ഒരച്ഛന് പറയുന്നു..........
മകളെ,
മഴയിരമ്പുന്ന കണ്ണുകള്‍
പടിപ്പുരയില്‍ വച്ചേക്കൂ,
ചരിത്രമാപിനിയുടെ
അടയാളവാക്യങ്ങള്‍
അവിടെ കുറിയ്ക്കാം.
ഹൃദയത്തില്‍ പടരുന്ന
ഇടിനാദങ്ങള്‍
ഇടവഴിതാണ്ടി
പോകാതിരിയ്ക്കാന്‍
താഴിട്ടു പൂട്ടിയേക്കൂ.
കലങ്ങിയൊഴുകുന്ന
പുഴപോലെയത്
നീറി നില്ക്കും.
പുത്രവിയോഗത്താല്‍
വിതുമ്പുന്ന മാതൃഹൃദയങ്ങള്
ചില്ലിട്ടു വെക്കാന്‍ മറക്കരുത്.
എന്തെന്നാല്‍,
നാളെയത്
ഉയര്‍ന്ന ലേലത്തുകയ്ക്ക്
വിറ്റു പോയേക്കും,
നമുക്ക്
അതിന്റെ പകര്‍പ്പവകാശം
ഉപേക്ഷിയ്ക്കാം.
നീ,
മകന്റെ പ്രതികാരക്കണ്ണട
ഊരി വച്ചേക്കൂ,
ഒറ്റുകാരുടെ കണ്ണുകള്‍
അവനില്‍ വെയില് പെയ്യില്ല.
എന്നാല്‍,
ചോറൂട്ടുമ്പോള്‍,
ഉറങ്ങാന്‍ തുടങ്ങുമ്പോള്‍
വീരഗാഥകള്‍ ചെവിയിലൂട്ടാന്‍
മറക്കരുത്.
ഞാനിപ്പോള്‍
തിരിച്ചുപോകാനുള്ള
വിസ കാത്തിരിയ്ക്കുകയാണ്.
പക്ഷെ,
നിന്റെ സുരക്ഷയ്ക്കിപ്പോള്‍
കിണറ്റു വക്കിലിരിയ്ക്കുന്ന
കുട്ടിയെപ്പോലെ
കത്തിയ്ക്കും വെള്ളത്തിനുമിടയില്‍,
തീയാളുന്ന മരുപ്രഹേളികയില്‍
ജീവന്റെയുഷ്ണസഞ്ചാരങ്ങളില്‍
ആരെയോ തെരഞ്ഞു തെരുഞ്ഞു.............
===============================CNKumar.
2 comments:
nannayi. aazham ulla kavitha.
മൂർച്ചയുള്ള ബിംബങ്ങൾ.
നന്നായി. ഭാവുകങ്ങൾ.
Post a Comment