Saturday, April 12, 2014

കവിതയെഴുതുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങള്‍

കവിതയെഴുതുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങള്‍

പണ്ട് മലയാളം മാഷ്‌ പഠിപ്പിച്ച വാക്യഘടനയെ
ഒരു കാരണവശാലും ഓര്‍ക്കരുത്.
എല്ലാവരികളിലും
ഓരോ അക്ഷരത്തെറ്റെങ്കിലും ഉണ്ടായിരിയ്ക്കണം
വാക്കുകള്‍ ഇഷ്ടംപോലെ കറുകുറെ
കൊത്തിയരിയഞ്ഞു വരിമുറിയ്ക്കണം.
വൃത്തവും താളവും
ശകുനം വരാതെ നോക്കണം.

പ്രണയം പച്ചതൊടാതെ അരച്ചുകൂട്ടി
മുട്ടിനു മുട്ടിനു പൊതിയണം
പാദാദിപ്പൊരുത്തങ്ങള്‍
മഷിനോട്ടത്തില്‍ പോലും
ദൃഷ്ടിയില്‍പ്പെടരുത്.
മുറ്റുവിനയോ പറ്റുവിനയോ
സകര്‍മ്മകമോ അകര്‍മ്മകമോ
വിഭക്തിയോ ഭക്തിയോ പാടില്ല.
വാക്കുകളെ ലിംഗവര്‍ണ്ണ ഭേദമില്ലാതെ
ഭ്രാന്ത ജല്‍പ്പനം പോലെ
വാരിയെറിയണം.
കഴിയുമെങ്കില്‍ പച്ചത്തെറി മേമ്പൊടിചേര്‍ത്തുവേണം
(കാ, പൂ, മൈ ഇവയില്‍ത്തുടങ്ങുന്ന തെറി തന്നെവേണം)
എഴുതിത്തുടങ്ങേണ്ടത്
മൈലേജു കൂടിക്കിട്ടും.

മുന്‍കാല കവികളുടെ
പേരും നാളും പറഞ്ഞു
പോഴത്തം നിവേദിയ്ക്കണം.
തലക്കെട്ടില്‍ ജനനേന്ദ്രിയങ്ങളുടെ
പര്യായങ്ങള്‍ അഭിലഷണീയം
ലൈക്കോ കമന്റോ തരാത്ത വായനക്കാരെ
ഇന്ഷ്യല്‍ ചോദിച്ചു ചൊടിപ്പിയ്ക്കാം
വേണമെങ്കില്‍ ബ്ലോക്കും ചെയ്യാം.

പ്രത്യേക ശ്രദ്ധയ്ക്ക്:
വിശപ്പിനെക്കുറിച്ചോ
സാമൂഹ്യ തിന്മയെക്കുറിച്ചോ
ഒരക്ഷരം മിണ്ടിപ്പോകരുത്‌.

=============================== CNKumar. 

Sunday, March 9, 2014

ചിത്രഗുപ്തന്റെ കണക്കുപുത്തകം



ചിത്രഗുപ്തന്റെ കണക്കുപുത്തകം


നീലാണ്ടനിപ്പോഴും
ഇരിപ്പും കുടിപാര്‍ക്കലും
കടത്തിണ്ണയില്‍ തന്നെ.
കൂടെക്കൂടെ നീലച്ചടയന്‍ വലിച്ചു കേറ്റും
അപ്പോള്‍ ഒരു യോഗിയെപ്പോലെ
അയാള്‍ ലോകത്തോട്‌
പ്രവചനങ്ങള്‍ നടത്തും.

എന്നാലും വിശപ്പും ദാഹവുമൊക്കെ
സാധാരണപോലെ തന്നെ പിടികൂടും.
അന്നേരങ്ങളില്‍ കണാരേട്ടന്റെ ചായക്കട
ആശ്രമമാകുകയും
അവിടുത്തെ വടയും ബോണ്ടയുമെല്ലാം
ഇഷ്ടനൈവേദ്യമാകുയയും ചെയ്യും.

