Saturday, November 16, 2019

അമ്മുവിൻറെ പാവക്കുട്ടികൾ


അമ്മുവിൻറെ പാവക്കുട്ടികൾ 

അമ്മു 
പൂമ്പാറ്റയെപ്പോലെ 
പള്ളിക്കൂടമാകെ ഓടിനടക്കുന്നവൾ.
കല പിലെ യെന്ന് ഒച്ച വയ്ക്കുന്നവൾ  
പഠിയ്ക്കാൻ മിടുക്കി 
ടീച്ചറിന്റെ എല്ലാ ചോദ്യങ്ങൾക്കും 
കൃത്യമായി ഉത്തരം നൽകുന്നവൾ.
കൂട്ടുകാർക്കെല്ലാം കണ്ണിലുണ്ണി.
അസംബ്ലിയ്ക്കു  വരി നിൽക്കുമ്പോൾ  
മിക്ക ദിവസങ്ങളിലും കുഴഞ്ഞു വീഴാറുള്ളവൾ.
കൂട്ടുകാർ നൽകുന്ന മിട്ടായിത്തുണ്ടുകൾ 
കൊതിയോടെ നൊട്ടി നുണയുന്നവൾ.

എങ്കിലും 
അമ്മുവിന് ചില ചിട്ടകളുണ്ട്.
അച്ഛന്റെ ഉമ്മ കിട്ടിയാലേ ഉറക്കമുണരൂ.
കുളിച്ചുവരുമ്പോൾ തനിയെ
കണ്ണെഴുതി പൊട്ടുകുത്തും.
തനിയ്ക്കും പാവക്കുട്ടികൾക്കും 
അമ്മ മുടി പിന്നിക്കൊടുക്കണം
മണ്ണെണ്ണ വിളക്കിന്റെ കാവലിൽ 
ഗൃഹപാഠം ചെയ്യുമ്പോൾ 
അമ്മ തന്നെ കൂട്ടിരിയ്ക്കണം.
ചേച്ചി യെക്കെട്ടിപ്പിടിച്ചുറങ്ങണം.

ഇപ്പോൾ 
കുറച്ചു നാളായി  അമ്മു 
ഓടിക്കളിക്കാറില്ല,ഒച്ച വയ്ക്കാറില്ല
ഉച്ചച്ചോറു വാങ്ങാൻ വരിനിൽക്കാറില്ല.
പാവക്കുട്ടികൾക്കു  പൊട്ടുകുത്താറില്ല.
അച്ഛനുമമ്മയും കാലത്തേ 
പണിയ്ക്കു പോകുമ്പോൾ 
ഉമ്മ കൊടുക്കാറില്ല.

പിന്നയോ 
ഒറ്റയ്ക്കിരുന്നു കരയാറുണ്ട് 
കൂട്ടുകാരോട് പിണങ്ങാറുണ്ട് 
തെക്കേയതിരിൽ കുഴിച്ചിട്ട 
ചേച്ചിയുടെ  അടിയുടുപ്പുകൾ 
കീറിയതെങ്ങനെയെന്നു ആലോചിയ്ക്കാറുണ്ട്.
രാത്രിയിൽ അച്ഛന്റെ കൂട്ടുകാർ വരുമ്പോൾ 
ഒറ്റമുറി വീടിന്റെ  ഇരുണ്ട മൂലയിൽ 
ഒളിയ്ക്കാറുണ്ട്.

ഇന്ന് 
ടീച്ചറും കുട്ടികളും കറുത്ത ശീലയും കുത്തി 
എങ്ങോട്ടാണ് പോകുന്നത്?
അമ്മുവിനെ കൂട്ടത്തിൽ 
കാണാത്തതെന്താണ്?
; അവർ അമ്മുവിൻറെ 
ഒറ്റമുറി വീട്ടിലേക്കാണല്ലോ.
മുറ്റത്തെ മരപ്പലകയിൽ 
അമ്മു വെള്ള പുതച്ചുറങ്ങുകയാണ്.
അമ്മയ്ക്കിനി ഗൃഹപാഠം ചെയ്യാൻ 
കൂട്ടിരിയ്ക്കേണ്ട.
മുടി പിന്നി ക്കൊടുക്കണ്ടാ.

മുറ്റത്തു കിടക്കുന്ന പാവക്കുട്ടികൾ 
ആരെയാണ് തെരയുന്നത്‌?
ചാവടക്കിനു കുഴിവെട്ടുന്ന അച്ഛന്റെ കൂട്ടുകാരെ,
അമ്മുവിനെ തൂക്കിലേറ്റിയവരേ
ഇപ്പോൾ, ആ കണ്ണുകൾ എന്റെ നേർക്കും 
വരികയാണല്ലോ.
=========================CNKumar .



Wednesday, January 23, 2019

ചിലവഴികളിലൂടെ നടക്കുമ്പോൾ

ചിലവഴികളിലൂടെ നടക്കുമ്പോൾ

ചാറ്റൽമഴ കഴിഞ്ഞ
പുലർകാലം
നാട്ടുവഴിയിലൂടെ
പതിവു നടത്തം.
പുലരിയ്ക്കു മ്ലാനത.
കിളികൾ
പതിവുപോലെ ചിലച്ചു പറക്കുന്നില്ല.
മരച്ചില്ലയിലൂടെ പാഞ്ഞു വന്നു
സുഖവിവരം ചോദിയ്ക്കുന്ന 
അണ്ണാറക്കണ്ണൻ ഇന്ന് 
അവധിയിലാകും. 
നടക്കാനിറങ്ങുമ്പോൾ
അടുക്കളയിൽ നിന്നൊരു 
പിൻവിളിയുണ്ടായിരുന്നു,
പുതുമണ്ണിന്റെ മണമുണ്ട്
വഴിയിൽ ഇഴജന്തുക്കൾ 
കിടപ്പുണ്ടാകും
ശകുനം മുടക്കിയ മൊഴികളല്ലേ
നിലത്തു നോക്കി നടന്നേക്കാം.

നനഞ്ഞ മണ്ണിൽ എനിയ്ക്കു 
മുന്നേ പോയവരുടെ കാൽപ്പാടുകൾ
പട്ടിയും പൂച്ചയുമൊക്കെ
തലങ്ങും വിലങ്ങും പോയിട്ടുണ്ട് .
കുറച്ചു മുന്നോട്ടു പോയപ്പോഴാണ്‌
വളരെ വ്യത്യസ്ഥമായ
രണ്ടു ജോഡി കാല്പാടുകൾ
കണ്ണിൽ കൊണ്ടത്
വിക്രമാദിത്യൻ കഥയിലെ
കാല്പാടുകൾ പോലെ
അപ്പോൾ എന്റെയുള്ളിൽ
ഞാൻ ചുമക്കുന്ന വേതാളം
പുറത്തേയ്ക്കു വന്നു.

ചെറുതും വലുതുമായ 
കാലടികൾ 
ചെറുത് മനോഹരവും
ലക്ഷണമൊത്തതുമാണ്.
വലുത് പരന്നതും വിണ്ടു കീറി
വിലക്ഷണമായതുമാണ്.
മുന്നോട്ടു നടക്കവേ ഞാൻ,
വിക്രമാദിത്യ കഥയിലെ 
അച്ഛനും മകനുമായി.

എന്നിലെ മകന്
ചെറിയതും ഭംഗിയുള്ളതുമായ
കാല്പാടിനോട് കലശലായ പ്രേമം.
ആഴത്തിൽ പതിഞ്ഞിരുന്ന പാടിന് 
ആഢ്യത്ത്വത്തിന്റെ
അധികാരഗർവ്വിന്റെ ആഴo.

അതങ്ങനെയാണല്ലോ
അല്ലെങ്കിൽ അങ്ങനെആവണമല്ലോ
പലപ്പോഴും സൗന്ദര്യമുള്ള
കാല്പാടുകൾക്ക് പിന്നാലെ 
അനുയാനത്തിന് ആളുകൂടും!

എന്നിലെ അച്ഛൻ 
മൗനത്തിന്റെ മറക്കുടയിൽ
വലിയ വിലക്ഷണപാദത്തെ
പിൻപറ്റി നടന്നു.

മകൻ അച്ഛനെ കുറ്റപ്പെടുത്തി
കാലഹരണപ്പെട്ട കാല്പാടുകൾ
എന്തിന്നു പിന്തുടരണം?
ജീവിക്കാൻ പഠിച്ചിട്ടില്ലാത്തവർ
ഈ കാലത്തിന്റെ ശത്രുക്കളാണ്.

അച്ഛന് മൗനം,
കാല്പാടുകളിൽ മാത്രമാണ്
കണ്ണുകൾ.
അയാൾ ആ കാല്പാടുകളിൽ
ഗവേഷണവിദ്യാർത്ഥിയുടെ
കൗതുകത്തോടെ നോക്കി.
അമർത്തിച്ചവിട്ടാതെ 
പോയതിനാൽ തെളിഞ്ഞും 
തെളിയാതെയും.......
അരികുപറ്റി, ആരുടേയും
കണ്ണിൽപ്പെടാതെ
തീണ്ടാപ്പാട് അകലത്തിലെന്നപോൽ
ചിലതിൽ ചോര പൊടിഞ്ഞ നനവ്....

ഇവിടെ നിന്നും
വഴി രണ്ടായിപ്പിരിയുന്നു.

ചെറിയ പാദം വലത്തേക്ക്
പോയിരിയ്ക്കുന്നത് കാണുന്നു.

അച്ഛൻ ഇടത്തേക്ക് നടന്നു
അത് അവസാനിക്കുന്നത് 
വിളവെടുപ്പു കഴിഞ്ഞ 
പാടങ്ങളിലാണ്.
പലയിടങ്ങളിലായി 
പച്ചത്തലപ്പാവ് വച്ച
ചുവപ്പുകൂനകൾ,
നടന്നടുക്കുമ്പോൾ 
ചീഞ്ഞ ഉള്ളിയുടെ രൂക്ഷഗന്ധം.
കാക്കകളും കഴുകന്മാരും
വട്ടമിട്ട് പറക്കുന്നു,
ഇര കിട്ടിയ സന്തോഷം.
ഉള്ളിക്കൂനകൾക്കിടയിൽ
വിണ്ടുകീറിയ, ചോരയുണങ്ങിയ,
രണ്ടു പാദങ്ങൾ ......
ആകാശത്തേയ്ക്കുയർത്തി
നാട്ടിയ പോലെ
മണ്ണിൽ വേരുകളാഴ്ത്തി.

മകനിപ്പോഴും
വഴിതിരിയുന്ന ആ കവലയിൽ
നിൽക്കുകയാണ് .
=================== CNKumar.








Friday, February 16, 2018

തിണുര്‍പ്പ്

തിണുര്‍പ്പ്

ചിലപ്പോള്‍,
ഒരിയ്ക്കലും വരാനിടയില്ലാത്ത
വെണ്മേഘശലഭങ്ങള്‍ തേടിയുള്ള
യാത്രനേരങ്ങളില്‍ നിറഞ്ഞ
പരാതിയുമായെത്തുന്ന വാക്കുകള്‍
പിണങ്ങി നില്‍ക്കാറുണ്ട്.

വര്‍ത്തമാനങ്ങള്‍ തീര്‍ക്കുന്ന
കാഴ്ച്ചച്ചാകരയില്‍
മുറിവുകളില്‍നിന്നും
ഒഴുകിയെത്തുന്ന
ചോരയുടെ ഗന്ധം നിറച്ച
കാറ്റിന്‍റെ അകമ്പടിയുണ്ടാകും.

മൌനത്തിന്‍റെ വേലിയേറ്റത്തില്‍
കരതകര്‍ന്ന ജീവിതങ്ങളുടെ
ഒഴുക്കുണ്ടാകും.
എപ്പോഴും ചിലയ്ക്കുന്ന
കരിയിലക്കിളികളെ നോക്കൂ
കാറ്റിനും
കാതടപ്പിയ്ക്കുന്ന ഒച്ചകള്‍ക്കും
അവയെ തളര്‍ത്താനാവില്ല.
അതുകൊണ്ടാകും
തെക്കേപ്പറമ്പിലെ
കമ്യൂണിസ്റ്റുപച്ച മാത്രം
ഋതുഭേദങ്ങളേയും
ആക്രമണങ്ങളേയും
അതിജീവിയ്ക്കുന്നത്.

ചിക്കാനും
ചികയാനും നില്‍ക്കാതെ
വരമ്പിലും വയലിലും
ഉതിര്‍ന്നു വീഴുന്ന
വായാടിത്തങ്ങളില്‍
വിശ്വാസമര്പ്പിച്ചു
 ചരിത്രം കാണാതെപോകുന്ന 
കുളക്കോഴിജന്മങ്ങളെപ്പോലെ
അടിമകിടക്കാനാണെങ്കില്‍,

ജീവിതത്തെ വെട്ടിമാറ്റുന്ന
ചതുരംഗക്കള്ളിയില്‍
ചത്തൊടുങ്ങുന്ന
ചാവേറുകള്‍
മണ്ണെത്താദൂരങ്ങളിലലയുമ്പോള്‍
ഇനിയുമാരുടെ
ജീവനുവേണ്ടിയാണ്
ഇരുള്‍ മറയ്ക്കുള്ളിലെ
തുറിച്ച കണ്ണുകള്‍
കാത്തിരിയ്ക്കുന്നത്?

നിറങ്ങളും
ചിഹ്നങ്ങളും പകുത്തു
നിരയൊപ്പിച്ച കൊലക്കണക്കുകള്‍
നീട്ടി വായിയ്ക്കുമ്പോള്‍   
നിറംകെട്ടുപോയ സ്വപ്നങ്ങള്‍
മുറുകെപ്പിടിച്ച
ജീവല്‍ത്തുരുത്തുകള്‍
ഒരുകരയിലുമെത്താതെയുണ്ട്.

മൗനംപുതച്ചുറങ്ങാന്‍
ഗ്രഹണനേരത്തെങ്ങനെ കഴിയും?
അതിനാലാണ് ഞാനെന്റെ
മുറിഞ്ഞ നാവിനാലിപ്പോഴും
പകയൂട്ടുന്നതും
പറഞ്ഞു തിണുര്‍ക്കുന്നതും.
======================CNKumar.

   

Sunday, December 10, 2017

കരുതല്‍



കരുതല്‍

സത്യം തന്നെ, സത്യം തന്നെ
പെരും നുണകൾ ഉച്ചത്തിൽ
വിളിച്ചുകൂവിയാൽ 
വിരൽ മൂക്കിന്മേൽ
കയറിയിരിയ്ക്കും.

കാക്കകളും കുയിലുകളും 
മത്സരിയ്ക്കുന്ന
ആകാശത്തെക്കുറിച്ച്
ആർക്കാണ് നിശ്ചയം?.

മത്സരങ്ങൾക്ക്‌ നിങ്ങൾ
വേദിയൊരുക്കും
ഇരയാരെന്ന് നിശ്ചയിയ്ക്കുമ്പോൾ
നിലവിളിയുയരുന്നത്  കേട്ടില്ലേ
അതു മണ്ണടരുകളിൽ
അലിഞ്ഞു ചേർന്ന
ആത്മാക്കളുടെ
നെഞ്ചകങ്ങളിൽ നിന്നും
പുറപ്പെടുന്നതാകാം.

പടിപ്പുരയിൽ
വഴിക്കണ്ണു തെളിച്ച്
ആധിപിടിച്ച മനസുമായി
ഓരോ അമ്മയും
നിൽക്കുന്നുണ്ടാകും.

ഉറക്കം അടിമയാക്കാൻ
സമ്മതിയ്ക്കാത്ത കണ്ണുമായി
ഒരു താലിച്ചരട് ചുമർ ചാരി
നെടുവീർപ്പിടുന്നുണ്ടാകാം.

വർണ്ണക്കടലാസിൽ പൊതിഞ്ഞ
മിഠായികൾ സ്വപ്നം കണ്ട്
തഴപ്പായുടെ ഓരത്തു
ചക്കരയുമ്മകൾ
ചുരുണ്ടു കിടപ്പുണ്ടാകാം.

പുലരുവോളം നീണ്ടു പോകുന്ന
കാത്തിരിപ്പിന്‍റെ ഉറക്കച്ചടവുകൾ
കരിപിടിച്ച റാന്തൽ ചില്ലുപോലെ
ഭീതി നിഴലിച്ച മുഖങ്ങളുടെ

കടല്‍പ്പെരുക്കങ്ങളില്‍ ആലേഖനം
ചെയ്യപ്പെടുന്ന നിരാശ്രയ നിലവിളികള്‍  
ഏതു കണക്കു പുസ്തകത്തിലാണ്
രേഖപ്പെടുത്തേണ്ടത്?

ഇപ്പോള്‍
ഓരോ പുലരിയും ഉണരുന്നത്
അരിഞ്ഞു വീഴ്ത്തപ്പെട്ട
ജീവന്‍റെ കണക്കെടുപ്പുമായാണ്.
അതാണല്ലോ വാര്‍ത്തകളൊക്കെ
നിറം പിടിച്ച നുണകള്‍
കൊണ്ട് അലങ്കരിയ്ക്കന്നത്.
ചുവപ്പുകണ്ട കാളകള്‍
മുക്രയിട്ടു പാഞ്ഞനടക്കുന്നത്.

കുരിശിലേറ്റാനും കുറ്റപ്പെടുത്താനും
ഇരകള്‍ക്കുവേണ്ടിയുള്ള
പാച്ചിലില്‍ ഞെരിഞ്ഞമരുന്ന സത്യം
നുണകളുടെ പെരുംകളിയാട്ടത്തില്‍
ചൂട്ടുവെട്ടത്തിന്‍റെ വട്ടപ്പരിധിയ്ക്കും
പുറത്താകുകയാണല്ലോ.


മൊഴികളൊതുക്കിയടയിരിയ്ക്കുന്ന
വാക്കുകളുടെ മൗനം ഭയാനകം
ഇരുട്ടിലേയ്ക്കു നയിയ്ക്കപ്പെടുന്ന
ഘോഷയാത്രകള്‍ എത്രയെന്നെണ്ണുവാന്‍
ഒരു കീറുവെളിച്ചമെങ്കിലും കരുതാന്‍
മറക്കാതിരിയ്ക്കാം.
===========================CNKumar.















Wednesday, September 6, 2017

വാക്കുകൾ

വാക്കുകൾ
....................

ചിട്ടയായി അടുക്കി വച്ചാൽ
ആയുധത്തേക്കാൾ
മൂർച്ച കൂടും
അവർ സ്വാതന്ത്ര്യത്തെക്കുറിച്ച്
ഉറക്കെ പറയും
അഴിമതിക്കാരെ
അഴിയ്ക്കുള്ളിലാക്കും

വാക്കുകളുടെ അടുക്കൽ
വശമില്ലാത്തവർ
അടിമകളെപ്പോലെ
മുട്ടുകാലിലിഴയും
യജമാന ഭക്തിയാൽ
വേട്ടക്കാരന്റെ പാദുകങ്ങൾ
നക്കി വെടിപ്പാക്കും.

അക്ഷരങ്ങളുടെ
അരമറിയാത്തവർ
ആയുധത്താൽ
ആധിപത്യം നേടും.

ഭൂമിയിൽ ചോരപ്പാടുകൾ നിറച്ച്
ചില വാക്കുകൾ നമ്മെക്കടന്നു
മനസിലേക്ക് ചേക്കേറും

പക്ഷെ, ഒരുനാൾ
എല്ലാ വാക്കുകളും
ചിട്ടയായി അടുക്കപ്പെടും
അപ്പോൾ അവയൊക്കെ
ആയുധങ്ങൾക്കുമേൽ
അധീശത്വം നേടും

അന്ന്
എല്ലാ മനസുകളിലും
ഓണം പൂത്തു നിറയും
അതുവരേയ്ക്കും
ഞാനടുക്കുന്ന വാക്കുകൾ
എവിടെയാണ് വയ്ക്കേണ്ടത്?

ഇപ്പോൾ ആയുധങ്ങൾ
അടുത്ത ഇരയെത്തേടുന്ന
തിടുക്കത്തിലാണ്
ഭ്രാന്തെടുത്തു പായുകയാണ്

ഒറ്റപ്പെട്ട ചില വാക്കുകൾ
വഴിയരുകിൽ
വീണുപോയിട്ടുണ്ട്
അവയൊക്കെ
ഇനിയാരാണ്
ചിട്ടയായി അടുക്കി വയ്ക്കുന്നത്?
==================== CNKumar.

Sunday, February 12, 2017

ബഞ്ചമിൻ ഫ്രാങ്ക്ലോ ഇനി മരിച്ചവരുടെ കൂട്ടത്തിൽ

ബഞ്ചമിൻ ഫ്രാങ്ക്ലോ ഇനി  മരിച്ചവരുടെ കൂട്ടത്തിൽ

ബഞ്ചമിൻ ഫ്രാങ്ക്ലോ,
കൊല്ലപ്പെടുകയോ അല്ലെങ്കിൽ
ആത്മഹത്യ ചെയ്യുകയോ
ആണെന്നാണ്
ഇതുവരെ എല്ലാവരും
കരുതിയിരുന്നത്

തലേന്നാൾ വൈകിട്ട്
ചന്തക്കവലയിൽ വരുന്നതും
എല്ലാവരുമായി
വേണ്ടുവോളം മിണ്ടുന്നതും
എല്ലാവരേയും പോലെ
ഞാനും കണ്ടിരുന്നു.

മക്കൾക്ക് കുഞ്ഞുടുപ്പോ
അവലോസുണ്ടയോ
കെട്ട്യോൾക്ക്
കണ്മഷിയോ വാങ്ങിയതായി
ആരും സാക്ഷ്യപ്പെടുത്തിയില്ല.

ആയതിനാൽ
അന്നു രാവിൽ അരങ്ങേറിയ
സംഭവത്തെക്കുറിച്ച്
ഊഹാപോഹങ്ങൾ മാത്രം
തിരുകിയ വർത്തമാനങ്ങൾ
തന്നെയാണ് കുളിക്കടവിലും
അയൽക്കൂട്ടത്തിലും
സായാഹ്ന ചർച്ച.

എന്നാൽ,
ഭാര്യയുടെ അലമുറയ്ക്കിടയിൽ
ഉയർന്ന ചില പേച്ചുകൾ
ആരുടേയും ചെവിയിൽപ്പെട്ടില്ല
എന്നതാണ് അന്ത്യവിശകലനം.

കഴിഞ്ഞ അഥവാ
നടന്നു കൊണ്ടിരിക്കുന്ന
നോട്ടു നിരോധനക്കാലത്തെ
നല്ല നാളുകൾക്കിടയിൽ
(ക്ഷമിക്കണം ദേവനാഗരിഭാഷ
തെല്ലും വശമില്ല, സത്യം മൂന്നുവട്ടം
രാജ്യദ്രോഹി എന്നു വിളിക്കരുത്)
സാമാന്യം രണ്ടു ചാന്ദ്രമാസക്കാലം
ആ നല്ലവനായ
പെയിന്റിംഗ് തൊഴിലാളിയ്ക്ക്
പണിയില്ലാതെ പട്ടിണിയും
പരിവട്ടവുമായി കഴിയേണ്ടിവന്നതിലും
തദ്വാരാ ഉണ്ടായ മന:ക്ലേശവും
ആരോടും കടം ചോദിച്ചാൽ
അവരും ഇതേ സ്ഥിതിയിൽ കഴിയുന്നവരായതുകൊണ്ടും
പണ്ടൊരാൾ ബാങ്ക് നിക്ഷേപമായ്
കൊടുക്കാമെന്നു പറഞ്ഞ
പതിനഞ്ചു ലക്ഷം ക
കിട്ടാത്തതിന്റെ നിരാശയും
നൽകിയ സമ്മർദ്ദത്തിൽ
ഹൃദയപേശികൾ പണിമതിയാക്കി
എന്നൊട്ടോപ്സി ഉവാചാ.

ആയതിനാൽ
പ്രസ്തുത കാലത്തെ മരിച്ചവരുടെ
കൂട്ടത്തിൽ പേരു ചേർക്കുകയും
സർവ്വവിധ കഷ്ടനഷ്ടങ്ങളും
അനുവദിയ്ക്കുന്ന മുറയ്ക്ക്
കുടുംബത്തിനു കിട്ടുമെന്ന്
വിളംബരം ചെയ്യപ്പെട്ടിരിയ്ക്കുന്നു.

ഈ അവസരത്തിൽ
ഇന്നേനാൾ മുതൽ
മേപ്പടി ബഞ്ചമിൻ ഫ്രാങ്ക്ലോ
മരിച്ചവരുടെ കൂട്ടത്തിൽ
ഗണിക്കപ്പെടും.
================== CNKumar.