പൂച്ചകളുടെ പൊതുസ്വഭാവം.
കണ്ണടച്ചിരിയ്ക്കുന്നത്
പൂച്ചകളുടെ പൊതുസ്വഭാവമാണ്.
അതാണ് നീയും ചെയ്യുന്നത്.
അല്ലെങ്കില്‍, 
നിന്റെ  മുന്നിലേയ്ക്ക് നീണ്ടു വന്ന 
എന്റെ  കൈ നീ കാണില്ലേ? 
മുങ്ങിത്താഴുമ്പോഴുള്ള
അഭയത്തുരുത്തു നിഷേധിച്ച 
ജാള്യത മറയ്ക്കാന്‍ 
നീയണിഞ്ഞ  കറുത്തകണ്ണട
മനസിലേയ്ക്കും വേണ്ടിവരും,
ഇരകണ്ട  പൂച്ചയെപ്പോലെ
തപസ്സു ചെയ്യുന്നത് 
എന്റെ  മാംസം സ്വപ്നം കണ്ടു.
കാലംതെറ്റി പൂത്ത കൊന്നകള്‍ 
ബാല്യജാലകം തുറക്കുന്നത് 
നാം കൈകോര്‍ത്തു നടന്ന 
നാട്ടുവഴിയിലെയ്ക്കും 
പെരുവഴിയോരത്തെ 
നാട്ടുമാഞ്ചോട്ടിലേയ്ക്കും.
നമ്മള്‍ പങ്കുവച്ച പൊതിച്ചോറിന്റെ കഥ 
പള്ളിക്കൂടത്തിലെ  പഴഞ്ചന്‍ ബഞ്ച്
ഇന്നാളു കണ്ടപ്പോഴും പറഞ്ഞു.
വഴിയ്ക്ക് കുറുകെ ചാടിയപൂച്ച
ഇപ്പോള്‍ ജീവിതത്തിനു കുറുകെ 
ചാടിത്തിമിര്‍ക്കുകയാണ്.
കല്ലുസ്ലേറ്റില്‍ രണ്ടു പൂജ്യം കൊണ്ട് 
നാം വരച്ചപൂച്ചയിന്നു
പൂജ്യം മാത്രം ശേഷിപ്പിച്ചു 
വലിച്ചെറിഞ്ഞ ജീവിതങ്ങളാണ് 
ഈ വഴിയോരക്കുടിലുകളില്‍   
നിരങ്ങിയൊടുങ്ങുന്നത് 
പൂച്ചയിപ്പോള്‍ നായകനോ
പ്രതിനായകനോ ?
പ്രതികളാകാന്‍ ആളുള്ളപ്പോള്‍ 
പൂച്ചകള്‍ സപ്രമഞ്ചം വിട്ടു 
താഴേയ്ക്കിറങ്ങില്ലല്ലോ.
അങ്ങനെയാണ് 
ജനാധിപത്യം ജന്മംകൊണ്ടത്.
=============================CNKumar.  


 
 

