Tuesday, March 2, 2021

ഭഗവതിപുരം സ്റ്റേഷനിലെ പാണ്ടി ദുരൈ

 ഭഗവതിപുരം സ്റ്റേഷനിലെ പാണ്ടി ദുരൈ 

-.............. .........................................................


ചെങ്കോട്ടയിൽ നിന്നും 

നിത്യവും കിതച്ചെത്തുന്ന 

മീറ്റർഗേജു തീവണ്ടിയുടെ 

ആദ്യ ബോഗിയിൽ വെളുപ്പാൻകാലത്ത്

പച്ചക്കറികൾ നിറച്ച കൂടകളും 

പഴഞ്ചാക്കുകളും വലിച്ചു കേറ്റി

കക്കൂസിൻ്റെ മൂലക്ക് ചാരി

തോളിലെ തോർത്തുമുണ്ട് 

വായുവിൽ ചുഴറ്റി നിൽക്കുന്ന

പാണ്ടിദുരയെ കണ്ടാൽ

വടക്കൻപാട്ടിലെ ആരോമൽച്ചേകവർ

അങ്കത്തിനു പുറപ്പെടുമ്പോലുണ്ട്. 


എഞ്ചിൻ ഭഗവതിപുരം സ്റ്റേഷൻ്റെ

പ്ലാറ്റുഫോമിൽ കയറുമ്പോഴേ

പാണ്ടി ദുരൈ ഓടിക്കിതച്ചെത്തുന്നതും

പച്ചക്കറിക്കൂടയും ചാക്കും

റാക്കിനരികിലേക്ക് നീക്കിവയ്ക്കുന്നതും

ക്യാബിനിലിരുന്നെനിക്കു 

പതിവായി കാണാം.


ദുരെയെപ്പോൽ അനേകംപേർ 

ഭഗവതിപുരത്തു നിന്നും

കൊല്ലം ഷട്ടിലിൽ നിത്യവും കയറുo.

കുട്ടയും വട്ടിയും ചാക്കും നിറയെ

പച്ചക്കറികൾ, നെല്ലിക്കാ, നാരങ്ങ

ചുരുട്ടി കെട്ടിയ വാഴയില

എല്ലാമുണ്ടാകും.

ആര്യങ്കാവു മുതൽ കൊല്ലം വരെയുള്ള

സ്റ്റേഷനുകളിൽ അവകളെല്ലാം ഇറക്കും.

ഉച്ചയ്ക്കത്തെ മെയിലിൽ

എല്ലാവരേയും പോലെ 

പാണ്ടി ദുരെയും തിരിച്ചു പോകും.


മീറ്റർഗേജുമാറി

ബ്രോഡ്ഗേജാകുന്നതുവരെയുള്ള

മൂന്നരക്കൊല്ലം ദുരേയെക്കുറിച്ച്

ഒരറിവും എനിക്കില്ലായിരുന്നു.

ബ്രോഡ്ഗേജ് ആയപ്പോൾ ഞാനും 

പക്കാ ലോക്കോ പൈലറ്റായിരുന്നു.

റൂട്ടും അതു തന്നെ കിട്ടി.


ചെങ്കോട്ടയിൽ നിന്നും

കൊല്ലത്തേക്കു വരുമ്പോഴൊക്കെ

എൻ്റെ കണ്ണുകൾ ദുരെയെത്തെരയും.

കുറേ നാളുകൾ അങ്ങനെ പോയി.

ദുരെയെ ഞാൻ പതിയെ മറക്കാൻ തുടങ്ങി


ഒരുനാൾ ചാറ്റൽ മഴയുള്ള പ്രഭാതം

ഭഗവതിപുരം സ്റ്റേഷനിൽ നിന്നും

വണ്ടി നല്ല വേഗതയിൽ പോകുന്നേരം

കുറ്റിക്കാടിന്നിടയിൽ നിന്നും

കറുത്തുമെല്ലിച്ച ഒരാൾ

വണ്ടിക്കു മുന്നിലേക്കെടുത്ത് ഒറ്റച്ചാട്ടം

ബ്രേക്കിൽ കയ്യെത്തും മുമ്പ്

എഞ്ചിൻ അയ്യാളെ ഇടിച്ചു തെറിപ്പിച്ചിരുന്നു.

നാലഞ്ചു ബോഗികൾ 

കഴിഞ്ഞാണ് വണ്ടി നിന്നത്.


ഞാൻ ക്യാബിനിൽ നിന്നിറങ്ങി

അയാൾയ്ക്കരികിലേക്കു ചെന്നു.


ഓടിക്കൂടിയവരിൽ ആരോ പറഞ്ഞു

ഒടുവിൽ അയാൾക്കും ഈ ഗതി വന്നു.

കൃഷിയൊക്കെ നഷ്ടമായി

ഭൂമി ബാങ്ക്കാർ ജപ്തി ചെയ്തു

അന്നത്തെ ആത്മഹത്യയിൽ നിന്നും

കഷ്ടിച്ചു രക്ഷപ്പെട്ടത് അയാളാണത്രേ.

ഞാൻ ചോര പുരണ്ട 

ആ മുഖത്തേക്കു നോക്കി

അത് പാണ്ടി ദുരെ ആകല്ലേയെന്ന്

ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു

പക്ഷെ....

==========================CNKumar.

Saturday, January 23, 2021

വാത്മീകിയുടെ പയ്യ്

 വാത്മീകിയുടെ പയ്യ്


ചാന്ദ്ലാൽ വാത്മീകിയുടെ 

പയ്ക്കൾക്കും കെട്ട്യോൾക്കും

കുട്ട്യോൾക്കുമെല്ലാം ഒരേയൊരു

കൂരമാത്രമാണ് അന്തികൂടാൻ.


പുല്ലുമേഞ്ഞതാണെങ്കിലും 

സൂര്യചന്ദ്രന്മാർ കൂരക്കുള്ളിൽ

ഒളിഞ്ഞു നോക്കുന്നത്

അസാധാരണ സംഭവമല്ല.


കുഴമണ്ണ് തേച്ച ഭിത്തിയിൽ

കരിയും ചുണ്ണാമ്പും

വരച്ചു ചേർത്ത മങ്ങിയ ചിത്രങ്ങളിൽ

വല്ലപ്പോഴും വിരുന്നെത്തുന്ന

ചാറ്റമഴയുടെ കൈക്കുറ്റപ്പാട്.


പുറംചുവരുകൾ 

ചാണകവറളികൾ

കൊണ്ട് അലങ്കരിച്ച

ഒറ്റമുറി വീടിന് ചെറ്റ വാതിൽ

മാളങ്ങൾ പോലെ ജനാല,

തീനും കുടിയും പേറും പെറപ്പും

കാലങ്ങളായി ഇതിനുള്ളിൽ.


ചാന്ദ് ലാലും കെട്ട്യോളും

രണ്ട് കുട്ട്യോളും പട്ടിയും 

പൂച്ചകളുംപയ്ക്കളുമെല്ലാം 

ഒരു കുടുംബം പോലെ.


കൃഷിയിടത്തിലെ പണി

ചെയ്തിട്ടും ചെയ്തിട്ടും

കടപ്പെരുക്കം മാത്രം.

തടിച്ചതും കൊഴുത്തതും

തരവൻമാരും ചങ്ങാതികളും.

മാണ്ഡികളിൽ വ്യാപാര നിരോധനം

വന്നതിൽ പിന്നെ ചാന്ദ് ലാലിൻ്റെ

കൃഷിക്കും തീരുമാനമായി.


അങ്ങനെയാണ്

തരിശിട്ട ഭൂമിയിൽ

കിളിർത്തു പൊന്തിയ 

കളക്കൂട്ടങ്ങളെ തിന്നു തീർക്കാൻ

പയ്ക്കളെ വാങ്ങിയത്.

ആദ്യമൊക്കെ അവകൾ

സന്തോഷം തന്നു

പിന്നെപ്പിന്നെ ചാന്ദ്ലാലിനെപ്പോലെ,

അയാളുടെ കെട്ട്യാേളെയും

കുട്ട്യോളെയും പോലെ

അവകളും മെല്ലിച്ചു.

ജമീന്ദാറുടെ വയലിൽ

ചാന്ദ് ലാലിൻ്റെ പയ്ക്കൾ

തീണ്ടാജാതിക്കാരാണ്.

ജമീന്ദാറുടെ പയ്ക്കൾക്ക്

അയിത്തമില്ല.


ജപ്തി നോട്ടീസു പതിക്കാൻ

കോടതിയാമീൻ വന്നതിൻ്റെ

അടുത്തനാൾ ചാന്ദ്ലാൽ

പയ്ക്കളുമായി ചന്തയ്ക്കു പോയി.

കെട്ട്യോളും കുട്ട്യോളും

വേലിക്കൽ വരെ കൂട്ടുപോയി.

പിന്നെ ചാന്ദ് ലാലിനേയോ

പയ്ക്കളേയോ 

ഗ്രാമത്തിലാരും കണ്ടില്ല.


അക്കാലത്താണ് 

ഗോസേനയും

ഗോശാലകളും

ഗോമ്പുലൻസുകളും

ഗോവധ നിരോധനവും

ഉണ്ടായതും നടപ്പാക്കിയതും

വാത്മീകിയുടെ പയ്യ്

ഗോമാതാവല്ല.

