നീയെന്ന സര്‍വ്വനാമം
1.
പറഞ്ഞതെല്ലാം
പതിരാണെന്ന്
പറഞ്ഞല്ലേ നീ
എന്നോട് പിണങ്ങിയത്?
പാതിരായോളം നമ്മള്‍ പറഞ്ഞതും
പുലരിയില്‍
സൂര്യവെളിച്ചത്തില്‍
പാറുന്ന തുമ്പികള്‍
ഓര്‍മിപ്പിയ്ക്കുന്നതും
ഓണ നിലാവിന്റെ
കുളിര്‍മയും
ഓര്‍മയില്‍
തിളങ്ങുന്ന ബാല്യവും.
2.
വഴിതെറ്റാതെയുരുവിടുന്ന
എഞ്ചുവടിക്കണക്ക് പോലെ
പരിഭവപ്പെരുമഴയായി
നീ
ചിലച്ചു
പറക്കുമ്പോഴാണ്
ഇതു ജീവിതത്തിന്റെ
വര്‍ഷകാലമാണെന്ന്
ഞാനറിയുന്നതും
വര്‍ത്തമാനത്തിന്റെ
കുടചൂടുന്നതും.
3.
നിലവിളിപ്പാടങ്ങള്‍
താണ്ടി
വന്നെത്തുന്ന
കാറ്റിന്നു പച്ച
മാംസത്തിന്റെ ചൂര്.
ചടുലതാളങ്ങളില്‍
നെടുവരമ്പത്തൂടെ
ചപ്പിലപ്പൂതങ്ങള്‍
പാതിരാത്തോറ്റങ്ങള്‍
പാടിപ്പകര്‍ന്നാടിത്തിമിര്‍ക്കുന്നരാവ്.
നീ
ചിരിയ്ക്കുമ്പോഴൊക്കെയും
ഒരു കത്തിമുനയെന്‍
നെഞ്ചിലെയ്ക്കാഴുന്നതറിവൂ ഞാന്‍..
മന്വന്തരങ്ങളായെന്റെ
സ്വപ്നങ്ങളും
ചാറ്റിപ്പൊലിപ്പിച്ച നാട്ടിമ്പുറത്തിന്റെ നന്മയും
പൂവിറുക്കുന്ന ലാഘവത്തോടെ
നുള്ളി എടുത്തു നീ, എന്റെ വഴികളില്‍
മുള്ളുകള്‍
വിതയ്ക്കുന്നതും,
പറയാതെയകന്നു
പോകുന്ന സ്വപ്നങ്ങളില്‍
പ്രാണന്റെ കടലാസ് വഞ്ചികള്‍
നീര്‍ക്കുമിളയ്ക്ക്
കൂട്ടായ് തകര്ന്നുടഞ്ഞതും
ആരുടെ
പ്രേരണാമധുരം നുകര്‍ന്നു നീ
പകയുടെ
കലിബാധയാലെന്‍റെ കണ്ണ്
ചൂഴ്ന്നെടുക്കുന്നു,കിനാക്കളും.
4.
നീ, എപ്പോഴും സര്‍വ്വനാമമായെന്റെ
നിഴല്‍ കുത്തുമാഭിചാരിയായ്
കല്പാന്തയാത്രയില്‍
കൂടെയുണ്ടെന്ന
ചുവരെഴുത്തില്‍
മനം പുരട്ടി,
പോകുമീ
വഴിയരുകിലെപ്പോഴും
പതിയിരിയ്ക്കുമിരുളിന്‍
ഗുരുത്വം
വകഞ്ഞു മുമ്പേ
പാറുന്ന തുമ്പിപോല്‍
ചാഞ്ഞ വെയില്‍ചില്ലയില്‍
കൂടൊരുക്കുന്നു
ഞാനിപ്പോഴും................
==================================
CNKumar.
A creation of sri. NS Mony ,Mulavana. |
1 comment:
വഴിതെറ്റാതെയുരുവിടുന്ന
എഞ്ചുവടിക്കണക്ക് പോലെ
പരിഭവപ്പെരുമഴയായി നീ
ചിലച്ചു പറക്കുമ്പോഴാണ്
ഇതു ജീവിതത്തിന്റെ
വര്‍ഷകാലമാണെന്ന്
ഞാനറിയുന്നതും
വര്‍ത്തമാനത്തിന്റെ
കുടചൂടുന്നതും.
നല്ല വരികൾ
കവിത ഇഷ്ടായി
ആശംസകൾ
Post a Comment