ഇടവപ്പാതിയും
കാലവര്‍ഷവുമൊക്കെ
പതിവായി വന്നു പോകുമെങ്കിലും
അയാളുടെ ദേഹത്ത്,
എനിയ്ക്ക് ഓര്മ വച്ചതിനുo
മുമ്പായിരിയ്ക്കാം
വെള്ളപ്പൊക്കമോ
സുനാമിയോ വന്നു പോയത്.

എന്നിരുന്നാലും കുളക്കരയിലും
ആറ്റുതീരത്തുമൊക്കെ പലപ്പോഴും
അയാളെകണ്ടതായി
വെളുപ്പാന്‍കാലത്തെ ചായക്കടചര്‍ച്ചകളില്‍  
ആളുകള്‍ സാക്‌ഷ്യം പറയാറുണ്ട്‌.

ആയവയൊക്കെ എന്ത് തന്നെയായാലും
ചാനല്‍ റിപ്പോര്‍ട്ടറന്മാര്‍
കാലാകാലങ്ങളില്‍
ഇഹലോകവിഷയങ്ങളെക്കുറിച്ചല്ലാതെ
വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക്
പ്രവചനത്തിന്റെ ഇടനേരങ്ങളില്‍
ഉത്തരം വാങ്ങി സമ്പാദ്യക്കുടുക്കയില്‍
സൂക്ഷിയ്ക്കാന്‍ മറക്കാറില്ല.

നാട്ടിലെ ഒട്ടുമിക്ക കാക്കയും
പട്ടിയും പൂച്ചയുമൊക്കെ
അയാളോട് ചങ്ങാത്തം കൂടുകയോ
അയാളുടെ വായില്‍ നിന്നും
സ്വാതന്ത്ര്യം നേടുന്ന മീന്‍മുള്ളുകളോ
എല്ലിന്‍കഷണങ്ങളോ അത്യധികം
രുചിയോടെ തിന്നുകയോ ചെയ്യും.

പക്ഷെ അയാളെ കാണുമ്പോള്‍
പട്ടികള്‍ കുരയ്ക്കാനും
കാക്കകള്‍ വട്ടം പറന്നു
തലയ്ക്കിട്ടു മേടാനും
മറക്കാറില്ല.

ചിലനേരങ്ങളില്‍
കവലയിലെ ആല്മരചോട്ടില്‍
അനന്തശയനം നടത്താറുണ്ട്‌
അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്  
ആവഴി പോകാന്‍ പേടിയായിരുന്നു.
ഉറക്കത്തിലും അയാളുടെ കണ്ണുകള്‍
തുറന്നിരിയ്ക്കുന്നത്  തന്നെയാണ്
അതിനുള്ള കാരണം .
അത് കാണുമ്പോള്‍ ഞങ്ങള്‍ക്ക്
തൂങ്ങിമരിച്ച ഗോപാലേട്ടന്റെ
മുഖമാണ് ഒര്മവരുക.
മോര്ച്ചറിയിലെ മേശമേല്‍
പോസ്ടുമോര്ട്ടത്തിനു
കാത്തു കിടക്കുമ്പോള്‍
പെരുച്ചാഴി ജപ്തിചെയ്ത
കണ്പോളകളെക്കുറിച്ചു
കരക്കമ്പി പരന്നിരുന്നു.

ഇപ്പോള്‍ കുറച്ചു നാളുകളായി
നീലാണ്ടാനെയോ അയാളുടെ
പൊക്കണമോ കാണാനില്ല.
ആത്മഹത്യയാണെന്നും
കൊലപാതകമാണെന്നും
അഭിപ്രായയുദ്ധം തുടങ്ങിയത്
അന്ന് മുതല്‍ക്കാണ്.
കണാരേട്ടന്റെ ചായക്കട പൂട്ടി,
പോലീസ് പിക്കറ്റ് വന്നു,
നൂറ്റിനാല്‍പ്പത്തിനാലിന്റെ
ആനുകൂല്യത്തില്‍ സമാധാനം
സായാഹ്നസവാരി നടത്തി,

അപ്പോഴും നാട്ടിലെ പട്ടികള്‍
കുരയ്ക്കുകയും കാക്കകള്‍
വട്ടം പറന്നു തങ്ങള്‍ക്കു മേടാനുള്ള
തലകിട്ടാതെ ക്രാവുകയും
കുളക്കരയും ആറ്റുതീരവും
കുളിക്കാരില്ലാതെ
ഒറ്റപ്പെടുകയും ചെയ്തു.
അങ്ങനെയാണത്രെ നാട്ടില്‍
വര്‍ഗ്ഗീയകലാപം പടര്‍ന്നത്.

=============================== CNKumar.


Friday, February 28, 2014

ആണ്‍വേശ്യകള്‍ അരങ്ങുവാഴുമ്പോള്‍


ആണ്‍വേശ്യകള്‍ അരങ്ങുവാഴുമ്പോള്‍

പണക്കിഴി കാണുമ്പോള്‍
കണ്ണ് മഞ്ഞളിച്ചോയെന്നു
ചോദിയ്ക്കാന്‍ നീയെന്റെ
മറ്റവള്‍ ഒന്നുമല്ലല്ലോ.

തീട്ടവണ്ടികള്‍ വലിച്ചു
ചുമച്ചൊടുങ്ങിയ മുന്‍ഗാമികളാണ്
നെഞ്ചിലേയ്ക്കു ഈ ചെങ്കൊടി
ചേര്‍ത്തു വച്ചതും, സ്വപ്നങ്ങള്‍
കാണാനുമവയെ താലോലിയ്ക്കാനും
കൈപിടിച്ചു നടത്തിയത്.
ഇപ്പോള്‍ എനിയ്ക്ക് വിലയിടാന്‍
എത്ര ഡോളര്‍ നീ ഒറ്റുകാശായി
വാങ്ങിയിട്ടുണ്ടാകും.
അതോ. ബംഗാളിപ്പണിക്കാര്‍ക്ക്
തൂറി മുടിയ്ക്കാനും പിന്നെ പുതുപ്പണക്കാര്‍ക്ക്
കേറി പൊലയാട്ടു നടത്താനുമുള്ള ഫ്ലാറ്റുകള്‍
നാട്ടി കോടിപതിയാകാനുള്ള
തരിശുനിലത്തിന്റെ തീറാധാരമോ?
പിന്നെ ഒരു മാതിരി മറ്റെടുത്തെ ന്യായം
എന്റെ മേല്‍ ചാര്‍ത്താന്‍ മെനക്കെടേണ്ട.

നൂറ്റാണ്ടിലേറെ പാരമ്പര്യം പറയുന്ന
നിന്റെ മറ്റെവന്മാരുടെ ക്ണാപ്പിലെ പോഴത്തങ്ങള്‍,
പെറ്റമ്മയെ കൂട്ടിക്കൊടുത്ത കാശില്‍ കെട്ടിപ്പൊക്കിയ
സമ്പാദ്യക്കൂമ്പരത്തില്‍ കുന്തിച്ചിരുന്നു ഞങ്ങടെ മേത്തൂടെ
തൂറിക്കളിക്കാമെന്ന നിന്റെ സൊനാപ്പിലെ ആഗ്രഹം,
വിദേശിയുടെ തിണ്ണനെരങ്ങിയും
അവന്റെയപ്പി കഴുകിയും
നീ നേടിയ അധികാരത്തിന്റെ ധാര്‍ഷ്ട്യം
എല്ലാം അട്ടത്ത് തന്നെ കെട്ടിവെച്ചില്ലെങ്കില്‍
നടുവഴിയില്‍ ഉടുമുണ്ടുരിയുന്ന ഒടുവിലെ സമരം
അനുഭവിച്ചറിയുന്ന ഒരു രംഗമുണ്ട്;
അതിനു ഞങ്ങളെ കച്ചകെട്ടിയ്ക്കരുത് പറഞ്ഞേക്കാം.  

