Friday, June 23, 2023

മുത്തച്ഛൻ നട്ട ചെമ്പരത്തി വരിക്കപ്ലാവ്

മുത്തച്ഛൻ നട്ട
ചെമ്പരത്തി വരിക്കപ്ലാവ്
......................................................

മുത്തച്ഛൻ നട്ട
ചെമ്പരത്തി വരിക്കപ്ലാവ്
മുറ്റത്ത് തഴച്ചുവളർന്ന്
പടർന്നു പന്തലിച്ചു നിൽപ്പുണ്ട്.
നൂറ്റാണ്ട് പഴക്കമുണ്ട്
തലമുറ കുറേക്കണ്ടതാ
എത്ര കുട്ടികളാ
അതിൻ്റെ തണലിൽ
കളിവീടുണ്ടാക്കിക്കളിച്ചത്,
അതിൻ്റെ കൊമ്പിൽ
ഊഞ്ഞാലിട്ടാടിയത്.

ചക്കക്കാലമാകുമ്പോൾ
വീട്ടിലെ മുഴുപ്പട്ടിണിയെ
അരപ്പട്ടിണിയാക്കാൻ
എന്തോരം ചക്ക തന്നോണ്ടിരിക്കുന്നതാ.
ചോരച്ചുവപ്പുള്ള ചുളകൾ
പച്ചയ്ക്കും വേവിച്ചും
പഴുപ്പിച്ചും തിന്നതിൻ്റെ രുചി
എത്ര തലമുറകളാണ്
പാടി നടന്നിട്ടുള്ളത്.

മുത്തച്ഛൻ നട്ടതാണെങ്കിലും
കുടികിടപ്പു കിട്ടിയപ്പോഴാ
പ്ലാവ് ഞങ്ങൾക്ക് സ്വന്തമായത്.

അയലോക്കത്തെ
തേവൻ വേലത്താൻ
മരിക്കുന്നതുവരെ പറയുമായിരുന്നു
പട്ടിണിയ്ക്കുതകിയ
ചെമ്പരത്തി വരിക്കപ്ലാവിനുള്ള
നന്ദി വാക്കുകൾ.

ഞങ്ങളെപ്പോലെ
തേവൻ വേലത്താൻ്റെ അപ്പൻ
വെള്ളേമ്പൻ വേലത്താനും
കുടികിടപ്പുകാരനായിരുന്നു.

തേവൻ വേലത്താൻ്റെ മക്കളും
ഞാനുമൊക്കെ ഒരുമിച്ചു
കളിച്ചും പഠിച്ചും വളർന്നവരാ.
അവരൊക്കെ വല്യവല്യ
ഉദ്യോഗമൊക്കെ ഭരിച്ച്
അപ്രത്തെ വീടുകളിൽ ഉണ്ടെങ്കിലുo
ഇപ്പോ പ്ലാവിനെ ഓർക്കാറും കൂടിയില്ല.

ഇപ്പോൾ നിറയെ ചക്ക പിടിക്കുമെങ്കിലും
പാതിയും പുഴു വെടുത്തു പോകും
കറേക്കാലമായി പ്ലാവിനെ
പുഴുശല്യം ബാധിച്ചിരിക്കുകയാണ്.
======================== CNKumar.