പറഞ്ഞറിയാത്ത അകലങ്ങള്‍
കവുങ്ങിന്‍ പാളയില്‍
നിന്നെയിരുത്തി വലിച്ചകാലം
തൊടിയിലെ വണ്ണാത്തിപുള്ളുകള്‍
കണ്ണുവച്ച് പറഞ്ഞത്
നമ്മളാണ് നല്ലയിണകളെന്നു.
നാട്ടുവഴിയിലെ കൈതകള്‍
പൂവിടര്‍ത്തി കാത്തുനിന്നത്
നിന്റെ നുണക്കുഴിയില്‍
പൂവിട്ട നാണത്തെ കണ്ടായിരുന്നു.
ഈ സായന്തനത്തില്‍,
പിരിയാതെ നില്‍ക്കുന്ന
ഒര്മച്ചരടില്‍ കൊരുത്തിട്ട നിനവുകള്‍
വിരഹ വിളക്ക് കൊളുത്തി
നിന്നിലേയ്ക്കുള്ള ചിന്തകള്‍
തൊടുക്കുമ്പോള്‍,
ആരവങ്ങള്ക്കിടയില്‍
അമര്‍ന്നു പോയ ഒച്ചകള്‍
ഏതു കല്ലച്ചിലെ അക്ഷരങ്ങളെയാണ്
ഉരുവപ്പെടുത്തെണ്ടത്?
കിനാവല്ലികളില്‍ കുരുങ്ങിപ്പോയ
ചിത്രനേത്രങ്ങള്‍ തുറന്നജാലകത്തില്‍
കനച്ചകാഴ്ചകളില്‍ പിടയുന്ന
രജതമേഘങ്ങള്‍,
ആരുടെ സ്വാന്ത്വനമാണ് കൊതിയ്ക്കുന്നത്?
വഴിയോരത്തെ വാതംപിടിച്ച
സിമെന്റു ബഞ്ചില്‍ തലകുമ്പിട്ടു
വിശ്രമിയ്ക്കുന്ന ഗുല്‍മോഹറിന്റെ
നിഴല്മെത്തയില്‍ ഞാനിരിയ്ക്കുമ്പോള്‍
കാറ്റും കരീലക്കിളികളും കലപില
കൂട്ടുന്ന പോക്കുവെയില്‍ ചില്ലയില്‍
വഴിമറന്ന വസന്തത്തിന്റെ കാലൊച്ചകള്‍
ശ്രവണപരിധിയിലെത്താതെയാകുമ്പോള്‍
ഏതു കണ്ണില്‍ നിന്നാണ് തിരുശേഷിപ്പായി
ഇത്തിരി കണ്ണീര്‍ പൊടിയുന്നത്?
=====================================CNKumar.
മുളവന എന്‍ എസ് മണിയുടെ രചന |
No comments:
Post a Comment