Monday, April 30, 2012

തെരുവ്

തെരുവ്


കടല്‍ തിളയ്ക്കും  കണ്ണുകള്‍,
ഉടല്‍ പൊളിയ്ക്കും വാക്കുകള്‍,‍
വിറങ്ങലിയ്ക്കും വാര്‍ത്തകള്‍,
മറവിലൂടൊളിച്ചെത്തും  മൃതിച്ചെത്തം.
മോഹജാലം കാട്ടിയെത്തും
തെരുവ് നല്ലൊരു മാന്ത്രികന്‍.

പരിഭവക്കൊതി,പരിചയിച്ചോരു 
കാറ്റിനിപ്പോള്‍ പനിച്ചൂട്.
നെഞ്ചകത്തൊരു കരിയടുപ്പിന്‍
കനലാളും ചിതയെരിച്ചും
നിലാവിന്റെ നീര്‍പ്പുടവയഴിച്ചെറിഞ്ഞും
വഴിവിളക്കുകള്‍   തെറിവിളിയ്ക്കും
തെരുവ് ഗൂഡം ചിരിയ്ക്കുന്നു.

എത്ര കുട്ടികള്‍, നാഥനില്ലാ ജാഥകള്‍,
എത്ര തരുണികള്‍, താലിയറ്റ ശരണാര്‍ഥികള്‍.
മടിക്കുത്തില്‍ പിടിമുറുക്കിയ സദാചാരികള്‍ 
കിളുന്നു മാംസം തേടിയെത്തിയ പേയ്നായ്ക്കള്‍ 
സാക്ഷി മൊഴിയാന്‍ വാക്കു പോരാ,
തെരുവിനിപ്പോള്‍ മൌനനോമ്പ്.

അന്ധനായൊരു ദൃക്സാക്ഷി,
വെന്തകണ്ണിന്‍ നൊമ്പരങ്ങള്‍
മണ്ണിലാഴും കുരുതിരക്തം
നിരനിരയായ് വാള്‍ത്തലപ്പിന്‍ തിളക്കങ്ങള്‍
പകച്ചൂരുകള്‍ പുകഞ്ഞുയരും
തെരുവിലിപ്പോള്‍ തേടുന്നു മാനവത്വം.
ഭീതിചെണ്ടകള്‍ പാണ്ടിമേളം
കൈബോംബുകള്‍ വിഷുപ്പടക്കം
തോര്ച്ചയില്ലാ രോദനങ്ങള്‍
തെരുവിപ്പോള്‍ കൊടുംഭ്രാന്തന്‍.
===============================CNKumar.

1 comment:

Yoonus Tholikkal said...

എത്ര കുട്ടികള്‍, നാഥനില്ലാ ജാഥകള്‍,
എത്ര തരുണികള്‍, താലിയറ്റ ശരണാര്‍ഥികള്‍.
മടിക്കുത്തില്‍ പിടിമുറുക്കിയ സദാചാരികള്‍
കിളുന്നു മാംസം തേടിയെത്തിയ പേയ്നായ്ക്കള്‍
സാക്ഷി മൊഴിയാന്‍ വാക്കു പോരാ,........

തെരുവിനൊരു നീളന്‍നാവ്! നന്നായി ബോധിച്ചു!