Friday, February 28, 2014

ആണ്‍വേശ്യകള്‍ അരങ്ങുവാഴുമ്പോള്‍


ആണ്‍വേശ്യകള്‍ അരങ്ങുവാഴുമ്പോള്‍

പണക്കിഴി കാണുമ്പോള്‍
കണ്ണ് മഞ്ഞളിച്ചോയെന്നു
ചോദിയ്ക്കാന്‍ നീയെന്റെ
മറ്റവള്‍ ഒന്നുമല്ലല്ലോ.

തീട്ടവണ്ടികള്‍ വലിച്ചു
ചുമച്ചൊടുങ്ങിയ മുന്‍ഗാമികളാണ്
നെഞ്ചിലേയ്ക്കു ഈ ചെങ്കൊടി
ചേര്‍ത്തു വച്ചതും, സ്വപ്നങ്ങള്‍
കാണാനുമവയെ താലോലിയ്ക്കാനും
കൈപിടിച്ചു നടത്തിയത്.
ഇപ്പോള്‍ എനിയ്ക്ക് വിലയിടാന്‍
എത്ര ഡോളര്‍ നീ ഒറ്റുകാശായി
വാങ്ങിയിട്ടുണ്ടാകും.
അതോ. ബംഗാളിപ്പണിക്കാര്‍ക്ക്
തൂറി മുടിയ്ക്കാനും പിന്നെ പുതുപ്പണക്കാര്‍ക്ക്
കേറി പൊലയാട്ടു നടത്താനുമുള്ള ഫ്ലാറ്റുകള്‍
നാട്ടി കോടിപതിയാകാനുള്ള
തരിശുനിലത്തിന്റെ തീറാധാരമോ?
പിന്നെ ഒരു മാതിരി മറ്റെടുത്തെ ന്യായം
എന്റെ മേല്‍ ചാര്‍ത്താന്‍ മെനക്കെടേണ്ട.

നൂറ്റാണ്ടിലേറെ പാരമ്പര്യം പറയുന്ന
നിന്റെ മറ്റെവന്മാരുടെ ക്ണാപ്പിലെ പോഴത്തങ്ങള്‍,
പെറ്റമ്മയെ കൂട്ടിക്കൊടുത്ത കാശില്‍ കെട്ടിപ്പൊക്കിയ
സമ്പാദ്യക്കൂമ്പരത്തില്‍ കുന്തിച്ചിരുന്നു ഞങ്ങടെ മേത്തൂടെ
തൂറിക്കളിക്കാമെന്ന നിന്റെ സൊനാപ്പിലെ ആഗ്രഹം,
വിദേശിയുടെ തിണ്ണനെരങ്ങിയും
അവന്റെയപ്പി കഴുകിയും
നീ നേടിയ അധികാരത്തിന്റെ ധാര്‍ഷ്ട്യം
എല്ലാം അട്ടത്ത് തന്നെ കെട്ടിവെച്ചില്ലെങ്കില്‍
നടുവഴിയില്‍ ഉടുമുണ്ടുരിയുന്ന ഒടുവിലെ സമരം
അനുഭവിച്ചറിയുന്ന ഒരു രംഗമുണ്ട്;
അതിനു ഞങ്ങളെ കച്ചകെട്ടിയ്ക്കരുത് പറഞ്ഞേക്കാം.  

നട്ടെല്ലിന്റെ മേലേ ഒന്നു തടവി നോക്ക്
റബ്ബര്‍ ദണ്ട് അല്ലെന്നു ആണയിട്ടുറപ്പിയ്ക്കൂ.
ആല്ലെങ്കില്‍ പല്ലില്ലാ മോണകാട്ടി ചിരിയ്ക്കുന്ന
അര്‍ദ്ധഫക്കീറിന്റെ പേരു ചേര്‍ത്തു
കടലിനോടു കടലാടിയെ ഉപമിയ്ക്കുമ്പോലെ
അരങ്ങിലെത്തുന്ന പൊയ്മുഖങ്ങള്‍
നിങ്ങളുടെ കണ്ണും കാതും തുരന്നു തലച്ചോറിലേയ്ക്ക്
ശൂന്യസ്വപ്നങ്ങള്‍ കൊണ്ടശ്വമേധം നടത്തും.

ആറരപ്പതിറ്റാണ്ടിന്റെ
സ്വാതന്ത്ര്യസ്വപ്നത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും
തൂറാനോരോ കക്കൂസുപോലും
വര്‍ത്തമാനത്തിലും  സാക്ഷാത്കരിയ്ക്കാന്‍
കഴിയാത്തത് തെല്ലും ജാള്യതയില്ലാതെ
മാധ്യമങ്ങളിലൂടെ വിളമ്പുന്നത്.
നീ കാണുന്നില്ലേ, പരസ്യങ്ങള്‍
നമ്മെ കൊതിപ്പിയ്ക്കുന്ന വിഷവര്‍ഷങ്ങള്‍.


നീയോ പുതുയുഗത്തിന്റെ കാവല്‍ക്കാരന്‍?
ചിരിയ്ക്കുന്ന പല്ലുകള്‍ക്കിടയില്‍
പറ്റിയിരിയ്ക്കുന്ന പച്ചയിറച്ചിയും ചോരയും
നിന്റെ മനുഷ്യസ്നേഹത്തിന്റെ
പൊള്ളും പിത്തലാട്ടങ്ങളും
ചീന്തിയെറിയുന്നതു ഞാന്‍ കാണുന്നുണ്ട്.
കാവി പുതച്ച കിരാതത്വമേ
നിന്റെയുള്ളില്‍ നിറയുന്ന വര്ണവെറിയുടെ
പ്രകമ്പനത്താല്‍ കലുഷിതമാകുന്ന
മനുഷ്യജീവിതത്തിന്റെ സ്വാസ്ഥ്യമാനങ്ങള്‍
മായക്കണ്ണാടിയിലെന്നപോല്‍ 
മേഘക്കാഴ്ചകളായാണ് എന്റെ സ്വപ്നങ്ങളില്‍
തലങ്ങും വിലങ്ങും തെളിയുന്നതൊക്കെയും.

ഇനിയും എത്രജീവിതങ്ങളും ജീവനും
കടപുഴക്കിയാലാകും നിങ്ങള്‍ തൃപ്തരാകുക,
ഞങ്ങളുടെയൊക്കെ ജീവിതത്തിനും
എത്ര മേലെയ്ക്കാണു
ആ ദാരിദ്ര്യരേഖ ഇനി മാറ്റി വരയ്ക്കേണ്ടത്,
തൊണ്ണൂറുശതമാനത്തിനു മേലേയോ?

ഓരോ നാള്‍ കഴിയുംതോറും
മുഖപടം മിനുക്കി മിനുക്കി
ചുണ്ടില്‍ കടും ചായങ്ങള്‍ പൂശി
വശ്യമാര്‍ന്ന ചിരിയോടെ  
നിങ്ങള്‍ മാടിമാടിവിളിയ്ക്കുന്നു
വഴിയോരങ്ങള്‍ പകുത്തെടുത്ത്
ചൂളംവിളിച്ചു വാസനപ്പാക്ക് ചവച്ചു   
ആണ്‍വേശ്യകളെപ്പോലെ
കൊഞ്ചിക്കുഴഞ്ഞു...............

=====================================CNKumar.