ജനുവരിയ്ക്കൊരു ഗീതം
ജനുവരിയ്ക്കൊരു ഗീതം മനസ്സില്‍
ചുളുചുളാ കുത്തുന്ന വേദന
ചാലിച്ച ഗീതം
പോയ ഡിസംബര്‍കള്‍
അന്നെനിയ്ക്കേകിയ
കയ്പ്പ് നിറച്ചോരാ പാനപാത്രവും
കൊണ്ടിതാ
വന്നു നില്‍ക്കുന്നു ജനുവരീ, സ്വീകരിച്ചാലും.
അന്നവര്‍ ബോംബിട്ടെരിച്ചൊരാ
നാഗസാക്കി ഹിരോഷിമകള്‍
എന്മക്കളെ ചുട്ടുകരിച്ചതും
മാറാരോഗം പിടിച്ചോരെന്‍
മക്കടെ പൊട്ടിയളിഞ്ഞു
പൊട്ടിയളിഞ്ഞു
നീര്‍ വാര്‍ക്കുന്ന മേനിയെ
കീറത്തുണിയില്‍ പൊതിഞ്ഞൊരാ
മാംസപിന്ധത്തെയും കാട്ടി ഞാന്‍
ചൊല്ലുന്നു
ഇനിയൊരു യുദ്ധം നമുക്കു വേണ്ട .
ഡിമോക്ലസിന്റെ വാളായി മേലേ
തൂങ്ങുന്ന താരയുദ്ധം നമുക്കു
വേണ്ട.
ദക്ഷിണാഫ്രിക്കന്‍ കറുത്തമക്കള്‍
കാല൦ ഉലയില്‍ വച്ചൂതി
പഴുപ്പിച്ച
സ്വാതന്ത്ര്യ ചിന്തകള്‍,
കയ്യുകള്‍
ചങ്ങല പൊട്ടിച്ചെറിഞ്ഞിട്ടു
തങ്ങളെ തങ്ങള്‍ ഭരിയ്ക്കും
പുലരിയെ-
ക്കാണുവാന്‍ രക്തപ്പുഴ നീന്തി നീന്തിക്കുഴയവേ;
ആയിരം ബഞ്ചമിന്‍മാരുയിര്‍ക്കൊള്ളുവാന്‍,
ആയിരം മണ്ടേല വീണ്ടും
ജനിയ്ക്കുവാന്‍
സ്വാതന്ത്ര്യ ഗാഥ
കുറിയ്ക്കുവാന്‍
വീഥിയൊരുക്കുവാന്‍, പോരുക,
പോവുക ജനുവരീ നീ.
ജനുവരിയ്ക്കൊരു ഗീതം
മനസ്സില്‍ വേദന ചീന്തിയ ചാലില്‍നിന്നിറ്റിച്ച
ചോരയാല്‍ തീര്‍ത്തൊരു ഗീതം.
എന്റെയൊക്ടോബര്‍കള്‍
അന്നെനിയ്ക്കേകിയ ചെത്തിമിനുക്കിയ
വിപ്ലവചിന്തകള്‍;
ഇന്നലെത്തന്നതോ
ദുഃഖങ്ങളുണ്ടുണ്ടുറങ്ങാത്ത
രാവുകള്‍
ആയിരം പത്തി വിടര്‍ത്തിയക്കാളിയന്‍
സഞ്ചിതമായോരെന്‍ സംസ്ക്കാരമാകവേ
കൊത്തി വലിയ്ക്കുന്നു ,ജനുവരീ
കാതോര്‍ക്ക പാടുന്നു ഞാനെന്‍റെ
വീണയുംമീട്ടിയീ മദ്ധ്യാഹ്നമെരിയുന്ന
കവലയില്‍
ജനുവരിയ്ക്കൊരു ഗീതം
ഒന്നല്ലനേകം
കുരുക്ഷേത്രയുദ്ധങ്ങളുണ്ടിനി,
ധര്‍മ്മയുദ്ധം നയിയ്ക്കാന്‍,
പടയോരുക്കാന്‍
ജീവിതം തല്ലിക്കൊഴിയ്ക്കും കുരുക്കടെ*
വേര് പുഴക്കിയെറിയുവാന്‍
പെരുവിരല്‍ ദക്ഷിണ വാങ്ങിയ
ദ്രോണന്റെ
ചെയ്തിയെ ന്യായീകരിയ്ക്കാതെ
കാട്ടാള പുത്രന്റെ- ഏകലവ്യന്‍-
എന്റെ
പെരുവിരലായി പോരുക പോരുക.
ജനുവരിയ്ക്കൊരു ഗീതം
മനസിലസ്വസ്ഥതാ തെയ്യം തിമിര്‍ക്കുന്ന
രാവുകള്‍
തീര്‍ത്തൊരു ഗീതം.
(15-12 -1986 )
*കൌരവരുടെ
=============================CNKumar.
No comments:
Post a Comment