Monday, February 20, 2012

ഇടവഴികളില്‍


ഇടവഴികളില്‍  

നാട്ടിടവഴി
അപരിചിതനെപ്പോലെ
ഒന്നും മിണ്ടാതെ
നിവര്‍ന്നു കിടക്കുകയാണ്.
വഴിയോരത്തെ
കൈതകള്‍
ഒളിഞ്ഞു നോക്കി
പറയുന്നത്
ബാല്യങ്ങളില്‍ പൊട്ടിച്ചെടുത്ത
കൈതപ്പൂക്കളുടെ
നൊമ്പരത്തെക്കുറിച്ചാവാം.

ഇപ്പോള്‍
ഇടവഴികളില്‍
പാദസ്വരങ്ങള്‍
മൌനത്തിലാണ് .
ഒറ്റചിലമ്പണിഞ്ഞ 
നാട്ടുപൂതങ്ങള്‍
കാമവെറി പൂണ്ടു
പതിയിരിയ്ക്കുന്നത് 
വളഞ്ഞൊഴുകുന്ന 
വഴികളിലാണ്.

ഈ വഴികള്‍
കഥ പറയാന്‍ മറന്നു.
അവരുടെ നെഞ്ചിലൂടെ 
നഗരത്തിലേയ്ക്ക് 
ചേക്കേറിയ കിളികള്‍
തിരിച്ചു വരാത്തതിനാലാകാം 
നാമവര്‍ക്ക്‌ അപരിചിതരായത്.

കിട്ടാതെപോയ
സ്നേഹത്തിന്റെ
പരാതിക്കുടുക്കകള്‍
ആരുടെ നെഞ്ചിലാണ്
പൊട്ടി ചിതറുന്നത്‌?

നാട്ടുവഴികളില്‍
നിലച്ചുപോയ
സൗഹൃദം
ഓര്‍ത്തെടുക്കാന്‍
ഘടികാരത്തില്‍
ഇടമില്ലതെയാതും,
മുത്തശ്ശിക്കഥകളില്‍ നിന്നും
പിറന്നിറങ്ങിയ
രാജകുമാരനും
രാജകുമാരിയും
തമ്മിലൊന്നും മിണ്ടാതെ
കഥകളിലേയ്ക്കു
മടങ്ങുവാനാകാതെ
ഉഴറിനടക്കുന്നതും
അകക്കാഴ്ചകളില്‍ 
തെളിയുന്നു.

ഇടവഴികളില്‍ 
ചത്തുമലച്ച വാക്കുകള്‍ 
ചീഞ്ഞുനാറുന്നതിനു  മുമ്പ്  
നഗരങ്ങളില്‍ നിന്നും
പടിയിറക്കപ്പെടുന്ന
നന്മകള്‍ക്കൊരു
സ്മാരകം, 
അതിനുള്ളില്‍ 
കുടിയിരുത്താന്‍ 
ഒരു പ്രതിഷ്ഠതേടിയുള്ള
യാത്രയിലാണ്
നാട്ടിടവഴികള്‍.
=====================CNKumar .


Tuesday, February 14, 2012

ഇരകളെക്കുറിച്ച് പറയുമ്പോള്‍.

ഇരകളെക്കുറിച്ച് പറയുമ്പോള്‍.

അപ്പോള്‍, 
ഇതുവരെപറഞ്ഞത്‌ 
പുലിമടയില്‍ പെട്ട 
പേടമാനിന്റെ
കണ്ണുകളിലെ 
ഭീതിയെക്കുറിച്ചാണ്. 

പക്ഷെ ആഭീതി,
ടീച്ചറുടെ കണ്ണുകളിലും
നിഴലിയ്ക്കുന്നു.
എപ്പോഴാണൊരു  കൊലക്കത്തി
തന്റെ നേര്‍ക്കടുക്കുകയെന്നാവാം.

ഗുരുദക്ഷിണയിപ്പോള്‍
കൊലക്കത്തിയവതാരത്തിലാണ്.
കാമവെറിപൂണ്ട കണ്ണുകള്‍
എവിടെയാണ് പിറന്നത്‌?

