Friday, March 9, 2012

മുദ്രമോതിരങ്ങള്‍ പറയുന്നത്.


മുദ്രമോതിരങ്ങള്‍  പറയുന്നത്.

ഒന്നാം മോതിരം
പറഞ്ഞു തുടങ്ങിയത്
ചതിയ്ക്കപ്പെട്ട പെണ്ണിന്റെ 
നാവു കൊണ്ടായിരുന്നു. 

"നീ തന്ന മോതിരത്തിന്റെ 
ഉറപ്പിലാണ് ഞാന്‍ മയങ്ങിയതും 
നിന്റെ പ്രണയവലയത്തില്‍പ്പെട്ടതും.

കഥ പിന്നെയെങ്ങനെയൊക്കെ മാറി
അപ്പോഴും കുറ്റം എന്നില്‍ തന്നെ,
കൊടുംകാട്ടില്‍
മാനിനോടും
മയിലിനോടും
മുല്ലത്തയ്യിനോടും
കിന്നാരം പറഞ്ഞും,
തണ്ണീര്‍ പകര്‍ന്നും,
പറന്നു നടന്നൊരു ശലഭം.

ആഡംബരങ്ങളില്‍
ഭ്രമിച്ചുപോയ എന്നില്‍
നീ നിന്റെ കാമശമനം
മാത്രമായിരുന്നില്ലേ 
ലക്‌ഷ്യമാക്കിയത്?
അല്ലായെങ്കില്‍
നിറവയറുമായി
നിന്റെ മുന്നിലെത്തിയ
എന്നെ നീ മറക്കുമായിരുന്നോ?
ശാപത്തിന്റെ കെട്ടുകഥ
എന്നും നിങ്ങളുടെ തന്ത്രമാണെന്ന
തിരിച്ചറിവ് എന്നിലെത്താന്‍ വൈകി."

രണ്ടാം മോതിരം
പറഞ്ഞത് കണ്ണില്‍ കണ്ടതിനെ
കുറിച്ചായിന്നു
അവള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നത് 
അവന്റെ വരവിനു വേണ്ടി. 

സുഖഭോഗങ്ങള്‍ വെടിഞ്ഞു
പിതാവിന്റെ വാക്ക് നിറവേറ്റാന്‍
ആരണ്യകം തെരഞ്ഞെടുത്തവന്‍,
കല്ലിലും മുള്ളിലും കാലുപെടാതെ
കൂടെ നടത്തിയോന്‍,
കേവലമൊരു കാട്ടുമാനില്‍
ഭ്രമിച്ചവള്‍ക്കായി
കൊടിയ വിരഹിയായി
കാട്ടിലലഞ്ഞവന്‍,
ഒടുവിലെല്ലാം കഴിഞ്ഞു
വീടെത്തിയവളെ
നിഷ്കരുണം കാട്ടിലെറിഞ്ഞില്ലേ?
അത് അധികാര സ്ഥിരതയ്ക്കല്ലേ?

മുദ്രമോതിരങ്ങള്‍ 
വാക്കുകള്‍ കൊണ്ടങ്കം വെട്ടുകയാണ്.
ആരീ തര്‍ക്കത്തില്‍ ജയിയ്ക്കും?

അപ്പോള്‍,
പട്ടടയിലിരുന്ന തട്ടാന്‍
മോതിരങ്ങളെയെടുത്തു
എരിയുന്ന ചട്ടിയുടെ
ഒറ്റക്കണ്ണിലെയ്ക്കിട്ടു.
===============================CNKumar.
A creation of sri. N S Mony, Mulavana.

1 comment:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഓരോ മോതിരത്തിലും ഓരോ ചതിയുണ്ട് ,,കവിത നന്നായി എന്ന് പറയാന്‍ ഞാനാര് ?