Thursday, March 22, 2012

പൂച്ചകളുടെ പൊതുസ്വഭാവം.


പൂച്ചകളുടെ പൊതുസ്വഭാവം.


കണ്ണടച്ചിരിയ്ക്കുന്നത്
പൂച്ചകളുടെ പൊതുസ്വഭാവമാണ്.
അതാണ്‌ നീയും ചെയ്യുന്നത്.
അല്ലെങ്കില്‍
നിന്റെ  മുന്നിലേയ്ക്ക് നീണ്ടു വന്ന 
എന്റെ  കൈ നീ കാണില്ലേ

മുങ്ങിത്താഴുമ്പോഴുള്ള
അഭയത്തുരുത്തു നിഷേധിച്ച
ജാള്യത മറയ്ക്കാന്‍
നീയണിഞ്ഞ  കറുത്തകണ്ണട
മനസിലേയ്ക്കും വേണ്ടിവരും,
ഇരകണ്ട  പൂച്ചയെപ്പോലെ
തപസ്സു ചെയ്യുന്നത് 
എന്റെ  മാംസം സ്വപ്നം കണ്ടു.

കാലംതെറ്റി പൂത്ത കൊന്നകള്‍
ബാല്യജാലകം തുറക്കുന്നത്
നാം കൈകോര്‍ത്തു നടന്ന
നാട്ടുവഴിയിലെയ്ക്കും
പെരുവഴിയോരത്തെ
നാട്ടുമാഞ്ചോട്ടിലേയ്ക്കും.

നമ്മള്‍ പങ്കുവച്ച പൊതിച്ചോറിന്റെ കഥ
പള്ളിക്കൂടത്തിലെ  പഴഞ്ചന്‍ ബഞ്ച്
ഇന്നാളു കണ്ടപ്പോഴും പറഞ്ഞു.
വഴിയ്ക്ക് കുറുകെ ചാടിയപൂച്ച
ഇപ്പോള്‍ ജീവിതത്തിനു കുറുകെ 
ചാടിത്തിമിര്‍ക്കുകയാണ്.

കല്ലുസ്ലേറ്റില്‍ രണ്ടു പൂജ്യം കൊണ്ട് 
നാം വരച്ചപൂച്ചയിന്നു
പൂജ്യം മാത്രം ശേഷിപ്പിച്ചു
വലിച്ചെറിഞ്ഞ ജീവിതങ്ങളാണ്
 വഴിയോരക്കുടിലുകളില്‍   
നിരങ്ങിയൊടുങ്ങുന്നത്

പൂച്ചയിപ്പോള്‍ നായകനോ
പ്രതിനായകനോ ?
പ്രതികളാകാന്‍ ആളുള്ളപ്പോള്‍
പൂച്ചകള്‍ സപ്രമഞ്ചം വിട്ടു
താഴേയ്ക്കിറങ്ങില്ലല്ലോ.
അങ്ങനെയാണ്
ജനാധിപത്യം ജന്മംകൊണ്ടത്‌.
=============================CNKumar.  

Friday, March 9, 2012

മുദ്രമോതിരങ്ങള്‍ പറയുന്നത്.


മുദ്രമോതിരങ്ങള്‍  പറയുന്നത്.

ഒന്നാം മോതിരം
പറഞ്ഞു തുടങ്ങിയത്
ചതിയ്ക്കപ്പെട്ട പെണ്ണിന്റെ 
നാവു കൊണ്ടായിരുന്നു. 

"നീ തന്ന മോതിരത്തിന്റെ 
ഉറപ്പിലാണ് ഞാന്‍ മയങ്ങിയതും 
നിന്റെ പ്രണയവലയത്തില്‍പ്പെട്ടതും.

കഥ പിന്നെയെങ്ങനെയൊക്കെ മാറി
അപ്പോഴും കുറ്റം എന്നില്‍ തന്നെ,
കൊടുംകാട്ടില്‍
മാനിനോടും
മയിലിനോടും
മുല്ലത്തയ്യിനോടും
കിന്നാരം പറഞ്ഞും,
തണ്ണീര്‍ പകര്‍ന്നും,
പറന്നു നടന്നൊരു ശലഭം.

ആഡംബരങ്ങളില്‍
ഭ്രമിച്ചുപോയ എന്നില്‍
നീ നിന്റെ കാമശമനം
മാത്രമായിരുന്നില്ലേ 
ലക്‌ഷ്യമാക്കിയത്?
അല്ലായെങ്കില്‍
നിറവയറുമായി
നിന്റെ മുന്നിലെത്തിയ
എന്നെ നീ മറക്കുമായിരുന്നോ?
ശാപത്തിന്റെ കെട്ടുകഥ
എന്നും നിങ്ങളുടെ തന്ത്രമാണെന്ന
തിരിച്ചറിവ് എന്നിലെത്താന്‍ വൈകി."

രണ്ടാം മോതിരം
പറഞ്ഞത് കണ്ണില്‍ കണ്ടതിനെ
കുറിച്ചായിന്നു
അവള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നത് 
അവന്റെ വരവിനു വേണ്ടി. 

സുഖഭോഗങ്ങള്‍ വെടിഞ്ഞു
പിതാവിന്റെ വാക്ക് നിറവേറ്റാന്‍
ആരണ്യകം തെരഞ്ഞെടുത്തവന്‍,
കല്ലിലും മുള്ളിലും കാലുപെടാതെ
കൂടെ നടത്തിയോന്‍,
കേവലമൊരു കാട്ടുമാനില്‍
ഭ്രമിച്ചവള്‍ക്കായി
കൊടിയ വിരഹിയായി
കാട്ടിലലഞ്ഞവന്‍,
ഒടുവിലെല്ലാം കഴിഞ്ഞു
വീടെത്തിയവളെ
നിഷ്കരുണം കാട്ടിലെറിഞ്ഞില്ലേ?
അത് അധികാര സ്ഥിരതയ്ക്കല്ലേ?

മുദ്രമോതിരങ്ങള്‍ 
വാക്കുകള്‍ കൊണ്ടങ്കം വെട്ടുകയാണ്.
ആരീ തര്‍ക്കത്തില്‍ ജയിയ്ക്കും?

അപ്പോള്‍,
പട്ടടയിലിരുന്ന തട്ടാന്‍
മോതിരങ്ങളെയെടുത്തു
എരിയുന്ന ചട്ടിയുടെ
ഒറ്റക്കണ്ണിലെയ്ക്കിട്ടു.
===============================CNKumar.
A creation of sri. N S Mony, Mulavana.

Wednesday, March 7, 2012

ഇലകള്‍ പച്ച .... പൂക്കള്‍ ... ?


ഇലകള്‍ പച്ച .... പൂക്കള്‍ ... ?

ഇലകള്  പച്ച
പൂക്കള്  മഞ്ഞ
ഇടത്തേ വഴിയെ പോ കാളേ,
ഇടത്തേക്കാള ചൂരിയനും
വലത്തേക്കാള ചന്തിരനും.
ചേറിക്കെടക്കണ പൊലവനെക്കാളും 
നല്ലോനല്ലേ വരമ്പത്തിരിക്കണ കൊച്ചമ്പിരാന്‍.

കൊച്ചമ്പിരാന്റെ കുടിയിചെന്നാ
പള്ളനെറയ്ക്കാന്‍ കള്ളും മീനും
കീശേലൊത്തിരി കാശും കിട്ട്യാ
ചള്ളയി കെടക്കണ പൊലവന്റെ കൂട്ട്
ഇങ്ങക്കെന്തിനു നെയ്ത്ത്യാരെ?

അച്ചരം പടിയ്ക്കാത്ത ചെറുമാ കോരാ,
കുമ്പിള് കുയി കുത്തി വച്ചത് പോരും
വേലക്കള്ളന്‍ നെയ്ത്ത്യാരിപ്പോ 
പണിതത് മാളികപ്പൊരയല്ലേ കോരാ.
ഇലകള് പച്ച പൂക്കള് മഞ്ഞ
പുള്ളേരു  പാടണ നോക്കെന്റെ കോരാ
കാലം മാറീട്ടും പാട്ടോ  മാറീല്ല
മാറീത് നെയ്ത്ത്യാര്, മ്മടെ ചള്ളേന്നും.

==========================CNKumar.