പെരുന്തച്ചന്‍
ഉളിയെറിഞ്ഞരുമമകനെക്കൊന്നവന്‍
ഉലകിലെല്ലാം പറഞ്ഞു പരത്തിയെന്‍
കുലമെരിച്ചു മുടിച്ചവര്‍ നിങ്ങള്‍.
നുണ തന്‍ കൊടുങ്കാറ്റേറെവേഗം
ദുരയാര്‍ന്നു പായും മഹീതലത്തില്‍
ആയിരം നാവുകളേറ്റുപാടും പതി-
നായിരം കാതുകള്‍ കേട്ടിരിയ്ക്കും.
കൃത്യതയോടെ തൊടുത്തോരാ വാക്കുകള്‍
ലക് ഷ്യത്തിലെത്തിയ ചതിക്കോളുകള്‍
കുടിലത പതിയിരിയ്ക്കുന്നൊരു
കഴുകനേത്രത്തിന്‍ വെള്ളിവെളിച്ചങ്ങള്‍
അറിയുന്നു ഞാനതിന്‍ ചാണക്യരീതികള്‍
ആറാം നേത്രത്തിനാകാശവീഥിയില്‍.
അച്ഛനേക്കാള്‍ ബഹുകേമനാണീ മകന്‍
തച്ചുശാസ്ത്ര വിശാരദന്‍, കൈക്കണക്കി-
ലൊരംഗുലത്തോളം പെരുമയേറും
പെരുന്തച്ചനേക്കാള്‍.
കുടുമതുള്ളിച്ചു പലവിധമിങ്ങനെ
മുറജപം കൊണ്ടു മേളപ്പെരുക്കങ്ങള്‍
പടിപ്പുരക്കോലായ പ്പകല്‍ വെടിവട്ടത്തില്‍
ചെടിപ്പെഴാതെ പുലമ്പി രസിച്ചവര്‍,
കുന്നായ്മ തേച്ചുമിനുക്കും കുളക്കല്‍പ്പടവുകള്‍
മെയ്യഴുക്കു കറുപ്പിച്ച പൂണൂല്‍ച്ചരടുപോല്‍
കരുണയേറാമനസിന്നുടയവര്‍, ധരണിയില്‍
വിദ്യയൊക്കെയും നിങ്ങള്‍തന്‍ വീട്ടുസ്വത്തെന്ന
വേദപ്രമാണത്തിന്‍ഘോഷാക്ഷരങ്ങള്‍ ജപിച്ചും
ശംബുകനെക്കൊന്ന പെരുമപെരുമ്പറമുഴക്കങ്ങള്‍
തൃസന്ധ്യാജപത്തിന്റെ പൊരുള്‍ പേര്‍ത്ത വീചികള്‍ ,
കീഴാളനാമെന്‍ കുരുതിയ്ക്കു കാത്തിരിയ്ക്കുന്നു
വരേണ്യത തന്‍ കലിവേഷപ്പകര്ച്ചകള്‍.
അമര്‍ത്യതേ നിന്മുഖത്താഞ്ഞു തുപ്പി ഞാനെ-
ന്നമര്‍ഷമൊക്കെയറിയിച്ചൂ കളിപ്പാവയാല്‍
തുപ്പുകയല്ലിനി വേണ്ടതു ചെള്ളയ്ക്ക് നല്ല
തപ്പുകൊട്ടാണെന്ന പുത്തന്‍ തലമുറ ഭാഷ്യങ്ങള്‍
സംഗ്രഹിയ്ക്കാതെ വെട്ടിയൊതുക്കിയ ഗൂഢതന്ത്രങ്ങള്‍
അച്ഛന്‍റെ ചെകിടത്തടിച്ചു മകനെന്നപഖ്യാതി ചാര്‍ത്തി
എനിയ്ക്കുള്ളയാദ്യ ചതിക്കുഴി തീര്‍ത്തു നിങ്ങള്‍.
