സൂത്രധാരന്റെ സഭാപ്രവേശം
ജീവിതത്തിലേയ്ക്ക് പപ്പു
കൈപിടിച്ചു കേറ്റിയ പെണ്‍കുട്ടി
ചിത്രശലഭമായി
പറന്നുപോയത് പഴങ്കഥ.
ഇപ്പോള്‍,
ജീവിതത്തില്‍ നിന്നും
ഓടയിലേയ്ക്ക്
എത്ര പെണ്‍കുട്ടികളെ തള്ളിയിടുന്നു!
കാനേഷുമാരിയില്‍പ്പെടാത്ത കുഞ്ഞുങ്ങള്‍
തെരുവിലെ പട്ടികള്‍ക്കൊപ്പം
കളിച്ചും പെടുത്തും നടക്കുന്നത്
മുഖം ചുളിച്ചു ക്യാമറയില്‍ പകര്‍ത്തി
നാം അവാര്‍ഡു നേടുന്നു.
ചേരികളിലാണോ
നിങ്ങള്‍ പറയുന്ന
കുടിപ്പകകളും തീവ്രവാദവും
മുളച്ചുയരുന്നത്?
എന്റെ കണ്ണില്‍
അതൊന്നും കാണാത്തത്
പുഴുനുരയ്ക്കുന്ന
ജീവന്റെ വടുക്കളില്‍
തൊട്ടുനില്‍ക്കുന്നതിനാലാവാം.
വരമ്പരികിലേയ്ക്ക്
വലിച്ചെറിഞ്ഞ നന്മണികള്‍
കളകളുടെകൂട്ടാളികള്‍
അവിടെയല്ലോ എന്കവിതയില്‍
മുളകരച്ച വാക്കുകള്‍
തഴച്ചുയര്‍ന്നതും.
ചിരിയ്ക്കരുത്......
സിംഹാസനച്ചുവട്ടില്‍
അടയിരിയ്ക്കുന്ന ദ്രോണജന്മങ്ങള്‍
അരിഞ്ഞെടുത്ത വാക്കുകള്‍
പുനര്‍ജ്ജനിയ്ക്കുന്നത്
അനാഥബാല്യങ്ങളുടെ നാവിലാണ്.
ഓലപ്പഴുതിലൂടെ ഒളികണ്ണിടുന്ന സൂര്യന്‍
കാണുന്നുണ്ട്,കനല്‍പ്പരുവമാര്‍ന്ന
ഉരുക്കുകഷണങ്ങള്‍
വാളുകള്‍ക്ക് ജന്മം കൊടുക്കുന്നതും
നേര്‍ച്ചക്കോഴികളെ
തര്‍പ്പണം ചെയ്യാന്‍ ആജ്ഞാപിയ്ക്കുന്നതും.
പിന്നെയും നീ ചിരിയ്ക്കുന്നു .....
നിന്നിലെ ദ്രൌണിസത്വം ഉറഞ്ഞുണരുന്നത്
നിഴല്‍പ്പാടുപോലെ തെളിയുന്നു.
എനിയ്ക്കിനിയും പറയാനുണ്ട്
നന്തുണി തല്ലിയുടച്ചാല്‍
നാവരിഞ്ഞാല്‍
അത് നിലയ്ക്കില്ല
കാരണം ഞാന്‍ പറഞ്ഞത്
ശിലാരേഖകള്‍ പോലെ
കാറ്റിന്നലകളില്‍
കല്പ്പാന്തത്തോളം .........
(നാവു നിലത്തുവീണ് പിടയ്ക്കുന്നു)
ഭാരതവാക്യം ആരിനി ചൊല്ലും?
അശുഭമസ്തു......
===========================CNKumar .
1 comment:
സ്വന്തന ഗീതകം
സന്ധ്യ ഉറങ്ങും നേരത്തു സ്വന്തന രാഗമുണരട്ടെ
സാനുക്കളിലെ കുളിര്‍ താഴ്വാരങ്ങളില്‍ പടരട്ടെ
സ്നേഹവും ശാന്തിയും ഉള്‍ തടങ്ങളില്‍ പുണരട്ടെ
സാഹോദര്യവും സത് ഭാവനയും എല്ലാവരിലും പുലരട്ടെ
സന്തോഷമെന്നെന്നും ലോകമാകെ അലയടിച്ചു ഉയരട്ടെ
Post a Comment