Tuesday, September 21, 2021

ഓക്കാനം ഒരു രോഗമാണ്

 ഓക്കാനം ഒരു രോഗമാണ് 


മസാക്കാകിഡ്സിൻ്റെ 

ചടുലനൃത്തച്ചുവടുകൾ കണ്ടിട്ട്

മൂക്കത്തു വിരലുവച്ചുപറയുന്നു

പിള്ളാർക്ക് ഒട്ടും കോസ്റ്റ്യൂം സെൻസില്ല.

നാം നമ്മുടെ കുട്ടികൾക്ക്

നൃത്തം ചെയ്യാൻ പളപളത്ത

ഉടയാടകൾ അണിയിച്ചൊരുക്കുന്നതു 

കണ്ടു പഠിക്കണം അവുത്തുങ്ങൾ.


ചത്തപശുവിൻ്റെ തോലുരിച്ചു

അന്നത്തിനു വഴി തേടുന്നവരെ നോക്കൂ

മെനകെട്ടവർഗ്ഗം തന്നെ

ഒരു വൃത്തിയും വെടിപ്പുമില്ല

ഓക്കാനം വന്നിട്ടു വയ്യ

ഇവർക്ക് വൃത്തിയായി നടന്നു കൂടേ

ഈ വൃത്തികെട്ട പണി ചെയ്തു വേണോ 

കുടുംബം നയിക്കാൻ.


ഓടയിലൂടെ ഒഴുകി വരുന്ന

ചീഞ്ഞ പഴങ്ങൾ പെറുക്കി തിന്നുന്ന

തെണ്ടിപ്പിള്ളാരെ നോക്കൂ

നാണമില്ലേ ഇവറ്റകൾക്ക്

തന്തക്കും തള്ളയ്ക്കും ഇത്തിരിയെങ്കിലും

ഉത്തരവാദിത്തം വേണ്ട

കുളിയുo നനയുമില്ലാത്ത കൂട്ടങ്ങൾ

നമ്മുടെ കുട്ടികളെ ഇങ്ങനെയാണോ

വളത്തിക്കൊണ്ടു വരുന്നത്.


കോണകവും തലേക്കെട്ടുമായി

പാടത്തു പണി ചെയ്യുന്ന

കറുത്ത മനുഷ്യരെ നോക്കു

കോതമ്പും ചോളവും ബജ്റയുമെല്ലാം

നട്ടുണ്ടാക്കുന്ന ഇവറ്റകൾക്

നല്ലൊരു മുണ്ടുടുത്തു നടന്നൂടെ

ഞങ്ങളെ നോക്കൂ 

എത്ര വൃത്തിയായാണ്

അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.


നിങ്ങളെ നോക്കി നോക്കി നടക്കാൻ

പഠിക്കാൻ പറയാൻ നിങ്ങളാരാ?

മണ്ണിൽച്ചവിട്ടി, മഴ നനഞ്ഞു

ഇലയും പൂക്കളും നുള്ളി മണത്ത്

വെയിലു കൊണ്ടു വെട്ടി വിയർത്ത് 

പാടത്തും പണിശാലയിലും

പണിയെടുത്തു കറുത്ത്

പുഴുക്കളെപ്പോൽ മടച്ച്

വരുന്ന ഞാളേo പുള്ളാരേo

കാണുമ്പോ ങ്ങക്ക് ഓക്കാനം വരുന്നെങ്കി

നിങ്ങക്കെന്തോ വയ്യായ്കയുണ്ട്

ശടേന്ന് ആശൂത്രീ പൊക്കോളി.

===================CNKumar.

ചന്തക്കവലയിൽ

 ചന്തക്കവലയിൽ


സഹായവില സഹായവില !!

ആർക്കും വാങ്ങാo എപ്പോഴും വാങ്ങാം

അണ്ടിയും മാങ്ങയും ചക്കയും

ചക്കക്കുരുവുമല്ല.

നല്ല പെടപെടയ്ക്കുന്ന സാധനം.


കണ്ണു കാണുന്ന ഏതു കുരുടനുo

കാതു കേൾക്കുന്ന ഏതു പൊട്ടനും

കേശാദിപാദം നക്കി നാവു തേഞ്ഞവനും

കുനിഞ്ഞു കുനിഞ്ഞു

നട്ടെല്ലുവളഞ്ഞവർക്കും

ഹൃദയമില്ലാത്ത ഹൃദ്രോഹിക്കും

ഏതു നേരത്തും ഉപേക്ഷിയ്ക്കാവുന്നത്.


ഓടിയോടിച്ചാടിച്ചാടി വന്നോ

അറുപ്പം കന്തിരിക്കോ

ആട്ടിനു കൊഴയൊടിച്ചോടേയ്

മോഹവില താന്നവില

ങാ വേടിച്ചോ വേടിച്ചോ.


കണ്ണ് നല്ല ഒന്നാം തരം കണ്ണ് 

ദൈവപ്പുരയിൽ വച്ച്

കാമഭ്രന്തരെ കണ്ട് അന്ധാളിച്ച 

നാടോടി പെൺകുഞ്ഞിൻ്റെ കണ്ണ്.

നാട്ടുക്കൂട്ടം മരത്തിൽ കെട്ടിയിട്ട് അടിച്ചപ്പോൾ

ജീവൻ നിലച്ചുപോയ ദളിതൻ്റെ കണ്ണ്.

ഇറച്ചി വേവിച്ച കുറ്റത്തിന് മതഭ്രാന്തന്മാർ

വളഞ്ഞിട്ട് തല്ലിക്കൊന്നപ്പോൾ

പുറത്തേക്ക് തെറിച്ചു പോയ കണ്ണ്.

പെരുന്നാളു കൂടാൻ വീട്ടിലേക്ക്

പോയപ്പോൾ തീവണ്ടിയിൽ നിന്നു

പിടിച്ചിറക്കി അടിച്ചും വെട്ടിയുoക്കൊന്ന

കൗമാരക്കാരൻ്റെ കണ്ണ്.

ആർക്കും വാങ്ങാം എപ്പൊഴും വാങ്ങാം.

=======================CNKumar.

Saturday, September 4, 2021

ഭാരതിമുത്തിയുടെ ഭാഗം

ഭാരതിമുത്തിയുടെ ഭാഗം


മൂപ്പിളമത്തർക്കം പരിഹരിക്കാൻ

തറവാട് രണ്ടായി വെട്ടിപ്പകുത്തപ്പോൾ

കിട്ടിയതാണ് ഭാരതിമുത്തിക്ക്

ഇന്ന് കാണുന്ന പുരയിടം.


ഭാരതിമുത്തി തനിയ്ക്കു കിട്ടിയ വീട്ടിൽ

അന്നു മുതൽ ഒരു അനാഥാലയം തുറന്നു

അവിടുത്തെ അന്തേവാസികളെയെല്ലാം

സ്വന്തം മക്കളെപ്പോലെ പോറ്റി വളർത്തി.

അവരെത്തന്നെ അതിൻ്റെ ഉത്തരവാദിത്തങ്ങൾ

ഏൽപ്പിച്ച് കാരണവത്തിയുടെ സ്ഥാനത്തിരുന്നു.


മൂപ്പുമുറയനുസരിച്ച് ഓരോരുത്തരായി

അനാഥാലയത്തിൻ്റെ നേതൃത്വമേറ്റു.

ആദ്യകാലത്തെ ചുമതലക്കാർ

അവരാലാവുംവിധം നോക്കി.

കൃഷിയും മറ്റുമൊക്കെ നന്നായി ചെയ്തു

സമ്പാദ്യപ്പെട്ടി നിറയ്ക്കാൻ ശ്രമിച്ചു.

എന്നിട്ടും അന്തേവാസികൾക്ക് നന്നായി

ഭക്ഷണമോ ഉടുതുണികളോ 

കൊടുക്കാൻ കഴിഞ്ഞില്ല.


ഇപ്പോൾ രാമോരൻ കൊച്ചാട്ടനാണ്

പ്രധാന കാര്യദർശി

പതിനഞ്ചാം വയസിൽ വീടും നാടും വിട്ട്

ഭാരതി മുത്തിയോടൊപ്പം കൂടിയതാണ്

ഭരണമേറ്റതിൽ പിന്നെ

രാമോരൻ കൊച്ചാട്ടൻ ആളാകെ മാറി

പളുപളുത്ത  കുപ്പായങ്ങളിട്ടു,

ചമയക്കാരെ വച്ച് അഴകിയ രാവണനെപ്പോലെ അണിഞ്ഞൊരുങ്ങി

പ്ലിമത്ത് കാറിൽ ചുറ്റിക്കറങ്ങി

ധനികൻമാരുടെ നിശാക്ലബ്ബുകളിൽ

കുടിച്ചു കൂത്താടി

അനാഥാലയത്തിൻ്റെ സമ്പാദ്യമെല്ലാം

നശിപ്പിച്ചു നാറാണക്കല്ലു തോണ്ടി.


ഭാരതി മുത്തിയുടെ പേരിലുള്ള

എട്ടുകെട്ടും എടക്കെട്ടുമെല്ലാം

ഓരോന്നായി പൊളിച്ചു വിറ്റു

പുട്ടടിച്ചു കൊണ്ടിരിയ്ക്കുന്നു.


എന്നാലും കൊച്ചാട്ടൻ 

ചിരിച്ചു കൊണ്ടു പറയും

ഞാനെത്ര ഗംഭിരമായാണ് ഇത് നടത്തുന്നതെന്നോ !!

ഓശാനക്കാർ തല കുലുക്കി

പിന്നെ പിന്നെയെന്നു പ്രശംസിക്കും.

അവർക്കെല്ലാം കൊച്ചാട്ടൻ

വാരിക്കോരിദാനം ചെയ്യും.


ഇപ്പോൾ ഭൂമിയും ഇച്ചിരിച്ചെ

മുറിച്ചു വില്ക്കാൻ തൊടങ്ങി.

ഞങ്ങൾ കുട്ടികൾക്ക് ഇതെല്ലാം

കാണുമ്പോൾ ഉള്ളിൻ്റെയുള്ളിലൊരാന്തലാണ്

ഇനി എന്നാണ്‌ ഭാരതിമുത്തിയെ

വേറെയൊരു ശരണാലയത്തിൽ

രാമോരൻ കൊച്ചാട്ടൻ നട തള്ളുന്നത്.

ഓർക്കുമ്പം സഹിക്കാൻ വയ്യായേയെന്ന്

ഒച്ചവെച്ച് ഞങ്ങള് തൊള്ളയിടുമെപ്പഴും.

=========================CNKumar.