തിണുര്‍പ്പ്
ചിലപ്പോള്‍,
ഒരിയ്ക്കലും വരാനിടയില്ലാത്ത
വെണ്മേഘശലഭങ്ങള്‍ തേടിയുള്ള
യാത്രനേരങ്ങളില്‍ നിറഞ്ഞ
പരാതിയുമായെത്തുന്ന വാക്കുകള്‍
പിണങ്ങി നില്‍ക്കാറുണ്ട്.
വര്‍ത്തമാനങ്ങള്‍ തീര്‍ക്കുന്ന
കാഴ്ച്ചച്ചാകരയില്‍
മുറിവുകളില്‍നിന്നും
ഒഴുകിയെത്തുന്ന
ചോരയുടെ ഗന്ധം നിറച്ച
കാറ്റിന്‍റെ അകമ്പടിയുണ്ടാകും.
മൌനത്തിന്‍റെ വേലിയേറ്റത്തില്‍
കരതകര്‍ന്ന ജീവിതങ്ങളുടെ
ഒഴുക്കുണ്ടാകും.
എപ്പോഴും ചിലയ്ക്കുന്ന
കരിയിലക്കിളികളെ നോക്കൂ
കാറ്റിനും
കാതടപ്പിയ്ക്കുന്ന ഒച്ചകള്‍ക്കും
അവയെ തളര്‍ത്താനാവില്ല.
അതുകൊണ്ടാകും
തെക്കേപ്പറമ്പിലെ
കമ്യൂണിസ്റ്റുപച്ച മാത്രം
ഋതുഭേദങ്ങളേയും
ആക്രമണങ്ങളേയും
അതിജീവിയ്ക്കുന്നത്.
ചിക്കാനും
ചികയാനും നില്‍ക്കാതെ
വരമ്പിലും വയലിലും
ഉതിര്‍ന്നു വീഴുന്ന
വായാടിത്തങ്ങളില്‍
വിശ്വാസമര്പ്പിച്ചു
കുളക്കോഴിജന്മങ്ങളെപ്പോലെ
അടിമകിടക്കാനാണെങ്കില്‍,
ജീവിതത്തെ വെട്ടിമാറ്റുന്ന
ചതുരംഗക്കള്ളിയില്‍
ചത്തൊടുങ്ങുന്ന
ചാവേറുകള്‍
മണ്ണെത്താദൂരങ്ങളിലലയുമ്പോള്‍
ഇനിയുമാരുടെ
ജീവനുവേണ്ടിയാണ്
ഇരുള്‍ മറയ്ക്കുള്ളിലെ
തുറിച്ച കണ്ണുകള്‍
കാത്തിരിയ്ക്കുന്നത്?
നിറങ്ങളും
ചിഹ്നങ്ങളും പകുത്തു
നിരയൊപ്പിച്ച കൊലക്കണക്കുകള്‍
നീട്ടി വായിയ്ക്കുമ്പോള്‍
നിറംകെട്ടുപോയ സ്വപ്നങ്ങള്‍
മുറുകെപ്പിടിച്ച
ജീവല്‍ത്തുരുത്തുകള്‍
ഒരുകരയിലുമെത്താതെയുണ്ട്.
മൗനംപുതച്ചുറങ്ങാന്‍
ഗ്രഹണനേരത്തെങ്ങനെ കഴിയും?
അതിനാലാണ് ഞാനെന്റെ
മുറിഞ്ഞ നാവിനാലിപ്പോഴും
പകയൂട്ടുന്നതും
പറഞ്ഞു തിണുര്‍ക്കുന്നതും.
======================CNKumar.