നട്ടെല്ലിന്റെ മേലേ ഒന്നു തടവി നോക്ക്
റബ്ബര്‍ ദണ്ട് അല്ലെന്നു ആണയിട്ടുറപ്പിയ്ക്കൂ.
ആല്ലെങ്കില്‍ പല്ലില്ലാ മോണകാട്ടി ചിരിയ്ക്കുന്ന
അര്‍ദ്ധഫക്കീറിന്റെ പേരു ചേര്‍ത്തു
കടലിനോടു കടലാടിയെ ഉപമിയ്ക്കുമ്പോലെ
അരങ്ങിലെത്തുന്ന പൊയ്മുഖങ്ങള്‍
നിങ്ങളുടെ കണ്ണും കാതും തുരന്നു തലച്ചോറിലേയ്ക്ക്
ശൂന്യസ്വപ്നങ്ങള്‍ കൊണ്ടശ്വമേധം നടത്തും.

ആറരപ്പതിറ്റാണ്ടിന്റെ
സ്വാതന്ത്ര്യസ്വപ്നത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും
തൂറാനോരോ കക്കൂസുപോലും
വര്‍ത്തമാനത്തിലും  സാക്ഷാത്കരിയ്ക്കാന്‍
കഴിയാത്തത് തെല്ലും ജാള്യതയില്ലാതെ
മാധ്യമങ്ങളിലൂടെ വിളമ്പുന്നത്.
നീ കാണുന്നില്ലേ, പരസ്യങ്ങള്‍
നമ്മെ കൊതിപ്പിയ്ക്കുന്ന വിഷവര്‍ഷങ്ങള്‍.


നീയോ പുതുയുഗത്തിന്റെ കാവല്‍ക്കാരന്‍?
ചിരിയ്ക്കുന്ന പല്ലുകള്‍ക്കിടയില്‍
പറ്റിയിരിയ്ക്കുന്ന പച്ചയിറച്ചിയും ചോരയും
നിന്റെ മനുഷ്യസ്നേഹത്തിന്റെ
പൊള്ളും പിത്തലാട്ടങ്ങളും
ചീന്തിയെറിയുന്നതു ഞാന്‍ കാണുന്നുണ്ട്.
കാവി പുതച്ച കിരാതത്വമേ
നിന്റെയുള്ളില്‍ നിറയുന്ന വര്ണവെറിയുടെ
പ്രകമ്പനത്താല്‍ കലുഷിതമാകുന്ന
മനുഷ്യജീവിതത്തിന്റെ സ്വാസ്ഥ്യമാനങ്ങള്‍
മായക്കണ്ണാടിയിലെന്നപോല്‍ 
മേഘക്കാഴ്ചകളായാണ് എന്റെ സ്വപ്നങ്ങളില്‍
തലങ്ങും വിലങ്ങും തെളിയുന്നതൊക്കെയും.

ഇനിയും എത്രജീവിതങ്ങളും ജീവനും
കടപുഴക്കിയാലാകും നിങ്ങള്‍ തൃപ്തരാകുക,
ഞങ്ങളുടെയൊക്കെ ജീവിതത്തിനും
എത്ര മേലെയ്ക്കാണു
ആ ദാരിദ്ര്യരേഖ ഇനി മാറ്റി വരയ്ക്കേണ്ടത്,
തൊണ്ണൂറുശതമാനത്തിനു മേലേയോ?

ഓരോ നാള്‍ കഴിയുംതോറും
മുഖപടം മിനുക്കി മിനുക്കി
ചുണ്ടില്‍ കടും ചായങ്ങള്‍ പൂശി
വശ്യമാര്‍ന്ന ചിരിയോടെ  
നിങ്ങള്‍ മാടിമാടിവിളിയ്ക്കുന്നു
വഴിയോരങ്ങള്‍ പകുത്തെടുത്ത്
ചൂളംവിളിച്ചു വാസനപ്പാക്ക് ചവച്ചു   
ആണ്‍വേശ്യകളെപ്പോലെ
കൊഞ്ചിക്കുഴഞ്ഞു...............

