Thursday, November 8, 2012

നീയെന്ന സര്‍വ്വനാമം


നീയെന്ന സര്‍വ്വനാമം 

1.

പറഞ്ഞതെല്ലാം പതിരാണെന്ന് 
പറഞ്ഞല്ലേ നീ എന്നോട് പിണങ്ങിയത്?
പാതിരായോളം നമ്മള്‍ പറഞ്ഞതും 
പുലരിയില്‍ സൂര്യവെളിച്ചത്തില്‍ 
പാറുന്ന തുമ്പികള്‍ ഓര്‍മിപ്പിയ്ക്കുന്നതും
ഓണ നിലാവിന്റെ കുളിര്‍മയും 
ഓര്‍മയില്‍ തിളങ്ങുന്ന ബാല്യവും.

2.

വഴിതെറ്റാതെയുരുവിടുന്ന 
എഞ്ചുവടിക്കണക്ക്  പോലെ 
പരിഭവപ്പെരുമഴയായി നീ 
ചിലച്ചു പറക്കുമ്പോഴാണ് 
ഇതു ജീവിതത്തിന്റെ
വര്‍ഷകാലമാണെന്ന് 
ഞാനറിയുന്നതും   
വര്‍ത്തമാനത്തിന്റെ 
കുടചൂടുന്നതും.

3.

നിലവിളിപ്പാടങ്ങള്‍
താണ്ടി വന്നെത്തുന്ന 
കാറ്റിന്നു പച്ച മാംസത്തിന്റെ ചൂര്.
ചടുലതാളങ്ങളില്‍  
നെടുവരമ്പത്തൂടെ
ചപ്പിലപ്പൂതങ്ങള്‍
പാതിരാത്തോറ്റങ്ങള്‍   
പാടിപ്പകര്‍ന്നാടിത്തിമിര്‍ക്കുന്നരാവ്.    
നീ ചിരിയ്ക്കുമ്പോഴൊക്കെയും 
ഒരു കത്തിമുനയെന്‍ 
നെഞ്ചിലെയ്ക്കാഴുന്നതറിവൂ ഞാന്‍..

മന്വന്തരങ്ങളായെന്റെ സ്വപ്നങ്ങളും 
ചാറ്റിപ്പൊലിപ്പിച്ച നാട്ടിമ്പുറത്തിന്റെ നന്മയും 
പൂവിറുക്കുന്ന ലാഘവത്തോടെ 
നുള്ളി എടുത്തു നീ, എന്റെ വഴികളില്‍ 
മുള്ളുകള്‍ വിതയ്ക്കുന്നതും
പറയാതെയകന്നു പോകുന്ന സ്വപ്നങ്ങളില്‍ 
പ്രാണന്റെ  കടലാസ് വഞ്ചികള്‍ 
നീര്‍ക്കുമിളയ്ക്ക്  കൂട്ടായ് തകര്ന്നുടഞ്ഞതും 
ആരുടെ പ്രേരണാമധുരം നുകര്‍ന്നു നീ 
പകയുടെ കലിബാധയാലെന്‍റെ കണ്ണ് 
ചൂഴ്ന്നെടുക്കുന്നു,കിനാക്കളും.

4.

നീ, എപ്പോഴും സര്‍വ്വനാമമായെന്റെ
നിഴല്‍ കുത്തുമാഭിചാരിയായ് 
കല്പാന്തയാത്രയില്‍ കൂടെയുണ്ടെന്ന 
ചുവരെഴുത്തില്‍ മനം പുരട്ടി,
പോകുമീ വഴിയരുകിലെപ്പോഴും 
പതിയിരിയ്ക്കുമിരുളിന്‍ ഗുരുത്വം 
വകഞ്ഞു മുമ്പേ പാറുന്ന തുമ്പിപോല്‍
ചാഞ്ഞ വെയില്‍ചില്ലയില്‍   
കൂടൊരുക്കുന്നു ഞാനിപ്പോഴും................
================================== CNKumar.
A creation of sri. NS Mony ,Mulavana.

