Saturday, October 5, 2013

കിടങ്ങുകള്‍



കിടങ്ങുകള്‍


കിടങ്ങുകള്‍ കുഴിച്ചു
കാത്തിരുന്നതു വന്യമൃഗങ്ങള്‍
കടക്കാതിരിയ്ക്കാന്‍ ആയിരുന്നു.
ആഴംകുറഞ്ഞ കിടങ്ങുകള്‍
ചാടിക്കടക്കാന്‍ പരിശീലിച്ച
കാട്ടുമൃഗങ്ങള്‍ നാട്ടില്‍ വിഹരിയ്ക്കുന്നു.
മൂപ്പെത്താത്ത വിളകള്‍ കയ്യേറി
വിളവെടുക്കാന്‍ അവയ്ക്കേറെ മിടുക്കാണ്.
കര്‍ഷക മുത്തന്മാരുടെ തോട്ടകളെ പേടിച്ചു
പണ്ടുകാലങ്ങളില്‍ അവ നാടിറങ്ങുമായിരുന്നില്ല.
ഇപ്പോള്‍ തോട്ടകള്‍ക്ക് പഴയവീര്യമില്ല,
നിര്‍മാണത്തിലെ അപക്വത തന്നെ കാരണം.

കിടങ്ങുകള്‍ അഭയമാണ്.
കീഴടങ്ങാന്‍ മടിയ്ക്കുന്ന ജീവിതത്തിന്റെ വേരുകള്‍
നീരാഴങ്ങള്‍ തേടുന്ന നിശാനിശബ്ദതയില്‍
മരുനീരുറവ പോലെ കയ്യെത്താദൂരം
മായക്കാഴ്ചയായി നീങ്ങുമ്പോള്‍
കിടങ്ങുകള്‍ മാത്രം നെഞ്ചോട്‌ ചേര്‍ത്തണച്ചു
കാവല്‍ മാലാഖയെപ്പോലെ എപ്പോഴും.

കിടങ്ങുകള്‍ക്ക് ഒരു മനസുണ്ട്
പതിവായി തേങ്ങുന്ന മനസ്‌
കിടങ്ങ് ചാടിക്കടന്നു നാട്ടിലെത്തുന്ന
കാട്ടുമൃഗങ്ങളുടെ ചെയ്തികളില്‍ വെന്തുനീറുന്ന മനസ്‌.
കിളുന്നു മാംസത്തിനു കൊതിപിടിച്ചു നടക്കുന്ന
കാട്ടുമൃഗങ്ങളുടെ ഘോഷയാത്രയില്‍
നാടാകെ ശബ്ദായമാനമാണ്.
ഈ കലപിലകള്‍ എന്നാണു നിലയ്ക്കുന്നതു?
ഭീതിപരത്തുന്ന വാര്‍ത്തകള്‍ വിളമ്പി
തൃപ്തി വരാതെ ചാനലമ്മായിമാര്‍
അപ്പങ്ങളെമ്പാടും മത്സരിച്ചു
ചുട്ടുകൂട്ടുന്ന തിരക്കിലാണ് നാമിപ്പോളകപ്പെട്ടത്.

കിടങ്ങുകള്‍ക്ക് മുമ്പൊക്കെ നല്ല ആഴമുണ്ടായിരുന്നു.
മുത്തച്ഛന്മാര്‍ ഓരോ വേനലിലും പതിവായി
അവയുടെ ആഴം കൂട്ടുകയോ പുതുക്കുകയോ ചെയ്തിരുന്നു.


അച്ഛന്റെ കാലശേഷം അലസന്മാരായ ഞങ്ങള്‍
ആവഴിയ്ക്ക് തിരിഞ്ഞുപോലും നോക്കിയില്ല.
വിയര്‍പ്പു കൊണ്ടു അപ്പം ഭക്ഷിയ്ക്കുന്ന ശീലം
ഞങ്ങള്‍ ഉപേക്ഷിച്ചു, അന്യന്റെ അപ്പം പിടിച്ചെടുത്തു
തീന്മേശമേല്‍ വിളമ്പി, മാന്യത നടിച്ചു, അങ്ങനെ ഓരോ
പുത്തന്‍ തലമുറ ജീവിതങ്ങള്‍......

ഇപ്പോള്‍ കുട്ടികള്‍ അവരുടെ വേരുകള്‍ തെരയുന്നു
കിടങ്ങുകളില്‍ നിധിയുണ്ടെന്നും
ആ നിധികള്‍ കുഴിച്ചെടുക്കാന്‍ 
അവര്‍ തൂമ്പയുമെടുത്തു
കിടങ്ങുകള്‍ കുഴിച്ചു തുടങ്ങി
കിടങ്ങുകളുടെ ആഴം അങ്ങനെയെങ്കിലും കൂടട്ടെ.
ആഴം കൂടിയ കിടങ്ങുകള്‍ 
വീടിന്‍റെ സംരക്ഷകരാണെന്നും
കുട്ടികളെങ്കിലും ആ വീടിനുള്ളില്‍ സുഖമായി
ഉറങ്ങിയുണരുമെന്നും ആശിയ്ക്കാം.

==================================CNKumar.

A creation of atist Mulavana NS Mony

No comments: