Wednesday, August 28, 2013

പത്രവിശേഷങ്ങള്‍



പത്രവിശേഷങ്ങള്‍ 




1.    ചരമക്കോളം


മരണപ്പേജിലെ 
ആഘോഷങ്ങള്‍
കണ്ണിനിപ്പോള്‍ 
കൌതുകമാണ് .

ചത്താലും 
ചമഞ്ഞൊരുങ്ങി
തണുത്ത പെട്ടിയില്‍
വിദേശത്തു നിന്നും 
വരുന്നവരെ കാത്തു
എത്ര നാള്‍ 
വേണമെങ്കിലും കിടക്കാം. 

വാര്‍ത്തകള്‍ 
ചാവുപെട്ടിയിലെ
അലങ്കാരങ്ങളാണ് .
അതുകൊണ്ടല്ലേ 
ചിതലുകള്‍
ജാഥ നയിയ്ക്കാന്‍ 
നില്‍ക്കാത്തത്. 

ഓരോ ശവങ്ങളും
ഭീഷ്മരുടെ 
മറുപിള്ളയാണ്
ദക്ഷിണായനവും 
ഉത്തരായനവും
ഒറ്റപ്പെടലിന്റെ
ശരതല്പത്തില്‍....


 2.    പീഡനം
 

ഭൂതക്കണ്ണാടികള്‍ക്കു 
ചാകരയാണ്
ഭൂതവും ഭാവിയുമെല്ലാം
പൂമുഖം നിറയെ നിരത്തി
പീഡിപ്പിയ്ക്കുന്നത്‌
വായനയുടെ  
പുതിയമേടുകളാണ്. 


3.    ഉരുള്‍ പൊട്ടല്‍ 


മലയിറങ്ങിവരുന്ന
വാര്‍ത്തയില്‍ 
നിഴലുപോലും
നിലവിളിയ്ക്കും
നിദ്രയോടിയകന്നു പോകും
രാവുകള്‍ക്കൊരു പാട്ടുമായ്
നാടുകാണിച്ചുരംതാണ്ടി  
വരുകയാണൊരു രാക്കിളി.  

ശിഥിലമെന്റെ 
ഹൃദയജാലകവഴികളില്‍ 
ചിറകൊടിഞ്ഞുപിടഞ്ഞു വീഴും 
ശലഭജന്മങ്ങള്‍
മഴയൊഴിഞ്ഞ
വെയില്‍ക്കവലയില്‍ 
പേടിതിന്നുമരിച്ച 
പുസ്തകത്താളില്‍ നിന്നും 
പ്രാണഭിക്ഷയിരന്നു വന്നെന്‍ 
സ്മൃതിപഥത്തില്‍ നിരക്കുന്നു
സങ്കടപ്പെരുക്കങ്ങള്‍ 

കലപില ചിലയ്ക്കുന്നു
കരിയിലക്കിളികളും കാറ്റും 
ചിലനേരമെന്നില്‍
കുടിയിരിക്കുന്നോരാ
ബാലചാപല്യവു൦.
============================CNKumar. 



                                                                        


Sunday, May 26, 2013

ചില്ലക്ഷരങ്ങള്‍

ചില്ലക്ഷരങ്ങള്‍


പലകുറി വീണിട്ടും
നടക്കാന്‍ പഠിയ്ക്കാത്ത
കുട്ടിയെപ്പോല്
തിരശ്ചീനമായി നിറങ്ങള്‍
കോരിയൊഴിച്ച്
ചിത്രംമെനയുന്ന സന്ധ്യയിപ്പൊഴും
കടല്‍ക്കരയില്‍ തന്നെയാണിരിപ്പ്.

നഗരത്തിരക്കില്‍
കാഴ്ചകളൊക്കെയും
വെള്ളഴുത്തുകണ്ണടയണിഞ്ഞു
സവാരിയിലാണ്,

ആരോ ഒരാള്‍ വഴിയരുകിലേയ്ക്ക്
വലിച്ചെറിഞ്ഞ സദാചാരത്വം
നിറവയറുമായി
വാര്‍ത്തയില്‍ ചേക്കേറുന്നു.

ആദിമാദ്ധ്യാന്തസൂത്രം ധരിയ്ക്കാത്ത
നായ്ക്കള്‍ ഓരിയിടുന്നതിലെ
അരോചകത്വം കാര്യകാരണങ്ങളോടെ 
പരത്തിപ്പറഞ്ഞു വാച്യാതിസാരം പിടിച്ച
ആസ്ഥാനവിദ്വാന്മാര്‍
പട്ടുംവളയും സ്വപ്നംകണ്ടു
വഴിക്കവലയിലിപ്പോഴും
സുവിശേഷ വേലയിലാണ്.

