പ്രകാശാത്മന്റെ വചനസാക് ഷ്യം
വഴികളില്‍ ഇപ്പോഴും ഇരുട്ട് തന്നെ.
പ്രിയസ്നേഹിതാ,
നിന്റെ തൂലികയില്‍ നിന്നും
ജന്മമെടുത്തതില്‍ പിന്നെ
എത്ര കാതം നടന്നുവെന്നറിയില്ല.
വാളും ചിലമ്പും കലിതുള്ളുന്ന
കാവുകളില്‍ ഉറഞ്ഞുയരുന്ന കോമരപ്പേച്ചുകള്‍,
ജിഹാദുകളുടേയും കുരിശേറ്റങ്ങളുടെയും
പെരുമ്പറമുഴക്കങ്ങള്‍ ദിഗന്തങ്ങള്‍ ഭേദിച്ച്
ഏത് കണ്ണിലൂടെയാണ് എന്നിലേയ്ക്ക്
സംക്രമിയ്ക്കുന്നത് ?
ഒരു തുണ്ട് കയറില്‍ പിടഞ്ഞു
നീ പടിയിറങ്ങിയപ്പോള്‍
എനിയ്ക്കൊരോസ്യത്തു കുറിയ്ക്കാന്‍
മറന്നത് എത്ര നന്നായി,
അതിനാല്‍ എന്റെ സഞ്ചാരപഥങ്ങളില്‍
ഇപ്പോഴും പുഴുജന്മങ്ങളുടെ
പിരാക്ക് ശുശ്രൂഷയും
ഉട്ടോപ്യന്‍ വേദപ്രഘോഷണവും
വാഹനക്കാഴ്ചകളായിത്തെളിയുന്നു.
എഴുത്തുവഴികളില്‍
വാക്ക് പിണങ്ങി നില്‍ക്കുമ്പോള്‍
പിന്നില്‍ മുറജപം പോലെ
വാമഭാഗശകാരം,
ധ്യാനത്തിന്റേയും മനനത്തിന്റേയും
സ്വച്ഛഭാഷണങ്ങള്‍ക്ക് അപമൃത്യു.
എവിടെ നിന്നാണ് ഒരുപിടിയുപ്പു വാങ്ങുന്നത്?
വിലാപങ്ങളില്ലാത്ത വീടുകളും
കരുണ ജപ്തി ചെയ്യാത്ത മനസ്സുകളും
ഇനിയും കണ്ടെത്തിയില്ല.
വഴിയമ്പലങ്ങളില്‍,
ഇപ്പോള്‍ കാമചരിതപദങ്ങള്‍
ചൊല്ലിയാടുന്ന കത്തിവേഷങ്ങള്‍,
അണിയറയില്‍, രേതസ്സില്‍ മുങ്ങിപ്പോയ
സ്ത്രീവേഷത്തിന്‍ നേര്‍ത്ത തേങ്ങലുകള്‍,
പിണ്ഡമൂട്ടി പടിയടച്ച വൃദ്ധജന്മങ്ങളുടെ
മഴതിമിര്‍ക്കുന്ന കണ്ണുകള്‍,
ഇനി ഭ്രാന്തിലേയ്ക്ക് നടക്കാനുള്ള ദൂരം മാത്രമോ?
അജയ്യനാകാന്‍ പിറന്നു
പരാജയത്തിലേയ്ക്ക് അശ്വമേധം നടത്തി
പടിയിറങ്ങിയ നീ, കണ്ടതൊക്കെയും
കണ്ണുനീറുന്ന കാഴ്ചകളും
വാക്ക് വറ്റിയ വാര്‍ത്തകളുമാണെന്ന
സൂര്യവെളിച്ചത്തില്‍ ഇപ്പോഴും
കല്ലുരുട്ടിയെത്തിയില്ലല്ലോ.
നാവിനും കണ്ണിനും പ്രവത്തനവിലക്കിന്റെ
തീട്ടൂര മുള്ളതിനാല്‍ വാര്‍ത്തകളിലെല്ലാം
കിനിയുന്നത് മധുരവും മണവും.
ആരും ഉത്തരനായാട്ടു നടത്തരുത്,
ചോദ്യശരം തൊടുക്കുന്ന തലച്ചോറുകള്‍
ലഹരി നുകര്‍ന്നു മയക്കത്തിലാണ്.
ഇരുട്ടു നിറച്ച ധമനികളില്‍
മണ്‍ചെരാതുകള്‍ പൂക്കുമ്പോള്‍
അവിടെ നിന്നാകട്ടെ ഒരു പിടിയുപ്പ്.
പ്രകാശാത്മന്‍* നടക്കുകയാണ്
വഴികളില്‍ ഇപ്പോഴും ഇരുട്ട് തന്നെ.
------------------------------------------------------------------
* അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രസിദ്ധ നാടകകൃത്ത് കല്ലട, ടി പി അജയന്‍റെ
"പ്രകാശാത്മന്റെ വര്‍ത്തമാനം" എന്ന നാടകത്തിലെ മുഖ്യ കഥാപാത്രം.
=================================CNKumar .
No comments:
Post a Comment