Thursday, March 7, 2024

വീടു മാറുമ്പോൾ ....

 വീടു മാറുമ്പോൾ ....


വീടു മാറുമ്പോൾ

കൂടെ കൊണ്ടുപോകാൻ 

കഴിയാത്ത ചിലതുണ്ട്.

മച്ചിലെ മാറാല,

അടുക്കളയിൽ ഒളിച്ചിരിക്കുന്ന

കൊച്ചെലികൾ,

കുളിമുറിയിലെ ചുവപ്പനട്ടകൾ,

പിണ്ടിലെെറ്റിൻ്റെ 

പിന്നിലൊളിക്കുന്ന പല്ലികൾ,

അരകല്ലിൻ ചുവട്ടിലെ

നെയ്യുറുമ്പുകൾ,

കിനറ്റിൻകരയിലെ മാക്രിയുടെ

പോക്രോം പോക്രോം കരച്ചിൽ,

പിന്നെ ഏറെക്കാലം

സ്നേഹിച്ചു വളർത്തിയ

പൂച്ചകൾ.


വീടുമാറുമ്പോൾ

കൂടെക്കൂട്ടാൻ കഴിയാത്ത ചിലതുണ്ട്.

വീട്ടിലെ വായനാമുറിയുടെ

കനച്ചമണം,

കുടുംബം ഒരുമിച്ചനുഭവിച്ച 

സന്തോഷങ്ങൾ,

ഒരോരുത്തരുടേയും ഉള്ളുകാളിയ

സങ്കടങ്ങൾ,

ഒറ്റയ്ക്കും കൂട്ടായും നേരിട്ട

സംഘർഷങ്ങൾ,

ഇനിയും ആവർത്തിക്കരുതെന്ന്

കരുതിയ തിരുത്തലുകൾ,

പുണർന്നുറങ്ങിയ കിടപ്പുമുറിയിലെ

പിണക്കങ്ങളും പരിഭവങ്ങളും,

പിണക്കങ്ങളുടെ ഒടുവിലെ

പുണരലിൻ്റെ ശിൽക്കാരങ്ങളും

ഉന്മാദവും മദഗന്ധവും

അങ്ങനെ എന്തൊക്കൊയോ

കൂടെ കൂട്ടാൻ കഴിയാതെ നമ്മൾ

വിട്ടുപോകുന്നു വീടുമാറുമ്പോൾ.


വീടുമാറുമ്പോൾ നമ്മൾ

പുറംചട്ടകൾ അഴിച്ചെറിഞ്ഞ്

പുതിയരൂപം എടുക്കുന്നു .

ഗൃഹാതുരതയെന്നതു

കല്ലുവച്ച നുണ മാത്രം.

========================CNKumar.