Friday, April 13, 2012

കാത്തിരിപ്പുപുരയിലെ വിശേഷങ്ങള്‍


കാത്തിരിപ്പുപുരയിലെ വിശേഷങ്ങള്‍


വാച്ചിലെ സൂചികള്‍
തിരിയുന്നതും നോക്കി
ബസ് കാത്തിരിയ്ക്കുമ്പോള്‍,
പിന്നില്‍ സുഖസുഷുപ്തിയില്‍
ഒരമ്മയും കുഞ്ഞും.

പറവകള്‍ കൂടുവിട്ടു
കൂട്ടമായിപ്പോകുന്നത്
ഉദയസൂര്യന്റെ
മഞ്ഞവെളിച്ചത്തില്‍
കറുത്ത ചായത്താല്‍ വരച്ചപോലെ.

കാത്തിരിപ്പുപുരയുടെ
പൊളിഞ്ഞ പലകയില്‍
നിറം മങ്ങിയ പോസ്റര്‍
വരാന്‍ പോകുന്ന
നല്ലനാളെയെ വിളംബരം ചെയ്യുന്നു.
എന്നിട്ടും മുഷിഞ്ഞു നാറിയ
തുണിയില്‍ സ്വപ്നം കണ്ടുറങ്ങുന്ന
രണ്ടു ജന്മങ്ങള്‍
ഈ പുലര്‍വേള അറിയാത്തതോ?
സമദൂരവും ബഹുദൂരവും
പാലിയ്ക്കുന്ന കസേരകളില്‍
അടയിരിയ്ക്കുന്ന
ഭരണഭൂതങ്ങളെ
അറിയുന്നതിനാലോ?

ബസ്‌ ഇനിയും വൈകുന്നതെന്തേ?
വൈകിയെത്തുന്ന വണ്ടി
നിഷേധിയ്ക്കുന്നത്
സമയബോധത്തെയും
ലക്‌ഷ്യത്തിലെയ്ക്കുള്ള 
പ്രയാണത്തെയുമല്ലേ?

പാതയില്‍,
ലക്‌ഷ്യബോധമില്ലാത്ത
ചാവാലിപ്പട്ടികള്‍
തലങ്ങും വിലങ്ങും പോകുന്നു.
മുത്തശ്ശിക്കഥകളില്‍ 
കേട്ടറിഞ്ഞ രാജവീഥികള്‍
എന്റെ ഓര്‍മ്മകിളില്‍  നിന്നും
ചിറകടിച്ചുയര്‍ന്നു.
ആ വെണ്ണക്കല്‍ പാകിയ പാതയില്‍
കുട്ടികള്‍ ആര്‍ത്തു തിമിര്‍ക്കുന്നതും
ആഹ്ലാദഭരിതരായ ജനതതി
തെളിഞ്ഞ കണ്ണുകളും
നിറഞ്ഞ മനസുമായി
പലായനം ചെയ്യുന്നതും
ബാല്യ സ്വപ്നങ്ങളില്‍
രേഖപ്പെടുത്തിയിരുന്നു.

ബസ്‌ ഇപ്പോഴും വന്നെത്തിയില്ല,
അതിലെ ജീവനക്കാര്‍
ഇപ്പോഴും ഉറക്കത്തിലായിരിയ്ക്കും
അല്ലായെങ്കില്‍ ലഹരിച്ചടവില്‍
വഴിമാറിപ്പോയതാകാം.
എത്രപേരായിരിയ്ക്കും എന്നെപ്പോലെ
കത്തിരിയ്ക്കുന്നുണ്ടാവുക?

ഈ കാത്തിരിപ്പുപുരയ്ക്ക്
ബസ്‌ കാത്തിരുന്നവരുടെ
ഒട്ടേറെക്കഥകള്‍ പറയാനുണ്ടാകാം.
അതുകൊണ്ടാണല്ലോ
അതിന്റെ മോന്തായമിത്ര വളഞ്ഞത്.
കാത്തിരുന്നവരുടെ മെയ്മെഴുക്കു
പുരണ്ട പലകയില്‍ തെളിയുന്നത്
അവരുടെ നിശ്വാസ ചിത്രങ്ങള്‍.

ബസ്‌ ഇനിയെപ്പോഴാണ്‌ വരുന്നത്?
അതുവരെ ഞാനീ
കാത്തിരിപ്പുപുരയില്‍ ..........
================================= CNKumar.


kaliveedu



  

3 comments:

Firozthadicadu said...

good,
by firozthadicadu
uzcommunications.blogspot.com

Shaleer Ali said...

ഈ കാത്തിരിപ്പുപുരയ്ക്ക്
ബസ്‌ കാത്തിരുന്നവരുടെ
ഒട്ടേറെക്കഥകള്‍ പറയാനുണ്ടാകാം.
അതുകൊണ്ടാണല്ലോ
അതിന്റെ മോന്തായമിത്ര വളഞ്ഞത്.
കാത്തിരുന്നവരുടെ മെയ്മെഴുക്കു
പുരണ്ട പലകയില്‍ തെളിയുന്നത്
അവരുടെ നിശ്വാസ ചിത്രങ്ങള്‍......
കാത്തിരിപ്പ്‌ ..തന്നെ എവിടെയും....
ആശംസകള്‍ കുമാര്‍ ജീ ............:))

Krishnapriya said...

നല്ല കവിത മാഷേ...

"ഈ കാത്തിരിപ്പുപുരയ്ക്ക്
ബസ്‌ കാത്തിരുന്നവരുടെ
ഒട്ടേറെക്കഥകള്‍ പറയാനുണ്ടാകാം.
അതുകൊണ്ടാണല്ലോ
അതിന്റെ മോന്തായമിത്ര വളഞ്ഞത്.
കാത്തിരുന്നവരുടെ മെയ്മെഴുക്കു
പുരണ്ട പലകയില്‍ തെളിയുന്നത്
അവരുടെ നിശ്വാസ ചിത്രങ്ങള്‍."

നല്ല വരികള്‍...:)

സമാനമായ ഒരു കവിത കുറച്ച് നാള്‍ മുന്‍പ് ഞന്‍ എഴുതിയിരുന്നു....

http://kunjimalu.blogspot.in/2012/03/blog-post_5992.html
ഇതാണ് ലിങ്ക്...
സമയം കിട്ടുമ്പോള്‍ ഒന്ന് വായിക്കുമല്ലോ... :)