Monday, December 9, 2013

താഴോട്ടു മാത്രം ചരിയ്ക്കുന്ന ഗ്രാഫുകള്‍ അഥവാ സരസ്വതി വിലാസം സര്‍ക്കാര്‍ പള്ളിക്കൂടം


താഴോട്ടു മാത്രം ചരിയ്ക്കുന്ന ഗ്രാഫുകള്‍
അഥവാ സരസ്വതി വിലാസം സര്‍ക്കാര്‍ പള്ളിക്കൂടം
  

പല്ലിയും പഴുതാരയും കുടിയേറിപ്പാര്‍ക്കും
വിള്ളലുകള്‍ കൊണ്ടു സമ്പന്നമീ  വെട്ടുകല്ച്ചുവരുകള്‍.
ചുങ്കക്കവലയില്‍ മുറുക്കാന്‍പീടികയിലിരിയ്ക്കും  
കണാരേട്ടന്റെ നിരതെറ്റിയ പല്ലുപോല്‍
ഇളകിയും ആടിയും പൊട്ടിപ്പൊളിഞ്ഞും
കറുകറെക്കറുത്തും മേല്ക്കൂരയോടുകള്‍.
മച്ചെലിയും മരപ്പട്ടിയും മത്സരിച്ചോടിക്കളിയ്ക്കും
ചിതല്‍ തിന്ന മോന്തായവീഥികള്‍.

നിറംകെട്ടൊരു  മുഖപ്പലകയില്‍  
ഒളറെടുത്തു പൊളിഞ്ഞയെഴുത്തുകള്‍
സാക്ഷ്യപ്പെടുത്തും ജന്മാവകാശക്കുറിപ്പ്‌   
സ്ഥാപിതം കൊ.വ. 1122
സരസ്വതി വിലാസം സര്‍ക്കാര്‍ പള്ളിക്കൂടം
കാഴ്ചയില്‍ ചേട്ട ചേക്കേറി വിലസുമിടം.

പുഴുവും പാറ്റയും മുശിടു വാടയും മുറ്റിടും
ഒന്‍പതാം വാര്‍ഡുപോല്‍ പിന്നിലെവരാന്ത, 
മരണവാറെണ്ടു കാത്തുകിടക്കുന്നു    
കാലൊടിഞ്ഞു പൊളിഞ്ഞ ബഞ്ചുകള്‍.
തമ്മില്‍ത്തലോടിയും പായാരം പകുത്തും  
ഗതകാല പ്രൌഡികള്‍ ഓര്മക്കുളിരായ് ചൂടിയും
വേദന മറക്കാന്‍ പഠിയ്ക്കുന്ന
ചില്ലുടഞ്ഞ ചില്ലലമാര, ഒറ്റ വലിപ്പുള്ള മേശ,
ഏറെയെഴുതിത്തേഞ്ഞ കരിമ്പലക.
ഒന്‍പതാം വാര്‍ഡിപ്പോള്‍ ദീനരോദനം മാത്രം
സംപ്രക്ഷേപണം ചെയ്യും മഹാവ്യാധിവിഷന്‍ ചാനല്‍.

തൊപ്പിവച്ചൊരു പാവയിരിയ്ക്കുന്നൊന്നാം മുറിയില്‍  
മുന്നിലൊരു പേരുപലകതന്‍ മുന്നറിയിപ്പ്
മോഹനചന്ദ്രന്‍, പ്രധാനാദ്ധ്യാപകന്‍ .
പിന്നിലെ കസേരയിലൊരു ശ്രീയെഴാ ശ്രീമതി
പള്ളിക്കൂടദിനസരി നീട്ടി വായിയ്ക്കുന്നു.

കണക്കുകരുണന്‍ മാഷ്‌ മുറ്റത്തോടും കുട്ടികളെ
കണക്കിന് ശകാരിയ്ക്കും പുതിയ കണക്കുകള്‍
സാമൂഹ്യശാസ്ത്രസോമന്‍സാര്‍
ഏട്ടിലെ പശുവിനു പുല്ലു തേടുന്നു
എഴുതിയതിനേക്കാള്‍ ഏറെയെഴുതാതെ പോയെന്ന
ചരിത്രപാഴാങ്കമുരുവിടും വര്‍ഗ്ഗീസുമാഷിന്‍റെ പാഠം
വച്ചുവാണിഭക്കാര്‍ പിന്നിലൂടെ വരുന്നെന്ന
വിജയന്‍മാഷിന്റെ കാകനോട്ടങ്ങളെ
പുശ്ചം ചേര്‍ത്തു കഫത്തിനോടൊപ്പം തുപ്പി
ചെറ്റത്തരത്തിന്‍ ചെറുതേന്‍ നുണഞ്ഞും 
ചൊറികുത്തി മണത്തും ദിനബത്തയുടെയങ്ങാടി
നിലവാരമുയരുന്നതും കാത്തിരിയ്ക്കും ശിഷ്ടകാലം
കഥകളനേകമിങ്ങനെ ചിലച്ചിരിയ്ക്കുന്നു
ഉത്തരം താങ്ങിച്ചില ഗൌളികള്‍.
 
പുഴുചത്തുമലയ്ക്കുമുച്ചക്കഞ്ഞിതേകുമടുക്കള
പുകഞ്ഞ കണ്ണുമായ് പരിഭവിയ്ക്കുന്നു
എത്രനാളുകളായെന്റെ കുട്ടികള്‍ കൊതിയ്ക്കുന്നു
പുത്തരിച്ചോറും പുകചുറ്റാത്ത കറികളും.

അറുപത്താറാം വയസിലും സരസ്വതി വിലാസത്തിന്‍
താഴേയ്ക്കുമാത്രം ചരിയ്ക്കുന്ന ഗ്രാഫുകള്‍
പറയാതെ പറയുന്നു വറുതിയുടെ കഥകള്‍
വാക്കു തെറ്റിയ മൊഴികള്‍,
ചതിയുടെ പുതിയപാഠങ്ങള്‍
ഒറ്റപ്പെടുത്തലിന്‍ ഞൊട്ടുന്യായങ്ങള്‍,
തീണ്ടായ്മതന്‍ ദരിദ്രവസനങ്ങള്‍,
ക്ഷരാക്ഷരങ്ങള്‍തന്‍ പുലപ്പേടികള്‍,
അടിത്തറ തുരന്നുപോകും പെരുച്ചാഴിവഴികള്‍,
അകക്കണ്ണുനീറ്റും കടലിരമ്പങ്ങള്‍,
സരസ്വതിവിലാസമനാഥശവത്തിന്റെ
ദേശാടനക്കഥപോല്‍ ഒഴുകുന്നോളപ്പരപ്പില്‍.

========================================CNKumar.

ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാം https://soundcloud.com/cnkumar/zzs3n7yhtiqe





Saturday, December 7, 2013

ജനുവരിയ്ക്കൊരു ഗീതം

ജനുവരിയ്ക്കൊരു ഗീതം

ജനുവരിയ്ക്കൊരു ഗീതം മനസ്സില്‍ 
ചുളുചുളാ കുത്തുന്ന വേദന ചാലിച്ച ഗീതം
പോയ ഡിസംബര്‍കള്‍ അന്നെനിയ്ക്കേകിയ
കയ്പ്പ് നിറച്ചോരാ പാനപാത്രവും കൊണ്ടിതാ
വന്നു നില്‍ക്കുന്നു ജനുവരീ, സ്വീകരിച്ചാലും.