വാത്മീകി ദളിതനാണ്‌.

=======================CNKumar.

Friday, January 31, 2020

ഹാജർ ബുക്കിൽനിന്നും മാഞ്ഞുപോകുന്ന പേരുകൾ

ഹാജർ ബുക്കിൽനിന്നും മാഞ്ഞുപോകുന്ന പേരുകൾ 

കുഞ്ഞാത്തുമ്മ
വയസെമ്പത്,
ഏഴാംതരം തുല്യതാക്ലാസിനു
പഠിയ്ക്കുന്നു.
കൊച്ചുമക്കളെല്ലാം
വല്യ പഠിപ്പുകാരായപ്പോ
വയസ്സാൻകാലത്തുണ്ടായ പൂതി.
നല്ലകാലത്തു
കഷ്ടപ്പാടും ദുരിതവു-
മായേനെക്കൊണ്ട്
നാലക്ഷരംപഠിച്ചു
കണ്ണുതെളിയാൻ പറ്റീല്ല.
ബാപ്പാ കൊച്ചിലെ
ഖബറിലേയ്ക്ക് പോയതാണേ.

ഇപ്പോ,
മക്കളൊക്കെ പട്ടിണീം
പരിവട്ടോമായൊക്കെ
പടവെട്ടിയൊരു നെലേലൊക്കെ
എത്തിപ്പറ്റിയേ, ഓരു
പറക്കമുറ്റണേമുന്നേ
വീടൻ മൊഴിചൊല്ലിപ്പോയതാണേ.
പിന്നെ പെടാപ്പാടു തന്നെ
എന്നാലും ഇപ്പമിച്ചിരി
നെലേം വെലേമൊക്കെ
വന്നിട്ടൊണ്ടേ.

കുഞ്ഞാത്തുമ്മ,
പതിവുപോലെ കുളിച്ചൊരുങ്ങി
കസവുമുണ്ടും തട്ടോമൊക്കെയിട്ട്
പഠിയ്ക്കാനെറങ്ങീതാ.
അവടെ പഴേ കൂട്ടക്കാരികള്
കൊച്ചിക്കമൂപ്പത്തീം
കുഞ്ഞയിഷൂമൊക്കെ വരും.
പഠിപ്പും കൊച്ചുവർത്താനോ-
മൊക്കെയായിട്ടു
പകലങ്ങുപോകുവേ.
കൊച്ചിക്ക മൂപ്പത്തീടെ
വീടൻ കണ്ണൻപണിക്കൻ
ഒത്ത കൃഷിക്കാരനാണേ,
ആയകാലത്തു
കുഞ്ഞാത്തുമ്മാടെ വീട്ടിലെ
കൊത്തും കെളയുമൊക്കെ
അങ്ങേര് തന്നാരുന്നേ.
കൊച്ചിക്കമുപ്പത്തീടെ
നല്ലപ്രായത്തി അങ്ങേരേം
വസൂരിയങ്ങു കൊണ്ടുപോയേ.
അക്കാലത്തു തൊടങ്ങിയ കൂട്ടാ
ഇന്നേവരേം പിരിഞ്ഞിട്ടില്ലാ.
ഓരുടേം മക്കളൊക്കെ വല്യനെലേലാ.
പറഞ്ഞു വന്നങ്ങു കാടുകേറി

കുഞ്ഞാത്തുമ്മ
ഇച്ചിരി കൂനൊണ്ടേലും
വടിയൊന്നുംകൂടാതെ നടക്കും.
വഴിയേപോന്നോരോടൊക്കെ
വാർത്താനമ്പറയും.
കുട്ട്യോളൊക്കെ വേലിയ്ക്കേവന്നു
കുഞ്ഞാത്തുമോന്നു വിളിയ്ക്കുമ്പം
എന്താമക്കളേന്നു കൊഞ്ചും .
കുഞ്ഞാത്തുമ്മ ക്ലാസിലേയ്ക്ക്
നടന്നുകേറി അതോ ഓടിയോ? 
ചെന്നപാടെ മുൻബെഞ്ചിലിരുന്നു.
തട്ടത്തിന്റെ കോന്തലയെടുത്തു
വീശി വിയർപ്പാറ്റി.
കുട്ടികളൊക്കെ വരണേയുള്ളൂ.
സാക്ഷരതാ ക്ലാസ്സാണെങ്കിലും
കമ്പൂട്ടറൊക്കെയുണ്ട്.
തോമാച്ചന്റെ മോള്
സൂസന്നയാ ടീച്ചറ്.

സ്വല്പം കഴിഞ്ഞപ്പം
ഓരോരുത്തരായി
വരാൻതൊടങ്ങി.
അന്ന് കൊച്ചിക്കമുപ്പത്തി
എന്താന്നോ വരാത്തെ?
കുഞ്ഞാത്തുമ്മയ്ക്കു
വല്ലാത്തൊരാശങ്ക.

സൂസന്ന വന്നു
കമ്പൂട്ടറ് തൊറന്നു
പേരുവിളിയ്ക്കാൻ തൊടങ്ങി,
വിളിച്ചുവിളിച്ചുവന്നപ്പം
കൊച്ചിക്കാമുപ്പത്തീടേം കുഞ്ഞായിഷൂന്റേം
കുഞ്ഞാത്തമ്മാടേം പെരുവിളിച്ചില്ല.

സൂസന്നക്കൊച്ചേ,
ഞാടെ പേരെന്താ വിളിയ്ക്കാത്തേ?
പരിഭവത്തിൽ കുഞ്ഞാത്തുമ്മ .

സൂസന്നേം അപ്പഴാ അതുനോക്കിയേ
പറഞ്ഞപോലെ ചെലപേരുകൾ
ഇതീക്കാണുന്നില്ലല്ലോ !!!
സൂസന്ന നോക്കിനിയ്ക്കേ
ടീച്ചറുടെ സ്ഥാനത്തും
പുതിയ പേരുവന്നു.

നോക്കി നോക്കി നിൽക്കേ
ഒരു പട്ടാളവണ്ടിയവരുടെ
വാതുക്കലിരമ്പികിതച്ചുനിന്നു.
രണ്ടൂന്നു പട്ടാളക്കാർ
ക്ളാസിലേക്ക് തള്ളിക്കേറി
പേരുവിളിത്തവരെയൊക്കെ
വലിച്ചെടുത്തു വണ്ടീലിട്ടു
കൂട്ടത്തിൽ സൂസന്നേം.

കുഞ്ഞാത്തുമ്മ നോക്കുമ്പം
കൊച്ചിക്ക മുപ്പത്തി
മുട്ടുകാലിമ്മേത്തലവച്ചു
വണ്ടീടെ മൂലേലിരിയ്ക്കുന്നു.

എങ്ങോട്ടാ സാറമ്മാരേ
ഞാളെക്കൊണ്ടുപോണെ?

അതേ, നിങ്ങളെക്കെ പരദേശികളാ,
പരദേശികളെ ഇടുന്ന
ക്യാമ്പിലോട്ടു പോകുവാ ..

എനിയ്ക്കു സങ്കടവന്നേ
കുഞ്ഞാത്തുമ്മേം
കൊച്ചിക്കമുപ്പത്തീം
എല്ലാരുമെന്റെ നാട്ടുകാരാണേ.
ഞാൻ കാണുമ്പത്തൊട്ടു
അവരെക്കാണുന്നതാണേ.
ഈ വയസു കാലത്തു
എന്തൊക്കെപ്പാടുപെടണം
എന്നുനെലോളിക്കുമ്പം
ആ ആപ്പീസറു ലാത്തികൊണ്ട്
എന്റെ തലമണ്ടയ്ക്കൊറ്റയടി ....

കണ്ണുതൊറന്നു
പൊറത്തെറങ്ങി
കുഞ്ഞാത്തുമ്മേടെ
വീട്ടിലേയ്ക്കു നോക്കുമ്പം
ആളുകള് കൂടിനിക്കുന്ന്

കുഞ്ഞാത്തുമ്മ പോയി
ആരോപറഞ്ഞു.
എനിയ്ക്കാശ്വാസം
സ്വന്തംനാട്ടില്
പരദേശിയാകാതെ
അവര് മരിച്ചല്ലോ ...

ഇപ്പൊളും
ഒര് സംശയോംകൂടിയൊണ്ട് 
കൊച്ചിക്കമുപ്പത്തീടേം
കുഞ്ഞായിഷൂന്റേം
വീടേതാ ...?
=================== CNKumar.

Friday, January 17, 2020

പൗരത്വം

പൗരത്വം
പൗരത്വരജിസ്ട്രാരുടെ മുന്നിൽ
രണ്ടു അപേക്ഷകൾ വന്നു
ഒന്നു ഗാന്ധിജിയുടേതും
മറ്റേതു ഗോഡ്സേയുടേയും
ഗോഡ്സേയ്ക്ക് പൗരത്വം കിട്ടി
കൊല്ലപ്പെടാനുള്ളയാൾക്ക്
പൗരത്വം വേണ്ടെന്നു കുറുപ്പെഴുതി
രജിസ്ട്രാർ പുസ്തകം അടച്ചു
മതേതരക്കണ്ണട വച്ചു.

Saturday, November 16, 2019

വർത്തമാനത്തിന്റെ നാനാർത്ഥങ്ങൾ


അമ്മുവിൻറെ പാവക്കുട്ടികൾ


അമ്മുവിൻറെ പാവക്കുട്ടികൾ 

അമ്മു 
പൂമ്പാറ്റയെപ്പോലെ 
പള്ളിക്കൂടമാകെ ഓടിനടക്കുന്നവൾ.
കല പിലെ യെന്ന് ഒച്ച വയ്ക്കുന്നവൾ  
പഠിയ്ക്കാൻ മിടുക്കി 
ടീച്ചറിന്റെ എല്ലാ ചോദ്യങ്ങൾക്കും 
കൃത്യമായി ഉത്തരം നൽകുന്നവൾ.
കൂട്ടുകാർക്കെല്ലാം കണ്ണിലുണ്ണി.
അസംബ്ലിയ്ക്കു  വരി നിൽക്കുമ്പോൾ  
മിക്ക ദിവസങ്ങളിലും കുഴഞ്ഞു വീഴാറുള്ളവൾ.
കൂട്ടുകാർ നൽകുന്ന മിട്ടായിത്തുണ്ടുകൾ 
കൊതിയോടെ നൊട്ടി നുണയുന്നവൾ.

എങ്കിലും 
അമ്മുവിന് ചില ചിട്ടകളുണ്ട്.
അച്ഛന്റെ ഉമ്മ കിട്ടിയാലേ ഉറക്കമുണരൂ.
കുളിച്ചുവരുമ്പോൾ തനിയെ
കണ്ണെഴുതി പൊട്ടുകുത്തും.
തനിയ്ക്കും പാവക്കുട്ടികൾക്കും 
അമ്മ മുടി പിന്നിക്കൊടുക്കണം
മണ്ണെണ്ണ വിളക്കിന്റെ കാവലിൽ 
ഗൃഹപാഠം ചെയ്യുമ്പോൾ 
അമ്മ തന്നെ കൂട്ടിരിയ്ക്കണം.
ചേച്ചി യെക്കെട്ടിപ്പിടിച്ചുറങ്ങണം.

ഇപ്പോൾ 
കുറച്ചു നാളായി  അമ്മു 
ഓടിക്കളിക്കാറില്ല,ഒച്ച വയ്ക്കാറില്ല
ഉച്ചച്ചോറു വാങ്ങാൻ വരിനിൽക്കാറില്ല.
പാവക്കുട്ടികൾക്കു  പൊട്ടുകുത്താറില്ല.
അച്ഛനുമമ്മയും കാലത്തേ 
പണിയ്ക്കു പോകുമ്പോൾ 
ഉമ്മ കൊടുക്കാറില്ല.

പിന്നയോ 
ഒറ്റയ്ക്കിരുന്നു കരയാറുണ്ട് 
കൂട്ടുകാരോട് പിണങ്ങാറുണ്ട് 
തെക്കേയതിരിൽ കുഴിച്ചിട്ട 
ചേച്ചിയുടെ  അടിയുടുപ്പുകൾ 
കീറിയതെങ്ങനെയെന്നു ആലോചിയ്ക്കാറുണ്ട്.
രാത്രിയിൽ അച്ഛന്റെ കൂട്ടുകാർ വരുമ്പോൾ 
ഒറ്റമുറി വീടിന്റെ  ഇരുണ്ട മൂലയിൽ 
ഒളിയ്ക്കാറുണ്ട്.

ഇന്ന് 
ടീച്ചറും കുട്ടികളും കറുത്ത ശീലയും കുത്തി 
എങ്ങോട്ടാണ് പോകുന്നത്?
അമ്മുവിനെ കൂട്ടത്തിൽ 
കാണാത്തതെന്താണ്?
; അവർ അമ്മുവിൻറെ 
ഒറ്റമുറി വീട്ടിലേക്കാണല്ലോ.
മുറ്റത്തെ മരപ്പലകയിൽ 
അമ്മു വെള്ള പുതച്ചുറങ്ങുകയാണ്.
അമ്മയ്ക്കിനി ഗൃഹപാഠം ചെയ്യാൻ 
കൂട്ടിരിയ്ക്കേണ്ട.
മുടി പിന്നി ക്കൊടുക്കണ്ടാ.

മുറ്റത്തു കിടക്കുന്ന പാവക്കുട്ടികൾ 
ആരെയാണ് തെരയുന്നത്‌?
ചാവടക്കിനു കുഴിവെട്ടുന്ന അച്ഛന്റെ കൂട്ടുകാരെ,
അമ്മുവിനെ തൂക്കിലേറ്റിയവരേ
ഇപ്പോൾ, ആ കണ്ണുകൾ എന്റെ നേർക്കും 
വരികയാണല്ലോ.
=========================CNKumar .



