താഴോട്ടു മാത്രം ചരിയ്ക്കുന്ന ഗ്രാഫുകള്‍
അഥവാ സരസ്വതി വിലാസം സര്‍ക്കാര്‍ പള്ളിക്കൂടം
പല്ലിയും പഴുതാരയും കുടിയേറിപ്പാര്‍ക്കും
വിള്ളലുകള്‍ കൊണ്ടു
സമ്പന്നമീ വെട്ടുകല്ച്ചുവരുകള്.
ചുങ്കക്കവലയില് മുറുക്കാന്പീടികയിലിരിയ്ക്കും
കണാരേട്ടന്റെ നിരതെറ്റിയ
പല്ലുപോല്‍
ഇളകിയും ആടിയും പൊട്ടിപ്പൊളിഞ്ഞും
കറുകറെക്കറുത്തും മേല്ക്കൂരയോടുകള്.
മച്ചെലിയും
മരപ്പട്ടിയും മത്സരിച്ചോടിക്കളിയ്ക്കും
ചിതല് തിന്ന മോന്തായവീഥികള്.
നിറംകെട്ടൊരു മുഖപ്പലകയില്‍
ഒളറെടുത്തു പൊളിഞ്ഞയെഴുത്തുകള്
സാക്ഷ്യപ്പെടുത്തും
ജന്മാവകാശക്കുറിപ്പ്
സ്ഥാപിതം കൊ.വ.
1122
സരസ്വതി വിലാസം സര്‍ക്കാര്‍
പള്ളിക്കൂടം
കാഴ്ചയില്‍ ചേട്ട ചേക്കേറി
വിലസുമിടം.
പുഴുവും പാറ്റയും മുശിടു വാടയും മുറ്റിടും
ഒന്‍പതാം വാര്ഡുപോല് പിന്നിലെവരാന്ത,
മരണവാറെണ്ടു കാത്തുകിടക്കുന്നു
കാലൊടിഞ്ഞു പൊളിഞ്ഞ
ബഞ്ചുകള്‍.
തമ്മില്ത്തലോടിയും
പായാരം പകുത്തും
ഗതകാല പ്രൌഡികള്‍ ഓര്മക്കുളിരായ്
ചൂടിയും
വേദന മറക്കാന്‍
പഠിയ്ക്കുന്ന
ചില്ലുടഞ്ഞ
ചില്ലലമാര, ഒറ്റ വലിപ്പുള്ള മേശ,
ഏറെയെഴുതിത്തേഞ്ഞ
കരിമ്പലക.
ഒന്‍പതാം വാര്‍ഡിപ്പോള്‍
ദീനരോദനം മാത്രം
സംപ്രക്ഷേപണം ചെയ്യും മഹാവ്യാധിവിഷന് ചാനല്‍.
തൊപ്പിവച്ചൊരു
പാവയിരിയ്ക്കുന്നൊന്നാം മുറിയില്‍
മുന്നിലൊരു പേരുപലകതന്
മുന്നറിയിപ്പ്
മോഹനചന്ദ്രന്, പ്രധാനാദ്ധ്യാപകന്
.
പിന്നിലെ
കസേരയിലൊരു ശ്രീയെഴാ ശ്രീമതി
പള്ളിക്കൂടദിനസരി നീട്ടി
വായിയ്ക്കുന്നു.
കണക്കുകരുണന് മാഷ്
മുറ്റത്തോടും കുട്ടികളെ
കണക്കിന്
ശകാരിയ്ക്കും പുതിയ കണക്കുകള്‍
സാമൂഹ്യശാസ്ത്രസോമന്സാര്
ഏട്ടിലെ പശുവിനു പുല്ലു
തേടുന്നു
എഴുതിയതിനേക്കാള്‍ ഏറെയെഴുതാതെ
പോയെന്ന
ചരിത്രപാഴാങ്കമുരുവിടും
വര്ഗ്ഗീസുമാഷിന്റെ പാഠം
വച്ചുവാണിഭക്കാര്‍ പിന്നിലൂടെ
വരുന്നെന്ന
വിജയന്മാഷിന്റെ കാകനോട്ടങ്ങളെ
പുശ്ചം ചേര്‍ത്തു കഫത്തിനോടൊപ്പം
തുപ്പി
ചെറ്റത്തരത്തിന് ചെറുതേന്‍
നുണഞ്ഞും
ചൊറികുത്തി മണത്തും
ദിനബത്തയുടെയങ്ങാടി
നിലവാരമുയരുന്നതും കാത്തിരിയ്ക്കും
ശിഷ്ടകാലം
കഥകളനേകമിങ്ങനെ ചിലച്ചിരിയ്ക്കുന്നു
ഉത്തരം താങ്ങിച്ചില
ഗൌളികള്‍.
പുഴുചത്തുമലയ്ക്കുമുച്ചക്കഞ്ഞിതേകുമടുക്കള
പുകഞ്ഞ കണ്ണുമായ് പരിഭവിയ്ക്കുന്നു
എത്രനാളുകളായെന്റെ കുട്ടികള്‍
കൊതിയ്ക്കുന്നു
പുത്തരിച്ചോറും പുകചുറ്റാത്ത
കറികളും.
അറുപത്താറാം
വയസിലും സരസ്വതി വിലാസത്തിന്
താഴേയ്ക്കുമാത്രം ചരിയ്ക്കുന്ന
ഗ്രാഫുകള്‍
പറയാതെ പറയുന്നു വറുതിയുടെ
കഥകള്‍
വാക്കു തെറ്റിയ
മൊഴികള്‍,
ചതിയുടെ പുതിയപാഠങ്ങള്‍
ഒറ്റപ്പെടുത്തലിന്
ഞൊട്ടുന്യായങ്ങള്,
തീണ്ടായ്മതന്
ദരിദ്രവസനങ്ങള്,
ക്ഷരാക്ഷരങ്ങള്തന്
പുലപ്പേടികള്‍,
അടിത്തറ
തുരന്നുപോകും പെരുച്ചാഴിവഴികള്,
അകക്കണ്ണുനീറ്റും
കടലിരമ്പങ്ങള്‍,
സരസ്വതിവിലാസമനാഥശവത്തിന്റെ
ദേശാടനക്കഥപോല് ഒഴുകുന്നോളപ്പരപ്പില്.
========================================CNKumar.
ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാം https://soundcloud.com/cnkumar/zzs3n7yhtiqe
ഇവിടെ ക്ലിക്കിയാല്‍ കവിത കേള്‍ക്കാം https://soundcloud.com/cnkumar/zzs3n7yhtiqe
1 comment:
ഉസ്കൂൾ ഒരു പഴയ മുഖം ചോക്ക് പൊടി ഡസ്റ്റർ മൂക്കള മുറുക്കാൻ ബട്ടണ്‍സ് പൊട്ടിയ ട്രൌസേരുകളും ഓര്‍മയുടെ നല്ല വരികൾ
Post a Comment