വീണ്ടുമൊരു ഡോക്യൂഫിക്ഷൻ
പാർലമെൻ്റ് മന്ദിരത്തിന്
വശത്തുള്ള റോഡിലൂടെ
ഒരൈ സി യൂ ആമ്പുലൻസ്
നിലവിളി ശബ്ദമിട്ട്
നൂറേനൂറിൽ പാഞ്ഞ് പോകുന്നു.
കട് കട്
പാർലമെൻറിൻ്റെ ക്ലോസപ്പ്
ആദ്യമെടുക്കു.
സെറ്റിൻ്റെ
നരച്ച നിറമൊക്കെ നമുക്ക്
എഡിറ്റു ചെയ്യാം.
ആമ്പുലൻസ് ഡ്രൈവറുടെ
വെള്ളക്കുർത്തയിൽ
ചുവന്ന റോസാപ്പൂ ആരാ കുത്തിയത്?
കോസ്റ്റ്യൂം ഡിസൈനറെ ഒന്നു വിളിച്ച്
അതൊന്നു മാറ്റാൻ പറഞ്ഞേ.
ക്യാമറ മിഡിൽ ഷോട്ടിൽ സെറ്റ് ചെയ്യ്.
ആമ്പുലെൻസ് അടുത്തേക്ക് വരുമ്പോൾ
സെക്കൻ്റ് ക്യാമറ ഡ്രൈവറുടെ മുഖം
ക്ലോസപ്പിൽ എടുത്തേക്കണം.
റീടേക്ക് പോകാം
വീണ്ടും ആമ്പുലൻസ് പാഞ്ഞു വരുന്നു.
സെക്കൻ്റ് ക്യാമറമാൻ പറയുന്നു
ശരിയായില്ല.
കട് കട് കട്
എന്താണ് സംഭവിച്ചത്?
ആമ്പുലൻസ് ഡ്രൈവർ പാവയെപ്പോലെ
ടർബനും താടിയും ആകെ ഒരു വശപ്പെശക്.
എയ് കോസ്റ്റ്യൂമർ, ഈ ഗെറ്റപ്പ് ഒന്നു മാറ്റ്യേ.
ശരി ശരി
ഒരു ടേക് കൂടി പോകാം.
പിന്നെയും ആമ്പുലൻസ് സൈറനിട്ടു വരുന്നു.
വെള്ളതാടിയും വെടലച്ചിരിയുമായി ഡ്രൈവർ
വാൻ നിർത്തി അയാൾ ഇറങ്ങി വന്നു
ക്യാമറാമാനോട്
ആ മൊബൈൽ കമ്പനിയുടെ
ഹോർഡിംഗിൽ നിന്ന് പാൻ ചെയ്ത് വേണം
വാനിലേക്ക് ക്യാമറ വരാൻ.
പറഞ്ഞതു കേട്ടോ?
ങാ.
ഫൈനൽ ടേക്കിലേക്ക് പോകാം.
എല്ലാം ആവർത്തിക്കണം.
ക്യാമറ ആ ഹോർഡിംഗിൽ നിന്ന്
ആമ്പുലൻസിലേക്ക്,
ഡ്രൈവറിലേക്ക്
ഓക്കെ.
കട് കട്
ഇനി,
ആമ്പുലൻസിൻ്റെ ഇൻസൈഡ് എടുക്കാം.
ബോയ്സ് ലൈറ്റപ് പ്ലീസ്.
ക്യാമറ സൂം ചെയ്ത്
ഫ്ലൂഡ്, ഒക്സിജൻ സിലണ്ടർ ഒക്കെ
പാൻ ചെയ്ത് ഓക്സിജൻ ട്യൂബിലൂടെ
മാസ്ക്കിലെത്തി
ആ മുഖത്തേക്ക് വൈഡ് ചെയ്യ്.
എഴുപത്തഞ്ചു വയസെത്തിയ
മുത്തശ്ശിയുടെ
മുഖത്തെ ചുളിവ്,
തലയിലെ നര,
കുഴിഞ്ഞ കണ്ണുകൾ,
തൊണ്ടയിൽ ശ്വാസമെടുക്കുന്ന ചലനം,
ഉയർന്നു താഴുന്ന നെഞ്ചിൻകൂട്,
നെഞ്ചിനു താഴെ
ചേർത്തു പിടിച്ചിരിക്കുന്ന
സ്വർണച്ചട്ടയുള്ള തടിച്ച പുസ്തകം,
എല്ലാ ഡീറ്റെയിൽസും എടുക്ക്.
സൗണ്ട് റെക്കോഡിസ്റ്റേ,
ആ വായിൽ നിന്നും വരുന്ന
ഭീം ഭീം ശബ്ദം വ്യക്തമായി കേൾക്കണം
പാത്തോസ് പശ്ചാത്തലം മറക്കണ്ടാ.
നിർത്ത്...
അവിടെ ബീപ് ശബ്ദം മതി
കലി തുള്ളി ആമ്പുലൻസ് ഡ്രൈവർ,
പിന്നാലെയെത്തിയ കോസ്റ്റ്യൂമർ
ഒരു വെള്ളമുണ്ട് ആ മുത്തശ്ശിയെ
പുതപ്പിക്കുന്നു.
കട് ...
ഓകെ.
പായ്ക്കപ്പ്...
=========================CNKumar