ഇടവഴികളില്‍
നാട്ടിടവഴി
അപരിചിതനെപ്പോലെ
ഒന്നും മിണ്ടാതെ
നിവര്‍ന്നു കിടക്കുകയാണ്.
വഴിയോരത്തെ
കൈതകള്‍
ഒളിഞ്ഞു നോക്കി
പറയുന്നത്
ബാല്യങ്ങളില്‍ പൊട്ടിച്ചെടുത്ത
കൈതപ്പൂക്കളുടെ
നൊമ്പരത്തെക്കുറിച്ചാവാം.
ഇപ്പോള്‍
ഇടവഴികളില്‍
പാദസ്വരങ്ങള്‍
മൌനത്തിലാണ് .
ഒറ്റചിലമ്പണിഞ്ഞ
നാട്ടുപൂതങ്ങള്‍
കാമവെറി പൂണ്ടു
പതിയിരിയ്ക്കുന്നത്
വളഞ്ഞൊഴുകുന്ന
വഴികളിലാണ്.
ഈ വഴികള്‍
കഥ പറയാന്‍ മറന്നു.
അവരുടെ നെഞ്ചിലൂടെ
നഗരത്തിലേയ്ക്ക്
ചേക്കേറിയ കിളികള്‍
തിരിച്ചു വരാത്തതിനാലാകാം
നാമവര്‍ക്ക് അപരിചിതരായത്.
കിട്ടാതെപോയ
സ്നേഹത്തിന്റെ
പരാതിക്കുടുക്കകള്‍
ആരുടെ നെഞ്ചിലാണ്
പൊട്ടി ചിതറുന്നത്?
നാട്ടുവഴികളില്‍
നിലച്ചുപോയ
സൗഹൃദം
ഓര്‍ത്തെടുക്കാന്‍
ഘടികാരത്തില്‍
ഇടമില്ലതെയാതും,
മുത്തശ്ശിക്കഥകളില്‍ നിന്നും
പിറന്നിറങ്ങിയ
രാജകുമാരനും
രാജകുമാരിയും
തമ്മിലൊന്നും മിണ്ടാതെ
കഥകളിലേയ്ക്കു
മടങ്ങുവാനാകാതെ
ഉഴറിനടക്കുന്നതും
അകക്കാഴ്ചകളില്‍
തെളിയുന്നു.
ഇടവഴികളില്‍
ചത്തുമലച്ച വാക്കുകള്‍
ചീഞ്ഞുനാറുന്നതിനു മുമ്പ്
നഗരങ്ങളില്‍ നിന്നും
പടിയിറക്കപ്പെടുന്ന
നന്മകള്‍ക്കൊരു
സ്മാരകം,
അതിനുള്ളില്‍
കുടിയിരുത്താന്‍
ഒരു പ്രതിഷ്ഠതേടിയുള്ള
യാത്രയിലാണ്
നാട്ടിടവഴികള്‍.
=====================CNKumar .
1 comment:
നഗരങ്ങളിൽനിന്നും നഷ്ടപ്പെടുന്ന നന്മകൾക്ക് തീർച്ചയായും സ്മാരകം ഉണ്ടാവണം. അങ്ങനെ ഇടവഴികൾ രാജപാതയാകട്ടെ...നല്ല കവിതകൾ.....
Post a Comment