Wednesday, January 23, 2019

ചിലവഴികളിലൂടെ നടക്കുമ്പോൾ

ചിലവഴികളിലൂടെ നടക്കുമ്പോൾ

ചാറ്റൽമഴ കഴിഞ്ഞ
പുലർകാലം
നാട്ടുവഴിയിലൂടെ
പതിവു നടത്തം.
പുലരിയ്ക്കു മ്ലാനത.
കിളികൾ
പതിവുപോലെ ചിലച്ചു പറക്കുന്നില്ല.
മരച്ചില്ലയിലൂടെ പാഞ്ഞു വന്നു
സുഖവിവരം ചോദിയ്ക്കുന്ന 
അണ്ണാറക്കണ്ണൻ ഇന്ന് 
അവധിയിലാകും. 
നടക്കാനിറങ്ങുമ്പോൾ
അടുക്കളയിൽ നിന്നൊരു 
പിൻവിളിയുണ്ടായിരുന്നു,
പുതുമണ്ണിന്റെ മണമുണ്ട്
വഴിയിൽ ഇഴജന്തുക്കൾ 
കിടപ്പുണ്ടാകും
ശകുനം മുടക്കിയ മൊഴികളല്ലേ
നിലത്തു നോക്കി നടന്നേക്കാം.

നനഞ്ഞ മണ്ണിൽ എനിയ്ക്കു 
മുന്നേ പോയവരുടെ കാൽപ്പാടുകൾ
പട്ടിയും പൂച്ചയുമൊക്കെ
തലങ്ങും വിലങ്ങും പോയിട്ടുണ്ട് .
കുറച്ചു മുന്നോട്ടു പോയപ്പോഴാണ്‌
വളരെ വ്യത്യസ്ഥമായ
രണ്ടു ജോഡി കാല്പാടുകൾ
കണ്ണിൽ കൊണ്ടത്
വിക്രമാദിത്യൻ കഥയിലെ
കാല്പാടുകൾ പോലെ
അപ്പോൾ എന്റെയുള്ളിൽ
ഞാൻ ചുമക്കുന്ന വേതാളം
പുറത്തേയ്ക്കു വന്നു.

ചെറുതും വലുതുമായ 
കാലടികൾ 
ചെറുത് മനോഹരവും
ലക്ഷണമൊത്തതുമാണ്.
വലുത് പരന്നതും വിണ്ടു കീറി
വിലക്ഷണമായതുമാണ്.
മുന്നോട്ടു നടക്കവേ ഞാൻ,
വിക്രമാദിത്യ കഥയിലെ 
അച്ഛനും മകനുമായി.

എന്നിലെ മകന്
ചെറിയതും ഭംഗിയുള്ളതുമായ
കാല്പാടിനോട് കലശലായ പ്രേമം.
ആഴത്തിൽ പതിഞ്ഞിരുന്ന പാടിന് 
ആഢ്യത്ത്വത്തിന്റെ
അധികാരഗർവ്വിന്റെ ആഴo.

അതങ്ങനെയാണല്ലോ
അല്ലെങ്കിൽ അങ്ങനെആവണമല്ലോ
പലപ്പോഴും സൗന്ദര്യമുള്ള
കാല്പാടുകൾക്ക് പിന്നാലെ 
അനുയാനത്തിന് ആളുകൂടും!

എന്നിലെ അച്ഛൻ 
മൗനത്തിന്റെ മറക്കുടയിൽ
വലിയ വിലക്ഷണപാദത്തെ
പിൻപറ്റി നടന്നു.

മകൻ അച്ഛനെ കുറ്റപ്പെടുത്തി
കാലഹരണപ്പെട്ട കാല്പാടുകൾ
എന്തിന്നു പിന്തുടരണം?
ജീവിക്കാൻ പഠിച്ചിട്ടില്ലാത്തവർ
ഈ കാലത്തിന്റെ ശത്രുക്കളാണ്.

അച്ഛന് മൗനം,
കാല്പാടുകളിൽ മാത്രമാണ്
കണ്ണുകൾ.
അയാൾ ആ കാല്പാടുകളിൽ
ഗവേഷണവിദ്യാർത്ഥിയുടെ
കൗതുകത്തോടെ നോക്കി.
അമർത്തിച്ചവിട്ടാതെ 
പോയതിനാൽ തെളിഞ്ഞും 
തെളിയാതെയും.......
അരികുപറ്റി, ആരുടേയും
കണ്ണിൽപ്പെടാതെ
തീണ്ടാപ്പാട് അകലത്തിലെന്നപോൽ
ചിലതിൽ ചോര പൊടിഞ്ഞ നനവ്....

