ഗാനങ്ങള്‍

നില്പുസമരപ്പാട്ട് 2

നിന്നുനിന്നു വേരുമുളച്ചവര്‍ ഞങ്ങള്‍
എണ്ണിയെണ്ണി നാളുകഴിച്ചവര്‍ ഞങ്ങള്‍
മനുഷ്യനെന്നഗണത്തിലെങ്ങുമിടമില്ലാതെ 
പുഴുജന്മംപോലിഴിഞ്ഞു പോകുന്നോര്‍--------------------------- നിന്നുനിന്നു


പുത്തന്ജീവിത നെട്ടോട്ടത്തിന്‍ പെരുവഴിയരുകില്‍
ചത്തുപിഴയ്ക്കും കാടിന്മക്കള്‍ കിതച്ചുനില്ക്കുനന്നൂ
സ്വപ്നം കാണാനിനിയൊരു തരിമ്പുമണ്ണെവിടെ?
മഞ്ഞില്മകഴയില്‍ ചേക്കകൂടാനിനിയൊരുകൂടെവിടെ?

------------------------------- നിന്നുനിന്നു

കത്തുംവെയിലിന്‍ പട്ടടയില്‍, പെരുമഴയിരച്ചു
പെയ്തുതിമിര്ക്കും നാളുകളില്‍ തരിച്ചുനില്ക്കുുന്നു
അന്ത്യം കാണാതിനിയൊരു മടക്കമില്ലിവിടെ
നെഞ്ചിലണച്ചു കൂട്ടുകൂടാനനേകരാണിവിടെ.

--------------------------- നിന്നുനിന്നു


നില്‍പ്പ് സമരപ്പാട്ട്.

ഇടക്കണ്ണുകൊണ്ടൊന്നു നോക്കുവാന്‍ പോലും 
നേരമില്ലാത്തൊരു തമ്പ്രാക്കളെ, 
നാലുമാസങ്ങളായ്നില്‍പ്പാണുഞങ്ങള്‍
പാതയോരത്തായിരവും പകലും.

........................ഇടക്കണ്ണുകൊണ്ടൊന്നു...........

കോഴപ്പണത്തിന്റെ പങ്കുചോദിച്ചല്ല ,
കാര്യാലയം വിറ്റു കാശാക്കുവാനല്ല.
കൂര കെട്ടാന്‍, ചത്താല്‍ കുഴിച്ചിടാനിത്തിരി മണ്ണ്
കാളും വിശപ്പിന് തീയണയ്ക്കാനിത്തിരി മണ്ണ്.
നില്‍പ്പാണ് ഞങ്ങളിപ്പോഴും നിങ്ങടെ
കനിവിനിരന്നീ വഴിയരുകില്‍.

.....................ഇടക്കണ്ണുകൊണ്ടൊന്നു...........

പതിറ്റാണ്ട് മുന്നേ തന്നൊരാ വാക്കുകള്‍
പാലിയ്ക്കയെന്നത് നാട്ടുനടപ്പതു..
കാട് നട്ടാല്‍, നെട്ടായ് വളര്‍ന്നാല്‍ ഭൂമിയ്ക്കൊരു കുട
കാളും വെയിലില്‍ ദാഹ൦ കെടുത്താനൊരു പുഴ
മണ്ണാണ് ഞങ്ങള്‍ക്കെപ്പൊഴും ജീവന്റെ
കനവ് നിറയും കുളിരരുവി.

................... ഇടക്കണ്ണുകൊണ്ടൊന്നു...........
കുട്ടികളുടെ പാട്ട്

ചന്നം പിന്നം പെയ്യും മഴയില്‍ 

തുള്ളിച്ചാടി മറിഞ്ഞീടാം

മാവിന്‍കൊമ്പിലെ കുയിലിന്‍പാട്ടിനു 

കൂകിയെതിര്‍ത്തീടാം

പല്ലാംകുഴിയില്‍ നിറച്ചീടാന്‍ 

മഞ്ചാടിക്കുരു കൂട്ടണ്ടേ

കുഞ്ഞിക്കാറ്റെ കൊച്ചരിമുല്ല 

തണലുമിറങ്ങി വന്നാട്ടെ .
                        ചന്നം പിന്നം പെയ്യും മഴയില്‍............

