ചുറ്റളവിന്റെ സൂത്രവാക്യങ്ങള്‍
വൃത്തത്തിന്റെയും
ചതുരത്തിന്റെയും
ചുറ്റളവുകള്‍ തമ്മിലുള്ള
വ്യത്യാസമാണ്
നമുക്കിടയിലുള്ളതെന്നു
വിജയന് മാഷല്ലേ
കണ്ടെത്തിയത്?
ഞാന്‍ കേന്ദ്രബിന്ദുവിനു ചുറ്റും
നിയതദൂരത്തില് സഞ്ചരിയ്ക്കുമ്പോള്‍,
നീ മാത്രം ചലന നിയമങ്ങള്‍ ഭേദിച്ച്
ആരാലും നിയന്ത്രിയ്ക്കപ്പെടാതെ...
കാലൊടിഞ്ഞ കസേരയില്‍
ഇസങ്ങള്‍ മുറതെറ്റാതെ
ഇരിപ്പുറപ്പിയ്ക്കുമ്പോള്‍
മറന്നുപോകുന്നത്
ചുറ്റളവിന് പുറത്തുള്ള
ജീവിതക്കാഴ്ച്ചകളല്ലേ?
ചില്ലുജാലകങ്ങള്‍ തുറക്കാതെ
ആരുടെ നിലവിളിയ്ക്കാണ് നീ
കാതോര്‍ക്കുന്നത്?
പാഞ്ഞു പോകുന്ന ചക്രങ്ങളില്‍
അരഞ്ഞു ചേരുന്ന ജീവിതങ്ങള്‍
നമുക്കുനേരെ ചൂണ്ടുന്ന
വിരലുകളില്‍ കിനിയുന്നത്
പറയാതെ പോയ കുറ്റങ്ങളുടെ
സാക്ഷി മൊഴികളല്ലേ
ഇപ്പോള്‍ ചുറ്റളവുകള്‍ ഭേദിച്ച്
പോകുന്ന ദേശാടനക്കിളികള്‍
ഭൂതത്തിനും ഭാവിയ്ക്കുമിടയിലെ
സ്പര്‍ശരേഖ പോലെ
ഉറയുരിഞ്ഞ സ്വത്വങ്ങള്‍ക്ക്
തിമിര്‍ത്താടാന്‍ കളമൊരുക്കുന്നത്
എന്റെ ചിന്തകള്‍ക്കുമപ്പുറത്തെ
ശൂന്യതയിലാണ് .
ഇവിടെയെനിയ്ക്കും നിനക്കും
നഷ്ടമാകുന്ന പരിധികള്‍
മാഞ്ഞുപോകുന്ന ദുരന്തങ്ങളുടെ
ജ്യാമിതികള്ക്കും
ചിതറിത്തെറിയ്ക്കുന്ന
പാകത്തില്‍
തലയോടുകള്ക്കും
പങ്കിട്ടെടുക്കാന്‍
ആരവും ഭുജങ്ങളുമില്ലാതെ
വളഞ്ഞു പുളഞ്ഞു നീങ്ങുമ്പോള്‍,
ഓര്മ്മത്തളികയില്
കണിവച്ചു പൊലിയ്ക്കുന്നത്
തീണ്ടാപ്പാടകലത്തെ
നിറംകെട്ട സ്വപ്നങ്ങളും
അരിയൊടുങ്ങിയ വാക്കുകളും.
വര്ത്തമാനക്കസ്സാലയില്
ചടഞ്ഞിരുന്നു നാമിപ്പോഴും
ചുറ്റളവിന്റെ സൂത്രവാക്യങ്ങളില്‍
ചൂണ്ടുവിരല്‍ തൊട്ടു
മനക്കോട്ട ചമയ്ക്കുന്നു.

A Creation of sri.NSMony,Mulavana.