Saturday, September 4, 2021

ഭാരതിമുത്തിയുടെ ഭാഗം

ഭാരതിമുത്തിയുടെ ഭാഗം


മൂപ്പിളമത്തർക്കം പരിഹരിക്കാൻ

തറവാട് രണ്ടായി വെട്ടിപ്പകുത്തപ്പോൾ

കിട്ടിയതാണ് ഭാരതിമുത്തിക്ക്

ഇന്ന് കാണുന്ന പുരയിടം.


ഭാരതിമുത്തി തനിയ്ക്കു കിട്ടിയ വീട്ടിൽ

അന്നു മുതൽ ഒരു അനാഥാലയം തുറന്നു

അവിടുത്തെ അന്തേവാസികളെയെല്ലാം

സ്വന്തം മക്കളെപ്പോലെ പോറ്റി വളർത്തി.

അവരെത്തന്നെ അതിൻ്റെ ഉത്തരവാദിത്തങ്ങൾ

ഏൽപ്പിച്ച് കാരണവത്തിയുടെ സ്ഥാനത്തിരുന്നു.


മൂപ്പുമുറയനുസരിച്ച് ഓരോരുത്തരായി

അനാഥാലയത്തിൻ്റെ നേതൃത്വമേറ്റു.

ആദ്യകാലത്തെ ചുമതലക്കാർ

അവരാലാവുംവിധം നോക്കി.

കൃഷിയും മറ്റുമൊക്കെ നന്നായി ചെയ്തു

സമ്പാദ്യപ്പെട്ടി നിറയ്ക്കാൻ ശ്രമിച്ചു.

എന്നിട്ടും അന്തേവാസികൾക്ക് നന്നായി

ഭക്ഷണമോ ഉടുതുണികളോ 

കൊടുക്കാൻ കഴിഞ്ഞില്ല.


ഇപ്പോൾ രാമോരൻ കൊച്ചാട്ടനാണ്

പ്രധാന കാര്യദർശി

പതിനഞ്ചാം വയസിൽ വീടും നാടും വിട്ട്

ഭാരതി മുത്തിയോടൊപ്പം കൂടിയതാണ്

ഭരണമേറ്റതിൽ പിന്നെ

രാമോരൻ കൊച്ചാട്ടൻ ആളാകെ മാറി

പളുപളുത്ത  കുപ്പായങ്ങളിട്ടു,

ചമയക്കാരെ വച്ച് അഴകിയ രാവണനെപ്പോലെ അണിഞ്ഞൊരുങ്ങി

പ്ലിമത്ത് കാറിൽ ചുറ്റിക്കറങ്ങി

ധനികൻമാരുടെ നിശാക്ലബ്ബുകളിൽ

കുടിച്ചു കൂത്താടി

അനാഥാലയത്തിൻ്റെ സമ്പാദ്യമെല്ലാം

നശിപ്പിച്ചു നാറാണക്കല്ലു തോണ്ടി.


ഭാരതി മുത്തിയുടെ പേരിലുള്ള

എട്ടുകെട്ടും എടക്കെട്ടുമെല്ലാം

ഓരോന്നായി പൊളിച്ചു വിറ്റു

പുട്ടടിച്ചു കൊണ്ടിരിയ്ക്കുന്നു.


എന്നാലും കൊച്ചാട്ടൻ 

ചിരിച്ചു കൊണ്ടു പറയും

ഞാനെത്ര ഗംഭിരമായാണ് ഇത് നടത്തുന്നതെന്നോ !!

ഓശാനക്കാർ തല കുലുക്കി

പിന്നെ പിന്നെയെന്നു പ്രശംസിക്കും.

അവർക്കെല്ലാം കൊച്ചാട്ടൻ

വാരിക്കോരിദാനം ചെയ്യും.


ഇപ്പോൾ ഭൂമിയും ഇച്ചിരിച്ചെ

മുറിച്ചു വില്ക്കാൻ തൊടങ്ങി.

ഞങ്ങൾ കുട്ടികൾക്ക് ഇതെല്ലാം

കാണുമ്പോൾ ഉള്ളിൻ്റെയുള്ളിലൊരാന്തലാണ്

ഇനി എന്നാണ്‌ ഭാരതിമുത്തിയെ

വേറെയൊരു ശരണാലയത്തിൽ

രാമോരൻ കൊച്ചാട്ടൻ നട തള്ളുന്നത്.

ഓർക്കുമ്പം സഹിക്കാൻ വയ്യായേയെന്ന്

ഒച്ചവെച്ച് ഞങ്ങള് തൊള്ളയിടുമെപ്പഴും.

=========================CNKumar.




No comments: