മരം വരയ്ക്കുന്ന കുട്ടികൾ
ടീച്ചർ വന്നപാടെ
ക്ലാസിലെ കുട്ടികളോട് പറഞ്ഞു.
നിങ്ങൾക്കിഷ്ടപ്പെട്ട
ഒരു മരത്തെ വരയ്ക്കുക.
കുട്ടികൾക്കാകെ സംശയം
ഏതു മരം ?
ഏതു നിറത്തിൽ ?
ഏതനുപാതത്തിൽ ?
ടീച്ചർ പറഞ്ഞു
അതൊക്കെ നിങ്ങളുടെ
ഇഷ്ടത്തിന്
താല്പര്യത്തിന്
അഭിരുചിക്ക്.
കുട്ടികൾ വര തുടങ്ങി
ചിലർ പച്ചയിൽ
നീലയിൽ
ചുവപ്പിൽ
ചിലർ കറുപ്പിൽ .
പച്ചയിൽ വരച്ച കുട്ടികൾ
ഇലകൾക്ക് ഏതു നിറം
കൊടുക്കുമെന്നു
വേവലാതിപ്പെട്ടു.
ഇലയില്ലതെ മരം വരക്കുന്നതെങ്ങനെ?
നീലയിലും
ചുവപ്പിലും
വരച്ച കുട്ടികളും
ആശങ്കയോടെ ചിന്തിച്ചു.
കറുപ്പിൽ വരച്ച കുട്ടികൾക്ക്
വേവലാതിയും
ആശങ്കയും തെല്ലുമില്ല.
കാരണം
അവരുടെ ജീവിതം പോലെ
ഇരുട്ടിൽ നിൽക്കുന്ന
മരങ്ങളെയാണ്
അവർ കണ്ടിട്ടുള്ളത്.
അതിനാൽ
അവർ
മറ്റു കുട്ടികളെപ്പോലെ
ഇലയോ
തടിയോ അല്ല
ആദ്യം വരച്ചു തുടങ്ങിയത്.
വിത്തിൽ നിന്ന്
മണ്ണിലേക്ക് ആദ്യ വേരിറങ്ങുമ്പോലെ
വേരിൽ നിന്നു തുടങ്ങി
തടിയിലൂടെ
ഇലകളിലൂടെ
ആകാശത്തിലേക്ക് നീട്ടി വരച്ചു.
അത് അവരുടെ സ്വപ്നമായിരുന്നു.
ടീച്ചർ
അവർക്ക്
ആകാശവും
കടലും
ഉദയാസ്തമനങ്ങളും
കാണിച്ചു കൊടുക്കാൻ
ആശിച്ചു
റ്റീച്ചിംഗ് നോട്ടിൽ കുറിച്ചു.
പക്ഷെ
ഹെഡ്മാസ്റ്റർ
ആ റ്റീച്ചിംഗ് നോട്ട് ചീന്തിയെറിഞ്ഞു.
====================== CNKumar.

No comments:
Post a Comment