ഓലേഞാലിയ്ക്കു സവാരി
ചെയ്യാന്‍ പൂവാലിപ്പയ്യ്‌
പയ്യേനിന്നൊടു കളിയ്ക്കയാണീ 
പച്ചത്തുള്ളനടിച്ചോട്ടം
നീട്ടിവിളിച്ചാല്‍ തുടിച്ചുതുള്ളി-
യെത്തീടുന്ന മണിക്കുട്ടന്‍
ചുരന്നപാലു നുകര്‍ന്നീടുമ്പോ-
ളെന്തൊരു ചന്തം പൂവാലീ  
                       ചന്നം പിന്നം പെയ്യും മഴയില്‍............

വാഴക്കൂമ്പിനു കാവലിരിയ്ക്കും 
അണ്ണാറക്കണ്ണന്‍  
കള്ളാനിന്നുടെ ചിലമ്പുപാട്ടില്‍ 
വണ്ണാത്തിക്കിളികൂട്ടാളി.
കാട്ടുപൊന്തയില്‍ തനിച്ചിരിന്നു 
കൊക്കീടുന്ന കുളക്കോഴീ
പറന്നുപോകും ചെമന്നതുമ്പ്യോ-
ടെന്തിനു ചൊല്ലീ പാഴാങ്കം  
                       ചന്നം പിന്നം പെയ്യും മഴയില്‍............

കുട്ടികളുടെ പാട്ട്.


നീലാകാശപ്പൊയ്കയില്‍ നീന്തും
നീരദ കന്യകളെ
നിങ്ങടെ വര്‍ണ്ണക്കൂടാരത്തില്‍
കുഞ്ഞാറ്റകളീ ഞങ്ങള്‍ക്കും
പാറിനടക്കാനിടമുണ്ടോ?

മാലിന്യക്കൂമ്പാരങ്ങള്‍
തിങ്ങിനിറഞ്ഞു മഹീതലമാകെ
വിഷജലമൊഴുകും പുഴയിലെ മീനുകള്‍
ചത്തുമലയ്ക്കും കാഴ്ചകളില്‍
നെഞ്ചു നുറുങ്ങി പാടുകയാണീ
കുഞ്ഞാറ്റകളുടെ കുരലൊലിയാല്‍.

നീലാകാശപ്പൊയ്കയില്‍...........

മലകളിടിച്ചു നിരപ്പാക്കീടും
യന്ത്രക്കയ്യുകളാണിവിടെ
മരങ്ങള്‍ വെട്ടിയൊതുക്കും മഴുവിന്‍
തേരോട്ടങ്ങള്‍ തുടര്‍ക്കഥകള്‍
ഇളവേല്‍ക്കാനായ് ചില്ലകള്‍ തേടും
കുഞ്ഞാറ്റകളുടെ കലപിലകള്‍.


നീലാകാശപ്പൊയ്കയില്‍.............


ലളിതഗാനം


ഭാരതീയ സാഹിത്യത്തില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും മൂര്‍ത്തിമദ് ഭാവങ്ങളാണ് രാധയും കൃഷ്ണനും മീരയുമൊക്കെ ... ലളിതഗാനങ്ങള്‍ മിയ്ക്കവയും ഇവരുടെ കഥാകഥനങ്ങള്‍, വിരഹങ്ങള്‍,തുടങ്ങിയ ത്രെഡ്കളില്‍ നിന്നാണ് പിറക്കുന്നത്‌. ഇവിടെയും അങ്ങനെയൊരു ത്രെഡ് കരുപ്പിടിപ്പിച്ച ഗാനം ഇതാ .....


ലളിതഗാനം


കാര്‍മുകില്‍വര്‍ണ്ണന്റെ പാദപദ്മങ്ങളില്‍
ചേരുവതെന്നിനി പറയൂ നീ തോഴീ.
ഗോകുലം വിട്ടവന്‍ പോയതില്‍പ്പിന്നെയെന്‍
കരിമിഴിയിന്നും തോര്ന്നില്ല തോഴീ.
മഥുരയിലേയ്ക്കു  മടങ്ങിയ നാഥാ
കരളു പുകച്ചിന്നും  ഞാന് ‍കാത്തിരിപ്പൂ ...

                                                       കാര്‍മുകില്‍വര്‍ണ്ണന്റെ ...........

ഗോകുലതരുശാഖി വീണ്ടും തളിര്‍ത്തു
കാളിന്ദി  പലവുരു നേര്‍ത്തുതെഴുത്തു
നീലക്കടമ്പുകള്‍ പൂക്കുമൃതുവന്നു
നീമാത്രമിനിയെന്തേ വന്നില്ല കണ്ണാ
വൃന്ദാവനക്കുളിര്‍ കാറ്റിലോടക്കുഴല്‍
നാദം  നീന്തി നീരട്ടിനെത്തുമോ കണ്ണാ

                                                        കാര്‍മുകില്‍വര്‍ണ്ണന്റെ ...........

കുനുകുന്തളത്തില്‍ ചൂടുവാനല്ലായ്കില്‍
മയില്‍‌പ്പീലിയിത്രനാളെന്തിനു  ചേര്‍ത്തൂ.
കരിമണ്‍ ചെരാതു തെളിച്ചെന്‍  കണ്ണിണ
മഷിയേതുമെഴുതാതെ മയ്യെഴുതീ .
ഉരുകുന്ന നറുനെയ് പോലെയെന്‍ ജന്മം
തരികയെനിയ്ക്കുനീ ദര്‍ശനപുണ്യം.

                                                            കാര്‍മുകില്‍വര്‍ണ്ണന്റെ ......


*********************************************************************************

കുട്ടികള്‍ക്കൊരു പാട്ട് 


ഇല്ലിമുളങ്കൂട്ടില്‍ കാറ്റുപാടും 
കാവു പൂത്തുലഞ്ഞ കാലം 
ഏറ്റു പാടാന്‍ പോരുനീയും 
കുന്നിക്കുരുമണി കൂട്ടാം 
കാട്ടുവള്ളിയിലൂഞ്ഞാലാടാം 


                                                        ഇല്ലിമുളങ്കൂട്ടില്‍ .................തോട്ടുവക്കിലെ ചേറ്റുമാളത്തില്‍ 
മാനത്തുകണ്ണിയെ വട്ടംപിടിയ്ക്കുന്ന
നീലയുടുപ്പിട്ട ചങ്ങാതീ
വട്ടം പറക്കുമ്പോ തട്ടല്ലേ മുട്ടല്ലേ
തപ്പിത്തടഞ്ഞു മറിയല്ലേ.                                                     ഇല്ലിമുളങ്കൂട്ടില്‍ ................
മച്ചിങ്ങാ കൊണ്ടേ  ഏറ്റു കുതിരാ 
മണ്ണു കുഴച്ചു നല്‍ പാലടപ്പായസം 
ഉത്സവമാണിന്നു കൂട്ടുകാരേ
ചെത്തിയും ചെമ്പന്‍കലതിയും കൊണ്ടത്താ 
തത്തിക്കുണ്‌ങ്ങുന്ന ചിങ്കാരീ.  .

                                                       
 ഇല്ലിമുളങ്കൂട്ടില്‍..............

ഒരു താരാട്ട് പാട്ട് 

അമ്പിളിക്കുഞ്ഞേ ചായുറങ്ങൂ 
തുമ്പക്കുടമേ നീയുറങ്ങൂ 
ചാഞ്ചക്കം ചാഞ്ചക്കം ചന്ദനപ്പടിമേലെ 
ചന്ദ്രികക്കാതല്‍ കടഞ്ഞഴകെ 
നീയുറങ്ങുണ്ണീ ചായുറങ്ങു 
നീള്‍ മിഴിപൂട്ടിയുറങ്ങുറങ്ങു.
                                    
                                      അമ്പിളിക്കുഞ്ഞേ ചായുറങ്ങൂ ...................

ഒന്നാം തുമ്പിയും ചാഞ്ഞുറങ്ങീ 
ചങ്ങാലീം ചിത്തിരേം കൂടണഞ്ഞൂ 
ചന്തത്തില്‍ താരകള്‍ പൂക്കളം തീര്‍ത്തൂ 
ചിങ്ങനിലാവു തിരി തെളിച്ചു 
പൂങ്കുയില്‍ പാടുന്നു നിന്നെയുറക്കാന്‍ 
നന്നായുറങ്ങിയുണര്‍ന്നെണീയ്ക്കാന്‍ 
                                 
              അമ്പിളിക്കുഞ്ഞേ ചായുറങ്ങൂ ...............


കണ്ണേ നീയെന്റെ കണ്ണിലുണ്ണീ 
വിണ്ണിലെ സൂര്യനെപ്പോലെതന്നെ 
നാളത്തെ പുലരീലാമോദം തീര്‍ക്കാന്‍  
സ്വപ്നത്തേരേറി പറന്നുയരാം 
ആരോമലേ നീയുണരുംവരേയ്ക്കും 
 ഈയമ്മ ചാരേയുണര്‍ന്നിരിയ്ക്കാം
                                         
              അമ്പിളിക്കുഞ്ഞേ ചായുറങ്ങൂ .............ഗാനം

കാറ്റോടും തീരം പൂക്കള്‍ പാടുമ്പോള്‍ 
കുഞ്ഞരി പ്രാക്കള്‍ കുറുകി കൊഞ്ചും സായാഹ്നം   
തഴുകും കാറ്റില്‍ കുളിരും മെയ്യില്‍
ചാലിച്ചൊഴുകും സ്നേഹത്തിന്‍
തരംഗമാലകള്‍ ചൂടും ഞാനാ
പുളകപ്പൂമഴ നുകരും നിമിഷം.

ഒഴുകും ഓടങ്ങള്‍ തിരയില്‍ തീര്‍ക്കുന്നു
പുലര്‍മാതപെണ്കൊടിയാളിന് രേഖാചിത്രങ്ങള്‍
അരയോളം നീരിലിറങ്ങി  ആമ്പല്‍പ്പൂങ്കന്യകമാര്‍ 
നീരാടി നില്‍ക്കുമ്പോള്‍, നാണം ചൂടുമ്പോള്‍
എന്നോടു കൂടാമോ അരയന്നപ്പെണ്ണാളെ
പ്രേമത്തിന്‍ ചാന്തുതൊട്ടു നിന്നെ എന്നില്‍  ചേര്‍ക്കാന്‍ പോരൂ.

ഏതോ ഗാനത്തിന്‍ ലഹരി പടരുന്നു   
ശരത്ക്കാല സുന്ദരമാമീ കേളീരംഗങ്ങള്‍
അരിമുല്ലപ്പൂവേ നിന്റെ ചിരിമണികള്‍ പൊഴിയുമ്പോള്‍
നീരാട്ടുകടവിങ്കല്‍ ഈറന്‍മാറുമ്പോള്‍
എന്‍ജീവരാഗമായ് നിറയുന്നനേരത്തില്‍
രാഗത്തിന്‍ ലേഖതൊട്ട് നിന്നെയെന്റേതാക്കാന്‍ പോരൂ. 


