ഹൈക്കു കവിതകള്‍


1.
ഓര്‍മ്മകള്‍
വില്ലുവണ്ടിയില്‍ 
വിരുന്നാളി.

2.
ദീവാളി
കുളിച്ചെത്തീയെന്‍  
ശീപോതി.

3.
താളി തേടിപ്പോയവള്‍ 
തെച്ചിപ്പൂവിന്‍ ചോപ്പായ് 
പൂതമിപ്പോഴും പാറയിടുക്കില്‍.

4.
പുഴക്കരയില്‍ 
ചൂണ്ടയിട്ടിരിയ്ക്കുന്നു 
യമധര്‍മന്‍

5.
കിനാക്കള്‍ 
വറുത്തും കൊറിച്ചും 
നവയൌവ്വനം

6.
തിരതുടയ്ക്കും 
മണലെഴുത്തുകള്‍ 
സന്ധ്യാനേരം.

7.
വരണ്ടനാവാല്‍ 
വെയിലീമ്പുന്നു 
വിണ്ടപാടം

8.
വേനലില്‍ 
കുളിര്‍മ്മയായി 
പാളവിശറി


9.
മഴനനയും
കുംഭവെയില്‍ചില്ല 
കുഞ്ഞുകിളി

10.
 പുലരിവധു,
അണിഞ്ഞതിന്നു 
മഴച്ചേല.

11.
പുലരൊളിയില്‍ 
പാറും തുമ്പികള്‍, 
പൂക്കാലം.,

12.
പൂക്കാലം
നിലാവുനിറയും 
പൂവട്ടി

13.
കൊന്നപ്പൂ 
വിഷുക്കാട്ടമെന്‍ 
മന:ഭൂവില്‍
14
.
ആറ്റോരം 
കാട്ടുതുളസിതന്‍
സൂര്യജപം

15.
സുരലഹരി 
വീണന്തിയ്ക്ക് 
രവി, കടലില്‍

16.
വേനല്‍മഴ
തരുലതകള്‍ക്ക്
ആഹ്ലാദം


17.
വേനല്‍മഴ
തരുലതകള്‍ ചിരി
തൂകുന്നു

18.
ഇന്ദുകല
തോണിയേറിയെന്‍ 
കിനാക്കള്‍

19.
ഇണക്കിളി 
മുരളികയൂതി 
മുളങ്കാട്‌

20.
കരിവണ്ട് 
പ്രണയാതുരം 
പൂതേടി.

.21
അകത്താര് ?
കാളിദാസനെന്‍ 
മുഖ താര്

22.
ഗംഗാതടം 
ശവങ്ങളെരിയും 
മണികര്‍ണിക

23.
ആകാശം 
മകരക്കൊയ്ത്ത് 
ശൂന്യത

24.
ആകാശം 
മേഘക്കൊയ്ത്ത് 
ശൂന്യത

25.
ഒളിസേവ 
വാഴക്കൂമ്പില്‍ 
നരിച്ചീര്

26.
കരിയിലകള്‍ 
കൊഞ്ചിക്കുഴയും
കുളിര്‍തെന്നല്‍



27.

ഓര്‍മ്മകള്‍ 
കൊത്തംകല്ലാടും 
മാഞ്ചോട്


28.
ഓര്‍മ്മകള്‍ 
ഇലകൂട്ടിയ 
ഉറുമ്പുകള്‍

29.
പാലപ്പൂ 
മണം നുകര്‍ന്നൊരു 
ചന്ദ്രമുഖി .

.30
പാഥേയം 
മാതൃസ്നേഹം 
കൂട്ടായി

31.
പടിപ്പുര 
വഴിയോരത്തു 
മിഴിപാകി .


 32
പുഷ്പചക്രം 
മരണവണ്ടിയില്‍
പേക്കോലം

33.
മാഞ്ചോട് 
അമ്മതന്‍ തേങ്ങല്‍ 
മാമ്പഴം

33.
ഓര്‍മ്മകള്‍ 
ഇളവേല്‍ക്കുമെന്‍ 
മരത്തണല്‍

34.
മുന്താണിയില്‍ 
തൂങ്ങു൦ തുണ്ട്‌
കല്‍ക്കണ്ടം

35.
മാനത്തു 
പാറും പട്ടമെന്‍ 
മോഹങ്ങള്‍

36.

കൊന്നപ്പൂ 
വാരി നിരത്തും 
മലയാളം

37.
പാല്‍ വണ്ടി
പോകും വഴിയതില്‍ 
ശശിലേഖ

38.
ഐസുകാരന്‍ 
മണി കിലുക്കിയെന്‍ 
പൈക്കുട്ടന്‍

39.
തൊഴുതെത്തും 
അമ്പലനടയില്‍ 
മണിനാദം

40.
കൊയ്തവയല്‍ 
പിടിത്താള്‍തിരയും 
ചെറുതിങ്കള്‍. 

41.
ഓണസദ്യ 
ചോണനുറുമ്പ്‌ 
ശര്‍ക്കരയില്‍ 

42.
മൈലാഞ്ചി 
ചിത്രം വരച്ച
ആകാശം 

43.
പുതുമഴയില്‍ 
കുരുക്കും തകര
താളുകറി 

44.
വിഷുക്കണി 
ഫലങ്ങള്‍ തീര്‍ത്ത 
നിറസിംഫണി 

45.
മത്തങ്ങ 
നേതാവായി 
വിഷുക്കണി 

46.
പുലര്‍മങ്ക
ചെമ്പൊട്ടിട്ടു
കിഴക്കതില്‍

47.
ഹരിമുരളി 
ചൌരസ്യപണിയും 
സ്വര്‍ലോകം

47.
ഇരുള്‍മറയില്‍
ഒളിയമ്പുമായ് 
ദുരജന്മം 

48.
നിന്റെ മൌനം 
കടലാഴങ്ങള്‍ 
തേടും തിര 

49.
കാംബോജി 
കടമ്പിന്‍ തണലില്‍ 
ഹരിമുരളി 

50.
വിപഞ്ചിക 
സ്വരമാധുരി 
മൂകമായ് 

51.
വേനല്‍ വയല്‍ 
ഉഴുതു മറിയ്ക്കാന്‍
ഉഷാ ഫാന്‍


52.

ഉറുമ്പിന്‍കൂട്ടമേ 
പോവതെങ്ങു 
ബീവറേജസിലേയ്ക്കോ?  






ഇനി കുറെ പഴയ, (ഹൈക്കു എന്ന് തോന്നിയ്ക്കുന്ന) രചനകള്‍ ആണ് താഴെ കൊടുത്തിരിയ്ക്കുന്നത് ...


1
മതകൂട്ടമല്ല 
മനക്കൂട്ടമാണ് 
നന്നെന്നു  
ഒരു വെടിയുണ്ടയും പറയില്ല 

2
ഇരു വശത്തും
കള്ളന്മാരുണ്ടെന്നു
കരുതി
നീ കര്‍ത്താവല്ല.

3
ഗാന്ധിയും 
ഗോട്സേയുമിപ്പോള്‍ 
ഊണുറക്കമൊരുമിച്ചു

4
കുറ്റച്ചാര്‍ത്തുകള്‍ വായിച്ചു 
പിലാത്തോസുകള്‍ 
കൈകഴുകിയത് 
പീഡിതന്റെ ചോരയില്‍

5
പടിയ്ക്കുതാഴെ 
പിടയുന്നത്
ബീപ്പീയെല്‍ 
ജീവിതകാഴ്ച്ചകള്‍
6
മരപ്പെയ്ത്തുകള്‍ 
പ്രണയമുത്തുകള്‍
മനത്തുരുത്തുകള്‍
മാറ്റിടും. 
7
മനത്തുരുത്തുകള്‍
തകര്‍ത്തിടും വേലിയേറ്റം 
സുനാമിയ്ക്കാകാ വന്‍കരയെ. 
8
കിളികൂട്ടങ്ങള്‍ പറക്കുന്നത്
വസന്തത്തിലേയ്ക്കോ?
നരജന്മത്തിന്‍ സ്മൃതിയിലെയ്ക്കോ?

9
കൊമ്പന്റെ തുമ്പിയിളിരുന്നീച്ച
വമ്പു ചൊല്ലുന്നു
തിന്നു ഞങ്ങളൊരു കൂന ശര്‍ക്കര.
10
യൂദാസ്സുകള്‍ വാഴുമരങ്ങത്തു
യേശുവിനെന്തു കാര്യം?
11
പ്രണയം
മണ്ണാങ്കട്ടയും കരീലയും
കാശിയ്ക്കു പോയപോലെ...

2 comments:

Unknown said...

ലളിതപദങ്ങളാല്‍ ഹൈക്കു ഘടനാപരമായ നിയമങ്ങളില്‍ അച്ചടക്കം പാലിച്ച് എഴുതുന്ന കവിയാണ് അങ്ങ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ( യൂദാസ്സുകള്‍ വാഴുമരങ്ങത്തു
യേശുവിനെന്തു കാര്യം? പോലുള്ളവ അപവാദങ്ങള്‍ ആയവ കൂട്ടത്തില്‍ ഉണ്ട് എങ്കിലും അവയും വളരെ സുഖമുള്ള ഒരനുഭൂതി വായനക്കാര്‍ക്കായ്‌ പകര്‍ന്നു തരുന്നു ) ഹൈക്കുവിന്‍റെ ആത്മാവും ഒപ്പം അവയ്ക്കു നല്‍കാന്‍ അനായാസലളിതമായി സാധിക്കുന്നുമുണ്ട് കൃത്രിമത്വലേശമില്ലാതെ ചിന്താമധുരം വിളമ്പുന്നവയാണ് ഓരോ ഹൈക്കുവും. ഒറ്റയിരിപ്പില്‍ അവ അനേകവട്ടം വായിച്ചു ക്കൊണ്ടിരിക്കാന്‍ പാകത്തിലുള്ള വായനാസുഖം പകരുന്നുണ്ട് . എല്ലാ കവിതകളും കൊള്ളാം .

poems of CNKumar said...

നന്ദി വീ ബീ സര്‍ ..ഈ നല്ല വാക്കുകള്‍ക്കു