിന്റെ
തേരൊച്ചയില്‍പ്പെട്ടു തേഞ്ഞമരുന്നോരീ
നിലവിളിത്തുണ്ടുകള്‍ കാതില്‍ പതിയാതെ
വാതില്‍ ചാരുന്നു,
വാഹനച്ചില്ലടയ്ക്കുന്നു.
ശിശുദിനപ്പാട്ടില്‍ മുഴുകി മനസിനെ
ഇരുള്‍വഴിയിലൂടെ പിടിച്ചു കടത്തുന്നു.
തെരുവിലെ കാഴ്ചകള്‍ കാണാതിരിയ്ക്കുവാന്‍ 
കണ്ണിന്റെ ഷട്ടര്‍ വലിച്ചടയ്ക്കുന്നു. 

ലോകബാല്യങ്ങള്‍ക്കാശംസ ചാര്‍ത്തി നീ  
സായാഹ്നസ്റ്റാറ്റസ് പുതുക്കി വിളമ്പുന്നു
ലൈക്കും കമെന്റുമായ് രാവറുതിയോളം
ചര്‍ച്ചിച്ചനാഥബാല്യത്തിനൊപ്പീസു ചൊല്ലുമ്പോള്‍
എഴാംനിലയില്‍ നിന്നു നീ താഴേയ്ക്കു
നിന്നിടംകണ്ണൊന്നു ചിമ്മിത്തുറക്കുക  
പിന്നാമ്പുറത്തെ ചേരിയില്‍,
പ്ലാസ്ടിക്കു കൂരയ്ക്കു കീഴില്‍
എത്ര കുഞ്ഞുങ്ങള്‍ തളര്‍ന്നു മയങ്ങുന്നു
അരവയര്‍ പോലും നിറയ്ക്കാതെ
അസ്വസ്ഥരായിത്തിരിഞ്ഞും മറിഞ്ഞും.
എന്തുനീ, ജാലക൦ കൊട്ടിയടച്ചുവോ
പാതിരാക്കാഴ്ച്ചകള്‍ സ്വാസ്ഥ്യംകെടുത്തിയോ?
പൂമെത്തയില്‍ ശാന്തമുറങ്ങുന്നൊരുണ്ണിയെ
നോക്കിനീ ഗൂഢ൦ നെടുവീര്‍പ്പുതിര്‍ത്തുവോ?

കരള്‍ നൊന്തു കേഴുംഭൂമീ
തെരുവുബാല്യങ്ങളിലെന്നുകാണും  
ചിരിപൂത്തു നേര്‍ക്കും ഭേരി?

ചാനല്‍ക്കവലയില്‍ ചര്‍ച്ചകള്‍ മൂക്കുന്നു
പക്ഷം പിടിയ്ക്കുന്നു വാഗ്ദ്ധോരണികള്‍.
ചേരിപ്പരിഷകള്‍, ഭാവിതന്‍ കൊട്ടേഷനിസ്റ്റുകള്‍,
കൂട്ടിക്കൊടുപ്പുകാര്‍, വേശ്യകള്‍,
ബിരുദങ്ങളേറെ ചാര്‍ത്തിയൊരുക്കുന്നു
പുനരധിവാസചാര്‍ട്ടു ചമയ്ക്കുന്നു.    
ഭരണയന്ത്രത്തില്‍ പതിറ്റാണ്ടുനൂര്‍ന്നിട്ടും
മോക്ഷം കിട്ടാത്ത കര്‍മ്മക്രമം
നന്നങ്ങാടിയില്‍ ഭദ്രമുറങ്ങുന്നു
വാഗ്ദാനഘോഷം വാനില്‍ നിറയുന്നു.
എല്ലാരുമെല്ലാരും കുഞ്ഞേ നിനക്കുള്ള

സ്വപ്നരാജ്യത്തിന് പണിപ്പുരയില്‍.
നീയോ, പാതവക്കത്തെ ചളിക്കുണ്ടിലിപ്പൊഴും
പ്രേതരൂപം പോല്‍, നുരയ്ക്കും പുഴുപോല്‍
കുപ്പയിലന്നം തേടുന്ന നായ്ക്കളോടൊപ്പം  
മത്സരമല്ലോ രാവും പകലും.

സ്വപ്നങ്ങളെല്ലാം നരച്ച ചിത്രങ്ങളായ്
നിഴലിച്ചുനില്‍ക്കും കണ്‍തടാകങ്ങളില്‍
ഏതക്ഷരത്തിന്റെ വാക്കു വിതയ്ക്കണം
ഇനിയേതു നാവിനാല്‍ പാട്ടു പൊലിയ്ക്കണം?
കുഞ്ഞേ നിന്നുടെ ശൂന്യമാം കണ്‍കളില്‍
ശതകോടി നക്ഷത്രപ്പൂക്കള്‍ നിറയ്ക്കുവാന്‍.


വെയിലേറ്റു നീറും ഭൂമീ
തെരുവുബാല്യങ്ങളിലെന്നുകാണും  
ചിരിപൂത്തു നേര്‍ക്കും ഭേരി?
==============================CNKumar.

ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാംhttps://soundcloud.com/cnkumar/7vz4zrzjir5lWednesday, November 6, 2013

മറൈന്‍ ഡ്രൈവില്‍ ചുറ്റിത്തിരിയുമ്പോള്‍ കണ്ണില്‍പ്പെടാതെ പോയവ

മറൈന്‍ ഡ്രൈവില്‍ ചുറ്റിത്തിരിയുമ്പോള്‍  
കണ്ണില്‍പ്പെടാതെ പോയവ

മൂന്നു മണിയ്ക്കുള്ള സെന്റ്‌ സെബാസ്റ്റ്യന്‍
മേനക വിടുമ്പോഴും ആ ചള്ള് ചെക്കന്‍റെ
നോട്ടത്തിന്റെ ശൈലിയോ ദിശയോ മാറിയിട്ടില്ല.
പെയിന്റിളകിയ സീറ്റില്‍ ചന്തിചാരി,
സീറ്റിലിരിയ്ക്കുന്ന പെങ്കൊച്ചിന്റെ
ടോപ്പിന്റെ വിശാലമായ വിടവിലൂടെ,
സുടാങ്കിപ്രദേശങ്ങളില്‍ പര്യവേഷണം
നടത്തുന്നത് എന്റെ കണ്ണില്‍പ്പെട്ടതേയില്ല.

വൈറ്റിലനിന്നും വൈറ്റിലാക്കിയ
പാതി വെന്ത ചോറു ഗുല്‍മ്മനെയിളക്കി
ആകെയൊരു പഞ്ചാരിത്തിമിര്‍പ്പു
നടത്തുമ്പോള്‍ വേറെയെന്താണ്
കാണാന്‍ കഴിയുക.
കലാശക്കൊട്ട് നടക്കാതിരിയ്ക്കാന്‍
മനസുകൊണ്ട് സങ്കല്‍പ്പിച്ചു
ഒരു കല്ലെടുത്തു കക്ഷത്ത്‌ വച്ച് 
കുചേലന്റെ അവല്‍പ്പൊതി പോലെ
അമര്‍ത്തിപ്പിടിച്ചിരുന്നു.


സുഭാഷ് പാര്‍ക്കിന്റെ നടുവില്‍
നരച്ച ബെഞ്ചിന്റെയോരത്തു
വേറൊരു ചള്ള് ചെക്കന്‍റെ നെഞ്ചില്‍
തലചായ്ച്ചു ഐസ്ക്രീം നുണയുന്ന
വേറൊരു പെങ്കൊച്ചിന്റെ, യൂണിഫാമിനു
മേലൂടെ കൈവിരല്‍ കൊണ്ട് പിതുക്കി
മേല്‍പ്പറഞ്ഞ സുടാങ്കി പ്രദേശങ്ങളില്‍
നല്ല മാര്‍ദ്ദവമുണ്ടെന്നവന്‍ ഉറപ്പാക്കുന്നതും
എന്റെ കണ്ണില്‍ പെട്ടതേയില്ല.

കാരണം ഞാന്‍ പറഞ്ഞല്ലോ ഗുല്മ്മന്റെ
പഞ്ചാരിയിതുവരെ തീര്‍ന്നിട്ടില്ല.

അഞ്ചരയ്ക്കുള്ള പരിപാടിയ്ക്ക്
ഉച്ചയ്ക്കേ  വന്നവന്റെ ഒരു ബോറടി
മാറ്റുന്നതിനുള്ള ഞുണുക്കുവിദ്യകള്‍
എത്രെ ശ്രമിച്ചിട്ടും അങ്ങോട്ട്‌ ഒക്കുന്നില്ല.
കായല്ക്കരയിലെ ഗുല്‍മോഹറിന്റെ
ഗ്രാനേറ്റുതറയിലെ ചെറുചൂടില്‍ ഗുല്‍മനടങ്ങി

അപ്പോള്‍ കെട്ടിയിട്ടിരിയ്ക്കുന്ന ബോട്ടിനുള്ളില്‍
ഇണകളായ ലിംഗങ്ങള്‍ കെട്ടിപ്പുണരുന്നത്
(സദാചാരികള്‍ വാള് തേച്ചു മിനുക്കണ്ടാ.
ഒരു ചെക്കനും പെണ്ണും അത്രേയുള്ളൂ)
ഞാനെങ്ങു൦ കണ്ടില്ലാ..

നാട്ടുമ്പുറത്തുകാരനായ എനിയ്ക്കെന്തു
മെട്രോകള്‍ച്ചര്‍ ഉണ്ടാകാനാ.
അതാണ്‌ പലതും കണ്ണില്‍പ്പെടാതെ
ഞാനൊരു അന്ധന്റെ അവതാരമെടുത്തത്.

മ്മക്കിപ്പോഴും പഴയ ചക്കേം ചീനീമൊക്കെ മതിയേ
പീസയും നൂഡില്‍സും ഗുല്‍മനുപിടിയ്ക്കൂല്ലാ.
കായും പൂവും കൂട്ടിയ വര്‍ത്താനങ്ങളും മതിയേ
അതാകുമ്പോ ഉള്ളുതൊറന്നു തന്നെ പറയാം
ആഷ് പോഷ് ഒക്കെ വന്നപ്പോഴാ
നിങ്ങള്ക്ക് ഒടപ്പെറപ്പിനേം മക്കളേം
തിരിയാതെ വന്നതും ......

===============================CNKumar.