Saturday, September 8, 2012

പറഞ്ഞു തീരാത്ത കഥകള്‍

പറഞ്ഞു തീരാത്ത കഥകള്‍ 


നിലാവിനൊപ്പം
ചില്ല് ജനാലയ്ക്കരുകില്‍ 
വറുത്ത സ്വപ്നങ്ങള്‍ കൊറിച്ചു
മലയിറങ്ങുന്ന വെള്ളി മേഘങ്ങളുടെ 
സഞ്ചാരവഴികളില്‍ മിഴിപാകി
പടിയിറങ്ങിപ്പോയ കാറ്റ്.

ഓട്ടുവിളക്കില്‍ പ്രാണ ത്യാഗചെയ്ത 
ദീപനാളത്തിനൊപ്പം 
പറഞ്ഞു തീരാത്ത കഥയുടെ 
കാല്പ്പെട്ടിയടച്ചു 
തെക്കേപ്പറമ്പിലെ തലപോയ 
തെങ്ങിന്‍ ചോട്ടില്‍ ,
ക്ലാവ് കനച്ച തോടയിട്ടു 
യാത്രപോയ പാറു മുത്തി.

തണ്ടുപാളത്തില്‍
തലവച്ചുറങ്ങാന്‍ 
ജപ്തി നോട്ടീസും 
കാലിക്കീശയുമായി,
യശോധരയ്ക്കും മകനും 
പെയ്തൊഴിയാത്ത കണ്ണീര്‍ജന്മം
ന്യാസമേല്‍പ്പിച്ചു പോയ 
സിദ്ധാര്‍ത്ഥന്റെ മുഖച്ഛായയുള്ള അച്ഛന്‍.

 
ഇപ്പോഴും, 
രാപ്പുള്ളുകളുടെ പാട്ടില്‍ 
അമ്മയുടെ തേങ്ങല്‍ അലിയുന്നത് 
ഉറക്കത്തിന്റെ കുഞ്ഞിടവേളകളില്‍ 
പ്രായോജകരായെത്തുന്ന 
സിരാകമ്പനങ്ങള്‍ 
സാക്‌ഷ്യപ്പെടുത്താറുണ്ട്.
അതിനാലാണ്  പോക്കഞ്ഞി*യില്‍ 
ഉപ്പു ചേര്‍ക്കാത്തതും. 

 
കുഴിഞ്ഞ കണ്ണുകള്‍,
ഒഴിഞ്ഞ സ്വപ്നഭരണികള്‍,
ലഹരി ചേക്കേറിയ മസ്തിഷ്കങ്ങള്‍,
വരിയുടച്ച യുവത്വങ്ങള്‍,
അമ്പലക്കാളകള്‍ പലവുരു മെതിച്ച,
ചോരയും രേതസ്സും വീണുണങ്ങിയ
കിളുന്നു ഭോഗേന്ദ്രിയങ്ങള്‍,
എല്ലാം നമുക്ക് വിറ്റഴിയ്ക്കാം.

വിദേശികള്‍ക്ക് വിത്തിറക്കാനും
സ്വദേശികള്‍ക്ക് കൊയ്തെടുക്കാനും 
ആഴ്ചച്ചന്തയുടെ ആരവങ്ങള്‍ക്കിടയില്‍ 
തെളിയാതെ പോകുന്ന തേങ്ങലും 
ചോര ചോരുന്ന കണ്ണുകളും 
കാണാതിരിയ്ക്കാം.

ചൂണ്ടികള്‍ക്കിതു ** ചാകരക്കാലം 
ശ്ലഥസ്വത്വകൃമിജന്മങ്ങള്‍
കാലം തെറ്റിയ  മഴയെപ്പോല്‍
മണ്ണാഴങ്ങളില്‍ കിനിഞ്ഞിറങ്ങാതെ 
കടല്‍ത്തിരയിളക്കങ്ങളില്‍
ഉടഞ്ഞടിയുന്ന വെണ്‍ശംഖുപോല്‍,
കാലുറയ്ക്കാതെ.............
---------------------------------------------------
*പോക്കഞ്ഞി = പകല്‍ക്കഞ്ഞി
** ചൂണ്ടി     = മൂന്നാന്‍ 
======================= CNKumar.


Thursday, September 6, 2012

പ്രകാശാത്മന്റെ വചനസാക് ഷ്യം

പ്രകാശാത്മന്റെ വചനസാക് ഷ്യം

പ്രകാശാത്മന്‍* നടക്കുകയാണ്
വഴികളില്‍ ഇപ്പോഴും ഇരുട്ട് തന്നെ. 

പ്രിയസ്നേഹിതാ, 
നിന്റെ തൂലികയില്‍ നിന്നും 
ജന്മമെടുത്തതില്‍ പിന്നെ 
എത്ര കാതം നടന്നുവെന്നറിയില്ല.
വാളും ചിലമ്പും കലിതുള്ളുന്ന 
കാവുകളില്‍ ഉറഞ്ഞുയരുന്ന കോമരപ്പേച്ചുകള്‍,
ജിഹാദുകളുടേയും കുരിശേറ്റങ്ങളുടെയും
പെരുമ്പറമുഴക്കങ്ങള്‍ ദിഗന്തങ്ങള്‍ ഭേദിച്ച്
ഏത് കണ്ണിലൂടെയാണ് എന്നിലേയ്ക്ക് 
സംക്രമിയ്ക്കുന്നത് ? 

ഒരു തുണ്ട് കയറില്‍ പിടഞ്ഞു 
നീ പടിയിറങ്ങിയപ്പോള്‍ 
എനിയ്ക്കൊരോസ്യത്തു കുറിയ്ക്കാന്‍ 
മറന്നത് എത്ര നന്നായി,
അതിനാല്‍ എന്റെ സഞ്ചാരപഥങ്ങളില്‍ 
ഇപ്പോഴും പുഴുജന്മങ്ങളുടെ 
പിരാക്ക് ശുശ്രൂഷയും 
ഉട്ടോപ്യന്‍ വേദപ്രഘോഷണവും 
വാഹനക്കാഴ്ചകളായിത്തെളിയുന്നു.

എഴുത്തുവഴികളില്‍ 
വാക്ക് പിണങ്ങി നില്‍ക്കുമ്പോള്‍ 
പിന്നില്‍ മുറജപം പോലെ 
വാമഭാഗശകാരം,
ധ്യാനത്തിന്റേയും  മനനത്തിന്റേയും 
സ്വച്ഛഭാഷണങ്ങള്‍ക്ക്  അപമൃത്യു.
എവിടെ നിന്നാണ് ഒരുപിടിയുപ്പു വാങ്ങുന്നത്?
വിലാപങ്ങളില്ലാത്ത വീടുകളും 
കരുണ ജപ്തി ചെയ്യാത്ത മനസ്സുകളും
ഇനിയും കണ്ടെത്തിയില്ല.

വഴിയമ്പലങ്ങളില്‍, 
ഇപ്പോള്‍ കാമചരിതപദങ്ങള്‍ 
ചൊല്ലിയാടുന്ന കത്തിവേഷങ്ങള്‍,
അണിയറയില്‍, രേതസ്സില്‍ മുങ്ങിപ്പോയ 
സ്ത്രീവേഷത്തിന്‍  നേര്‍ത്ത തേങ്ങലുകള്‍,
പിണ്ഡമൂട്ടി പടിയടച്ച വൃദ്ധജന്മങ്ങളുടെ
മഴതിമിര്‍ക്കുന്ന കണ്ണുകള്‍,
ഇനി ഭ്രാന്തിലേയ്ക്ക് നടക്കാനുള്ള ദൂരം മാത്രമോ?

