വൈകിയെത്തുന്ന വണ്ടികള്‍
പാതി മിഴി തുറന്നു നീ
കാണുന്നതേതു കാഴ്ചകള്‍,
രാവറുതിയോളമീ
തെരുവിതില്‍കാവലായ്
നില്‍ക്കുന്ന ഭീതികള്‍
നെഞ്ചില്‍ കനച്ചു പടരുന്ന
നേരവുംമിഴി പാതി പൂട്ടാന്‍ മറന്നു നീ.
പറയാതെ പറയുന്നു
നിന്റെ പരിഭവം പെയ്യുന്ന കണ്ണുകള്‍
നൂറു ചോദ്യങ്ങളില്‍ അടയിരിയ്ക്കുന്നെന്റെ
മറുവാക്ക് മൌനം പുതച്ചു.
നഖമുനകളാഴ്ത്തിയെന്‍
നെഞ്ചു പിളര്‍ക്കുന്നു കാഴ്ചകള്‍
നിലവിളിപ്പെയ്ത്തുകള്‍,
നിദ്രകള്‍ ചുരം കേറി
മറഞ്ഞൊരാ രാവുകള്‍.
ജീവനില്‍ ജീവന്റെ സര്‍വ്വാധിപത്യപ്രകടനം
പകല്‍ വെളിച്ചത്തിലെ മാന്യശൃംഗങ്ങള്‍.,
പകുത്തു നല്കാനിനി
സ്വപ്നങ്ങള്‍ പോലും
നിലത്തു കാല്‍
ചവിട്ടാനൊരു നുള്ള് മണ്ണും.
ആരോ കുരുക്കിയ കയറിലെന്‍
കുരലു പിടയുന്നു,
മടവീണ മോഹങ്ങള്‍
കണ്ണില്‍, നീയിപ്പോള്‍
കറുത്ത കണ്ണട വച്ചതും
കാല്നടയ്ക്കു പോകാതെ
യാത്രയൊക്കെ വണ്ടിയിലാക്കിയതും
അല്‍ഷിമേഴ്സ് ബാധിച്ച
തത്വശാസ്ത്രത്തിന്റെ സംഭാവന.
പുകപ്പുരയില്‍ നീര്‍വാര്‍ന്നു
ശുഷ്കമായിത്തീരുന്ന മനുജത്വം,
നിന്റെതെല്ലാം കവര്‍ന്നു
എന്റേതെന്ന സകര്‍മ്മകക്രിയയില്‍
അഭയം തേടുമ്പോള്‍,
നയിയ്ക്കപ്പെടാത്ത ആട്ടിന്പറ്റങ്ങള്‍
താഴ്വരകളില്‍,
തമ്മിലറിയാതെ,
കൊമ്പുകോര്‍ത്ത്
പിടഞ്ഞു വീഴുമ്പോള്‍
എവിടെ എന്റെ മുത്തിയുടെ
കാല്‍പ്പെട്ടിയും ചെല്ലവും.
===============================CNKumar.
മുളവന എന്‍ എസ് മണിയുടെ രചന |
No comments:
Post a Comment