വഴിക്കണക്കുകള്‍
ഈ വഴികള്‍ക്ക്
പൂര്‍ണവിരാമമില്ലെന്നു
നീ പറയുമ്പോള്‍
നിന്റെ സഞ്ചാരത്തിന്റെ
സ്ഥിതിവിവരങ്ങള്‍
എനിയ്ക്കജ്ഞാതം.
വഴികള്‍,
ദൂരമാപിനികളെപ്പോലെ
വശങ്ങളിലേയ്ക്ക്
ഋജുരേഖാങ്കങ്ങളായും
കാലങ്ങളുടെ
ഇണക്കുകണ്ണികളായും
അവതരിയ്ക്കുമെന്ന
വെളിപാടുവാക്യങ്ങള്‍
ഏതെഴുത്തോലയുടെ
സന്തതിയാണ്?
വിതയ്ക്കാതെയും
കൊയ്യാതെയും
കൂട്ടിവയ്ക്കാതെയും
നീ പറന്നാസ്വദിയ്ക്കുമ്പോള്‍
ഞാനീ വയലിറമ്പിലെ
കുഞ്ഞുതവളകള്‍ക്കൊപ്പം
വിതയ്ക്കു കാവലായിരുന്നു.
ചീഞ്ഞഇലകളില്‍
വരയ്ക്കെപ്പെട്ട
വഴികളുടെ രേഖാശാസ്ത്രം,
കാര്‍മേഘചാര്‍ത്തില്‍
തെളിയുന്നത്
തണുത്തയടുപ്പുകളില്‍
ചുരുണ്ടുറങ്ങുന്ന
കരിമ്പൂച്ചകളുടെ
പ്രതിച്ഛായകള്‍.
കൊറ്റികള്‍ കണ്ണടച്ച് പറയുന്നത്
കാഴ്ചയില്‍ തെളിയാത്ത
കടക്കെണികളില്‍
ഹോമിയ്ക്കപ്പെട്ട
ജീവിതങ്ങളുടെ
തിരുശേഷിപ്പുകളെക്കുറിച്ചു മാത്രം .
കാറ്റില്‍ കുരുങ്ങി നിലംപൊത്തിയ
ഇലകള്‍ എന്തിനാണ് കരയുന്നത്?
കാണാമറയത്തെവിടെയോ ഉയരുന്ന
കരിയിലപ്പുള്ളിന്റെ ചിലമ്പിയ്ക്കുന്ന
കരച്ചില്‍ എന്റെ നെഞ്ചില്‍ നിന്നാണോ?
കെട്ടുപിണഞ്ഞ
വഴിഞരമ്പുകളില്‍ ഒഴുകുന്നത്
അനാഥമാകുന്ന ബാല്യങ്ങളുടെ
നിലവിളികളും തീപടരുന്ന
ആമാശയത്തിന്റെ മുഴക്കങ്ങളും.
വഴികളിലെല്ലാം ഗതികെട്ട
ആത്മാക്കളുടെ ഘോഷയാത്രയാണ്.
കാലത്തിനും
കതിരണിയാത്ത മോഹങ്ങള്‍ക്കും
ഇനി സ്മാരകങ്ങള്‍ തീര്‍ക്കാന്‍
ഞാന്‍ മാത്രം;
ഒരു തുണ്ട് മണ്ണ്,
ചീന്തിയെറിഞ്ഞതില്‍ നിന്നും
ഒരു ജീവിതച്ചിന്ത്,
ഒരു നിലപാട് തറ,
അതിപ്പോഴുമൊരു
മരീചിക പോലെ
എന്നില്‍ നിന്നും
കാതങ്ങള്‍ ദൂരത്തില്‍ തന്നെ.
==============================CNKumar.
a creation of shri.N S Mony,Mulavana. |
1 comment:
വായിച്ചു. നല്ല കവിത. ആശംസകള്‍ ...
Post a Comment