Friday, June 25, 2021

കപ്പക്കൃഷി

 കപ്പക്കൃഷി

പെട്ടെന്ന് ഒരു നാൾ

വാഴ്ത്തപ്പെട്ട ഒരു ദിനത്തിൽ 

ഒട്ടും തെളിച്ചമില്ലാതിരുന്ന 

സൂര്യൻ്റെ മുഖത്തേക്ക് തുപ്പി

ചെളി പുരണ്ട വിരൽ ചൂണ്ടി

അയാൾ പുലഭ്യം പറഞ്ഞു കൊണ്ടേയിരുന്നു.


തോക്കുകളിലെ കവിതകളാണ്

വർത്തമാനത്തിൻ്റെ കാര്യമെന്നും

രതിയും രേതസും കവിതയിലേക്ക് പറന്നുവരുന്നുണ്ടെന്ന

കഫം പുറത്തേക്ക് തുപ്പി.


മേഘങ്ങളിൽ നിന്നും പറന്നിറങ്ങിയ

കൊറ്റികൾ അയാളുടെ പുലഭ്യങ്ങളെ

പുതുകവിതയുടെ തീനാളങ്ങളെന്ന്

വാഴ്ത്തി വാഴ്ത്തിപ്പാടി.


ഇപ്പോൾ അയാൾ 

സ്വന്തം കവിതകളാണ് 

ഭൂലോക കവിതയെന്ന് തള്ളുന്ന

വായ്നാറ്റം പുറത്തേക്ക്

പറത്തി വിടുന്നു.


അയാൾക്ക് എംജിയാറിനെ

അറിയാമെന്നും രണ്ടു പേരും

ഒരുമിച്ചു ചായ കുടിച്ചുവെന്നും

രണ്ടാളും വാതുവെച്ചു

വാണം വിട്ടുവെന്നും 

പറഞ്ഞു കൊണ്ടേയിരിക്കുന്നു.


ഒരു സായാഹ്നത്തിലെ

കവലപ്രസംഗത്തിൽ

കവിതയെക്കുറിച്ചുള്ള

പുഷ്പുൾ ട്രെയിൻ

കപ്പത്തോട്ടത്തിലേക്ക് 

പാഞ്ഞുകയറി.

കപ്പകൃഷിയുടെ 

വർത്തമാനങ്ങൾകൊണ്ട്

പുറത്തേക്ക പറന്ന 

വാറ്റുചാരായത്തിൻ്റെ

നാറ്റത്തിൽ ഊരുഭംഗം വന്ന

മൂങ്ങകൾ നാടുവിട്ടു

പൊയ്ക്കൊണ്ടേയിരുന്നു.

========================CNKumar.

No comments: