Friday, November 10, 2023

ഭൂപടമില്ലാത്തവർക്കുള്ള സ്മാരകം

 ഭൂപടമില്ലാത്തവർക്കുള്ള സ്മാരകം

================================

അബു ജലാൽ, 
ആറു കൊല്ലം മുമ്പത്തെയൊരു 
നവമ്പറിൻ്റെ ഉരുകുന്ന പകലിലോ
വെസ്റ്റ് ബാങ്കിലേക്ക് തൊടുത്തുവിട്ട
മിസൈലുകളുടെ തിളയ്ക്കുന്ന
പ്രകാശവലയങ്ങളിലോ
നടുക്കുന്ന വിസ്പോടനത്തിൻ്റെ
പ്രകമ്പനത്തിലോ
പിറന്നവീണതു തന്നെ
അഭയാർത്ഥി ക്യാമ്പിലാണ്.

ഉപ്പയെ കണ്ട ഓർമ അവനില്ല
ഉമ്മിയും ഇത്താത്ത ഫർഹയും
മാത്രമായിരുന്നു അവൻ്റെ ഉറ്റവർ.
പൂക്കളോടും പൂത്തുമ്പികളോടും
കിന്നാരം പറയാൻ കഴിയാത്ത ബാല്യം.
എങ്കിലും ചേച്ചിയുടെ സാമീപ്യവും
തലോടലും സ്വർഗതുല്യമായിരുന്നു അവന്.
എട്ടു വയസുകാരി ഇത്താത്തയ്ക്കു
ആറുവയസുകാരൻ്റെ കരുതലും സ്നേഹവും.

ഇന്നലെ കൂട്ടുകാരുമൊത്ത് 
കാരയ്ക്കാമരത്തിൻ്റെ തണലിൽ
കളിക്കുമ്പോഴാണ് ഒരു തീഗോളം
അഭയാർത്ഥി ക്യാമ്പിൻ്റെ ഉച്ചിയിലേക്ക്
ആർത്തലച്ചെത്തിയത്.
അവൻ്റെയും കൂട്ടുകാരുടേയും
മേലാകെ എന്തൊക്കെയോ തുളച്ചു കയറി
കത്തിക്കയറുന്ന വേദന
മേലു പൊള്ളിക്കുന്ന ചൂട്
അവൻ ഉച്ചത്തിൽ നിലവിളിച്ചു
അഭയാർത്ഥി ക്യാമ്പിനെ
അഗ്നിഗോളം വിഴുങ്ങുന്നതു
അടഞ്ഞു തുടങ്ങുന്ന കണ്ണിലൂടെ
അവ്യക്തമായി കാണാം.
ഉമ്മിയ്ക്കും ചേച്ചിയ്ക്കും
എന്തു പറ്റിയെന്ന് അറിയുന്നതിനു മുന്നേ
അവൻ്റെ ബോധം മറഞ്ഞു.

ഇപ്പോൾ,
അബു ജലാലിൻ്റെ 
അടഞ്ഞ കണ്ണുകൾ മിടിയ്ക്കുന്നുണ്ട്.
ചെവികളിലേക്ക് അനേകം
കുഞ്ഞുങ്ങളുടെ നിലവിളിയൊച്ചകൾ
കുത്തി കയറുന്നുണ്ട്.
മെല്ലെ മെല്ലെ തുറന്ന വരുന്ന കണ്ണുകളിൽ
കറക്കം നിലച്ച പഴയ ഫാനിൻ്റെ 
ചിത്രം അരിച്ചിറങ്ങുന്നു.
തൊണ്ടയും വരണ്ട ചുണ്ടകളും
അല്പം തണ്ണീരിന് യാചിക്കുന്നുണ്ട്.
മേലാകെ കഠിനമായ വേദന.
ഈച്ചകൾ പാറി നടക്കുന്ന ഒച്ച.
പെട്ടന്ന് ഭൂമിയൊന്നു കുലുങ്ങി.

അബു ജലാലിപ്പോൾ
നിലയില്ലാത്ത നീർക്കയത്തിലൂടെ
താഴേക്ക് പോവുകയാണ്.
ഓർമ്മകളിൽ അവ്യക്തമായ
ചില രൂപങ്ങൾ മിന്നി മായുന്നുണ്ട്
അവൻ്റെ പറഞ്ഞു കേട്ട ഉപ്പ,
പിന്നെ അവൻ്റെ നെറുകയിൽ
മുത്തമിടുന്ന ഉമ്മി,
പാൽപ്പുഞ്ചിരിയുമായി കെട്ടിപ്പിടിക്കുന്ന
ഫർഹയിത്താത്ത, 
പിന്നെയും ആരെക്കെയോ...
അവൻ്റെ ഓർമ്മകൾ നിലച്ചു. 

ചുവന്ന അധിക ചിഹ്നംപതിച്ച
ആംബുലൻസുകളുടെ
നിലയ്ക്കാത്ത നിലവിളി അടുത്തു വരുന്നു.
തകർന്നു വീണ പടുകൂറ്റൻ
ആശുപത്രിക്കെട്ടിടത്തിൻ്റെ കൂന,
കോൺക്രീറ്റുപാളികളുടെ വിടവിലൂടെ
പുറത്തേക്ക് വരുന്ന ചില ഞരക്കങ്ങൾ,
നിലക്കുന്ന ശ്വാസത്തിൻ്റെ ഒടുവിലെയൊച്ച,
ഞാനിപ്പോൾ അബു ജലാലെന്ന 
ബഹുവചനത്തെ തേടുകയാണ്.

അതാ,അവിടെ 
ചുവരിടിഞ്ഞ മൺകൂനയ്ക്ക്
പുറത്തേക്ക് ചോര പുരണ്ട
ഒരു പിഞ്ചുകൈ നീട്ടിപ്പിടിച്ചിരിക്കുന്നു.
ചുരുട്ടിയ മുഷ്ടിയ്ക്കുള്ളിൽ 
മണ്ണുപുരണ്ട കാരയ്ക്കയുണ്ട്.

അധിനിവേശക്കൊലയിൽ
ഭൂപടം നഷ്ടമായ കുഞ്ഞുങ്ങളുടെ
ഓർമയ്ക്കായുള്ള സ്മാരകം
ഞാനെവിടെയാണ് പണിയേണ്ടത്?
========================CNKumar.