കുന്നത്തൂര്‍ കോലോത്തെയിളമുറപ്പെണ്‍കൊടി
മോഹിച്ചു പോയെന്ന കുറ്റവിചാരണചാര്‍ത്തിനാല്‍
എന്‍പ്രിയ തനയന്റെ പിഞ്ചുഗളത്തിലൂടന്നു
മിന്നല്‍പ്പിണരു പോല്‍ പാഞ്ഞൊരു
വാളിന്‍റെയാത്മ പ്രകാശനച്ചിന്തുകള്‍
മണ്ണിലലിയാതെയുണ്ടെന്ന
സാക്ഷ്യം മൊഴിയുന്നു ചീവീടുകള്‍.
എത്ര സത്യങ്ങളെക്കൊന്നു കുഴിവെട്ടി മൂടീ
നിങ്ങന്നോളം ഐതീഹ്യമെന്ന പുകമറയ്ക്കുള്ളില്‍.
കീഴാളര്‍ ഞങ്ങള്‍തന്‍ വ്യക്തിത്വബീജങ്ങള്‍
മേലാളര്‍തന്‍ ഭിക്ഷയാണെന്ന പുലയാട്ടുവാക്യങ്ങള്‍
പറയക്കിടാത്തിതന്‍ ഗര്‍ഭപാത്രത്തിന് തീണ്ടായ്മകള്‍
തീര്‍ത്ത
വാരിക്കുഴികള്‍ തന്‍ വാഗര്‍ത്ഥപ്പൊരുളുകള്‍
വേറിട്ടറിയുന്നു ഞാനെന്റെയേകാന്തയാത്രയില്‍,
ഓര്‍ക്കുക നിങ്ങള്‍തന്‍ കപടവചസുകളിളല്ല
ചരിത്രസത്യങ്ങള്‍ തേടുന്നതിന്നിന്‍തലമുറ.
പുത്രവിയോഗം നാട്ടിയ സങ്കടക്കട്ടിലില്‍
ദുഖായാനത്തിന്റെ ദീക്ഷ വരിച്ചു ഞാ-
നക്ഷരമൌനം നോറ്റിരിയ്ക്കുംപോള്‍
തീരാപ്പകതന്‍ തീപ്പന്തമേന്തിയെന്‍കൂരയെ
ചാരമായ്മാറ്റിയ ഗൂഡതന്ത്രങ്ങള്‍, പെരിയാറിന്‍
തിരയിളക്കങ്ങള്‍ പാരായണം ചെയ്തു
വിസ്തരിയ്ക്കുന്നുണ്ടോരോ പകലുമിരവും
കാറ്റിനോടും കാട്ടുപൊന്തയില്‍ കേട്ടിരുന്നോരോ
ചോദ്യമെറിയും കുളക്കോഴിയോടും.
എന്തുതന്നെ വന്നുവെന്നാകിലുമിപ്പോഴും
സൂര്യ തേജസ്സാര്‍ന്നയോര്‍മ്മകള്‍
വേരുകള്‍ക്കേകിയൊഴുകും പുഴപോലെ
പുത്രസ്നേഹത്തിന്റെ തേന്‍കുടം സൂക്ഷിയ്ക്കു-
മാറ്റുതീരത്തുപൂവട്ടിയേന്തും ചെമ്പന്‍കലദി പോല്‍
മാറ്റേറുമാത്മശരീരിയായഗ്നിസ്ഫുടം ചെയ്ത
സത്വബോധത്തിന്റെ ഗ്രീഷ്മദൃഷ്ടാന്തമായ്
പൊള്ളയാമൈതീഹ്യമാലകള്‍ പൊട്ടിച്ചെറിയുന്ന
വാക്കിന്റെ നീറും നീടുറ്റ സത്യമായിപ്പോഴും.
===========================================CNKumar.
No comments:
Post a Comment