=====================================CNKumar.

Wednesday, January 8, 2014

പെരുന്തച്ചന്‍


പെരുന്തച്ചന്‍

ഉളിയെറിഞ്ഞരുമമകനെക്കൊന്നവന്‍
ഉലകിലെല്ലാം പറഞ്ഞു പരത്തിയെന്‍
കുലമെരിച്ചു മുടിച്ചവര്‍ നിങ്ങള്‍.

നുണ തന്‍ കൊടുങ്കാറ്റേറെവേഗം
ദുരയാര്‍ന്നു പായും മഹീതലത്തില്‍
ആയിരം നാവുകളേറ്റുപാടും പതി-
നായിരം കാതുകള്‍ കേട്ടിരിയ്ക്കും.
കൃത്യതയോടെ തൊടുത്തോരാ വാക്കുകള്‍
ലക് ഷ്യത്തിലെത്തിയ ചതിക്കോളുകള്‍
കുടിലത പതിയിരിയ്ക്കുന്നൊരു
കഴുകനേത്രത്തിന്‍ വെള്ളിവെളിച്ചങ്ങള്‍
അറിയുന്നു ഞാനതിന്‍ ചാണക്യരീതികള്‍
ആറാം നേത്രത്തിനാകാശവീഥിയില്‍. 

അച്ഛനേക്കാള്‍ ബഹുകേമനാണീ മകന്‍
തച്ചുശാസ്ത്ര വിശാരദന്‍, കൈക്കണക്കി-
ലൊരംഗുലത്തോളം  പെരുമയേറും
പെരുന്തച്ചനേക്കാള്‍.
കുടുമതുള്ളിച്ചു പലവിധമിങ്ങനെ
മുറജപം കൊണ്ടു മേളപ്പെരുക്കങ്ങള്‍
പടിപ്പുരക്കോലായ പ്പകല്‍ വെടിവട്ടത്തില്‍
ചെടിപ്പെഴാതെ പുലമ്പി രസിച്ചവര്‍,
കുന്നായ്മ തേച്ചുമിനുക്കും കുളക്കല്‍പ്പടവുകള്‍
മെയ്യഴുക്കു കറുപ്പിച്ച പൂണൂല്‍ച്ചരടുപോല്‍
കരുണയേറാമനസിന്നുടയവര്‍, ധരണിയില്‍
വിദ്യയൊക്കെയും നിങ്ങള്‍തന്‍ വീട്ടുസ്വത്തെന്ന
വേദപ്രമാണത്തിന്‍ഘോഷാക്ഷരങ്ങള്‍ ജപിച്ചും
ശംബുകനെക്കൊന്ന പെരുമപെരുമ്പറമുഴക്കങ്ങള്‍
തൃസന്ധ്യാജപത്തിന്റെ പൊരുള്‍ പേര്‍ത്ത വീചികള്‍ ,
കീഴാളനാമെന്‍ കുരുതിയ്ക്കു കാത്തിരിയ്ക്കുന്നു
വരേണ്യത തന്‍ കലിവേഷപ്പകര്ച്ചകള്‍.

അമര്‍ത്യതേ നിന്മുഖത്താഞ്ഞു തുപ്പി ഞാനെ-
ന്നമര്‍ഷമൊക്കെയറിയിച്ചൂ കളിപ്പാവയാല്‍
തുപ്പുകയല്ലിനി വേണ്ടതു ചെള്ളയ്ക്ക് നല്ല
തപ്പുകൊട്ടാണെന്ന പുത്തന്‍ തലമുറ ഭാഷ്യങ്ങള്‍
സംഗ്രഹിയ്ക്കാതെ വെട്ടിയൊതുക്കിയ ഗൂഢതന്ത്രങ്ങള്‍
അച്ഛന്‍റെ ചെകിടത്തടിച്ചു മകനെന്നപഖ്യാതി ചാര്‍ത്തി
എനിയ്ക്കുള്ളയാദ്യ ചതിക്കുഴി തീര്‍ത്തു നിങ്ങള്‍.

കുന്നത്തൂര്‍ കോലോത്തെയിളമുറപ്പെണ്‍കൊടി
മോഹിച്ചു പോയെന്ന കുറ്റവിചാരണചാര്‍ത്തിനാല്‍
എന്‍പ്രിയ തനയന്റെ പിഞ്ചുഗളത്തിലൂടന്നു
മിന്നല്‍പ്പിണരു പോല്‍ പാഞ്ഞൊരു  
വാളിന്‍റെയാത്മ പ്രകാശനച്ചിന്തുകള്‍
മണ്ണിലലിയാതെയുണ്ടെന്ന
സാക്ഷ്യം മൊഴിയുന്നു ചീവീടുകള്‍.
എത്ര സത്യങ്ങളെക്കൊന്നു കുഴിവെട്ടി മൂടീ
നിങ്ങന്നോളം ഐതീഹ്യമെന്ന പുകമറയ്ക്കുള്ളില്‍.

കീഴാളര്‍ ഞങ്ങള്‍തന്‍ വ്യക്തിത്വബീജങ്ങള്‍
മേലാളര്‍തന്‍ ഭിക്ഷയാണെന്ന പുലയാട്ടുവാക്യങ്ങള്‍
പറയക്കിടാത്തിതന്‍ ഗര്‍ഭപാത്രത്തിന് തീണ്ടായ്മകള്‍ തീര്‍ത്ത 
വാരിക്കുഴികള്‍ തന്‍ വാഗര്‍ത്ഥപ്പൊരുളുകള്‍
വേറിട്ടറിയുന്നു ഞാനെന്റെയേകാന്തയാത്രയില്‍,
ഓര്‍ക്കുക നിങ്ങള്‍തന്‍ കപടവചസുകളിളല്ല 
ചരിത്രസത്യങ്ങള്‍  തേടുന്നതിന്നിന്‍തലമുറ.

പുത്രവിയോഗം നാട്ടിയ സങ്കടക്കട്ടിലില്‍
ദുഖായാനത്തിന്റെ ദീക്ഷ വരിച്ചു ഞാ-
നക്ഷരമൌനം നോറ്റിരിയ്ക്കുംപോള്‍
തീരാപ്പകതന്‍ തീപ്പന്തമേന്തിയെന്‍കൂരയെ
ചാരമായ്മാറ്റിയ ഗൂഡതന്ത്രങ്ങള്‍, പെരിയാറിന്‍
തിരയിളക്കങ്ങള്‍ പാരായണം ചെയ്തു
വിസ്തരിയ്ക്കുന്നുണ്ടോരോ പകലുമിരവും
കാറ്റിനോടും കാട്ടുപൊന്തയില്‍ കേട്ടിരുന്നോരോ
ചോദ്യമെറിയും കുളക്കോഴിയോടും.

എന്തുതന്നെ വന്നുവെന്നാകിലുമിപ്പോഴും
സൂര്യ തേജസ്സാര്‍ന്നയോര്‍മ്മകള്‍  
വേരുകള്‍ക്കേകിയൊഴുകും പുഴപോലെ
പുത്രസ്നേഹത്തിന്റെ തേന്‍കുടം സൂക്ഷിയ്ക്കു-
മാറ്റുതീരത്തുപൂവട്ടിയേന്തും ചെമ്പന്‍കലദി പോല്‍ 
മാറ്റേറുമാത്മശരീരിയായഗ്നിസ്ഫുടം ചെയ്ത
സത്വബോധത്തിന്റെ ഗ്രീഷ്മദൃഷ്ടാന്തമായ്
പൊള്ളയാമൈതീഹ്യമാലകള്‍ പൊട്ടിച്ചെറിയുന്ന
വാക്കിന്റെ നീറും നീടുറ്റ സത്യമായിപ്പോഴും.

===========================================CNKumar.