Sunday, May 26, 2013

ചില്ലക്ഷരങ്ങള്‍

ചില്ലക്ഷരങ്ങള്‍


പലകുറി വീണിട്ടും
നടക്കാന്‍ പഠിയ്ക്കാത്ത
കുട്ടിയെപ്പോല്
തിരശ്ചീനമായി നിറങ്ങള്‍
കോരിയൊഴിച്ച്
ചിത്രംമെനയുന്ന സന്ധ്യയിപ്പൊഴും
കടല്‍ക്കരയില്‍ തന്നെയാണിരിപ്പ്.

നഗരത്തിരക്കില്‍
കാഴ്ചകളൊക്കെയും
വെള്ളഴുത്തുകണ്ണടയണിഞ്ഞു
സവാരിയിലാണ്,

ആരോ ഒരാള്‍ വഴിയരുകിലേയ്ക്ക്
വലിച്ചെറിഞ്ഞ സദാചാരത്വം
നിറവയറുമായി
വാര്‍ത്തയില്‍ ചേക്കേറുന്നു.

ആദിമാദ്ധ്യാന്തസൂത്രം ധരിയ്ക്കാത്ത
നായ്ക്കള്‍ ഓരിയിടുന്നതിലെ
അരോചകത്വം കാര്യകാരണങ്ങളോടെ 
പരത്തിപ്പറഞ്ഞു വാച്യാതിസാരം പിടിച്ച
ആസ്ഥാനവിദ്വാന്മാര്‍
പട്ടുംവളയും സ്വപ്നംകണ്ടു
വഴിക്കവലയിലിപ്പോഴും
സുവിശേഷ വേലയിലാണ്.

തെരുവില്‍ നെഞ്ചുകീറി കാണിയ്ക്കുന്ന
പതിതഭാഷണങ്ങളെ ഓട്ടകണ്ണിട്ടുപോലും
നോക്കാതെ കടന്നുപോകുന്ന
വരേണ്യപുലയാട്ടുകള്‍
തീണ്ടാദൂരം  പാലിയ്ക്കുമ്പോള്‍,
നെഞ്ചുകത്തുന്ന നിലവിളികളായി
പരിണമിയ്ക്കുന്നത്
നമ്മുടെ പ്രണയവാക്യങ്ങള്‍,
പരിഭവങ്ങള്‍,
കൊച്ചുപിണക്കങ്ങള്‍
പ്രതിക്ഷേധങ്ങള്‍.

ഇനി ഏതുഭാഷയാണ്
നമ്മുടെ വാക്കുകള്‍ക്കു
വര്‍ണ്ണചാരുത നല്കുന്നത്?

അര്‍ത്ഥശൈഥില്യം വന്ന വാക്കുകള്‍
പടുത്തുയര്‍ത്തിയ സിംഫണി
കാഴ്ചബംഗ്ലാവിലെ ശീതീകരണിയില്‍
അന്ത്യവിശ്രമത്തിലാണ്.

നമുക്ക് പറയാനുള്ള വാക്കുകളെ
നാടുകടത്തിയ ആഘോഷത്തിമിര്‍പ്പിലാണ്
അരങ്ങുകളൊക്കെയും.
എന്നിട്ടും ഒറ്റപ്പെട്ട ചില്ലക്ഷരങ്ങള്‍മാത്രം
എത്തുംപിടിയുമില്ലാത്ത വാക്കുകള്‍ക്കു
പിന്നാലെ പായുകയാണ്.
ഇപ്പോഴും......

===============================CNKumar. 


Tuesday, May 21, 2013

വൈകിയെത്തുന്ന വണ്ടികള്‍


വൈകിയെത്തുന്ന വണ്ടികള്‍ 


പാതി മിഴി തുറന്നു നീ
കാണുന്നതേതു കാഴ്ചകള്‍,
രാവറുതിയോളമീ 
തെരുവിതില്‍കാവലായ് 
നില്‍ക്കുന്ന ഭീതികള്‍
നെഞ്ചില്‍ കനച്ചു പടരുന്ന 
നേരവുംമിഴി പാതി പൂട്ടാന്‍ മറന്നു നീ.

പറയാതെ പറയുന്നു 
നിന്റെ പരിഭവം പെയ്യുന്ന കണ്ണുകള്‍ 
നൂറു ചോദ്യങ്ങളില്‍ അടയിരിയ്ക്കുന്നെന്റെ 
മറുവാക്ക് മൌനം പുതച്ചു. 

നഖമുനകളാഴ്ത്തിയെന്‍ 
നെഞ്ചു പിളര്‍ക്കുന്നു കാഴ്ചകള്‍
കൊട്ടിയടയ്ക്കാത്ത കര്‍ണ്ണപുടങ്ങളില്‍
കാറ്റിലേറി  വരുകയാണിപ്പോഴും
നിലവിളിപ്പെയ്ത്തുകള്‍,


നിദ്രകള്‍ ചുരം കേറി 
മറഞ്ഞൊരാ രാവുകള്‍.
ജീവനില്‍ ജീവന്റെ സര്‍വ്വാധിപത്യപ്രകടനം
ജഡരാശി നിറയുന്ന പാതയില്‍
പതിയിരിയ്ക്കുന്ന കഴുകനേത്രങ്ങള്‍..
പകല്‍ വെളിച്ചത്തിലെ മാന്യശൃംഗങ്ങള്‍.,
പടിവിട്ടിറങ്ങാതെ വീണയും മീട്ടി നീ
പതിവു സ്വപ്നങ്ങളില്‍ തലചായ്ച്ചിരിയ്ക്കയോ?
 
പകുത്തു നല്കാനിനി 
സ്വപ്നങ്ങള്‍ പോലും
തരിമ്പുമില്ലയെന്‍
കയ്യിലെന്നറിയുക.

നിലത്തു കാല്‍ 
ചവിട്ടാനൊരു നുള്ള് മണ്ണും.
ആരോ കുരുക്കിയ കയറിലെന്‍
കുരലു പിടയുന്നു,
മടവീണ മോഹങ്ങള്‍
കണ്ണില്‍, നീയിപ്പോള്‍ 
കറുത്ത കണ്ണട വച്ചതും 
കാല്നടയ്ക്കു പോകാതെ 
യാത്രയൊക്കെ വണ്ടിയിലാക്കിയതും 
അല്‍ഷിമേഴ്സ് ബാധിച്ച 
തത്വശാസ്ത്രത്തിന്റെ സംഭാവന. 

പുകപ്പുരയില്‍ നീര്‍വാര്‍ന്നു 
ശുഷ്കമായിത്തീരുന്ന മനുജത്വം, 
നിന്റെതെല്ലാം കവര്‍ന്നു 
എന്റേതെന്ന സകര്‍മ്മകക്രിയയില്‍ 
അഭയം തേടുമ്പോള്‍, 
നയിയ്ക്കപ്പെടാത്ത ആട്ടിന്പറ്റങ്ങള്‍ 
താഴ്വരകളില്‍, 
തമ്മിലറിയാതെ
കൊമ്പുകോര്‍ത്ത് 
പിടഞ്ഞു വീഴുമ്പോള്‍ 
എവിടെ എന്റെ മുത്തിയുടെ 
കാല്‍പ്പെട്ടിയും ചെല്ലവും.
===============================CNKumar.

മുളവന എന്‍ എസ് മണിയുടെ രചന