ഗാനം 

പ്രണയം പൂക്കും ഹൃദയം തുള്ളുന്നു
കളഭത്തിന്‍ കുളിരല വീശു മ്പോള്‍ -മറുമൊഴി
കുറുകും പ്രാക്കള്‍ കാതില്‍ പാടും
പ്രണയത്തിന്‍ ശ്രുതിലയ സൂക്ത ങ്ങള്‍
സുമുഖീ സ്മേരം  വിരിയും നേരത്തെ ന്നില്‍ 
പുളക മണി കള്‍ പെയ്യുകയായ്

അരിമണിമുല്ല കള്‍ പൂക്കും തൊടിയിലെ
കാറ്റിന്റെ കിന്നാരം –നിന്‍
കരിമിഴികളിലെഴുതും ചെറുനാണം  
പൊന്‍വെയിലി ന്‍മിന്നാരം
ഇളവെയില്‍ കൊണ്ടിളവേല്‍ക്കും
കുയിലിണ നിന്നെയും കണ്ടെന്നാല്‍ -മൃദു
രവമൊഴി യില്‍ ചൊരിയും ഋതുവര്‍ണന
പ്രിയതേ, നിന്‍ സൌന്ദര്യത്തെ. 

ചെറുതരുശാഖി കള്‍ നീട്ടും ഇടവഴി-
യോരത്തിന്‍ ശൃംഗാരം –നിന്‍
കവിളിണകളിലൊഴുകും ചെന്താരക
വിണ്ണിന്‍ പുതു പൂണാരം.
ചുരുള്‍ മുടിയിങ്കല്‍ തിരുകും
മന്ദാരപ്പൂ ചൊരിയും നൈര്‍മല്യം –നറു
തിങ്കള്‍ചിന്തു കടഞ്ഞുരുവം തീര്‍ത്തതു പോല്‍
സുഭഗേ, നിന്‍ ലാവണ്യത്തെ.
നാടകഗാനം

ഹൃദയത്തിൻ പുസ്തകത്താളിലന്നൊരു
കുഞ്ഞു മയിൽപ്പീലി സൂക്ഷിച്ചു ഞാൻ
പ്രണയശലഭങ്ങൾ പാറിപ്പറന്നിടും
വാക്കിൻ നഭസു സൂക്ഷിച്ചു ഞാൻ

തരള സ്വപ്നങ്ങളെ താരാട്ടിയുറക്കും
മൃദുല ചന്ദ്രികാ പുളിനങ്ങളിൽ
മകരമഞ്ഞിന്റെ കുളിരോലും മഹിതേ
പകരൂ എന്നിൽ നിൽ പ്രണയരാഗം

പുലരിപ്പുഷ്പങ്ങളിൽ നീരാട്ടിനിറങ്ങും
കനക മഞ്ജുള കിരണങ്ങളിൽ
വിരിയും മഴവിൽ മുനയാലേ സുഭഗേ
എഴുതൂ എന്നിൽ നിൻ പ്രണയകാവ്യം
============= CN Kumar.


............

കുട്ടികളുടെ വേനൽക്കാല ക്യാമ്പു ഗീതം.
----------------------------------------------------

നീലാകാശച്ചെരുവിൽ നമുക്കു പാറി നടന്നീടാം
വെണ്മേഘത്തേരിൽ നമുക്കീയുലകം ചുറ്റീടം
കുന്നോളം സ്വപ്നം കാണാം കുന്നിക്കുരു മണി കൂട്ടാം
കൂട്ടുകുടി നടന്നീടാം പാട്ടുപാടി രസിച്ചീടാം

സ്നേഹച്ചില്ലകൾ നീട്ടും വർണ്ണപ്പൂമരങ്ങൾ നമ്മൾ
ഇരുളിൻ കവചം കുടഞ്ഞെറിയും സൂര്യകിരണങ്ങൾ
മണ്ണിൽ വേരുകളാഴ്ത്തി ശിരസുകൾ വിണ്ണിലേക്കു തെളിയ്ക്കും
വിളക്കുമാടങ്ങൾ നമ്മൾ വിടർന്ന പുഷ്പങ്ങൾ

പച്ചമണ്ണിൻ പശിമയിൽ ചിത്തം കുഴച്ചൊരുക്കുന്നു
ശില്പചാരുതായോടീ വിശ്വം സുരഭിലമാക്കീടാൻ
മനുഷ്യ ചേതന വീണ മീട്ടും ശാന്തിതീരങ്ങൾ
തളിരും പൂവുമണിഞ്ഞു കുളിർക്കാൻ പുതുമഴയായീടാം.
================================== CNKumar.


No comments: