Monday, October 13, 2014

ഞങ്ങളിങ്ങനെയിന്നും


ഞങ്ങളിങ്ങനെയിന്നും
  
വെയിലാണ്, വേനല്‍ വിളയാട്ടമാണ്
കിനാവിന്‍റെചില്ലയില്‍ കുറുകുന്നതൊക്കെയും 
നൊമ്പരത്തിന്‍ പ്രാക്കളാണ്,
കരിഞ്ഞപൂവാടിതന്‍ ഗതകാല ചന്തംവിളമ്പിടും  
പരിഭവച്ചിന്തുകളാണ്   
ഒക്കെയുമോര്‍ത്തിരിയ്ക്കുകയാണ്

കാറ്റാണ്, വീശിയടിയ്ക്കും  
കടല്‍ത്തിരപ്പാടിലടിപെട്ടുഴറും
കടലാസുവഞ്ചികളാണ്.
കാടാണ്, വിണ്‍വീഥിയൊക്കെയും  
പെയ്തുതിമിര്‍ക്കാന്‍ നിരയായ്നിരക്കും
കരിമുകില്‍ക്കാടുകളാണ്.
പാടിയപാട്ടുകളെല്ലാമെനിയ്ക്കുള്ള
യോര്‍മ്മക്കുറിപ്പുകളാണ്,
നിന്നെഞാനറിയുകയാണ്.

കയ്യേറ്റമാണ്, കരിയിലച്ചപ്പില്‍
ഉരഗങ്ങളിണചേരുമിടവഴിയൊക്കെയും
ലഹരിപതയുന്ന കണ്ണുകളാണ്.
തെരയുകയാണ്, ഓര്‍മ്മയിലിപ്പോഴും 
കുന്നിക്കുരുമണി കൂട്ടുന്ന കയ്യുകള്‍
തൊടിയിലെത്തുമ്പികള്‍ കിന്നാരമോതിടും കണ്ണുകള്‍
കരിവളചില്ലു ഞെരിയുന്ന ചെത്തങ്ങള്‍,
ചിന്തയില്‍ ചാട്ടുളിയായി വന്നെത്തും
ഞരക്കങ്ങള്‍ കാഴ്ചകള്‍, തീവണ്ടിയൊച്ചകള്‍,
ഒക്കെയും ചോരച്ചവാര്‍ത്തകള്‍.

പുഴയാണ്, ഓരോമുറിയും
കണ്ണീരുറവ നിറയു൦ കിണറാണ്,
പകുതിയില്‍ നിര്‍ത്തിയ യാത്രകളാണ്.
ജയിലാണ്, ഏകാന്തവാസം
വിധിച്ചവര്‍ക്കെയുമുത്സവമാണ്
ഇരയും പ്രതിയുമൊരുപോലെയാണ്.
ഇരുള്‍വീണ വഴികളില്‍ പതിയിരിയ്ക്കുന്നുണ്ട്
പളപളാ മിന്നുന്ന വാളിന്‍വായ്ത്താരികള്‍,
അതിലൊന്നെനിയ്ക്കുള്ളതാണ്.

നിരയാണ്, എണ്ണുവാനാകാതെ
വിധവകള്‍,കുഞ്ഞുമുഖങ്ങളമ്മമാര്‍,
ഇനിയും ലാളിച്ചുകൊതിയടങ്ങാതെയൊടുങ്ങിയോര്‍
ദുരയാണ്, ഇസങ്ങള്‍ക്കുപിന്നില്‍
തിരയൊടുങ്ങാക്കടല്‍ക്കഴുകന്റെ കണ്ണാണ്,
ചതിക്കുഴികളേറെ നിറഞ്ഞൊരു നടവഴിയാണ്
ജീവന്റെനാണയ൦ പന്തയപ്പണമാണ്   
കരുക്കളന്യോന്യം വെട്ടിമരിയ്ക്കു൦ ചതുരംഗമാണ്‌  
ഒക്കെയും നേര്ച്ചക്കുരുതികളാണ്.

മുറിവാണ്, വാര്‍ത്തകള്‍ക്കപ്പുറം  
കണ്ണില്‍ പെരുകുന്ന ചോരതന്‍ നനവാണ്
ചിതവിട്ടുയരുന്ന പുകയാണ്,
മാംസം കരിയുന്ന ചൂരാണ്,
കണ്ണില്‍ കൊടുംപകയൂട്ടി വളര്‍ത്തുന്ന രാവാണ്.
മത്സരിച്ചങ്കം കുറിയ്ക്കു൦ യുവാക്കളില്‍
സ്വച്ഛത നിറയ്ക്കാത്താതെന്തു നീ
മച്ചിലുറക്കം നടിയ്ക്കും വരേണ്യതേ?
ചുട്ടുപഴുത്തൊരീ മണ്ണില്‍ ചവിട്ടി
പൊട്ടിത്തകര്‍ന്നൊരീ നെഞ്ചകംതൊട്ടു
ഒച്ചനിലയ്ക്കാത്ത വരിശകള്‍ ചാര്‍ത്താന്‍
കവിതക്കുരുന്നുകള്‍ കുഞ്ഞാറ്റകള്‍
വന്നെത്തിടുന്നൊരു ദേശമേതു?
കൂടോരുക്കുന്നൊരു ചില്ലയേത്?

വെയിലാണ്, വേനല്‍ വിളയാട്ടമാണ്
കരിയാതെയിപ്പോഴും നില്‍പ്പാണ്
പാതയിറമ്പിലായ് കാട്ടുതകരകള്‍,
കാഴ്ച്ചപ്പരിധിയിലെത്താതെ പോയവര്‍
കാനേഷുമാരിതന്‍ പുള്ളിതൊടാത്തവര്‍
കള്ളികള്‍ക്കപ്പുറം തോണ്ടിയെറിഞ്ഞവര്‍
തീപടരുന്ന പ്രതീക്ഷകള്‍, പ്രജ്ഞവിട്ടെത്തുന്ന
ചോദ്യങ്ങള്‍ക്കുത്തരം നേടുന്നനാളുണ്ട്,
നേരു കിളിര്‍ക്കുന്ന നേരമുണ്ട്,
നാവുകളൊരു നൂറു ശാഖനീട്ടും
ചൂഴ്ന്നെടുത്തൊരാകണ്ണുകള്‍ സൂര്യപ്രഭനേടും
കബന്ധങ്ങളൊക്കെയും  പടയണിചേരും              
ഒക്കെയും ഓര്‍മയിലുണ്ടെന്നതോര്‍ക്കണം. 
======================================CNKumar.

Thursday, July 31, 2014

ഒറ്റപ്പെടുന്ന വര്‍ത്തമാനങ്ങള്‍


ഒറ്റപ്പെടുന്ന വര്‍ത്തമാനങ്ങള്‍


തനിയ്ക്ക് സൌകര്യമുണ്ടെങ്കില്‍
എന്നെയൊന്നു പകര്‍ത്തി വയ്ക്കെടോ.
എത്രനാളായി പിന്നാലെ നടക്കുന്നു
തനിയ്ക്കിനിയും നേരമെത്തിയില്ലേ?
ഗാസയില്‍ നിന്നു പുറപ്പെട്ടു വന്നിട്ട്
നാളെത്രയായെന്നറിയാമോ?

എന്റെ ഈ മുഷിഞ്ഞ തുണിസഞ്ചിയില്‍
നിന്നും പുറപ്പെടുന്ന നിലവിളികളും
ചോരമണക്കുന്ന കാറ്റും
നീയിനിയും തിരിച്ചറിഞ്ഞില്ലേ?

തെരുവുകളില്‍ ചത്തുമലയ്ക്കുന്ന
ജീവനുകള്‍ മനുഷ്യപ്പുഴുക്കളാണെന്ന്
നീ കരുതിയോ എന്നതറിയില്ല
പക്ഷെ, അവരിപ്പോഴും
അങ്ങനെതന്നെയാണ് കരുതുന്നത്
അല്ലായെങ്കില്‍ ഈ നിലവിളികള്‍
ഉയരുന്നഗാസ ശവപ്പറമ്പായി
ഇങ്ങനെതന്നെ നാളേറെയായി
തുടരില്ലല്ലോ.

ഓ ഗാസാ, നിന്നെയോര്‍ത്തെന്‍
നെഞ്ചകം കത്തുന്നു
കുഞ്ഞു നിലവിളികള്‍
കാതില്‍ നിറയുന്നു
ആരുടേതാണീ പിടയ്ക്കും
കുഞ്ഞുവിരലുകള്‍,
ചോരചാലിട്ടൊഴുകുന്ന തലകള്‍,
പുറത്തേയ്ക്കു തെറിച്ച കണ്ണുകള്‍,
കോണ്ക്രീറ്റ് കൂനയ്ക്കടിയില്‍
ചതഞ്ഞരഞ്ഞ ശവം
കടിച്ചുവലിയ്ക്കുന്ന നായ്ക്കള്‍,

ഇനിയും നിര്‍ത്താറായില്ലേ
ശവക്കൊതിയന്മാരുടെ കേളികള്‍?
ഒറ്റപ്പെട്ടെത്തുന്ന വര്‍ത്തമാനങ്ങള്‍
ഓട്ടക്കാതുകളില്‍ പതിയ്ക്കാതിരിയ്ക്കാന്‍
വേണ്ടിയല്ലേ ഹെഡ്സെറ്റ് കാതുകളില്‍
തിരുകിക്കയറ്റി നീയെപ്പോഴും
എന്നെക്കടന്നു പോകുന്നത്.  

എന്നിട്ട് നീപറയുന്നു
നീറുന്ന കരളുണ്ടെന്നു
ഈറന്‍ പൊടിയുന്ന
കണ്ണുകളുണ്ടെന്നു.

നിന്റെ മനസ്സില്‍ 
എന്നെയടയാളപ്പെടുത്താന്‍
ഇനിയുമാരുടെയനുമതിയ്ക്കാണ്
കാത്തിരിയ്ക്കുന്നത്?
========================CNKumar.
Tuesday, May 20, 2014

ഒടുക്കംഒടുക്കം

എവിടെവച്ചാണൊപ്പം
കൂടിയതെന്നറിയില്ല
കല്ലും മുള്ളും പാകിയ
നാട്ടുവഴിയിലുടനീളം
ഈ കറുത്തപട്ടിയൊപ്പമുണ്ട്.

നിഴലുപോലും കൂട്ടുവരാന്‍
മടിയ്ക്കുന്ന വിജനതയിലേയ്ക്ക്
നീട്ടിവരച്ച നടപ്പാത.

യാത്രയുടെയേത്കവലയില്‍ വച്ചാണ്
ഉടപ്പിറപ്പെന്നു കരുതിയവരൊക്കെയും
പടിയിറങ്ങിപ്പോയതെന്ന
മനപ്പാഠം തിരയുമ്പോള്‍
നീ മാത്രമെന്തിനാണിപ്പോഴും
കാല്‍പ്പാടുകള്‍ക്ക് പിന്നിലാണോ
വഴികാട്ടിയായി മുന്നിലാണോയെന്ന  
സന്ദേഹക്കടലിന്റെ മാലോപമയില്‍
കുരുങ്ങിപ്പോയ വര്‍ത്തമാനത്തിന്‍
സമസ്യപോലെയിപ്പോഴും കൂടെ.

ആളും ആരവങ്ങളുമൊടുങ്ങിയ
മഹാസൌധങ്ങളില്‍നിന്നും
പിറവിയില്‍ത്തന്നെ
മണ്ണിലേയ്ക്കാഴ്ത്തിയ
പീറജന്മത്തിന്‍റെ
കാഴ്ചവട്ടങ്ങളില്‍നിന്നും
ഇരുള്‍മാറാലപ്പെരുക്കത്തില്‍
കാഴ്ചയൊടുങ്ങിയ
കിനാവോരങ്ങളില്‍നിന്നും
ഓടിമറഞ്ഞവയൊക്കെ
ഓര്‍മ്മപ്പുസ്തകത്തില്‍
ഒപ്പുവയ്ക്കാന്‍ വരിനില്‍ക്കുമ്പോള്‍
ഇരുള്‍ക്കാടുകള്‍ക്കും
മൃതചിത്തങ്ങള്‍ക്കുമപ്പുറം
തെളിയാന്‍ സാദ്ധ്യതയുള്ള
വെളിച്ചത്തിന്റെ കീറ്
ഒടുവിലത്തെ അത്താണിയായി
കണ്ടെത്തുംവരേയ്ക്കും
മലിനമായ വര്‍ത്തമാനത്തിനും
തേഞ്ഞുപോയ വിവര്‍ത്തനങ്ങള്‍ക്കും
എത്താന്‍ കഴിയാത്ത ഇടങ്ങളിലേയ്ക്ക്
ഒടുക്കംവരേയും............
=======================CNKumar.


Sunday, May 11, 2014

വീടിനെ വ്യാഖ്യാനിയ്ക്കുമ്പോള്‍
വീടിനെ വ്യാഖ്യാനിയ്ക്കുമ്പോള്‍


പുറത്തു പോകുമ്പോഴൊക്കെ
എപ്പോള്‍ തിരിച്ചെത്തുമെന്ന്
ചോദിയ്ക്കാതെ തന്നെ
വഴിക്കണ്ണുമായി കാത്തിരിയ്ക്കും.

തിരിച്ചെത്തിയാല്‍ കൂടെ നടന്നു
പായാരങ്ങള്‍ ആയിരം നിരത്തും
ചിലപ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍
യാത്രാതടാസം തീര്‍ക്കും, പിന്നെയവ
കണ്ണിലൂടെ തുള്ളികളായി
ഒഴുകിയിറങ്ങും
മുണ്ടിന്‍റെ കോന്തലകൊണ്ടു
കണ്ണു തുടച്ചു
അടുക്കളയുടെ പുകയുന്ന
പങ്കപ്പാടുകളിലെയ്ക്ക്
ഊളിയിട്ടു നീങ്ങും.

കറിയ്ക്കരിയുംപോഴും
പാത്രം കഴുകുമ്പോഴും
ചപ്പിലക്കിളികളെപ്പോലെ
ചിലയ്ക്കുന്നുണ്ടാകും
കുട്ടികളുടെ ഫീസ്,
പലചരക്കുകടയിലെ പറ്റ്,
പത്രക്കാരന്റെ,
പാലുകാരന്റെ,
വീട്ടുവാടക,
പട്ടിക തീരുമ്പോഴേയ്ക്കും
അത്താഴം കഴിയും.
എങ്കിലും, എന്റെ ലാവശത്തെ
ഇളംചൂടില്‍ മുഖം ചേര്‍ത്തു മയങ്ങുമ്പോള്‍
മുഖത്തു ഒരു ശാന്തത
പൂത്തു നില്‍ക്കുന്നുണ്ടാകും.

എത്ര വൈകി ഉറങ്ങിയാലും
പുലര്‍ച്ചെ നാലരയ്ക്ക് അടുക്കളയിലെ
പാത്രങ്ങള്‍ ഒച്ചയുണ്ടാക്കും.
അടുപ്പു പുകയാന്‍ തുടങ്ങും
ദിനസരികള്‍ മാറാതെ
എല്ലാം ആവര്‍ത്തിയ്ക്കും.

ഞാനും അതുപോലെ
ഒരു മാറ്റവുമില്ല.

നാട്ടില്‍ എന്ത് നടന്നാലെന്തു?
നിര്‍ഗ്ഗുണ പരബ്രഹ്മം

ഓ എന്റെയൊരു മറവി
പുലര്‍കാലസ്വപ്നം
പുറത്തു പറയരുതെന്നാ

ഈ ഏഴാംനിലയിലെ പെട്ടിവീട്
ആരെയും കാത്തിരിയ്ക്കുന്നില്ല
ആരോടും വിധേയത്വവും.........
========================CNKumar.

Saturday, April 12, 2014

കവിതയെഴുതുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങള്‍

കവിതയെഴുതുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങള്‍

പണ്ട് മലയാളം മാഷ്‌ പഠിപ്പിച്ച വാക്യഘടനയെ
ഒരു കാരണവശാലും ഓര്‍ക്കരുത്.
എല്ലാവരികളിലും
ഓരോ അക്ഷരത്തെറ്റെങ്കിലും ഉണ്ടായിരിയ്ക്കണം
വാക്കുകള്‍ ഇഷ്ടംപോലെ കറുകുറെ
കൊത്തിയരിയഞ്ഞു വരിമുറിയ്ക്കണം.
വൃത്തവും താളവും
ശകുനം വരാതെ നോക്കണം.

പ്രണയം പച്ചതൊടാതെ അരച്ചുകൂട്ടി
മുട്ടിനു മുട്ടിനു പൊതിയണം
പാദാദിപ്പൊരുത്തങ്ങള്‍
മഷിനോട്ടത്തില്‍ പോലും
ദൃഷ്ടിയില്‍പ്പെടരുത്.
മുറ്റുവിനയോ പറ്റുവിനയോ
സകര്‍മ്മകമോ അകര്‍മ്മകമോ
വിഭക്തിയോ ഭക്തിയോ പാടില്ല.
വാക്കുകളെ ലിംഗവര്‍ണ്ണ ഭേദമില്ലാതെ
ഭ്രാന്ത ജല്‍പ്പനം പോലെ
വാരിയെറിയണം.
കഴിയുമെങ്കില്‍ പച്ചത്തെറി മേമ്പൊടിചേര്‍ത്തുവേണം
(കാ, പൂ, മൈ ഇവയില്‍ത്തുടങ്ങുന്ന തെറി തന്നെവേണം)
എഴുതിത്തുടങ്ങേണ്ടത്
മൈലേജു കൂടിക്കിട്ടും.

മുന്‍കാല കവികളുടെ
പേരും നാളും പറഞ്ഞു
പോഴത്തം നിവേദിയ്ക്കണം.
തലക്കെട്ടില്‍ ജനനേന്ദ്രിയങ്ങളുടെ
പര്യായങ്ങള്‍ അഭിലഷണീയം
ലൈക്കോ കമന്റോ തരാത്ത വായനക്കാരെ
ഇന്ഷ്യല്‍ ചോദിച്ചു ചൊടിപ്പിയ്ക്കാം
വേണമെങ്കില്‍ ബ്ലോക്കും ചെയ്യാം.

പ്രത്യേക ശ്രദ്ധയ്ക്ക്:
വിശപ്പിനെക്കുറിച്ചോ
സാമൂഹ്യ തിന്മയെക്കുറിച്ചോ
ഒരക്ഷരം മിണ്ടിപ്പോകരുത്‌.

=============================== CNKumar.