മാതാപിതാക്കളെ 
വൃദ്ധസദനത്തിലേയ്ക്ക് 
നടതള്ളിയ നമുക്ക് 
ഗുരുക്കന്മാരെ 
കശാപ്പുചെയ്യാം.
അവരുടെ മോര്‍ഫു ചെയ്ത 
നഗ്നചിത്രങ്ങള്‍ 
നീലപ്പല്ലിലൂടെ
ചവച്ചാസ്വദിയ്ക്കാം,
പങ്കുവെയ്ക്കാം.

ഈ പുഴകളെന്തേ  ചുവന്നത്?
അവരുടെ സിരകളില്‍ ഒഴുകുന്നത്‌
ആരുടെ ചോരയാണ്?

പല്ലുകളില്‍ 
പുരണ്ട ചോരയ്ക്ക്
ആരുടെ രുചിയാണ്?
അമ്മയുടെ മുലപ്പാല്‍
നാവുകൊണ്ടല്ലേ 
നുണഞ്ഞത്?
എന്നിട്ടും 
താളം തെറ്റിയത് 
എവിടെ വച്ചാണ്?

വീടുകളില്‍ കൊളുത്തിയ വിളക്കില്‍
വിഷലിപ്തമായ സ്നേഹം
നിറച്ചതാരാണ്?
സിരകളില്‍ ലഹരി പടര്‍ത്തുന്ന
ചിന്തകള്‍ ആരുടെ ദാനമാണ്?

അപ്പോള്‍ നമ്മള്‍ 
പറഞ്ഞുകൊണ്ടിരിയ്ക്കുന്നത് 
വേട്ട നായ്ക്കളുടെ പല്ലില്‍
കോര്‍ക്കപ്പെട്ട ഇരകളെക്കുറിച്ച്
കത്തിമുനകള്‍ രുചിച്ച
ചോരയെ പ്രതിപാദിച്ചില്ല.
കണ്ണുകളില്‍ ഉദിച്ച
ഭീതിയെക്കറിച്ചും.....
======================CNKumar .

Monday, February 13, 2012

ഹൈക്കു കവിതകള്‍

ഹൈക്കു കവിതകള്‍
1
മതകൂട്ടമല്ല 
മനക്കൂട്ടമാണ് 
നന്നെന്നു  
ഒരു വെടിയുണ്ടയും പറയില്ല 
2
ഇരു വശത്തും
കള്ളന്മാരുണ്ടെന്നു
കരുതി
നീ കര്‍ത്താവല്ല.
 3

ഗാന്ധിയും
ഗോട്സേയുമിപ്പോള്‍
ഊണുറക്കമൊരുമിച്ചു

4

കുറ്റച്ചാര്‍ത്തുകള്‍ വായിച്ചു
പിലാത്തോസുകള്‍
കൈകഴുകിയത്
പീഡിതന്റെ ചോരയില്‍
5
പടിയ്ക്കുതാഴെ 
പിടയുന്നത്
ബീപ്പീയെല്‍ 
ജീവിതകാഴ്ച്ചകള്‍
6
മരപ്പെയ്ത്തുകള്‍ 
പ്രണയമുത്തുകള്‍
മനത്തുരുത്തുകള്‍
മാറ്റിടും. 
7
മനത്തുരുത്തുകള്‍
തകര്‍ത്തിടും വേലിയേറ്റം 
സുനാമിയ്ക്കാകാ വന്‍കരയെ. 
8
കിളികൂട്ടങ്ങള്‍ പറക്കുന്നത്
വസന്തത്തിലേയ്ക്കോ?
നരജന്മത്തിന്‍ സ്മൃതിയിലെയ്ക്കോ?

9
കൊമ്പന്റെ തുമ്പിയിളിരുന്നീച്ച
വമ്പു ചൊല്ലുന്നു
തിന്നു ഞങ്ങളൊരു കൂന ശര്‍ക്കര.
10
യൂദാസ്സുകള്‍ വാഴുമരങ്ങത്തു
യേശുവിനെന്തു കാര്യം?
11.
പ്രണയം
മണ്ണാങ്കട്ടയും കരീലയും
കാശിയ്ക്കു പോയപോലെ...