അന്നവര്‍ ബോംബിട്ടെരിച്ചൊരാ
നാഗസാക്കി ഹിരോഷിമകള്‍    
എന്മക്കളെ ചുട്ടുകരിച്ചതും
മാറാരോഗം പിടിച്ചോരെന്‍
മക്കടെ പൊട്ടിയളിഞ്ഞു  പൊട്ടിയളിഞ്ഞു  
നീര്‍ വാര്‍ക്കുന്ന മേനിയെ 
കീറത്തുണിയില്‍ പൊതിഞ്ഞൊരാ
മാംസപിന്ധത്തെയും കാട്ടി ഞാന്‍ ചൊല്ലുന്നു
ഇനിയൊരു യുദ്ധം നമുക്കു വേണ്ട .
ഡിമോക്ലസിന്റെ വാളായി മേലേ
തൂങ്ങുന്ന താരയുദ്ധം നമുക്കു വേണ്ട.

ദക്ഷിണാഫ്രിക്കന്‍ കറുത്തമക്കള്‍
കാല൦ ഉലയില്‍ വച്ചൂതി പഴുപ്പിച്ച
സ്വാതന്ത്ര്യ ചിന്തകള്‍, കയ്യുകള്‍
ചങ്ങല പൊട്ടിച്ചെറിഞ്ഞിട്ടു
തങ്ങളെ തങ്ങള്‍ ഭരിയ്ക്കും പുലരിയെ-
ക്കാണുവാന്‍ രക്തപ്പുഴ നീന്തി നീന്തിക്കുഴയവേ;
ആയിരം ബഞ്ചമിന്‍മാരുയിര്‍ക്കൊള്ളുവാന്‍,
ആയിരം മണ്ടേല വീണ്ടും ജനിയ്ക്കുവാന്‍
സ്വാതന്ത്ര്യ ഗാഥ കുറിയ്ക്കുവാന്‍
വീഥിയൊരുക്കുവാന്‍, പോരുക,
പോവുക ജനുവരീ നീ.  

ജനുവരിയ്ക്കൊരു ഗീതം
മനസ്സില്‍ വേദന ചീന്തിയ ചാലില്‍നിന്നിറ്റിച്ച
ചോരയാല്‍ തീര്‍ത്തൊരു ഗീതം.

എന്റെയൊക്ടോബര്‍കള്‍
അന്നെനിയ്ക്കേകിയ ചെത്തിമിനുക്കിയ
വിപ്ലവചിന്തകള്‍; ഇന്നലെത്തന്നതോ
ദുഃഖങ്ങളുണ്ടുണ്ടുറങ്ങാത്ത രാവുകള്‍
ആയിരം പത്തി വിടര്‍ത്തിയക്കാളിയന്‍
സഞ്ചിതമായോരെന്‍ സംസ്ക്കാരമാകവേ
കൊത്തി വലിയ്ക്കുന്നു ,ജനുവരീ
കാതോര്‍ക്ക പാടുന്നു ഞാനെന്‍റെ
വീണയുംമീട്ടിയീ മദ്ധ്യാഹ്നമെരിയുന്ന കവലയില്‍
ജനുവരിയ്ക്കൊരു ഗീതം

ഒന്നല്ലനേകം കുരുക്ഷേത്രയുദ്ധങ്ങളുണ്ടിനി,
ധര്‍മ്മയുദ്ധം നയിയ്ക്കാന്‍, പടയോരുക്കാന്‍
ജീവിതം തല്ലിക്കൊഴിയ്ക്കും  കുരുക്കടെ*
വേര് പുഴക്കിയെറിയുവാന്‍
പെരുവിരല്‍ ദക്ഷിണ വാങ്ങിയ ദ്രോണന്റെ
ചെയ്തിയെ ന്യായീകരിയ്ക്കാതെ
കാട്ടാള പുത്രന്റെ- ഏകലവ്യന്‍- എന്റെ
പെരുവിരലായി പോരുക പോരുക.
ജനുവരിയ്ക്കൊരു ഗീതം
മനസിലസ്വസ്ഥതാ തെയ്യം തിമിര്‍ക്കുന്ന
രാവുകള്‍ തീര്‍ത്തൊരു ഗീതം.


(15-12 -1986  )
*കൌരവരുടെ

=============================CNKumar.