മരിച്ചവരുടെ മുറി
മരിച്ചവരുടെ മുറി
ഓർമകളുടെ ഒളിത്താവളമാണ്.
മുറിയിലേക്ക് അതിക്രമിച്ചു കടക്കുന്നവർ
ഓർമകളുടെ കഠിന തടവിൽപ്പെടും.
പിന്നെ മരിച്ചവരോടുള്ള
കുറ്റബോധത്താൽ സങ്കടപ്പെടും.
അപ്പോൾ,
ഓർമകൾ ശിക്ഷ ഇളവു ചെയ്യും.
എങ്കിലും ഉള്ളകങ്ങളിൽ എവിടെ നിന്നോ
ഒരു തേങ്ങൽ, ചുടുനിശ്വാസം,
മുറിക്കുള്ളിൽ പടരും.
മരിച്ചവരുടെ മുറി
സഫലമാകാത്ത സ്വപ്നങ്ങളുടെ
തരിശുനിലമാണ്.
മുളയ്ക്കാതെയും തളിർക്കാതെയും
ഒടുങ്ങിപ്പോയ സ്വപ്നങ്ങളുടെ
അന്തകവിത്തുകൾ ഇവിടെ
കൂട്ടിയിട്ടിട്ടുണ്ടാകും.
ആരുടേയും പരിചരണങ്ങൾ കിട്ടാതെ
കൂമ്പടഞ്ഞു പോയ പ്രതീക്ഷകൾ
ചീഞ്ഞളിയുന്നുണ്ടാകാം.
മരിച്ചവരുടെ മുറി
അനന്തമായ പ്രണയത്തിൻ്റെ
സ്മാരകമാണ്.
ദിനരാത്രങ്ങൾ
ഇണയെക്കാത്തിരുന്ന വിരഹത്തിൻ്റെ
മധുരം കിനിയുന്ന പരിണാമങ്ങൾ,
ആവേശപ്പുണരലിൻ്റെ ശീൽക്കാരങ്ങൾ
രതിമൂർച്ചയുടെ സ്വർഗവാതിൽപ്പക്ഷികൾ
ചിറകടിച്ചു പറക്കുന്നുണ്ടാകും.
മരിച്ചവരുടെ മുറി
വേവലാതികളും നഷ്ടബോധങ്ങളും
ഇരമ്പിയാർക്കുന്ന കടലാണ്.
മകനെയും മകളെയും
പ്രീയപ്പെട്ടവരേയും കുറിച്ചുള്ള
ഉൽക്കണ്ഠ തിരകളായി
തിളച്ചുമറിയുന്നുണ്ടാകും.
മരിച്ചവരുടെ മുറി
പേമാരി പെയ്തിറങ്ങുന്ന
മഴത്താഴ്വാരാമാണ്.
അവിടെ,
പ്രിയപ്പെട്ടവർക്കു വേണ്ടി
അവർ കാണാതെ പെയ്തിറങ്ങുന്ന
കണ്ണീർ മേഘങ്ങൾ ഘനീഭവിച്ചു
നിൽക്കുന്നുണ്ടാകാം.
ഉപ്പു കാറ്റിൻ്റെ അകമ്പടിയും
മേഘവിസ്ഫോടനവും
ഇപ്പോഴുമുണ്ടാകാം.
മരിച്ചവരുടെ മുറി
പ്രവചനാതീതമായ ഒരു ലോകമാണ്.
കാലാവസ്ഥാ മുന്നറിയിപ്പു പോലെ,
എന്തും സംഭവിക്കാം.
============================== CNKumar.