Sunday, February 5, 2012

വഴിക്കണക്കുകള്‍

വഴിക്കണക്കുകള്‍
ഈ വഴികള്‍ക്ക്
പൂര്‍ണവിരാമമില്ലെന്നു
നീ പറയുമ്പോള്‍ 
നിന്റെ സഞ്ചാരത്തിന്റെ 
സ്ഥിതിവിവരങ്ങള്‍ 
എനിയ്ക്കജ്ഞാതം.  
വഴികള്‍,
ദൂരമാപിനികളെപ്പോലെ
വശങ്ങളിലേയ്ക്ക്
ഋജുരേഖാങ്കങ്ങളായും
കാലങ്ങളുടെ 
ഇണക്കുകണ്ണികളായും
അവതരിയ്ക്കുമെന്ന 
വെളിപാടുവാക്യങ്ങള്‍ 
ഏതെഴുത്തോലയുടെ
സന്തതിയാണ്? 
വിതയ്ക്കാതെയും  
കൊയ്യാതെയും
കൂട്ടിവയ്ക്കാതെയും
നീ പറന്നാസ്വദിയ്ക്കുമ്പോള്‍
ഞാനീ വയലിറമ്പിലെ
കുഞ്ഞുതവളകള്‍ക്കൊപ്പം
വിതയ്ക്കു കാവലായിരുന്നു.
ചീഞ്ഞഇലകളില്‍
വരയ്ക്കെപ്പെട്ട
വഴികളുടെ രേഖാശാസ്ത്രം,
കാര്‍മേഘചാര്‍ത്തില്‍
തെളിയുന്നത്
തണുത്തയടുപ്പുകളില്‍
ചുരുണ്ടുറങ്ങുന്ന
കരിമ്പൂച്ചകളുടെ 
പ്രതിച്ഛായകള്‍. 
കൊറ്റികള്‍ കണ്ണടച്ച് പറയുന്നത്
കാഴ്ചയില്‍ തെളിയാത്ത
കടക്കെണികളില്‍
ഹോമിയ്ക്കപ്പെട്ട
ജീവിതങ്ങളുടെ
തിരുശേഷിപ്പുകളെക്കുറിച്ചു മാത്രം .
കാറ്റില്‍ കുരുങ്ങി നിലംപൊത്തിയ 
ഇലകള്‍ എന്തിനാണ് കരയുന്നത്?
കാണാമറയത്തെവിടെയോ ഉയരുന്ന
കരിയിലപ്പുള്ളിന്റെ ചിലമ്പിയ്ക്കുന്ന 
കരച്ചില്‍ എന്റെ നെഞ്ചില്‍ നിന്നാണോ?
കെട്ടുപിണഞ്ഞ
വഴിഞരമ്പുകളില്‍ ഒഴുകുന്നത്‌
അനാഥമാകുന്ന ബാല്യങ്ങളുടെ 
നിലവിളികളും തീപടരുന്ന 
ആമാശയത്തിന്റെ മുഴക്കങ്ങളും.
വഴികളിലെല്ലാം ഗതികെട്ട
ആത്മാക്കളുടെ ഘോഷയാത്രയാണ്.
കാലത്തിനും
കതിരണിയാത്ത മോഹങ്ങള്‍ക്കും
ഇനി സ്മാരകങ്ങള്‍ തീര്‍ക്കാന്‍
ഞാന്‍ മാത്രം;
ഒരു തുണ്ട് മണ്ണ്,
ചീന്തിയെറിഞ്ഞതില്‍ നിന്നും 
ഒരു  ജീവിതച്ചിന്ത്,
ഒരു നിലപാട് തറ,
അതിപ്പോഴുമൊരു
മരീചിക പോലെ
എന്നില്‍ നിന്നും
കാതങ്ങള്‍ ദൂരത്തില്‍ തന്നെ.
==============================CNKumar.
a creation of shri.N S Mony,Mulavana.