Thursday, July 1, 2021

ഷോർട്ട് ഫിലിം പോലെ ചിലത്

 ഷോർട്ട് ഫിലിം പോലെ ചിലത്


സീൻ ഒന്ന്

ചരിത്രത്തിൽ നിന്നും 

ഒരു കപ്പൽ പുറപ്പെടുന്നു.


അത്

കടലിൻ്റെ വിശാലതയിൽ

ഉലഞ്ഞുലഞ്ഞ്

പടിഞ്ഞാറൻ കാറ്റിനെ

വകഞ്ഞു വകഞ്ഞങ്ങനെ

വലിയ പങ്കായക്കയ്യുകൾ കൊണ്ട്

ഓളക്കുട്ടന്മാരുടെ

തോളിൽപ്പിടിച്ച്

പായ്മരത്തുഞ്ചത്തേയ്ക്കു 

കാറ്റിനെ കയറ്റി വിട്ട്

തീർത്ഥയാത്ര പോവുകയാണ്.


ചേരമാൻ പെരുമാളിൻ്റെ

ഛായയുള്ള കപ്പിത്താൻ

തൻ്റെ കയ്യിലുള്ള ദുരദർശിനി

കണ്ണിലേക്ക് കടത്തിവയ്ക്കുന്നു.


അപ്പോൾ

കടലൊരു മരുഭൂമി പോലെ

സ്വപ്നങ്ങളുടെ വിത്തുകൾ

മുളപ്പിയ്ക്കാനാവാത്ത വിധം

അനന്തതയിലേയ്ക്കു നീളുന്നു.


ദൂരെ... ദൂരെ


മരുഭൂമിയിലെ 

പള്ളിമിനാരങ്ങൾക്കു മീതേ

പറക്കുന്ന പ്രാവുകൾ

ദൂരദർശിനിക്കുഴലിലൂടെ

കണ്ണിലേക്ക് പറന്നു കയറുന്നു.

കപ്പിത്താനും കൂട്ടരും

മരുഭൂമിയിലെ ദിവസങ്ങൾക്ക്

ധാന്യമണികൾ വിതറി

കപ്പലിൽ കിഴക്കൻ കാറ്റിനെ

കീഴടക്കാൻ പോകുന്നു.


കാറ്റിനെ തുരത്തിത്തുരത്തി

കപ്പൽ പിന്നാലെ.

കാറ്റുകയറിയൊളിച്ച

ദ്വീപുകളിലേക്ക്

കപ്പൽ അതിൻ്റെ കണ്ണുകളെ

പറത്തി വിടുന്നു.


അനന്തരം

കപ്പൽ കാണാതാവുകയും

കപ്പിത്താനും കൂട്ടരും

ദ്വീപികളിലേയ്ക്ക്

നീന്തിക്കയറുകയും ചെയ്യുന്നു.


സീൻ രണ്ട്

വർത്തമാനത്തിൽ നിന്നും

ഒരു കപ്പൽ

പടിഞ്ഞാറൻ കാറ്റിനെ

പിടിച്ചുകെട്ടാൻ യാത്രയാകുന്നു.


മാർവാടിയുടെ മുഖമുള്ളകപ്പിത്താൻ

തൻ്റെ കയ്യിലെ അധികാര ദണ്ഡുമായി

കപ്പലിൻ്റെയണിയത്തു 

കാലുവച്ചു നിൽക്കുന്നു.


കപ്പൽ

ഓളക്കുഞ്ഞുങ്ങളെ

അരിഞ്ഞരിഞ്ഞു പോകുന്നു.

ഓളങ്ങളുടെ കബന്ധങ്ങൾ കൊണ്ട് 

ദ്വീപിൻ്റെയോരത്തൊരു

തുറമുഖം തീർക്കുന്നു.


പിന്നെ

ചരിത്രത്തിൽ നിന്നും വന്ന

കപ്പിത്താൻ്റെയും

കൂട്ടരുടേയും

അവരുടെ കുഞ്ഞുമക്കളുടേയും

 കുടികിടപ്പിലേയ്ക്ക്

തിട്ടൂരങ്ങളും തീവെട്ടിയുമായി

പടയാളി സംഘങ്ങൾ

പാതിരാവിൻ്റെ

മണൽപ്പരപ്പിലൂടെ

പാഞ്ഞുകയറുന്നു.


ഇപ്പോൾ

കുടിയിറക്കപ്പെട്ട 

സന്തോഷങ്ങളുടേയും

പിഴുതെറിയപ്പെട്ട

നാട്ടു നന്മകളുടേയും 

കാനേഷുമാരി

നടക്കുകയാണ്.

കയ്യടക്കാൻ കഴിയാത്ത

ചെറുത്തു നില്പുകളുടെ 

ഒച്ചയുയരാതിരിയ്ക്കാൻ

ഉച്ചഭാഷിണികൾ

ദേശഭക്തിഗാനങ്ങൾ

പാട്ടുകയാണ്.

പാഞ്ഞുവരുന്ന പടവാളുകളെ

പരാജയപ്പെടുത്താൻ 

കഴിയാതെയൊരു കാറ്റ്

ദ്വീപിൻ്റെ ഉണർവ്വിലേയ്ക്ക്

പലായനം ചെയ്യുകയാണ്.


സീൻ മൂന്ന്

ഭാവിയിലെ ഒരു കപ്പൽ

അങ്ങ് തെക്ക്

വടക്കൻ കാറ്റു പോലും

പോകാൻ മടിയ്ക്കുന്ന

തെക്കൻ കടലിലേക്ക്

പോകാൻ തയ്യാറായിരിയ്ക്കുന്നു.


അതിൽ

വേവലാതിയിൽ വെന്ത മനസുകളും

ഇരുട്ടുവിഴുങ്ങിയ നുറുങ്ങുവെട്ടങ്ങളും

പിന്നെ...പിന്നെ

ഒച്ചയൊലിച്ചു പോയ

ഒരിയ്ക്കലും ഉദിച്ചുയരാത്ത

പ്രതീക്ഷകളും

കുത്തിനിറച്ചിരിക്കുന്നു.

=====================CNKumar.

1 comment:

poems of CNKumar said...

2021 ആഗസ്റ്റ് 1 ലക്കം ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച കവിത.