ഇവിടെ നിന്നും
വഴി രണ്ടായിപ്പിരിയുന്നു.

ചെറിയ പാദം വലത്തേക്ക്
പോയിരിയ്ക്കുന്നത് കാണുന്നു.

അച്ഛൻ ഇടത്തേക്ക് നടന്നു
അത് അവസാനിക്കുന്നത് 
വിളവെടുപ്പു കഴിഞ്ഞ 
പാടങ്ങളിലാണ്.
പലയിടങ്ങളിലായി 
പച്ചത്തലപ്പാവ് വച്ച
ചുവപ്പുകൂനകൾ,
നടന്നടുക്കുമ്പോൾ 
ചീഞ്ഞ ഉള്ളിയുടെ രൂക്ഷഗന്ധം.
കാക്കകളും കഴുകന്മാരും
വട്ടമിട്ട് പറക്കുന്നു,
ഇര കിട്ടിയ സന്തോഷം.
ഉള്ളിക്കൂനകൾക്കിടയിൽ
വിണ്ടുകീറിയ, ചോരയുണങ്ങിയ,
രണ്ടു പാദങ്ങൾ ......
ആകാശത്തേയ്ക്കുയർത്തി
നാട്ടിയ പോലെ
മണ്ണിൽ വേരുകളാഴ്ത്തി.

മകനിപ്പോഴും
വഴിതിരിയുന്ന ആ കവലയിൽ
നിൽക്കുകയാണ് .
=================== CNKumar.








Friday, February 16, 2018

തിണുര്‍പ്പ്

തിണുര്‍പ്പ്

ചിലപ്പോള്‍,
ഒരിയ്ക്കലും വരാനിടയില്ലാത്ത
വെണ്മേഘശലഭങ്ങള്‍ തേടിയുള്ള
യാത്രനേരങ്ങളില്‍ നിറഞ്ഞ
പരാതിയുമായെത്തുന്ന വാക്കുകള്‍
പിണങ്ങി നില്‍ക്കാറുണ്ട്.

വര്‍ത്തമാനങ്ങള്‍ തീര്‍ക്കുന്ന
കാഴ്ച്ചച്ചാകരയില്‍
മുറിവുകളില്‍നിന്നും
ഒഴുകിയെത്തുന്ന
ചോരയുടെ ഗന്ധം നിറച്ച
കാറ്റിന്‍റെ അകമ്പടിയുണ്ടാകും.

മൌനത്തിന്‍റെ വേലിയേറ്റത്തില്‍
കരതകര്‍ന്ന ജീവിതങ്ങളുടെ
ഒഴുക്കുണ്ടാകും.
എപ്പോഴും ചിലയ്ക്കുന്ന
കരിയിലക്കിളികളെ നോക്കൂ
കാറ്റിനും
കാതടപ്പിയ്ക്കുന്ന ഒച്ചകള്‍ക്കും
അവയെ തളര്‍ത്താനാവില്ല.
അതുകൊണ്ടാകും
തെക്കേപ്പറമ്പിലെ
കമ്യൂണിസ്റ്റുപച്ച മാത്രം
ഋതുഭേദങ്ങളേയും
ആക്രമണങ്ങളേയും
അതിജീവിയ്ക്കുന്നത്.

ചിക്കാനും
ചികയാനും നില്‍ക്കാതെ
വരമ്പിലും വയലിലും
ഉതിര്‍ന്നു വീഴുന്ന
വായാടിത്തങ്ങളില്‍
വിശ്വാസമര്പ്പിച്ചു
 ചരിത്രം കാണാതെപോകുന്ന 
കുളക്കോഴിജന്മങ്ങളെപ്പോലെ
അടിമകിടക്കാനാണെങ്കില്‍,

ജീവിതത്തെ വെട്ടിമാറ്റുന്ന
ചതുരംഗക്കള്ളിയില്‍
ചത്തൊടുങ്ങുന്ന
ചാവേറുകള്‍
മണ്ണെത്താദൂരങ്ങളിലലയുമ്പോള്‍
ഇനിയുമാരുടെ
ജീവനുവേണ്ടിയാണ്
ഇരുള്‍ മറയ്ക്കുള്ളിലെ
തുറിച്ച കണ്ണുകള്‍
കാത്തിരിയ്ക്കുന്നത്?

നിറങ്ങളും
ചിഹ്നങ്ങളും പകുത്തു
നിരയൊപ്പിച്ച കൊലക്കണക്കുകള്‍
നീട്ടി വായിയ്ക്കുമ്പോള്‍   
നിറംകെട്ടുപോയ സ്വപ്നങ്ങള്‍
മുറുകെപ്പിടിച്ച
ജീവല്‍ത്തുരുത്തുകള്‍
ഒരുകരയിലുമെത്താതെയുണ്ട്.

മൗനംപുതച്ചുറങ്ങാന്‍
ഗ്രഹണനേരത്തെങ്ങനെ കഴിയും?
അതിനാലാണ് ഞാനെന്റെ
മുറിഞ്ഞ നാവിനാലിപ്പോഴും
പകയൂട്ടുന്നതും
പറഞ്ഞു തിണുര്‍ക്കുന്നതും.
======================CNKumar.

   

Sunday, December 10, 2017

കരുതല്‍



കരുതല്‍

സത്യം തന്നെ, സത്യം തന്നെ
പെരും നുണകൾ ഉച്ചത്തിൽ
വിളിച്ചുകൂവിയാൽ 
വിരൽ മൂക്കിന്മേൽ
കയറിയിരിയ്ക്കും.

കാക്കകളും കുയിലുകളും 
മത്സരിയ്ക്കുന്ന
ആകാശത്തെക്കുറിച്ച്
ആർക്കാണ് നിശ്ചയം?.

മത്സരങ്ങൾക്ക്‌ നിങ്ങൾ
വേദിയൊരുക്കും
ഇരയാരെന്ന് നിശ്ചയിയ്ക്കുമ്പോൾ
നിലവിളിയുയരുന്നത്  കേട്ടില്ലേ
അതു മണ്ണടരുകളിൽ
അലിഞ്ഞു ചേർന്ന
ആത്മാക്കളുടെ
നെഞ്ചകങ്ങളിൽ നിന്നും
പുറപ്പെടുന്നതാകാം.

പടിപ്പുരയിൽ
വഴിക്കണ്ണു തെളിച്ച്
ആധിപിടിച്ച മനസുമായി
ഓരോ അമ്മയും
നിൽക്കുന്നുണ്ടാകും.

ഉറക്കം അടിമയാക്കാൻ
സമ്മതിയ്ക്കാത്ത കണ്ണുമായി
ഒരു താലിച്ചരട് ചുമർ ചാരി
നെടുവീർപ്പിടുന്നുണ്ടാകാം.

വർണ്ണക്കടലാസിൽ പൊതിഞ്ഞ
മിഠായികൾ സ്വപ്നം കണ്ട്
തഴപ്പായുടെ ഓരത്തു
ചക്കരയുമ്മകൾ
ചുരുണ്ടു കിടപ്പുണ്ടാകാം.

പുലരുവോളം നീണ്ടു പോകുന്ന
കാത്തിരിപ്പിന്‍റെ ഉറക്കച്ചടവുകൾ
കരിപിടിച്ച റാന്തൽ ചില്ലുപോലെ
ഭീതി നിഴലിച്ച മുഖങ്ങളുടെ

കടല്‍പ്പെരുക്കങ്ങളില്‍ ആലേഖനം
ചെയ്യപ്പെടുന്ന നിരാശ്രയ നിലവിളികള്‍  
ഏതു കണക്കു പുസ്തകത്തിലാണ്
രേഖപ്പെടുത്തേണ്ടത്?

ഇപ്പോള്‍
ഓരോ പുലരിയും ഉണരുന്നത്
അരിഞ്ഞു വീഴ്ത്തപ്പെട്ട
ജീവന്‍റെ കണക്കെടുപ്പുമായാണ്.
അതാണല്ലോ വാര്‍ത്തകളൊക്കെ
നിറം പിടിച്ച നുണകള്‍
കൊണ്ട് അലങ്കരിയ്ക്കന്നത്.
ചുവപ്പുകണ്ട കാളകള്‍
മുക്രയിട്ടു പാഞ്ഞനടക്കുന്നത്.

കുരിശിലേറ്റാനും കുറ്റപ്പെടുത്താനും
ഇരകള്‍ക്കുവേണ്ടിയുള്ള
പാച്ചിലില്‍ ഞെരിഞ്ഞമരുന്ന സത്യം
നുണകളുടെ പെരുംകളിയാട്ടത്തില്‍
ചൂട്ടുവെട്ടത്തിന്‍റെ വട്ടപ്പരിധിയ്ക്കും
പുറത്താകുകയാണല്ലോ.


മൊഴികളൊതുക്കിയടയിരിയ്ക്കുന്ന
വാക്കുകളുടെ മൗനം ഭയാനകം
ഇരുട്ടിലേയ്ക്കു നയിയ്ക്കപ്പെടുന്ന
ഘോഷയാത്രകള്‍ എത്രയെന്നെണ്ണുവാന്‍
ഒരു കീറുവെളിച്ചമെങ്കിലും കരുതാന്‍
മറക്കാതിരിയ്ക്കാം.
===========================CNKumar.