തെരുവില്‍ നെഞ്ചുകീറി കാണിയ്ക്കുന്ന
പതിതഭാഷണങ്ങളെ ഓട്ടകണ്ണിട്ടുപോലും
നോക്കാതെ കടന്നുപോകുന്ന
വരേണ്യപുലയാട്ടുകള്‍
തീണ്ടാദൂരം  പാലിയ്ക്കുമ്പോള്‍,
നെഞ്ചുകത്തുന്ന നിലവിളികളായി
പരിണമിയ്ക്കുന്നത്
നമ്മുടെ പ്രണയവാക്യങ്ങള്‍,
പരിഭവങ്ങള്‍,
കൊച്ചുപിണക്കങ്ങള്‍
പ്രതിക്ഷേധങ്ങള്‍.

ഇനി ഏതുഭാഷയാണ്
നമ്മുടെ വാക്കുകള്‍ക്കു
വര്‍ണ്ണചാരുത നല്കുന്നത്?

അര്‍ത്ഥശൈഥില്യം വന്ന വാക്കുകള്‍
പടുത്തുയര്‍ത്തിയ സിംഫണി
കാഴ്ചബംഗ്ലാവിലെ ശീതീകരണിയില്‍
അന്ത്യവിശ്രമത്തിലാണ്.

നമുക്ക് പറയാനുള്ള വാക്കുകളെ
നാടുകടത്തിയ ആഘോഷത്തിമിര്‍പ്പിലാണ്
അരങ്ങുകളൊക്കെയും.
എന്നിട്ടും ഒറ്റപ്പെട്ട ചില്ലക്ഷരങ്ങള്‍മാത്രം
എത്തുംപിടിയുമില്ലാത്ത വാക്കുകള്‍ക്കു
പിന്നാലെ പായുകയാണ്.
ഇപ്പോഴും......

===============================CNKumar. 


Tuesday, May 21, 2013

വൈകിയെത്തുന്ന വണ്ടികള്‍


വൈകിയെത്തുന്ന വണ്ടികള്‍ 


പാതി മിഴി തുറന്നു നീ
കാണുന്നതേതു കാഴ്ചകള്‍,
രാവറുതിയോളമീ 
തെരുവിതില്‍കാവലായ് 
നില്‍ക്കുന്ന ഭീതികള്‍
നെഞ്ചില്‍ കനച്ചു പടരുന്ന 
നേരവുംമിഴി പാതി പൂട്ടാന്‍ മറന്നു നീ.

പറയാതെ പറയുന്നു 
നിന്റെ പരിഭവം പെയ്യുന്ന കണ്ണുകള്‍ 
നൂറു ചോദ്യങ്ങളില്‍ അടയിരിയ്ക്കുന്നെന്റെ 
മറുവാക്ക് മൌനം പുതച്ചു. 

നഖമുനകളാഴ്ത്തിയെന്‍ 
നെഞ്ചു പിളര്‍ക്കുന്നു കാഴ്ചകള്‍
കൊട്ടിയടയ്ക്കാത്ത കര്‍ണ്ണപുടങ്ങളില്‍
കാറ്റിലേറി  വരുകയാണിപ്പോഴും
നിലവിളിപ്പെയ്ത്തുകള്‍,


നിദ്രകള്‍ ചുരം കേറി 
മറഞ്ഞൊരാ രാവുകള്‍.
ജീവനില്‍ ജീവന്റെ സര്‍വ്വാധിപത്യപ്രകടനം
ജഡരാശി നിറയുന്ന പാതയില്‍
പതിയിരിയ്ക്കുന്ന കഴുകനേത്രങ്ങള്‍..
പകല്‍ വെളിച്ചത്തിലെ മാന്യശൃംഗങ്ങള്‍.,
പടിവിട്ടിറങ്ങാതെ വീണയും മീട്ടി നീ
പതിവു സ്വപ്നങ്ങളില്‍ തലചായ്ച്ചിരിയ്ക്കയോ?
 
പകുത്തു നല്കാനിനി 
സ്വപ്നങ്ങള്‍ പോലും
തരിമ്പുമില്ലയെന്‍
കയ്യിലെന്നറിയുക.

നിലത്തു കാല്‍ 
ചവിട്ടാനൊരു നുള്ള് മണ്ണും.
ആരോ കുരുക്കിയ കയറിലെന്‍
കുരലു പിടയുന്നു,
മടവീണ മോഹങ്ങള്‍
കണ്ണില്‍, നീയിപ്പോള്‍ 
കറുത്ത കണ്ണട വച്ചതും 
കാല്നടയ്ക്കു പോകാതെ 
യാത്രയൊക്കെ വണ്ടിയിലാക്കിയതും 
അല്‍ഷിമേഴ്സ് ബാധിച്ച 
തത്വശാസ്ത്രത്തിന്റെ സംഭാവന. 

പുകപ്പുരയില്‍ നീര്‍വാര്‍ന്നു 
ശുഷ്കമായിത്തീരുന്ന മനുജത്വം, 
നിന്റെതെല്ലാം കവര്‍ന്നു 
എന്റേതെന്ന സകര്‍മ്മകക്രിയയില്‍ 
അഭയം തേടുമ്പോള്‍, 
നയിയ്ക്കപ്പെടാത്ത ആട്ടിന്പറ്റങ്ങള്‍ 
താഴ്വരകളില്‍, 
തമ്മിലറിയാതെ
കൊമ്പുകോര്‍ത്ത് 
പിടഞ്ഞു വീഴുമ്പോള്‍ 
എവിടെ എന്റെ മുത്തിയുടെ 
കാല്‍പ്പെട്ടിയും ചെല്ലവും.
===============================CNKumar.

മുളവന എന്‍ എസ് മണിയുടെ രചന 

 

Thursday, March 7, 2013

പൊലിപ്പാട്ട്...


പൊലിപ്പാട്ട്...


ഒന്നാം
മലമേലുദിക്കണ ചൂര്യനെ
കണ്ടിട്ട് തന്തോഴം
വന്നെന്റെ നീലീ
കുഞ്ഞിചിരുതയും
ചീരുവും വന്നിട്ട്
മുഞ്ഞി മിനുക്കണ
ചൂര്യനെ കണ്ടോളി.

ഞാറു പറിച്ചതും
വരി നട്ടുകേറ്യതും
മുത്തി മുതുക്കീടെ
പാട്ടു പൊലിച്ചതും
നടവരമ്പത്തേന്റെ  
പെലയക്കിടാത്തന്മാര്‍
മടവീഴാതെന്നാളും
കാത്തു കെടന്നതും

വെളനെല്ലുകൊയ്തു
മെതിച്ചതും ഞാളല്ലേ
പത്തായപ്പെരയില്
കൊണ്ടോയ് നെറച്ചതും
മോന്തിയ്ക്ക് ചാളയില്‍
കല്ലരിക്കഞ്ഞിയ്ക്ക്
കാത്തുകാത്തെങ്ങടെ
ക്ടാത്തന്മാര്‍ ചാഞ്ഞതും
ഇന്നലത്തെപ്പോലെ
ഓര്‍ക്കണം നീലീ
ഓര്‍മയ്ക്ക് ചിന്തേര്
ചേര്‍ക്കണം നീലീ

കുറ്റിരുട്ടത്തൊരു
ചൂട്ടുമിന്നിച്ചന്നു
കുടിതോറുമെത്തിയ
ചൂര്യവെട്ടത്തിനെ
വെയമൂക്കന്‍
കൊത്തിയെടുത്തൊരാ
പെരുമാളെ,
നെഞ്ചില്‍ നെനയ്ക്കണം നീലീ.

നടുനീര്‍ത്തു നിക്കാനും
പതമെണ്ണി നേടാനും
നടവഴി തീണ്ടി
നെടുനെടേ പായാനും
ചേറില്‍ കൊഴഞ്ഞൊരു
ചോര പൊലിപ്പിച്ചു
അന്നുതിച്ചേ വന്നുതിച്ചേ
ആതിച്ചന്‍ പെരുമാളും.

അക്കാലമൊക്കെ
നടകേറിപ്പോയെന്റെ നീലീ
പൊയ്ക്കാലിലാണിന്നു
പൂട്ടും കിളയും 
വിത്തും വിതയും
കണ്ടം മറന്നു
കൊയ്ത്തും മെതിയും
കൊതിപെട്ടു പോയീ 

കളയെടുക്കാനിറ്റു
നേരമില്ലാ മാമലക്കണ്ടത്തില്‍
കളകേറി മുടിയുന്നു
കളവേറി മുടിയുന്നു
കാലം പൊല്ലാത്ത
കോലം വരയ്ക്കുന്നു
പൊള്ളത്തരങ്ങള്‍ക്ക്
ചൂട്ടൂ പിടിയ്ക്കുന്നു

പിണിയൊഴിയ്ക്കാനിനി
പണിയേറെവേണം
എള്ളുതിരി,കത്തുന്ന പന്തം,
കുരുതിയ്ക്ക് കുമ്പളം,
മഞ്ഞളും നൂറും
ചേര്‍ത്തരത്തവെള്ളം,
പിണിയാള്‍ക്കിരിയ്ക്കാന്‍
കുരുത്തോലപന്തല്‍,
ആടിയൊഴിയാന്‍ കളമെഴുത്ത്
പ്ലാവിറകാലെ  ഹോമകുണ്ഡം,
പറകൊട്ടിയുറയാന്‍ പാക്കനാരും.

മണ്ണിന്റെ വിണ്ണിന്റെ
പിണിയെല്ലാം പോയൊഴികാ
കണ്ണേറും നാവേറും പോയൊഴികാ

പൊലിക പൊലിക
മുപ്പത്തുമുക്കോടിദേവകളും,
പൊലിക പൊലിക
മുതുമുത്തച്ചന്‍തൊട്ടുള്ളകാരണോരും,
മണ്ണുംപൊലികയീ
വിണ്ണുംപൊലിക,
പൊലിക പൊലിക
പഞ്ചിന്തിരിയങ്ങളും
പഞ്ചപാണങ്ങളും 
പഞ്ചപൂതങ്ങളും പൊലിക,

തെളികാ തെളികാ മനംതെളികാ
മാലോകര്‍ മാലൊഴിഞ്ഞീ
മനംതെളികാ
========================CNKumar. 

https://soundcloud.com/cnkumar/polippaattu ഇവിടെ ക്ളിക്കിയാല്‍ കവിത കേള്‍ക്കാം