അജയ്യനാകാന്‍ പിറന്നു 
പരാജയത്തിലേയ്ക്ക് അശ്വമേധം നടത്തി 
പടിയിറങ്ങിയ നീ, കണ്ടതൊക്കെയും
കണ്ണുനീറുന്ന  കാഴ്ചകളും   
വാക്ക് വറ്റിയ വാര്‍ത്തകളുമാണെന്ന
സൂര്യവെളിച്ചത്തില്‍ ഇപ്പോഴും 
കല്ലുരുട്ടിയെത്തിയില്ലല്ലോ.

നാവിനും കണ്ണിനും പ്രവത്തനവിലക്കിന്റെ 
തീട്ടൂര മുള്ളതിനാല്‍ വാര്‍ത്തകളിലെല്ലാം 
കിനിയുന്നത് മധുരവും മണവും.
ആരും ഉത്തരനായാട്ടു നടത്തരുത്,
ചോദ്യശരം തൊടുക്കുന്ന തലച്ചോറുകള്‍ 
ലഹരി നുകര്‍ന്നു മയക്കത്തിലാണ്.
ഇരുട്ടു നിറച്ച ധമനികളില്‍ 
മണ്‍ചെരാതുകള്‍ പൂക്കുമ്പോള്‍  
അവിടെ നിന്നാകട്ടെ ഒരു പിടിയുപ്പ്.  

പ്രകാശാത്മന്‍* നടക്കുകയാണ്
വഴികളില്‍ ഇപ്പോഴും ഇരുട്ട് തന്നെ. 
------------------------------------------------------------------
* അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രസിദ്ധ നാടകകൃത്ത്‌ കല്ലട, ടി പി അജയന്‍റെ 
"പ്രകാശാത്മന്റെ വര്‍ത്തമാനം" എന്ന നാടകത്തിലെ മുഖ്യ കഥാപാത്രം.
=================================CNKumar .Friday, August 17, 2012

സഹയാത്രികന്‍

സഹയാത്രികന്‍ 


 

ഉച്ചവെയില്‍ കത്തും 
വഴിയിലൂടെന്നെ നീ 
തെളിയ്ക്കുവതെങ്ങോട്ടു സ്നേഹിതാ,
നീ നഗ്നപാദന്‍, പാകമല്ലാത്ത 
ചെരുപ്പാനെനിയ്ക്കെന്നാല്‍ 
സ്വച്ഛശീതളം സുഖപ്രഥം യാത്രകള്‍, 
ഏതു കവലയില്‍ വച്ച് നാം 
ഇരുവഴി പിരിഞ്ഞു ?

വാക്കും വരികളും 
വറ്റിപ്പോകുന്ന 
വര്‍ത്തമാനത്തിന്റെ 
ഇരുള്പടര്‍പ്പില്‍
നിന്റെ കണ്ണുകളിലെ ദൈന്യത 
വായിച്ചെടുക്കാന്‍ 
ഈ കണ്ണട മതിയാകില്ല.

മഴമേഘങ്ങള്‍ 
പെയ്തൊഴിയാന്‍ 
കാത്തു നില്‍ക്കുന്ന 
മുഖത്തെവിടെയാണ് 
ഇനി പുഞ്ചിരിപ്പൂക്കള്‍ 
വിടരുന്നതെന്നറിയില്ല.
   
കൊടുങ്കാറ്റു കൊയ്യുന്ന  ഗ്രാമവീഥികള്‍ 
വന്യമായ വര്‍ണവിളക്കുകളില്‍ 
ചിറകെരിഞ്ഞു പതിയ്ക്കുമ്പോള്‍ 
ആളും അര്‍ത്ഥവും അറുകൊലകളും
ആരാച്ചാരും അംഗരാജാക്കളും 
വിലയിട്ട നിന്റെ തലയ്ക്കായി
രഥവേഗമാര്‍ന്നു കുതിയ്ക്കുമ്പോള്‍,
ഞാനെന്‍റെ  ചെരുപ്പിവിടെ    
അഴിച്ചെറിയുന്നു.

ഒരു തുള്ളി കനിവിനിയും 
വറ്റാതെയുണ്ടുള്ളില്‍ സ്നേഹിതാ, 
നിന്നെക്കുറിച്ചൊന്നുപാടാ-
നൊരുവരിക്കവിതയും. 
നിലതെറ്റിയൊഴുകുന്ന 
വര്ത്ത്മാനത്തിന്റെ പേച്ചുകള്‍
കരുപ്പിടിപ്പിച്ചോരീ ജീവല്പ്പൊടിപ്പുകള്‍ 
ഉരുള്പൊട്ടിയെത്തും ഭീതികള്‍ 
ഏതു വാക്കുകള്‍ കൊണ്ടിനിത്തീര്ക്കേണ്ടു 
സ്മാരകം നെഞ്ചിലെ ശിലാതലത്തില്‍?
===========================CNKumar .

Wednesday, July 18, 2012

ചില സ്വപ്നപ്പേച്ചുകള്‍
ചില സ്വപ്നപ്പേച്ചുകള്‍  

കരകരാ കരയുന്ന ഫാനിന്‍ ചോട്ടില്‍
അക്ഷരപ്പലകയുമായിരുന്നു എന്തെഴുതും?
എകാന്തതയുണ്ടെങ്കിലേ എയ്ത്തുവരൂ.
അടച്ചു വച്ച മീന്‍ പാത്രത്തിനരുകിലെ 
പൂച്ചയെപ്പോലെ ഞാനിരിയ്ക്കുന്നു.   

കാലില്‍ 
പറ്റിയ ചെളി
കഴുകാനൊരു
തുള്ളിവെള്ളം 
അതാണല്ലോ 
എന്റെ വീട് നിന്ന് കത്തുന്നത് .
കരഞ്ഞു തളര്‍ന്ന 
കുട്ടികളുടെ  വായില്‍   
തിരുകിവച്ച 
സാനിട്ടറീനാപ്കിനുകള്‍,
നിന്റെ വാഗ്ദത്തഭൂമിയുടെ കഥകള്‍ 
ആലേഖനം ചെയ്യപ്പെട്ട കടപ്പത്രങ്ങള്‍.

മുടിപ്പുരകളില്‍ 
കലിയൊടുങ്ങാത്തോറ്റങ്ങളുടെ 
നിണ സമര്‍പ്പിത ഹരണക്രിയകള്‍.
കൃഷിയിപ്പോള്‍ ലാഭം 
ആണയിട്ടു പറയുന്ന സത്യങ്ങള്‍ 
നുണകളാവാന്‍ എത്ര സത്യം പറയണം?
പുഴുക്കല്ലരി  ചോറുണ്ട് പുഴുകേറിയ
സ്വപ്നങ്ങള്‍ക്കും വേണ്ടേ ഇത്തിരി വിശ്രമം?
അതിനാല്‍ ഞാനിപ്പോള്‍ ദുസ്വപ്നങ്ങളുടെ 
തുടര്‍ചലനങ്ങളില്‍ കൈവച്ചു ഉറക്കറസീന്‍ 
അഭിനയിച്ചു തിമിര്‍ക്കുകയാണ്.

വാര്‍ദ്ധക്ക്യപ്പായയില്‍ സഹശയനത്തിന് 
വിശ്വസുന്ദരിയെ നിങ്ങള്‍ വിട്ടുതന്നത് 
എനിയ്ക്ക് ക്ഷാ പിടിച്ചു.
അതാണല്ലോ കൂലിയെഴുത്തുകാര്‍
വെള്ളം തൊടാതെ തൊണ്ടയില്‍
ക്ഷേമപ്പട്ടിക തിരുകി അര്‍മ്മാദിയ്ക്കുന്നത്‌.
ഇങ്ങനെ സ്നേഹിച്ചു കൊല്ലരുത് 
എണ്ണ തെളിയുമ്പോള്‍ ചക്കളത്തിപ്പോര് 
കുഞ്ഞൂട്ടാ, ഈ കടലെത്ര വാവുബലി കണ്ടു.

ഇങ്ങനെ നോക്കി പേടിപ്പിയ്ക്കരുത്,
നാവില്‍ നാരായം തറച്ചു 
ശബ്ദത്തിന് പൂട്ടിടുമ്പോള്‍   
ആദ്യക്ഷരസൃഷ്ടാവായ എഴുത്താണി 
ഒരായുധമാണെന്നും അവസരോചിതമായി 
അതോലയിലും മേനിയിലും മുറിപ്പെടുത്തും.
അതല്ലേ അക്ഷരത്തിന്റെ അരികിനിത്ര മുന.

ഒന്നും പറയാതിരിയ്ക്കലല്ല മൌനം  
വേട്ടനായ്ക്കള്‍  കുരച്ചെത്തുമ്പോള്‍  
ഇരകള്‍ പതുങ്ങുന്നതും 
സംഘബലം കൂട്ടുന്നതും  
പൂത്താലമെടുക്കാനല്ല.............
===================================CNKumar.

മുളവന എന്‍. എസ്. മണിയുടെ രചന.Saturday, June 16, 2012

ഒരച്ഛന്‍ പറയുന്നു..........


ഒരച്ഛന്‍ പറയുന്നു..........

മകളെ,
മഴയിരമ്പുന്ന കണ്ണുകള്‍ 
പടിപ്പുരയില്‍ വച്ചേക്കൂ,
ചരിത്രമാപിനിയുടെ 
അടയാളവാക്യങ്ങള്‍ 
അവിടെ കുറിയ്ക്കാം.

ഹൃദയത്തില്‍ പടരുന്ന 
ഇടിനാദങ്ങള്‍ 
ഇടവഴിതാണ്ടി 
പോകാതിരിയ്ക്കാന്‍ 
താഴിട്ടു പൂട്ടിയേക്കൂ.
കലങ്ങിയൊഴുകുന്ന 
പുഴപോലെയത് 
നീറി നില്‍ക്കും.

പുത്രവിയോഗത്താല്‍ 
വിതുമ്പുന്ന മാതൃഹൃദയങ്ങള്‍ 
ചില്ലിട്ടു വെക്കാന്‍ മറക്കരുത്.
എന്തെന്നാല്‍,
നാളെയത് 
ഉയര്‍ന്ന ലേലത്തുകയ്ക്ക്
വിറ്റു പോയേക്കും,
നമുക്ക് 
അതിന്റെ പകര്‍പ്പവകാശം 
ഉപേക്ഷിയ്ക്കാം.

നീ, 
മകന്റെ പ്രതികാരക്കണ്ണട   
ഊരി വച്ചേക്കൂ,
ഒറ്റുകാരുടെ കണ്ണുകള്‍ 
അവനില്‍ വെയില്‍ പെയ്യില്ല.
എന്നാല്‍, 
ചോറൂട്ടുമ്പോള്‍,
ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ 
വീരഗാഥകള്‍  ചെവിയിലൂട്ടാന്‍  
മറക്കരുത്.

ഞാനിപ്പോള്‍ 
തിരിച്ചുപോകാനുള്ള 
വിസ കാത്തിരിയ്ക്കുകയാണ്. 
പക്ഷെ, 
നിന്റെ സുരക്ഷയ്ക്കിപ്പോള്‍  
കിണറ്റു വക്കിലിരിയ്ക്കുന്ന
കുട്ടിയെപ്പോലെ
കത്തിയ്ക്കും വെള്ളത്തിനുമിടയില്‍,
തീയാളുന്ന മരുപ്രഹേളികയില്‍
ജീവന്റെയുഷ്ണസഞ്ചാരങ്ങളില്‍
ആരെയോ തെരഞ്ഞു തെരുഞ്ഞു.............
===============================CNKumar.